Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സച്ചിനും അഞ്ജലിക്കും 25-ാം വിവാഹ വാർഷികം; 22-ാം വയസ്സിൽ 28കാരിയായ അഞ്ജലിയെ സ്വന്തമാക്കിയത് അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിൽ

സച്ചിനും അഞ്ജലിക്കും 25-ാം വിവാഹ വാർഷികം; 22-ാം വയസ്സിൽ 28കാരിയായ അഞ്ജലിയെ സ്വന്തമാക്കിയത് അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിൽ

സ്വന്തം ലേഖകൻ

സച്ചിൽ തെണ്ടുൽക്കർ എന്ന ഇന്ത്യയുടെ അത്ഭുത പ്രതിഭാസത്തെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചത് നിരവധി പെൺകുട്ടികളാണ്. എന്നാൽ ആ ഭാഗ്യം സിദ്ധിച്ചത് സച്ചിനേക്കാൾ അഞ്ചര വയസിന് മൂത്ത അഞ്ജലിക്കായിരുന്നു. 22-ാം വയസ്സിലാണ് 28 വയസ്സുകാരിയായ അഞ്ചലിയെ സച്ചിൻ വിവാഹം കഴിക്കുന്നത്. ഇന്ന് ഈ ദാമ്പത്യ ബന്ധത്തിന് 25 വയസ് പൂർത്തിയാകുകയാണ്. 30 വർഷം മുൻപാണു സച്ചിനും അഞ്ജലിയും ആദ്യമായി കണ്ടുമുട്ടിയത്. തങ്ങളുടെ പ്രണയ കാലവും വിവാഹവുമെല്ലാം ഈ വേളയിൽ ഓർത്തെടുക്കുകയാണ് സച്ചിനും അഞ്ജലിയും.

1990ൽ മുംബൈ വിമാനത്താവളത്തിൽ വച്ചാണ് സച്ചിനും അഞ്ജലിയും ആദ്യമായി കണ്ടുമുട്ടുന്നത്. അമ്മയെ കൂട്ടിക്കൊണ്ടു പോകാൻ കൂട്ടുകാരിക്കൊപ്പം വിമാനത്താവളത്തിൽ എത്തിയതായിരുന്നു അഞ്ജലി. അവിടെ വെച്ച് സച്ചിനെ കണ്ടപ്പോൾ ക്രിക്കറ്റിനെക്കുറിച്ച് കാര്യമായ അറിവൊന്നും ഇല്ലാതിരുന്നിട്ടും സച്ചിനോടൊന്നു സംസാരിക്കാൻ അഞ്ജലിക്ക് ആഗ്രഹം. 'സച്ചിൻ, സച്ചിൻ' എന്ന് ഉറക്കെ വിളിച്ച് അഞ്ജലി പിന്നാലെ ചെന്നെങ്കിലും സ്വതവേ നാണക്കാരനായ സച്ചിൻ ഒഴിഞ്ഞുമാറി രക്ഷപ്പെട്ടു. അതായിരുന്നു തുടക്കം!

സച്ചിനെ വീണ്ടും കാണാൻ ശ്രമിച്ചെങ്കിലും പരിശ്രമങ്ങളെല്ലാം പാഴായി. സച്ചിന്റെ വീട്ടിലെ നമ്പർ ഒപ്പിച്ചെടുത്ത് ഒന്നു രണ്ടു തവണ സംസാരിച്ചെങ്കിലും നേരിട്ടു കാണുന്നതു നീണ്ടുപോയി.ഒരിക്കൽ സുഹൃത്തായ പത്രപ്രവർത്തകന്റെ ഐഡി കാർഡുമായി ജേണലിസ്റ്റ് എന്ന വ്യാജേന അഞ്ജലി സച്ചിന്റെ വീട്ടിലെത്തി. അഞ്ജലിയെ കണ്ടപ്പോൾതന്നെ സച്ചിനു കാര്യം മനസ്സിലായി. മണിക്കൂറുകളോളം സംസാരിച്ച ശേഷമാണ് അന്നവർ പിരിഞ്ഞത്.

മൊബൈൽ ഫോണുകൾ ഇല്ലാത്ത കാലമായിരുന്നതിനാൽ സച്ചിൻ അഞ്ജലി പ്രണയത്തിനു ദൂതൻ തപാൽ വകുപ്പായിരുന്നു. സച്ചിൻ എപ്പോഴും പര്യടനങ്ങളിലായിരുന്നതിനാൽ കൃത്യമായ വിലാസം ലഭിക്കാനും ബുദ്ധിമുട്ടായിരുന്നു. ചില കത്തുകൾ വിലാസത്തിൽ എത്തുമ്പോഴേക്കും സച്ചിൻ അടുത്ത പര്യടനത്തിനു പോയിരിക്കും. വീട്ടിലേക്കു കത്തയച്ചാൽ മറ്റുള്ളവർ അറിയുമെന്ന പേടിയും. സച്ചിനോടു രാത്രി സംസാരിക്കാനായി ഹോസ്റ്റലിൽനിന്നു 3 കിലോമീറ്റോളം നടന്ന് ടെലിഫോൺ ബൂത്തിൽ പോയിട്ടുള്ള കാര്യവും അഞ്ജലി പിന്നീടു പറഞ്ഞിട്ടുണ്ട്.

മുംബൈയിലെ അറിയപ്പെടുന്ന ശിശുരോഗവിദഗ്ധയായിരുന്ന അഞ്ജലി, വിവാഹത്തോടെ ഡോക്ടർ ജോലി ഉപേക്ഷിച്ച് കുടുംബസ്ഥയുടെ റോളിലേക്കു മാറി. കുടുംബത്തിനും വേണ്ടി കരിയർ ഉപേക്ഷിക്കേണ്ടി വന്നതിൽ തെല്ലും പരിഭവമില്ലെന്നാണ് അഞ്ജലി പറയുന്നത്. മൂത്തമകൾ ഇരുപത്തിരണ്ടുകാരി സാറ ലണ്ടനിൽനിന്ന് എംബിബിഎസ് നേടി. ഇളയമകൻ ഇരുപതുകാരൻ അർജുൻ ഇടംകയ്യൻ പേസറാണ്; ഇന്ത്യൻ അണ്ടർ 19 ടീമിൽ വരെയെത്തി നിൽക്കുന്നു.

1995 മെയ്‌ 25നായിരുന്നു സച്ചിൻ അഞ്ജലി വിവാഹം. സച്ചിൻ ന്യൂസീലൻഡ് പര്യടനത്തിലായിരുന്ന സമയത്ത് അഞ്ജലിക്കു വേറെ കല്യാണാലോചനകൾ വന്നുതുടങ്ങി. അതോടെ, അഞ്ജലി പ്രണയം വീട്ടിൽ അറിയിച്ചു. എന്നാൽ, വീട്ടിൽ കാര്യം അവതരിപ്പിക്കാൻ സച്ചിനു പേടിയായിരുന്നു. ഒടുവിൽ ആ ചുമതലയും അഞ്ജലി ഏറ്റെടുത്തു. സച്ചിന്റെ വീട്ടുകാരെ കണ്ട് കാര്യം അവതരിപ്പിച്ച് സമ്മതം വാങ്ങുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP