Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്നലെ വരെ വീട്ടിലെ ഉത്തമനായ മരുമകൻ; ഇന്ന് കൈവിലങ്ങ് അണിഞ്ഞ് പുലർച്ച ഭാര്യ വീട്ടിലെത്തിയത് മലയാളിയെ ഞെട്ടിച്ച ക്രൂര കൊലപാതകിയായി; അഞ്ചലിലെ ഉത്ര മരിച്ച് കിടന്ന മുറിയിൽ എത്തി കാര്യങ്ങൾ വിശദീകരിക്കുമ്പോൾ മുഖത്ത് നിറഞ്ഞത് കള്ളം പൊളിഞ്ഞതിന്റെ പൊട്ടിക്കരച്ചിൽ; പാമ്പിനെ കൊണ്ടു വന്ന കുപ്പിയും പൊലീസിന് കാട്ടിക്കൊടുത്തു; മകളെ കൊന്ന മരുമകനെ വീട്ടിൽ കയറ്റാൻ വിസമ്മതം അറിയിച്ച് പൊട്ടിത്തെറിച്ച ഉത്രയുടെ അമ്മ; സൂരജിനെ ഏറം വെള്ളശേരി വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി പൊലീസ്

ഇന്നലെ വരെ വീട്ടിലെ ഉത്തമനായ മരുമകൻ; ഇന്ന് കൈവിലങ്ങ് അണിഞ്ഞ് പുലർച്ച ഭാര്യ വീട്ടിലെത്തിയത് മലയാളിയെ ഞെട്ടിച്ച ക്രൂര കൊലപാതകിയായി; അഞ്ചലിലെ ഉത്ര മരിച്ച് കിടന്ന മുറിയിൽ എത്തി കാര്യങ്ങൾ വിശദീകരിക്കുമ്പോൾ മുഖത്ത് നിറഞ്ഞത് കള്ളം പൊളിഞ്ഞതിന്റെ പൊട്ടിക്കരച്ചിൽ; പാമ്പിനെ കൊണ്ടു വന്ന കുപ്പിയും പൊലീസിന് കാട്ടിക്കൊടുത്തു; മകളെ കൊന്ന മരുമകനെ വീട്ടിൽ കയറ്റാൻ വിസമ്മതം അറിയിച്ച് പൊട്ടിത്തെറിച്ച ഉത്രയുടെ അമ്മ; സൂരജിനെ ഏറം വെള്ളശേരി വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

അഞ്ചൽ: ഏറം വെള്ളശേരിൽ വീട്ടിൽ ഉത്ര (25) കുടുംബ വീട്ടിലെ കിടപ്പു മുറിയിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് അടൂർ പറക്കോട് സ്വദേശി സൂരജിനെ അഞ്‌ലിലെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. രാവിലെ അഞ്ച് മണിയോടെയാണ് തെളിവെടുപ്പിന് പൊലീസ് പ്രതിയുമായി എത്തിയത്. സൂരജിനെ വീട്ടിലേക്ക് കയറ്റാൻ ഉത്രയുടെ അമ്മ എതിർപ്പ് അറിയിച്ചു. പിന്നീട് പൊലീസ് വീട്ടിലെത്തിച്ചു. ഉത്ര മരിച്ച് കിടന്ന മുറിയിലും തെളിവെടുപ്പ് നടത്തി.

ഇന്നലെ രാത്രിയും സൂരജിനെ ചോദ്യം ചെയ്തിരുന്നു പൊലീസ്. അതിന് ശേഷമാണ് തെളിവെടുപ്പിന് കൊണ്ടു വന്നത്. രാവിലെ നാട്ടുകാർ എത്തുന്നതിന് മുമ്പാണ് പ്രതികളെ കൊണ്ടു വന്നത്. പ്രതികൾക്ക് നേരെ അക്രമം ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് ഇത്. സൂരജിനൊപ്പം സുഹൃത്ത് പാമ്പ് സുരേഷ് എന്നറിയപ്പെടുന്ന കൊല്ലം കല്ലുവാതുക്കൽ സ്വദേശി സുരേഷും അറസ്റ്റിലായിട്ടുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിനൊടുവിലാണ് ഇരുവരും പ്രതികളാണെന്നു തെളിഞ്ഞത്. കേരളത്തിലെ കുറ്റാന്വേഷണ ചരിത്രത്തിൽ വിചിത്രമായ കൊലപാതക ശൈലിയിലുള്ള ഇതുപോലൊരു കേസ് അപൂർവാണെന്ന് റൂറൽ എസ്‌പി ഹരിശങ്കർ പറഞ്ഞു.

90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുരേഷിനെ സാക്ഷിയാക്കുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു. എന്നാൽ കൊലപാതകത്തിൽ സുരേഷിനും പങ്കുണ്ടെന്ന് തന്നെയാണ് വിലയിരുത്തൽ. കൊലപാതകത്തിനു വേണ്ടി മൂന്നു മാസമായി സൂരജ് ആസൂത്രണം നടത്തുന്നു. ഭാര്യയെ കൊല്ലണമെന്ന ലക്ഷ്യത്തോടെയാണു സുഹൃത്തിൽനിന്നു പാമ്പിനെ വാങ്ങിയത്. മെയ്‌ ഏഴിനു രാവിലെയാണ് ഉത്രയെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തലേന്നു വൈകിട്ട് കുപ്പിയിലാക്കി കൊണ്ടുവന്ന പാമ്പിനെ രാത്രി ഉത്രയുടെ ദേഹത്തേക്കിടുകയായിരുന്നു. പാമ്പ് രണ്ടു തവണ ഉത്രയെ കൊത്തുന്നത് സൂരജ് സമീപത്ത് കണ്ടുനിന്നു. പിന്നീട് ഇതിനെ തിരികെ കുപ്പിയിലാക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. പാമ്പ് അലമാരയ്ക്കു താഴെ ഒളിക്കുകയും ചെയ്തു. പാമ്പിനെ കൊണ്ടു വന്ന കുപ്പിയും പൊലീസിന് കിട്ടിയിട്ടുണ്ട്. ഇതും തെളിവെടുപ്പിന് എത്തിച്ചപ്പോൾ സൂരജിനെ കാണിച്ചു ഉറപ്പ് വരുത്തി. ഇന്ന് നാല് മണിയോടെ പ്രതികളെ കോടതിയിൽ ഹാജരാക്കും. തെളിവെടുപ്പിന് കൊണ്ടു വന്നപ്പോൾ സൂരജിന്റെ മുഖത്ത് സങ്കടത്തിന്റെ മുഖഭാവമായിരുന്നു. അറസ്റ്റിലായതിന്റെ ദുഃഖം കടിച്ചമർത്തിയാണ് കാര്യങ്ങൾ വിശദീകരിച്ചത്.

കഴിഞ്ഞ ദിവസം വരെ വീട്ടിലെ ഉത്തമ മരുമകനായിരുന്നു സൂരജ്. കേസ് വഴി തിരിച്ചു വിടാൻ എല്ലാ ശ്രമവും സൂരജ് നടത്തി. എന്നാൽ പിടിക്കപ്പെട്ടതോടെ താൻ തകർന്നു എന്ന് തെളിയിക്കുന്നതായിരുന്നു മുഖ ഭാവം. മാനസികമായി തളർന്നു എന്ന ശരീര ഭാഷ. ഉത്ര മരിച്ച് കിടക്കുന്നത് അമ്മയാണ് ആദ്യം കണ്ടത്. രാവിലെ ശുചിമുറിയിലേക്ക് സൂരജ് പോയപ്പോൾ അമ്മയാണ് ഉത്രയെ വിളിച്ചുണർത്താൻ നോക്കിയത്. ഉത്ര ബോധരഹിതയായി കിടക്കുന്നതു കണ്ട് മാതാപിതാക്കളും സഹോദരനും അഞ്ചൽ മിഷൻ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു. അതിനോടകം മരണം സംഭവിച്ചിരുന്നു. മാതാപിതാക്കളുടെ പരാതിയെത്തുടർന്ന് അഞ്ചൽ പൊലീസ് സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. പിന്നീട് കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. തുടർന്ന് ഫൊറൻസിക് ഉദ്യോഗസ്ഥരുടെയും സൈബർ സെല്ലിന്റെയും ഉൾപ്പെടെ സഹായത്തോടെയായിരുന്നു അന്വേഷണം. ഇതോടെ സൂരജ് കുടുങ്ങി.

ഉത്രയുടെ ഭർത്താവ് സൂരജ് വിഷപ്പാമ്പുകളെക്കുറിച്ച് യുട്യൂബിലും മറ്റും പരിശോധന നടത്തിയിരുന്നതായും ഇയാൾക്കു പാമ്പുകളെ പിടിക്കാനും സൂക്ഷിക്കാനും കഴിവുള്ളതായും പൊലീസ് കണ്ടെത്തിയിരുന്നു. ഇയാളുടെ മൂന്നു മാസം മുൻപു വരെയുള്ള ഫോൺ റെക്കോർഡുകളിൽ പാമ്പു പിടിത്തക്കാരൻ സുരേഷുമായി ബന്ധപ്പെട്ടതിന്റെ വിവരങ്ങളുണ്ടായിരുന്നു. യൂട്യൂബിൽ പാമ്പുകളെ കൈകാര്യം ചെയ്യുന്ന വിഡിയോകൾ തുടർച്ചയായി കണ്ടിരുന്നതായും കണ്ടെത്തി. പാമ്പു സുരേഷിനേതു പോലെത്തന്നെ വിദഗ്ധമായി പാമ്പുകളെ കൈകാര്യം ചെയ്യാൻ സൂരജിനു കഴിവുള്ളതായി എസ്‌പി ഹരിശങ്കർ പറഞ്ഞു.

98 പവനോളം സ്വർണവും ബാക്കി പണവും സ്ത്രീധനമായി സൂരജ് വാങ്ങിയിരുന്നു. കുടുംബജീവിതത്തിൽ ഇയാൾ സംതൃപ്തനായിരുന്നില്ല. കുറച്ചുകൂടി നല്ല ഭാര്യയെ ലഭിക്കുമെന്ന് സൂരജ് കരുതിയിരുന്നതായും പൊലീസ് പറഞ്ഞു. പാമ്പുസുരേഷ് അനധികൃതമായി പാമ്പിനെ സൂക്ഷിക്കുന്നയാളാണ്. സാധാരണ പാമ്പിനെ പിടികൂടിയാൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കു കൈമാറണമെന്നാണ്. വന്യജീവി സംരക്ഷണ നിയമ പ്രകാരം പാമ്പിനെ വിൽക്കാനോ വാങ്ങാനോ പാടില്ല. പാമ്പുകളെ ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും ഹരിശങ്കർ വ്യക്തമാക്കി.

കേസിൽ അന്വേഷണം അവസാനിക്കുന്നില്ലെന്നും ബന്ധുക്കൾ ഉൾപ്പെടെ ആർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗാർഹിക പീഡനം സംബന്ധിച്ച പരാതിയും അന്വേഷിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP