Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഈ മാസം 30 ന് അദ്ദേഹം വിരമിച്ചോട്ടെ...ലോ ആൻഡ് ഓർഡർ ഡിജിപി പോസ്റ്റിൽ ഇരിക്കുന്നത് കാണാൻ സാധിക്കാത്തതാണ് വലിയ നിരാശ; ആ തലപ്പത്ത് എത്താതിരുന്നത് നിർഭാഗ്യം ഒന്നുകൊണ്ടുമാത്രം എന്ന് ഉദ്യോഗസ്ഥർ; മഹാപ്രളയത്തിലും കൊറോണ കാലത്തും നിശ്ശബ്ദമായ സേവനം; ഒറ്റക്കോളിൽ രക്ഷപ്പെട്ടത് എത്രയോ ജീവിതങ്ങൾ; സർവസമ്മതനായ ഫയർഫോഴ്‌സ് മേധാവി എ.ഹേമചന്ദ്രൻ വിരമിക്കുന്നു

ഈ മാസം 30 ന് അദ്ദേഹം വിരമിച്ചോട്ടെ...ലോ ആൻഡ് ഓർഡർ ഡിജിപി പോസ്റ്റിൽ ഇരിക്കുന്നത് കാണാൻ സാധിക്കാത്തതാണ് വലിയ നിരാശ; ആ തലപ്പത്ത് എത്താതിരുന്നത് നിർഭാഗ്യം ഒന്നുകൊണ്ടുമാത്രം എന്ന് ഉദ്യോഗസ്ഥർ; മഹാപ്രളയത്തിലും കൊറോണ കാലത്തും നിശ്ശബ്ദമായ സേവനം; ഒറ്റക്കോളിൽ രക്ഷപ്പെട്ടത് എത്രയോ ജീവിതങ്ങൾ; സർവസമ്മതനായ ഫയർഫോഴ്‌സ് മേധാവി എ.ഹേമചന്ദ്രൻ വിരമിക്കുന്നു

എം മനോജ് കുമാർ

തിരുവനന്തപുരം: മൂന്നു പതിറ്റാണ്ടിലേറെ നീണ്ട ഐപിഎസ് ജീവിതത്തിനു ശേഷം ഫയർഫോഴ്‌സ് മേധാവി ഡിജിപി എ.ഹേമചന്ദ്രൻ സർവീസിൽ നിന്ന് വിരമിക്കുന്നു. ഈ മാസം മുപ്പതിന് അദ്ദേഹം പൊലീസ് സർവീസിൽ നിന്നും വിടചൊല്ലും. തൃശൂർ എഞ്ചിനീയറിങ് കോളേജിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിങ് ബിരുദം നേടിയ ശേഷം ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ ജോലിയിലിരിക്കെ ഐപിഎസ് ലഭിച്ചതിനെ തുടർന്നാണ് അദ്ദേഹം പൊലീസ് സർവീസിൽ ചേരുന്നത്. 1986 ബാച്ച് ഐപിഎസ് ഓഫീസറാണ് ഹേമചന്ദ്രൻ.

കേരള പൊലീസിലെ ഏറ്റവും മികച്ച ഓഫീസർമാരിൽ ഒരാളും ഐപിഎസ് ഉദ്യോഗസ്ഥർക്കിടയിൽ സർവ്വസമ്മതനും പൊലീസ് ഓഫീസർമാർക്കിടയിൽ പ്രിയങ്കരനുമാണ് ഹേമചന്ദ്രൻ. ക്രൈംബ്രാഞ്ച് മേധാവിയും ഫയർഫോഴ്‌സ് മേധാവിയും ഇന്റലിജൻസ് മേധാവിയും കെഎസ്ആർടിസി സിഎംഡിയുമൊക്കെയായിരുന്ന ഈ മുതിർന്ന ഐപിഎസ് ഓഫീസർ നിർഭാഗ്യംകൊണ്ട് മാത്രമാണ് ലോ ആൻഡ് ഓർഡർ ഡിജിപിയായി നിയമിതനാകാതിരുന്നത്. ഹേമചന്ദ്രൻ ഡിജിപി പോസ്റ്റിൽ ഇരിക്കുന്നത് കാണാൻ ആഗ്രഹിച്ച കേരളത്തിലെ മുതിർന്ന പൊലീസ് ഓഫീസർമാരെ നിരാശരാക്കിക്കൊണ്ടാണ് അദ്ദേഹം സർവീസിൽ നിന്നും ഈ മാസം വിരമിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി ഹേമചന്ദ്രനാണ് ഫയർഫോഴ്‌സ് തലപ്പത്തുള്ളത്.

മഹാപ്രളയ സമയത്തും കൊറോണ കാലത്തും ദിശാബോധത്തോടെ ഫയർഫോഴ്‌സിനെ നയിച്ച ശേഷമാണ് അദ്ദേഹം സർവീസിൽ നിന്നും വിരമിക്കുന്നത്. കേരള ഫയർഫോഴ്‌സിന്റെ ചരിത്രത്തിൽ എത്ര മികവോടും കെട്ടുറപ്പോടെയും ഫയർഫോഴ്‌സ് പ്രവർത്തിച്ച ചരിത്രമില്ല. മുതിർന്ന ഐപിഎസ് ഓഫീസർ എന്ന നിലയിലുള്ള പരിചയ സമ്പന്നതയും കർമ്മകുശലതയും കൈമുതലാക്കി ഭാവനാസമ്പന്നമായാണ് അദ്ദേഹം ഫയർഫോഴ്‌സിനെ നയിച്ചത്. മഹാപ്രളയ സമയത്തും കേരളത്തിനു തീർത്തും അപരിചിതമായ കൊറോണ സമയത്തും ഫയർഫോഴ്‌സിന്റെ അമരത്ത് ഹേമചന്ദ്രനായിരുന്നു. ഹേമചന്ദ്രന്റെ പ്രവർത്തന പരിചയം മനസിലാക്കി മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളത്തിന്റെ കൊറോണ അവലോകന സമിതിയിലേക്ക് അദ്ദേഹത്തെ കൂടി നോമിനേറ്റ് ചെയ്തത്. ഫയർഫോഴ്‌സ് മേധാവിയായിരിക്കെ കേരളത്തിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ നിയന്ത്രിച്ചുകൊണ്ടിരിക്കേ തന്നെയാണ് അദ്ദേഹം ഇപ്പോൾ സർവീസിൽ നിന്നും വിരമിക്കുന്നത്.

കഴിഞ്ഞ മഹാപ്രളയ സമയത്ത് ഫയർഫോഴ്‌സിന്റെ സേവനങ്ങൾ സ്തുത്യർഹമായിരുന്നു. ഫയർഫോഴ്‌സ് ആസ്ഥാനത്ത് ഇരുപത്തിനാല് മണിക്കൂർ ക്യാമ്പ് ഓഫീസ് തുറന്നു ഹേമചന്ദ്രനാണ് ഫയർഫോഴ്‌സിന്റെ സേവനങ്ങളെ നിയന്ത്രിച്ചത്. മഹാപ്രളയ സമയത്ത് ഒരു ഫോഴ്‌സ് എന്ന നിലയിൽ കേരള പൊലീസ് അമ്പരന്നു നിന്നപ്പോൾ ഫയർഫോഴ്‌സിന്റെ മികവ് നൂറു ശതമാനം പുറത്തെടുത്ത് കേരള ജനതയുടെ ആപത്ബാന്ധവന്മാരായി ഫയർഫോഴ്‌സിനെ മാറ്റിയത് ഹേമചന്ദ്രനായിരുന്നു. നിശബ്ദനായിരുന്നു നൂറു കണക്കിന് ജീവിതങ്ങൾക്ക് ഹേമചന്ദ്രൻ തുണയായി. വെള്ളത്തിൽ മുങ്ങിത്താഴുമായിരുന്ന ഒട്ടനവധി ജീവിതങ്ങൾക്ക് അദ്ദേഹവുമായി കടപ്പാടുണ്ട്.

പല കുടുംബങ്ങളും മഹാ പ്രളയസമയത്ത് രക്ഷപ്പെട്ടത് ഹേമചന്ദ്രന്റെ ഫോണിലേക്ക് നൽകിയ ഫോൺ കോളുകളുടെ ബലത്തിലാണ്. പ്രളയസമയത്തും കേരളത്തിന്റെ പുനരുദ്ധാരണ സമയത്തും ഒരേ രീതിയിലാണ് ഫയർഫോഴ്‌സ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടുപോയത്. ഇതിലെല്ലാം തന്നെ ഫയർഫോഴ്‌സ് മേധാവി എന്ന നിലയിൽ ഹേമചന്ദ്രന് വലിയ പങ്കുണ്ടായിരുന്നു. ഇപ്പോൾ കൊറോണ സമയത്ത് ഫയർഫോഴ്‌സിന്റെ ഡ്യൂട്ടി അല്ലാതിരുന്നിട്ട് കൂടി പല പ്രവർത്തനങ്ങൾക്കും ഫയർഫോഴ്‌സ് പങ്കാളിയാണ്. കേരളത്തിന് തീർത്തും അപരിചിതമായ കൊറോണ കേരളത്തിൽ പടരുമ്പോൾ ഫയർഫോഴ്‌സ് അതിന്റെ ചരിത്രത്തിൽ പുതിയ സേവന ചരിത്രങ്ങളുടെ പുതിയ അദ്ധ്യായങ്ങൾ കുറിക്കുകയാണ്. അണുനശീകരണം മുതൽ രോഗികൾക്ക് മരുന്ന് എത്തിക്കൽ വരെ, രോഗികളെ ആശുപത്രിയിലേക്കും തിരികെയും എത്തിക്കുന്ന ജോലികൾ, കമ്മ്യുണിറ്റി കിച്ചനുമായി ബന്ധപ്പെട്ടു ജോലികൾ വരെ ഈ കൊറോണ കാലത്ത് ഫയർഫോഴ്‌സ് ചെയ്യുന്നുണ്ട്.

തൃശൂരെ ഫയർഫോഴ്‌സ് അക്കാദമി വരുംകാല പ്രവർത്തനങ്ങളെ മുന്നിൽക്കണ്ട് ശക്തിപ്പെടുത്തിയത് ഹേമചന്ദ്രന്റെ മികവായിരുന്നു. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഫയർഫോഴ്‌സിന് കൂടുതൽ ട്രെയിനിങ് നൽകാൻ എറണാകുളം കേന്ദ്രമാക്കി അഡ്വാൻസ്ഡ് വാട്ടർ ട്രെയിനിംഗിന് അക്കാദമി തുടങ്ങിയതും ഹേമചന്ദ്രന്റെ നിർദ്ദേശപ്രകാരമാണ്. ഫയർഫോഴ്‌സിന്റെ സോഷ്യൽ ഔട്ട് റീച്ച് കൂട്ടിയതും ഇതേ കാലത്ത് തന്നെയാണ്. ജനങ്ങളുമായി കൂടുതൽ ഇടപഴകുന്നതിന്റെ ഭാഗമായി ഒട്ടനവധി പദ്ധതികൾ അദ്ദേഹം ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. കമ്മ്യൂണിറ്റി റെസ്റ്റ് വോളണ്ടിയർ പദ്ധതി ഇതിന്റെ ഭാഗമായി ആരംഭിച്ചതാണ്. പൊതുജനങ്ങളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം നടത്തുന്ന പദ്ധതിയാണിത്. എല്ലാ പഞ്ചായത്തുകളിലും സേഫ്റ്റി ബീറ്റ് ഓഫീസർ തസ്തികയുണ്ടാക്കി. സുരക്ഷാപ്രശ്‌നങ്ങൾ മനസിലാക്കി ഫയർഫോഴ്‌സിന് മുന്നറിയിപ്പ് നൽകുകയാണ് ഈ ഉദ്യോഗസ്ഥന്റെ ചുമതല. ഉയർന്ന കെട്ടിടങ്ങൾ ഉയർത്തുന്ന ആപത്ഭീഷണി, അഗ്‌നി ബാധയ്ക്ക് സാധ്യതയുള്ള ഇടങ്ങൾ കണ്ടെത്തുക, ജനങ്ങളെ ബോധവത്ക്കരിക്കുക എല്ലാം ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി ആക്കി മാറ്റിയതും ഇതേ കാലത്താണ്. ഫയർ ആൻഡ് റെസ്‌ക്യൂ എന്നും സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ എന്നും പുതിയ പോസ്റ്റുകൾ ഉണ്ടാക്കി താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന നീക്കങ്ങൾ നടത്തി. സ്ത്രീ പ്രാതിനിധ്യം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ഫയർഫോഴ്‌സിന്റെ ചരിത്രത്തിലാധ്യമായി വനിതകളെ നിയമിക്കാനുള്ള നീക്കം വിജയത്തിലെത്തിച്ചു. പിഎസ്‌സി ഇനി വനിതകളെയും റിക്രൂട്ട് ചെയ്ത് തുടങ്ങും.

ആലപ്പുഴ, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ എസ്‌പിയായിരുന്നു. വിജിലൻസ് എസ്‌പിയായിരുന്നു. തിരുവനന്തപുരം ഡിഐജി, തിരുവനന്തപുരം ഐജി, എറണാകുളം ഐജി, കണ്ണൂർ ഐജിയായിരുന്നു. സൗത്ത് സോൺ എഡിജിപിയായിരുന്നു. തുടർന്നാണ് ഡിജിപിയായി മാറുന്നത്. ഇതിന്നിടയിൽ 2002-07 കാലത്ത് കേന്ദ്ര ഡെപ്യൂട്ടെഷന്റെ ഭാഗമായി ഹൈദരാബാദ് പൊലീസ് അക്കാദമിയിൽ ഡെപ്യൂട്ടി ഡയറക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP