Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആറാമതും വിവാഹം കഴിച്ചത് ഭാര്യയെ കൊലപ്പെടുത്തി ഇൻഷുറൻസ് തുക കൈക്കലാക്കാൻ; ​ഗർഭമലസിപ്പിക്കാൻ വരുന്ന ഡോക്ടറെ കാണാതിരിക്കാൻ കണ്ണുകെട്ടിയ ശേഷം പ്രിയതമക്ക് നൽകിയത് അഞ്ച് പെ​ഗ്​ വിസ്കി; രണ്ട് വിഷപാമ്പ് കടിച്ചിട്ടും മരണം താമസിച്ചതോടെ യുവതിയെ കൊന്നത് കുളത്തിൽ മുക്കിയും; പഴുതുകൾ ഒന്നുമില്ലാതെ നടത്തിയ ക്രൂര കൊലപാതകത്തിൽ മതിമറന്ന് ഇരിക്കവെ പിടിവീണത് ഡിറ്റക്ടീവുകൾ നടത്തിയ അന്വേഷണത്തിലൂടെ; ഉത്രയുടെ കൊലപാതകത്തിന് മുമ്പ് സമാനമായ പദ്ധതിയിലൂടെ യുഎസിൽ നടന്ന കൊലപാതകം ഇങ്ങനെ

ആറാമതും വിവാഹം കഴിച്ചത് ഭാര്യയെ കൊലപ്പെടുത്തി ഇൻഷുറൻസ് തുക കൈക്കലാക്കാൻ; ​ഗർഭമലസിപ്പിക്കാൻ വരുന്ന ഡോക്ടറെ കാണാതിരിക്കാൻ കണ്ണുകെട്ടിയ ശേഷം പ്രിയതമക്ക് നൽകിയത് അഞ്ച് പെ​ഗ്​ വിസ്കി; രണ്ട് വിഷപാമ്പ് കടിച്ചിട്ടും മരണം താമസിച്ചതോടെ യുവതിയെ കൊന്നത് കുളത്തിൽ മുക്കിയും; പഴുതുകൾ ഒന്നുമില്ലാതെ നടത്തിയ ക്രൂര കൊലപാതകത്തിൽ മതിമറന്ന് ഇരിക്കവെ പിടിവീണത് ഡിറ്റക്ടീവുകൾ നടത്തിയ അന്വേഷണത്തിലൂടെ; ഉത്രയുടെ കൊലപാതകത്തിന് മുമ്പ് സമാനമായ പദ്ധതിയിലൂടെ യുഎസിൽ നടന്ന കൊലപാതകം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

അഞ്ചലിൽ സ്വത്ത് തട്ടിയെടുക്കാനായി സ്വന്തം ഭർത്താവ് ഉത്ര എന്ന യുവതിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. മരണത്തിന്റെ ആദ്യ ദിവസങ്ങളിൽ പാമ്പുകളുടെ പകയെ കുറിച്ച് ആളുകൾ ചർച്ച ചെയ്തപ്പോൾ ഇത്തരത്തിൽ കരുതിക്കൂട്ടിയുള്ള ഒരു കൊലപാകതത്തെ കുറിച്ച് ആളുകൾ ചിന്തിച്ച് പോലുമില്ല. എന്നാൽ, ആദ്യ ദിവസങ്ങളിൽ തന്നെ മറുനാടൻ മലയാളി ഈ ഒരു സാധ്യതയിലേക്ക് വിരൽ ചൂണ്ടി. പാമ്പുകൾക്ക് പകയില്ലെന്നും പിന്തുടർന്ന് വന്ന് ആക്രമിക്കുകയില്ലെന്നും ഈ രം​ഗത്തെ വി​ദ​ഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു. ഒടുവിൽ ഉത്രയുടെ മരണം ഭർത്താവ് കരുതിക്കൂട്ടി നടത്തിയ ക്രൂര കൊലപാതകമാണ് എന്ന് തെളിയുകയായിരുന്നു. ഇതിന് സമാനമായ ഒരു സംഭവം 1935ൽ അമേരിക്കയിൽ അരങ്ങേറിയിട്ടുണ്ട്. അതും പഴുതുകളടച്ച് പാമ്പുകളെ ഉപയോ​ഗിച്ച് നടത്തിയ ക്രൂര കൊലപാതകമായിരുന്നു. അന്വേഷണത്തിനൊടുവിൽ പ്രതിയായ ഭർത്താവിനെ പിടികൂടി വിചാരണ നടത്തി തൂക്കിലേറ്റുകയായിരുന്നു.

1935 -ൽ ലോസ് ആഞ്ചലസിൽ ഇൻഷുറൻസ് തുകയ്ക്കുവേണ്ടിയായിരുന്നു യുവാവ് നടത്തിയത്. റോബർട്ട് ജെയിംസ് എന്ന യുവാവാണ് ഈ ക്രൂരകൃത്യം നടത്തിയത്. റോബർട്ടിന്റെ ഭാര്യ മേരിയാണ് സ്വന്തം ഭർത്താവിന്റെ ക്രൂരതക്ക് ഇരയായാത്. റോബർട്ടും മേരിയും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് മൂന്നു മാസമേ ആയിരുന്നുള്ളൂ. മേരി റോബർട്ടിനെ ആദ്യമായി കാണുമ്പൊൾ അയാൾ ഒരു സലൂണിലെ ബാർബറായിരുന്നു. തന്റെ സലൂണിലെ 'മാനിക്യൂർ സ്‌പെഷ്യലിസ്റ്റാ'യി മേരിയെ റോബർട്ട് നിയമിക്കുകയായിരുന്നു. അസാമാന്യമായ സുഭഗത്വമുള്ള അയാളെ മേരിക്ക് ഇഷ്ടമായി. അയാളുടെ വിവാഹാഭ്യർത്ഥനയും അവർ സ്വീകരിച്ചു. മേരിക്ക് അറിയാത്ത ഒരു രഹസ്യമുണ്ടായിരുന്നു. റോബർട്ട് ജെയിംസ് എന്ന അവളുടെ നവവരൻ പയറ്റിത്തെളിഞ്ഞ ഒരു തട്ടിപ്പുകാരനാണ് എന്ന സത്യം. അമ്മ മരിച്ചു പോയപ്പോൾ തന്നെ തേടിയെത്തിയ ഇൻഷുറൻസ് കമ്പനിയുടെ ചെക്കാണ് അയാളുടെ മനസ്സിൽ ലഡു പൊട്ടിച്ചത്.

ചെക്കിലെ തുക അത്ര വലുതായിരുന്നില്ല എങ്കിലും, ഇൻഷുറൻസ് എന്ന സംഗതി അയാൾക്ക് നന്നായി ബോധിച്ചു. അതിന്റെ സാദ്ധ്യതകൾ ചൂഷണം ചെയ്യാനുള്ള പല പദ്ധതികളും അയാളുടെ കുടിലബുദ്ധിയിൽ വിളഞ്ഞു. മേരിയെ പരിചയപ്പെടും മുമ്പുതന്നെ അയാൾ അഞ്ചുവട്ടം വിവാഹവും വിവാഹമോചനവും ഒക്കെ കഴിഞ്ഞിരുന്നു എന്ന് അവൾക്കറിയില്ലായിരുന്നു. മേരിയുടെ പേർക്ക് അയാൾ അന്നത്തെ 10,000 ഡോളർ വിലമതിപ്പുള്ള ഒരു ഇൻഷുറൻസ് പോളിസി എടുത്തപ്പോൾ അതിനെയും ഭർത്താവിന് തന്നോടുള്ള കരുതലായി മാത്രമേ മേരി കരുതിയുള്ളൂ. പോളിസി എടുത്തശേഷം അയാൾ തന്റെ പദ്ധതി നടപ്പിലാക്കാൻ വേണ്ട സഹായിയെയും റിക്രൂട്ട് ചെയ്തു.

നേവിയിൽ നിന്ന് പിരിഞ്ഞുപോന്ന, സാമ്പത്തികമായി ഏറെ പ്രയാസങ്ങൾ അനുഭവിച്ചുകൊണ്ടിരുന്ന ചാൾസ് ഹോപ്പ് എന്ന ഒരു കുക്കായിരുന്നു അയാൾ. അയാളെ നേരിൽ ചെന്നുകണ്ട റോബർട്ട് തന്റെ ആവശ്യം അറിയിച്ചു. " എനിക്ക് എന്റെ ഭാര്യയെ ഒഴിവാക്കണം. കൊല്ലുകയല്ലാതെ മാർഗമില്ല. എന്നാൽ പിടിക്കപ്പെടാനും പാടില്ല. രണ്ടു റാറ്റിൽ സ്നേക്കുകളെ വേണം. നൂറു ഡോളർ തരും ഞാൻ. എന്തുപറയുന്നു?"

ആദ്യം പാമ്പിനെ വാങ്ങാൻ മാത്രമായിരുന്നു പദ്ധതി എങ്കിലും, പിന്നീട് കൂടുതൽ താത്പര്യം പ്രകടിപ്പിച്ച ചാൾസിനെ റോബർട്ട് പദ്ധതിയിൽ മുഴുവൻ സമയ പങ്കാളിയായി കൂട്ടിച്ചേർത്തു. ഹോപ്പ് മറ്റൊരു വഴിക്ക് പണി കൂടുതൽ എളുപ്പത്തിൽ സാധിക്കാം എന്ന് റോബർട്ടിനോട് പറഞ്ഞു. "ബ്ലാക്ക് വിഡോ എന്നുപേരുള്ള ഒരു തരം എട്ടുകാലികൾ ഉണ്ട്. ഒരു കുത്തു കിട്ടിയാൽ നിമിഷങ്ങൾക്കകം ആൾ മരിക്കും" അങ്ങനെയെങ്കിൽ അങ്ങനെ എന്നായി റോബർട്ട്. അതിൽ കാര്യം നടന്നില്ലെങ്കിൽ മേരിയെ വീട്ടിനുള്ളിലിട്ട് തീക്കൊളുത്തിക്കൊല്ലുക, തൊലിപ്പുറമേ മുറിവുണ്ടാക്കി അതിലൂടെ രാസവസ്തു കലർത്തി കൊല്ലുക, യാത്രക്കിടെ കൊള്ളക്കാർ വന്നു എന്ന ഭാവേന വെടിവെച്ചു കൊല്ലുക എന്നിങ്ങനെ പല 'പ്ലാൻ ബി'കളും അവർ തയ്യാറാക്കി.

ആദ്യഘട്ടമായി അവർ ബ്ലാക്ക് വിഡോ ഇനത്തിൽ പെട്ട എട്ടുകാലികളെ മേരിയുടെ കിടക്കയിൽ വിതറി മാറി നിന്നു. എന്നാൽ അതിന്റെ കുത്തേറ്റ മേരിക്ക് കാലിൽ അസഹ്യമായ വേദനയും, വീക്കവും ഒക്കെ ഉണ്ടായി എന്നല്ലാതെ അവൾ മരിച്ചില്ല. അങ്ങനെ അവർ പ്ലാൻ ബി ലിസ്റ്റിൽ ആദ്യമുണ്ടായിരുന്ന റാറ്റിൽ സ്നേക്ക് വഴി തന്നെ തെരഞ്ഞെടുത്തു. തങ്ങളുടെ ആയുധങ്ങളായ ആ വിഷപ്പാമ്പുകളെ വാങ്ങാൻ വേണ്ടി റോബർട്ടും, ജെയിംസും ഒന്നിച്ച് ഇറങ്ങിപ്പുറപ്പെട്ടു.

'സ്നേക്ക് ജോ' എന്നറിയപ്പെട്ടിരുന്ന ജോസഫ് ഹോട്ടാൻബ്രിക്കിന്റെ പാസാഡിനയിലുള്ള സ്നേക്ക് ഫാമിൽ പോയി അവിടത്തെ ഏറ്റവും വിഷം കൂടിയതെന്ന് ജോ പറഞ്ഞ 'ലൈറ്റ്‌നിങ്, ലീതൽ' എന്നീ റാറ്റിൽ സ്നേക്കുകളെ അവർ വിലകൊടുത്ത് വാങ്ങി. 1935 ഓഗസ്റ്റ് 4 -ന് അവർ ഇരുവരും ചേർന്ന് തങ്ങളുടെ കൊലപാതക പ്ലാൻ നടപ്പിലാക്കി. വിവാഹത്തിന്റെ മൂന്നാം മാസത്തിൽ തന്നെ ഗർഭിണിയായിട്ടുണ്ടായിരുന്നു മേരി. ഇത്ര നേരത്തെ കുഞ്ഞുങ്ങൾ വേണ്ട എന്ന തന്റെ നിലപാടിലേക്ക് അയാൾ മേരിയെയും കൊണ്ടുവന്നു. ഭർത്താവിന്റെ സ്‌നേഹപൂർണമായ നിർബന്ധത്തിനു വഴങ്ങി അവൾ രഹസ്യമായ ഗർഭഛിദ്രത്തിന് തയ്യാറായി. നിയമപരമായി അത് മൂന്നുമാസത്തിനു ശേഷം നടത്തുക പ്രയാസമായിരുന്നു എന്നതിനാൽ, താൻ വളരെ രഹസ്യമായി അത് ചെയ്തുതരാൻ തയ്യാറുള്ള ഒരു ഗൈനക്കോളജിസ്റ്റ് ഡോക്ടറെ കണ്ടെത്തിയിട്ടുണ്ട് എന്ന് റോബർട്ട് പറഞ്ഞു. അത് മേരി വിശ്വസിച്ചു. അത് അവരുടെ വീട്ടിൽ വെച്ചുതന്നെ നടത്താമെന്നു ഡോക്ടർ പറഞ്ഞതായും റോബർട്ട് മേരിയെ വിശ്വസിപ്പിച്ചു. അതിനും മേരി സമ്മതം മൂളി.

ഒടുവിൽ അബോർഷൻ ദിവസം വന്നെത്തി. ഡോക്ടറുടെ ഒരു നിബന്ധനയെപ്പറ്റി മേരിയോട് റോബർട്ട് പറഞ്ഞത് അവസാന നിമിഷം മാത്രമാണ്. ചെയ്യുന്നത് നിയമ വിരുദ്ധമായ പ്രവൃത്തി ആയതുകൊണ്ട് തന്റെ മുഖം ഓപ്പറേഷന് വിധേയയാകുന്ന മേരി കാണരുത് എന്ന് ഡോക്ടർക്ക് നിർബന്ധമുണ്ടത്രെ. അത് ന്യായം എന്ന് തോന്നിയ മേരി അതിനും സമ്മതിച്ചു. അബോർഷൻ നടത്താൻ ഡോക്ടർ വരുന്നതിനു മുമ്പ് തന്റെ കണ്ണുകൾ കറുത്ത തുണികൊണ്ട് കെട്ടിമറച്ചുകൊള്ളാൻ മേരി അനുവാദം നൽകി. അതിനു ശേഷം റോബർട്ട് ഭാര്യക്ക് നാലഞ്ച് പെഗ്ഗ് വിസ്കി നൽകി, ഒപ്പം ബ്രോമൈഡും. രണ്ടും കൂടി അകത്തു ചെന്ന അവൾ ആകെ മയക്കം പിടിച്ച അവസ്ഥയിലായി. അയാൾ അവളെ പ്രാതൽ കഴിക്കുന്ന മേശയുടെ മുകളിലേക്ക് പിടിച്ചു കിടത്തി.

അതിനു ശേഷമായിരുന്നു ജയിംസിന്റെ രംഗപ്രവേശം. അപ്പോഴേക്കും അബോധാവസ്ഥയിലായിരുന്ന തന്റെ ഭാര്യയെ മേശപ്പുറത്ത് ഒരു കയറുകൊണ്ട് വരിഞ്ഞു കെട്ടിയിട്ടുണ്ടായിരുന്നു റോബർട്ട്. വായും കണ്ണുകളും ടേപ്പൊട്ടിച്ചു മറച്ചിട്ടുമുണ്ടായിരുന്നു. റോബർട്ട് തന്റെ കൈകൾ കൊണ്ട് മേരിയുടെ കാൽ പൊന്തിച്ച് ഒരു ഹാർഡ് ബോർഡ് ബോക്സിനുള്ളിലേക്ക് കുത്തിക്കയറ്റി. അതിനുള്ളിൽ അവർ നേരത്തെ വാങ്ങിച്ച ഉഗ്രവിഷമുള്ള റാറ്റിൽ സ്നേക്കുകൾ, 'ലൈറ്റ്‌നിങ്ങും, ലീതലും' ഉണ്ടായിരുന്നു. ഇരു സർപ്പങ്ങളും കൂടി മേരിയെ മൂന്നു വട്ടം കടിച്ചു.

കടിയേറ്റ് മേരി അസഹ്യമായ വേദനകൊണ്ട് പുളഞ്ഞു എങ്കിലും അവൾ തൽക്ഷണം മരിച്ചില്ല. അതോടെ ജെയിംസ് ആകെ പരിഭ്രാന്തനായി. അയാൾ വിറയാർന്ന കൈകൾ സ്റ്റീയറിങ്ങിൽ തെരുപ്പിടിപ്പിച്ചു കൊണ്ട് ഗാരേജിലെ തന്റെ കാറിൽ ചെന്ന് കാത്തിരുന്നു. മേരിയുടെ മരണ വൃത്താന്തത്തിനായി കാത്തിരുന്ന ജെയിംസിനെ, അൽപനേരം കഴിഞ്ഞപ്പോൾ റോബർട്ട് ആ വിവരം അറിയിച്ചു. ഭാര്യ ഒന്ന് മരിച്ചുകിട്ടാൻ വേണ്ടി അടുത്ത് കാത്തുകാത്തിരുന്നു മടുത്ത അയാൾ ഒടുവിൽ അവളെ പിന്നാമ്പുറത്തെ കുളത്തിൽ മുക്കി കൊന്നുകളയുകയായിരുന്നു.

എന്തായാലും ഭാര്യയുടെ ദുർമരണത്തിനും, അത് പാമ്പുകടിയേറ്റുള്ള മരണമാണ് എന്ന് സ്ഥാപിച്ചശേഷം റോബർട്ട് ഇൻഷുറൻസ് തുക ക്ലെയിം ചെയ്യാൻ ശ്രമിച്ചു. എന്നാൽ, ഇൻഷുറൻസ് ഡിറ്റക്ടീവുമാർ നടത്തിയ അന്വേഷണത്തിൽ റോബർട്ടിന്റെ അഞ്ചു പൂർവ വിവാഹങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തായി. അയാളുടെ മൂന്നാമത്തെ ഭാര്യയും മുങ്ങി മരിച്ചതാണ് എന്ന വിവരവും അവർ അറിഞ്ഞു. കൊളറാഡോയിൽ വെച്ച് മൂന്നാമത്തെ ഭാര്യയെ വെള്ളത്തിൽ മുക്കിക്കൊന്ന് അതിന്റെ ഇൻഷുറൻസ് തുക കൈക്കലാക്കിയ ശേഷമാണ് അയാൾ അവിടെ നിന്ന് കാലിഫോർണിയയിലേക്ക് അടുത്ത ഓപ്പറേഷൻ നടത്താൻ വേണ്ടി കൂടുമാറിയത്.

അങ്ങനെ സംഗതി പൊലീസ് അറിഞ്ഞു. അന്വേഷണമായി. റോബർട്ടും, ജെയിംസും പിടിയിലായി. അന്വേഷണത്തിന്റെ ഭാഗമായി 'ലൈറ്റ്‌നിങ്ങും, ലീതലും' കോടതി കയറി. അവയുടെ വിഷം ശേഖരിക്കാൻ സ്നേക്ക് ജോയും വിളിച്ചുവരുത്തപ്പെട്ടു. കോടതിയിൽ വെച്ച് 'ലൈറ്റ്‌നിങ്ങ്' തന്റെ പെട്ടിയിൽ നിന്ന് ഇറങ്ങി ഇഴഞ്ഞുനീങ്ങിയത് ഏറെ പരിഭ്രാന്തി നിറഞ്ഞ നിമിഷങ്ങൾക്ക് കാരണമായിരുന്നു. എന്തായാലും, ഇരുവരും ചെയ്ത കുറ്റം കോടതിക്ക് ബോധ്യപ്പെട്ടു. റോബർട്ടിനെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. 1942 -ന് കാലിഫോർണിയ സ്റ്റേറ്റിൽ അവസാനമായി തൂക്കിലേറ്റപ്പെട്ട ആൾ എന്ന നിലയിൽ ചരിത്രത്തിന്റെ ഭാഗമാകാനായിരുന്നു അയാളുടെ നിയോഗം. വധശിക്ഷ ഒഴിവാക്കാം എന്ന ധാരണാപ്പുറത്ത് ജെയിംസ് റോബർട്ടിനെതിരെ മൊഴി നല്കിയതായിരുന്നു വിചാരണയിൽ നിർണായകമായത്.

വളരെ പഴുതടച്ചുള്ളത് എന്ന് റോബർട്ട് കരുതിയ പ്ലാനിങ് ഒരു ഇൻഷുറൻസ് ഡിറ്റക്ടീവിന്റെ അന്വേഷണബുദ്ധിയിൽ തട്ടിയാണ് പൊളിഞ്ഞു പോയത്. റോബർട്ടിന്റെ ജീവിതത്തെപ്പറ്റി അന്വേഷിച്ച അയാൾ നിരീക്ഷിച്ച അസ്വാഭാവികതകളെ പിൻപറ്റി നടന്ന തുടരന്വേഷണങ്ങളിൽ വെളിച്ചത്തുവന്നത് ഇൻഷുറൻസ് കൊലകളുടെ ചരിത്രത്തിലെ ഏറ്റവും കുടിലമായ ഗൂഢാലോചനകളിൽ ഒന്നിന്റെ വിശദാംശങ്ങളാണ്. പാമ്പുകളെ ഉപയോഗിച്ചുള്ള കൊലപാതകങ്ങളുടെ ചരിത്രത്തിലെ നാഴികക്കല്ലായ ഒരു കേസാണ് 85 കൊല്ലം മുമ്പ് ലോസാഞ്ചലസിൽ നടന്ന ഈ കേസ്.

കഥകളിൽ മാത്രം കേട്ട ക്രൂരത

പല കലാകാരന്മാരുടെയും ഭാവനയിൽ കൊലപാതകത്തിന് പാമ്പിനെ ഉപയോ​ഗിച്ചിട്ടുണ്ട്. സർ ആർതർ കോനൽ ഡോയൽ എഴുതിയ പുള്ളിത്തലക്കെട്ട് എന്ന കഥയിൽ പാമ്പിനെ കൊണ്ട് കൊലപാതകം ചെയ്യിക്കുന്ന രീതി കാണാം. ഇന്ത്യയിൽ ഡോക്ടർ ആയി പ്രാക്ടീസ് ചെയ്ത് ഒരു കൊലപാതക കേസിൽ അകത്തായി തിരിച്ച് ഇംഗ്ളണ്ടിൽ എത്തിയ ഡോ ഗ്രിംസ്ബി റോയ്ലോട്ട് തന്റെ വളർത്തു മകളിൽ ഒരാളെ പാമ്പിനെ ഉപയോഗിച്ച് വിദഗ്ധമായി കൊല ചെയ്യുന്ന കഥയാണത്. അന്വേഷിക്കാൻ ചെന്ന് ഷെർലക്ഹോംസിന്റെ തന്ത്രത്തിൽ പെട്ട് ആ പാമ്പ് തന്നെ റോയ്ലോട്ടിനേയും വകവരുത്തുന്നതാണ് കഥ.

മലയാളത്തിൽ പത്മരാജനാണ് ഇങ്ങനെ ഒരു സന്ദർഭം എഴുതിയത്. ഐ.വി.ശശി സംവിധാനം ചെയ്ത കരിമ്പിൻപൂവിനക്കരെ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ ഭദ്രൻ എന്ന കഥാപാത്രം രവീന്ദ്രന്റെ തമ്പി എന്ന കഥാപാത്രത്തെ കൊല്ലുന്നത് പാമ്പിനെ ഉപയോ​ഗിച്ചാണ്. ഭദ്രന്റെ ചേട്ടനെ മമ്മൂട്ടി അവതരിപ്പിക്കുന്ന ശിവൻ വെട്ടികൊല്ലുന്നു. ശിവന്റെ പെങ്ങളെ കല്യാണം കഴിക്കുന്നയാളാണ് തമ്പി. ഈ കൊലപാതകത്തിലേക്ക് നയിച്ചതിൽ തമ്പിക്കും ശിവന്റെ പെങ്ങൾക്കും അറിയാതെയാണെങ്കിലും കാരണക്കാരാവുന്നുണ്ട്. അതിന്റെ പ്രതികാരമായാണ് ഭദ്രൻ തമ്പിയെ കൊല്ലുന്നത്.

ജോലികഴിഞ്ഞ് ഭാര്യയേയും കുഞ്ഞിനേയും കാണാൻ പോവുന്ന തമ്പിയെ കരിമ്പിൻ കാട്ടിന്റെ മറവിൽ വെച്ച് ഭദ്രൻ വായും കൈയും കാലും കെട്ടിയിട്ട് പാമ്പാട്ടി കൊടുത്ത മൂർഖനെ കൊണ്ട് കാലിൽ കൊത്തിക്കുന്നതായിരുന്നു സീൻ. ഞാൻ പണ്ട് പറഞ്ഞില്ലെടാ തമ്പി ഒരു തെളിവുമില്ലാതെ ഒരു ദിവസം നിന്റെ ശവം വഴീകിടക്കുമെന്ന് അപ്പോ നിനക്കത് വെറും വിരട്ടായി തോന്നി. അല്ലെടാ ഭദ്രന്റെ ഡയലോഗ് അങ്ങിനെയായിരുന്നു. അവനെ കൊത്തിയ പാമ്പ് ഞാനാണെന്ന് പിന്നെ തമ്പിയുടെ ഭാര്യയോടും അയാൾ പറയുന്നുണ്ട് സിനിമയിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP