Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിപിഎം കേരള അടക്കമുള്ള വെബ്സൈറ്റുകളിലും ഔദ്യോഗിക രേഖകളിലും പിണറായിയുടെ ജന്മദിനം മാർച്ച് 21; ഇപ്പോൾ ജന്മദിനം ആഘോഷിക്കുന്നത് മെയ് 24; ശരിക്കും എന്നാണ് നമ്മുടെ മുഖ്യമന്ത്രിയുടെ ജന്മദിനം; സോഷ്യൽമീഡിയയിൽ നടക്കുന്ന വിവാദത്തിന്റെ വസ്തുതയെന്താണ്?

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ 75ാം ജന്മദിനമാണ് ഇന്ന്. ആഘോഷങ്ങൾ ഒന്നുമില്ലെങ്കിലും ചലച്ചിത്ര താരങ്ങളും വിവിധ കക്ഷിനേതാക്കളും പൊതുജനങ്ങളും അടക്കം നിരവധിപേർ ആണ് അദ്ദേഹത്തിന് ജന്മദിനാശംസകൾ നേരുന്നത്. എന്നാൽ സോഷ്യൽ മീഡിയിൽ അടക്കം ഇപ്പോൾ ഉയരുന്ന വിവാദം മറ്റൊന്നാണ്. സിപിഎം കേരള അടക്കമുള്ള വെബ്സൈറ്റുകളിലും ഔദ്യോഗിക രേഖകളിലും പിണറായിയുടെ ജന്മദിനം മാർച്ച് 21നാണ്. പക്ഷേ ഇപ്പോൾ ഇപ്പോൾ ജന്മദിനം ആഘോഷിക്കുന്നത് മെയ് 24നും. ഇതിന്റെ വസ്തുത രസകരമാണ്.

നാലു വർഷം മെയ്‌ 25നാണ് പിണറായി വിജയന്റെ മന്ത്രിസഭ അധികാരമേറ്റത്. തലേന്ന്, മെയ്‌ 24ന്, പിണറായി തന്റെ ജന്മദിന രഹസ്യം വെളിപ്പെടുത്തിയത് നാടകീയമായിട്ടായിരുന്നു. രാവിലെ എ.കെ.ജി സെന്ററിൽ വിളിച്ച വാർത്താസമ്മേളനത്തിൽ ലേഖകർക്കെല്ലാം ലഡ്ഡു വിതരണം ചെയ്തു. 'നിങ്ങൾക്ക് ഇന്ന് മധുരം തരികയാണ്. ഇത് എന്ത് വകയിലാണെന്ന് ആർക്കെങ്കിലും പറയാമോ?'- പിണറായി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു. ഒന്നും മനസ്സിലാകാതെ എല്ലാവരം കൈമലർത്തിയപ്പോൾ പിണറായി തന്നെ സസ്പെൻസ് മുറിച്ചു 'ഇന്ന് എന്റെ പിറന്നാൾ. കൊല്ലവർഷം 1120 ഇടവം 10... '

ഔദ്യോഗികരേഖകൾ പ്രകാരം 1944 മാർച്ച് 21 ആണ് പിണറായിയുടെ ജനനത്തീയതി. അത് ഓർത്ത് വച്ച് പലപ്പോഴും വാർത്താലേഖകർ പിണറായിയെ ബന്ധപ്പെടുമായിരുന്നു. അപ്പോഴെല്ലാം, ഇതല്ല ശരിയായ പിറന്നാൾ ദിവസം എന്ന് പറഞ്ഞ് അദ്ദേഹം ഒഴിയും. ശരിയായ തീയതി ചോദിച്ചാൽ അതൊക്കെ പിന്നെപ്പറയാമെന്നാകും മറുപടി. ആ രഹസ്യമാണ് കഴിഞ്ഞവർഷം അദ്ദേഹംതന്നെ പരസ്യമാക്കിയത്. പണ്ടൊക്കെ സ്‌കൂളിൽ ചേർക്കുന്നതിനായി കുട്ടികളുടെ യഥാർഥ ജനതീയതി അല്ല നൽകാറുള്ളത്. പിണറായിയുടെ വിഷയത്തിൽ സംഭവിച്ചതും അതുതന്നെ.

ഇത്തവണ പ്രതിസന്ധികളെ ഊർജമാക്കി സംസ്ഥാനഭരണത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 75ാം ജന്മദിനം എത്തുന്നത്. മഹാമാരിയുടെ കാലത്ത് ജന്മദിനത്തിന് പ്രസക്തിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.

പ്രതിസന്ധികൾ രണ്ടുവട്ടം പ്രളയത്തിന്റെ രൂപത്തിലെത്തി, നിപ്പ വന്നു, ഇപ്പോൾ കൊവിഡും. രാഷ്ട്രീയ തിരിച്ചടികൾ ലോക്സഭാ തെരഞ്ഞെടുപ്പിന്റെയടക്കം രൂപത്തിലെത്തി. ആശ്വാസം ഉപതിരഞ്ഞെടുപ്പുകളുടെ രൂപത്തിലും. പാർട്ടി സെക്രട്ടറിയായിരിക്കെ ഇതിനേക്കാൾ വലിയ കയറ്റിറക്കങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. എന്നത്തേയും കാർക്കശ്യമാണ് പിണറായി വിജയന് 75 തികയുമ്പോഴും. മഹാമാരിയുടെ ഈ കാലത്തേയും അതിജീവിക്കാനാകുമെന്ന് വാർത്താസമ്മേളനങ്ങളിലൂടെ ആവർത്തിച്ച് മുഖ്യമന്ത്രി നാടിന്റെ ആത്മവിശ്വാസമുയർത്തുന്നു. പതിവുപോലെ ആഘോഷങ്ങളില്ലാതെയാണ് ഇക്കുറിയും പിണറായിയുടെ ജന്മദിനം കടന്നുപോകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP