Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലോക് ഡൗൺ കാലത്ത് ശ്രമിക് ട്രെയിനുകളിൽ പ്രസവിച്ചത് 24 യുവതികൾ; അടിയന്തിര സഹായം നൽകി ഒപ്പം നിന്നത് ആർപിഎഫും റെയിൽവേ മെഡിക്കൽ സംഘവും; ഇതുവരെ 31 ലക്ഷം കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാടുകളിൽ എത്തിച്ചെന്നും റയിൽവെ

ലോക് ഡൗൺ കാലത്ത് ശ്രമിക് ട്രെയിനുകളിൽ പ്രസവിച്ചത് 24 യുവതികൾ; അടിയന്തിര സഹായം നൽകി ഒപ്പം നിന്നത് ആർപിഎഫും റെയിൽവേ മെഡിക്കൽ സംഘവും; ഇതുവരെ 31 ലക്ഷം കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാടുകളിൽ എത്തിച്ചെന്നും റയിൽവെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക് ഡൗണിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ പെട്ടുപോയ കുടിയേറ്റ തൊഴിലാളികളെ തിരികെ എത്തിക്കാനായി ഏർപ്പെടുത്തിയ ശ്രമിക് ട്രെയിനുകളിൽ ഇതുവരെ നടന്നത് 24 പ്രസവങ്ങൾ. രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്ക് സർവീസ് നടത്തിയ ശ്രമിക് ട്രെയിനുകളിൽ ഇതുവരെ 24 കുട്ടികൾ ജനിച്ചെന്ന് റയിൽവെ അറിയിച്ചു. മെയ് 1 മുതലുള്ള കണക്കാണിത്. ആർപിഎഫ് ഉദ്യോഗസ്ഥരോ റെയിൽവേ മെഡിക്കൽ സംഘമോ ആണ് പ്രസവത്തിന് വേണ്ട സഹായങ്ങൾ ചെയ്തത്.

ഇന്ന് രാവിലെ ഗുജറാത്തിലെ സൂറത്തിൽ നിന്നും ബിഹാറിലെ നവാഡയിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയും ഒരു യുവതി കുഞ്ഞിന് ജന്മം നൽകിയിരുന്നു. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ട ഉടൻതന്നെ സഹയാത്രികർ അധികൃതരെ വിവരമറിയിച്ചു. തുടർന്ന് ട്രെയിൻ ആഗ്രയിൽ നിർത്തി. റെയിൽവേ പൊലീസിന്റെ ഇടപെടലിലൂടെ ട്രെയിനുള്ളിൽ പ്രസവത്തിനുള്ള സജ്ജീകരണമൊരുക്കി. പിന്നീട് അവരെ ആശുപത്രിയിലേക്ക് മാറ്റി. മെയ് 1 മുതൽ സർവീസ് നടത്തിയ 2317 ശ്രമിക് ട്രെയിനുകളിലായി 31 ലക്ഷം കുടിയേറ്റ തൊഴിലാളികളാണ് ഇതുവരെ സ്വന്തം നാടുകളിലേക്ക് മടങ്ങിയത് എന്നാണ് റെയിൽവേ പുറത്തവിട്ട കണക്ക്.

ഇതിനിടെ, ശ്രമിക് ട്രെയിനിന് കാത്തു നിൽക്കാതെ പലരും നൂറുകണക്കിന് കിലോമീറ്ററുകൾ നടന്ന് സ്വന്തം ​ഗ്രാമങ്ങളിലേക്ക് പോകുന്നുണ്ട്. ഇത്തരത്തിലുള്ള യാത്രക്കിടയിലും പ്രസവങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ബുധനാഴ്‌ച്ച പഞ്ചാബിലെ ലുധിയാനയിൽ നിന്ന് ബിഹാറിലേക്ക് നടന്ന യുവതി പ്രസവിക്കുകയും കുഞ്ഞ് മരിക്കുകയും ചെയ്തിരുന്നു. കുടിയേറ്റ തൊഴിലാളിയായ ജതിൻ റാമിന്റെ ഭാര്യ ബിന്ദ്യയാണ് ഹരിയാനയിലെ അംബാലയിലെത്തിയപ്പോൾ പ്രസവിച്ചത്.

എന്നാൽ, അധികം വൈകാതെ പെൺകുഞ്ഞ് മരണപ്പെടുകയായിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞയാഴ്ചയാണ് ബിഹാറിൽ നിന്ന് ലുധിയാനയിലേക്ക് കുടുംബം നടന്ന് തുടങ്ങിയത്. ബുധനാഴ്ച അംബാലയിലെത്തിയപ്പോഴാണ് ഒരു പെൺകുഞ്ഞിന് യുവതി ജന്മം നൽകിയത്, പക്ഷേ ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ അന്ത്യകർമ്മങ്ങൾ അംബാലയിൽ തന്നെ കുടുംബം നിർവഹിച്ചു. രണ്ട് വർഷം മുമ്പാണ് ജതിൻ ബിന്ദ്യയെ വിവാഹം ചെയ്തത്. അവരുടെ ആദ്യത്തെ കുഞ്ഞിനെയാണ് നഷ്ടമായത്. കഴിഞ്ഞ വർഷമാണ് ബിന്ദ്യ ജതിനൊപ്പം ലുധിയാനയിൽ എത്തിയത്. അവിടെ ഒരു ഫാക്ടറിയിൽ ജോലി ചെയ്യുകയാണ്. കൊവിഡ് പടരുന്ന പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് വീട്ടിലേക്ക് മടങ്ങാമെന്ന് ഇവർ തീരുമാനിച്ചത്. പ്രത്യേക ട്രെയിനിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കാതെ വന്നതോടെയാണ് നടക്കാൻ തീരുമാനിച്ചതെന്ന് ജതിൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP