Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

”ആകെ പ്രശ്‌നമാണ് ഇനിയെന്ത് ചെയ്യുമെന്ന്” ആശങ്കയോടെ മുഖ്യമന്ത്രിയെ സമീപിച്ചാൽ കിട്ടുന്ന മറുപടി, ” ഒരു കുഴപ്പവുമില്ല നമുക്ക് നേരിടാമെന്ന ” ആത്മവിശ്വാസം; ഈ ആത്മവിശ്വാസത്തിന്റെ തണലിൽ പ്രശ്‌നങ്ങളിൽ ഇടപെടാനും പരിഹാരം കാണാനും എളുപ്പമാണ് എന്നും കെ കെ ശൈലജ ടീച്ചർ; പിണറായി വിജയന്റെ ജന്മദിനത്തിൽ ആരോ​ഗ്യമന്ത്രിയുടെ ആശംസാ കുറിപ്പ് ഇങ്ങനെ

”ആകെ പ്രശ്‌നമാണ് ഇനിയെന്ത് ചെയ്യുമെന്ന്” ആശങ്കയോടെ മുഖ്യമന്ത്രിയെ സമീപിച്ചാൽ കിട്ടുന്ന മറുപടി, ” ഒരു കുഴപ്പവുമില്ല നമുക്ക് നേരിടാമെന്ന ” ആത്മവിശ്വാസം;  ഈ ആത്മവിശ്വാസത്തിന്റെ തണലിൽ പ്രശ്‌നങ്ങളിൽ ഇടപെടാനും പരിഹാരം കാണാനും എളുപ്പമാണ് എന്നും കെ കെ ശൈലജ ടീച്ചർ; പിണറായി വിജയന്റെ ജന്മദിനത്തിൽ ആരോ​ഗ്യമന്ത്രിയുടെ ആശംസാ കുറിപ്പ് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃപാടവത്തെ ചൂണ്ടിക്കാട്ടി ജന്മദിനാശംസകൾ നേർന്ന് ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ. മുൻ കാലങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചതിന്റെ അനുഭവങ്ങളുടെ ഓർമ്മകൾ കൂടി പങ്കുവച്ചാണ് ആരോ​ഗ്യമന്ത്രി പിണറായി വിജയന് പിറന്നാൾ ആശംസകൾ നേർന്നത്. കേരളം കടന്നുപോയ പ്രതിസന്ധി ഘട്ടങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ എടുത്ത ഓരോ തീരുമാനവും കേരളത്തിന്റെ ചരിത്രത്താളുകളിൽ തെളിഞ്ഞുനിൽക്കുന്നത് സ്വർണലിപികളിൽ ആയിരിക്കുമെന്ന് ശൈലജ പറഞ്ഞു.

“കഴിഞ്ഞ നാലു വർഷങ്ങളിൽ ഏറെ പ്രതിസന്ധികളിലൂടെ ലോകത്തിന്റെ മറ്റു പല ഭാഗങ്ങളേയും പോലെ കേരളവും കടന്നുപോയിട്ടുണ്ട്. രണ്ടുതവണ കേരളത്തെ ഞെട്ടിച്ച മഹാ പ്രളയം, ഓഖി ചുഴലിക്കാറ്റ്, നിപ വൈറസ് ബാധ, ഇപ്പോഴത്തെ കൊറോണ വൈറസ് ബാധ തുടങ്ങിയവയെല്ലാം ഒരു കൊച്ചു സംസ്ഥാനത്തെ നിലയില്ലാ കയങ്ങളിലേക്ക് താഴ്‌ത്താൻ മതിയായ കാരണങ്ങളാണ്. ഈ ഘട്ടങ്ങളിലെല്ലാം കേരളത്തിന്റെ മുഖ്യമന്ത്രി പ്രകടിപ്പിച്ചിട്ടുള്ള നിശ്ചയദാർഢ്യം ആണ് ഞങ്ങൾ സഹമന്ത്രിമാർക്കും സാമൂഹ്യപ്രവർത്തകർക്കുമെല്ലാം കർമ്മമേഖലയിൽ ഉറച്ചു നിൽക്കാൻ പ്രേരണയായത്. ആകെ പ്രശ്‌നമാണ് ഇനിയെന്ത് ചെയ്യുമെന്ന് ആശങ്കയോടെ മുഖ്യമന്ത്രിയെ സമീപിച്ചാൽ കിട്ടുന്ന മറുപടി, ഒരു കുഴപ്പവുമില്ല നമുക്ക് നേരിടാമെന്ന ആത്മവിശ്വാസം ആയിരിക്കും. ഈ ആത്മവിശ്വാസത്തിന്റെ തണലിൽ പ്രശ്‌നങ്ങളിൽ ഇടപെടാനും പരിഹാരം കാണാനും എളുപ്പമാണ്”. ശൈലജ ടീച്ചർ കുറിച്ചു..

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

നിർണായക സന്ദർഭങ്ങളിൽ ഉചിതമായ തീരുമാനം പെട്ടെന്ന് കൈക്കൊള്ളാൻ കഴിയുക എന്നതാണ് ഒരു ഭരണാധികാരിയുടെ ഏറ്റവും പ്രധാന മേന്മ. കേരളം കടന്നുപോയ പ്രതിസന്ധി ഘട്ടങ്ങളിൽ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ എടുത്ത ഓരോ തീരുമാനവും കേരളത്തിന്റെ ചരിത്രത്താളുകളിൽ തെളിഞ്ഞുനിൽക്കുന്നത് സ്വർണലിപികളിൽ ആയിരിക്കും. കഴിഞ്ഞ നാലു വർഷങ്ങളിൽ ഏറെ പ്രതിസന്ധികളിലൂടെ ലോകത്തിന്റെ മറ്റു പല ഭാഗങ്ങളേയും പോലെ കേരളവും കടന്നുപോയിട്ടുണ്ട്. രണ്ടുതവണ കേരളത്തെ ഞെട്ടിച്ച മഹാ പ്രളയം, ഓഖി ചുഴലിക്കാറ്റ്, നിപ വൈറസ് ബാധ, ഇപ്പോഴത്തെ കൊറോണ വൈറസ് ബാധ തുടങ്ങിയവയെല്ലാം ഒരു കൊച്ചു സംസ്ഥാനത്തെ നിലയില്ലാ കയങ്ങളിലേക്ക് താഴ്‌ത്താൻ മതിയായ കാരണങ്ങളാണ്. ഈ ഘട്ടങ്ങളിലെല്ലാം കേരളത്തിന്റെ മുഖ്യമന്ത്രി പ്രകടിപ്പിച്ചിട്ടുള്ള നിശ്ചയദാർഢ്യം ആണ് ഞങ്ങൾ സഹമന്ത്രിമാർക്കും സാമൂഹ്യപ്രവർത്തകർക്കുമെല്ലാം കർമ്മമേഖലയിൽ ഉറച്ചു നിൽക്കാൻ പ്രേരണയായത്

” ആകെ പ്രശ്‌നമാണ് ഇനിയെന്ത് ചെയ്യുമെന്ന് ” ആശങ്കയോടെ മുഖ്യമന്ത്രിയെ സമീപിച്ചാൽ കിട്ടുന്ന മറുപടി, ” ഒരു കുഴപ്പുമില്ല നമുക്ക് നേരിടാമെന്ന ” ആത്മവിശ്വാസം ആയിരിക്കും. ഈ ആത്മവിശ്വാസത്തിന്റെ തണലിൽ പ്രശ്‌നങ്ങളിൽ ഇടപെടാനും പരിഹാരം കാണാനും എളുപ്പമാണ്. കേരളത്തിന്റെ സർവസമ്പത്തും ഒഴുകിപ്പോയ പ്രളയത്തിന്റെ നാളുകളെ അതിജീവിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ പ്രായോഗിക ഇടപെടൽ ചർച്ചാവിഷയമായിട്ടുണ്ട്.

നിപ രോഗബാധ കാലത്ത് ഓസ്‌ട്രേലിയയിൽ നിന്ന് പുതുതായി കണ്ടുപിടിച്ച മരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ അത് കേരളത്തിലെത്തിക്കുന്നതിന് അദ്ദേഹം നടത്തിയ ഇടപെടലുകളും ആരോഗ്യ വകുപ്പിന് നൽകിയ പിന്തുണയും വളരെ വലുതായിരുന്നു. ഇപ്പോൾ കൊറോണ വൈറസ് ബാധയുടെ നാളുകളിൽ ഞങ്ങളെല്ലാം ചിന്തിക്കുന്നതുകൊറോണ വൈറസിനെ എങ്ങനെ നിയന്ത്രിച്ച് കേരളത്തിലെ ഓരോരുത്തരുടേയും ജീവൻ രക്ഷിക്കാം എന്നതാണ്.

അതേസമയം കൊറോണ കാലത്തും അതിനു ശേഷവും കേരളത്തിലെ സാധാരണ ജനങ്ങളുടെ ജീവിതം എങ്ങനെ കര പിടിപ്പിക്കാം എന്നതാണ് കേരളത്തിലെ മുഖ്യമന്ത്രി ചിന്തിക്കുന്നത്. ഒരാളുടെ പോലും ജീവൻ പൊലിഞ്ഞു പോകാതിരിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്താൻ ആരോഗ്യമേഖലയ്ക്ക് നിർദ്ദേശം നൽകുന്നതിനോടൊപ്പം ജന ജീവിതത്തിലെ സമസ്ത മേഖലകളിലും മുഖ്യമന്ത്രിയുടെ ശ്രദ്ധ പതിയുകയും ചെയ്യുന്നു. ഒരാൾപോലും പട്ടിണി കിടക്കാതിരിക്കാനുള്ള ഭക്ഷ്യധാന്യ വിതരണവും അതിന് ആവശ്യമായുള്ള ഭക്ഷ്യധാന്യ ശേഖരണവും കാർഷികമേഖലയിൽ ഭാവിയെ കരുതി നടത്തുന്ന ഇടപെടലുകളും പ്രതിസന്ധി ഘട്ടങ്ങൾ പോലും മുതലെടുത്ത് കേരളത്തിലെ വ്യാവസായിക മേഖല വളരാനുള്ള സാഹചര്യം ഒരുക്കലും വിദ്യാഭ്യാസമേഖല തകർന്നു പോകാതെ നിലനിർത്താനുള്ള നിർദ്ദേശങ്ങളുമെല്ലാം ഇതിന് ദൃഷ്ടാന്തമാണ്.

വൈകുന്നേരത്തെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങൾ ഓരോ പ്രതിസന്ധിയിലൂടെ എങ്ങനെ നമുക്ക് മുന്നോട്ട് നീങ്ങുമെന്നത്തിന്റെ പാഠങ്ങളാണ്. ഓരോ ദിവസവും ജീവിതത്തിന്റെ നാനാതുറകളിൽപ്പെട്ട ആളുകളോട് സംവദിക്കുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി. ജനപ്രതിനിധികൾ, വ്യാപാരികൾ, ഉദ്യോഗസ്ഥർ, മതാചാര്യന്മാർ തുടങ്ങിയ നീണ്ട നിരതന്നെയുണ്ടിതിൽ. അഭിപ്രായ സമന്വയത്തിന് ഇത്തരം മീറ്റിങ്ങുകൾ ഏറെ സഹായകമാകാറുണ്ട്. അതുകൊണ്ടാണ് പ്രതിപക്ഷത്തിന്റെ അനാവശ്യ കുറ്റപ്പെടുത്തലുകളും ദുരുദ്ദേശപരമായ ആരോപണങ്ങളും കൂസലില്ലാതെ നേരിടാൻ അദ്ദേഹത്തിന് കഴിയുന്നത്.

കേരളത്തിന്റെ ആരോഗ്യമേഖലയിൽ നടത്തുന്ന ശ്രദ്ധേയമായ കാൽവെപ്പുകളിൽ മുഖ്യമന്ത്രിയുടെ സമയോചിതമായ ഇടപെടലിന്റേയും നിർദ്ദേശത്തിന്റേയും പിൻബലമുണ്ട്. അദ്ദേഹത്തിന്റെ ആശയങ്ങളിൽ രൂപംകൊണ്ട കർമ്മ പദ്ധതികളിൽ ഒന്നായ ആരോഗ്യ മേഖലയിലെ “ആർദ്രം മിഷൻ ” ലോകത്തിന് മാതൃകയാണ്. വർഷങ്ങളായി കേരളത്തിന്റെ ആരോഗ്യമേഖലയിൽ നാം നടത്തിയ ജനകീയ ഇടപെടലുകളാണ് മഹാമാരിയെ ചെറുക്കാൻ നമുക്ക് കരുത്ത് പകരുന്നത്.

എന്നാൽ കഴിഞ്ഞ നാലുവർഷം ആരോഗ്യമേഖലയിലെ ഇടപെടലാണ് നമ്മെ ബഹുദൂരം മുന്നിൽ എത്തിച്ചത്. മുഖ്യമന്ത്രിയുടെ പ്രധാന നിർദ്ദേശം കേരളത്തിലെ എല്ലാ ഗവ. ആശുപത്രികളെയും രോഗി സൗഹൃദവും മികച്ച ഗുണനിലവാരമുള്ളതുമാക്കി മാറ്റുക എന്നതാണ്. പാവപ്പെട്ട ജനങ്ങൾക്ക് പോക്കറ്റ് കാലിയാകാതെ മികച്ച ചികിത്സ നൽകുക എന്നതായിരുന്നു ലക്ഷ്യം. ഇത് പ്രാവർത്തികമാക്കാൻ പരിശ്രമിക്കുകയായിരുന്നു ആരോഗ്യവകുപ്പിന്റെ ലക്ഷ്യം.

ആരോഗ്യമേഖലയിൽ ഇടപെട്ട് പ്രവർത്തിക്കാൻ മുഖ്യമന്ത്രി നൽകുന്ന സ്വാതന്ത്ര്യവും അടിയന്തര ഘട്ടങ്ങളിലെ അദ്ദേഹത്തിന്റെ ഇടപെടലുകളും പിന്തുണയുമാണ് ഞങ്ങൾക്ക് മുന്നോട്ടു പോകാനുള്ള കരുത്തു നൽകിയത്. ആരോഗ്യ മേഖലയ്ക്ക് ലോകത്തിന്റെ നാനാഭാഗത്തുനിന്നും കേരളത്തിന് ലഭ്യമാകുന്ന അഭിനന്ദനങ്ങൾ ഒക്കെയും മുഖ്യമന്ത്രിയുടെ ധീരമായ നേതൃത്വത്തിൽ മന്ത്രി സഭ ഒന്നാകെ നടത്തിയ കൂട്ടായ പ്രവർത്തനത്തിന്റെ പ്രതിഫലമാണ്.

പാർട്ടി പ്രവർത്തന രംഗത്തും ” ജനാധിപത്യമഹിളാ അസോസിയേഷന്റെ ” ഭാരവാഹിത്വം വഹിച്ചപ്പോഴും സഖാവ് പിണറായിയുടെ നേതൃ പാടവത്തിന്റെ പിന്തുണ വഴികാട്ടി ആയിട്ടുണ്ട്. മഹിള അസോസിയേഷന് വേണ്ടി സ. സുശീല ഗോപാലന്റെ പേരിൽ ഒരു ആസ്ഥാന മന്ദിരം നിർമ്മിക്കുന്നതിനുള്ള പിന്തുണ തേടിയപ്പോൾ അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന സ. പിണറായി നൽകിയ നിർദ്ദേശങ്ങളും ഇടപെടലുകളുമാണ് ഇന്നത്തെ സംസ്ഥാന കമ്മിറ്റി ഓഫീസും സുശീല ഗോപാലന്റെ പേരിലുള്ള പഠന ഗവേഷണ കേന്ദ്രവും ഉയർന്നുവരുന്നതിന് കാരണമായത്.

ഇപ്പോൾ ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് കൈകാര്യം ചെയ്യുമ്പോഴും ഇതേപോലുള്ള മാർഗനിർദ്ദേശങ്ങൾ തന്നെയാണ് പ്രവർത്തനരംഗത്ത് ഉണ്ടാകുന്ന പ്രതിസന്ധികളെ അതിജീവിക്കാൻ സഹായകമാകുന്നത്. കേരളത്തിലെ എൽഡിഎഫ് മന്ത്രിസഭയുടെ നാലാം വാർഷികം ആചരിക്കുന്ന വേളയിലാണ് എഴുപത്തിയഞ്ചാം പിറന്നാളിനെ കുറിച്ച് ജനം അറിയുന്നത്. ഈ കരുതലും തണലും കേരളം ഏറെക്കാലം പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന് പിന്തുണയുമായികൂടെ നിൽക്കുന്ന ഭാര്യ കമല ടീച്ചർക്കും കുടുംബാംഗങ്ങൾക്കും എന്റെ ആശംസകൾ.

 

നിർണായക സന്ദർഭങ്ങളിൽ ഉചിതമായ തീരുമാനം പെട്ടെന്ന് കൈക്കൊള്ളാൻ കഴിയുക എന്നതാണ് ഒരു ഭരണാധികാരിയുടെ ഏറ്റവും പ്രധാന...

Posted by K K Shailaja Teacher on Sunday, May 24, 2020

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP