Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പതിനായിരം രൂപയ്ക്ക് പാമ്പിനെ വാങ്ങി; ബാഗിൽ ഒളിപ്പിച്ച 'ആയുധവുമായി' ഭാര്യവീട്ടിൽ എത്തിയത് നിറ പുഞ്ചിരിയോടെ; എല്ലാവരും ഉറങ്ങിയപ്പോൾ മൂർഖനെ കൈയിലെടുത്ത് കിടന്ന കട്ടിലിൽ ഇരുന്ന് തൊട്ടടുത്ത കട്ടിലിൽ കിടന്ന ഉത്രയുടെ ഇടതു കൈയിൽ കടിപ്പിച്ചു; അലമാരയ്ക്ക് അടിയിൽ വിഷജന്തുവിനെ ഒളിപ്പിച്ച ശേഷം നേരം വെളുപ്പിച്ചത് ഭാര്യ വേദന കൊണ്ട് പിടഞ്ഞ് മരിക്കുന്നത് തൽസമയം കണ്ട്; ഒടുവിൽ മറുനാടന്റെ ഇടപെടൽ ഫലം കണ്ടു; ഉത്രയെ വകവരുത്തിയത് സ്വത്ത് സ്വന്തമാക്കാൻ; അഞ്ചലിലെ വില്ലൻ സൂരജ് തന്നെ

പതിനായിരം രൂപയ്ക്ക് പാമ്പിനെ വാങ്ങി; ബാഗിൽ ഒളിപ്പിച്ച 'ആയുധവുമായി' ഭാര്യവീട്ടിൽ എത്തിയത് നിറ പുഞ്ചിരിയോടെ; എല്ലാവരും ഉറങ്ങിയപ്പോൾ മൂർഖനെ കൈയിലെടുത്ത് കിടന്ന കട്ടിലിൽ ഇരുന്ന് തൊട്ടടുത്ത കട്ടിലിൽ കിടന്ന ഉത്രയുടെ ഇടതു കൈയിൽ കടിപ്പിച്ചു; അലമാരയ്ക്ക് അടിയിൽ വിഷജന്തുവിനെ ഒളിപ്പിച്ച ശേഷം നേരം വെളുപ്പിച്ചത് ഭാര്യ വേദന കൊണ്ട് പിടഞ്ഞ് മരിക്കുന്നത് തൽസമയം കണ്ട്; ഒടുവിൽ മറുനാടന്റെ ഇടപെടൽ ഫലം കണ്ടു; ഉത്രയെ വകവരുത്തിയത് സ്വത്ത് സ്വന്തമാക്കാൻ; അഞ്ചലിലെ വില്ലൻ സൂരജ് തന്നെ

വിനോദ് വി നായർ

കൊല്ലം: മൂർഖൻ പാമ്പിനെ ഉപയോഗിച്ച് ഉത്രയുടെ കൈയിൽ കടിപ്പിച്ചതാണെന്ന മറുനാടന്റെ സംശയം ശരിയായി. ഒടുവിൽ ഉത്രയുടെ ഭർത്താവ് സൂരജ് കുറ്റം സമ്മതിച്ചു. ഉത്രയുടെ മരണം നടന്നപ്പോൾ മുതൽ മറുനാടൻ ഉയർത്തിയ സംശയങ്ങളാണ് ഇപ്പോൾ ശരിയാകുന്നത്. തുടക്കത്തിൽ ഉത്രയുടേത് സാധാരണ മരണമായി റിപ്പോർട്ട് ചെയ്ത മറ്റ് മാധ്യമങ്ങൾക്ക് പോലും ഒടുവിൽ മറുനാടന്റെ വാർത്തകളെ പിന്തുടരേണ്ടി വന്നു. ഒടുവിൽ ഉത്രയുടെ അച്ഛനും അമ്മയും പരാതിയുമായി എത്തി. അങ്ങനെ സൂരജിന് മേൽ സംശയമുനയും നീണ്ടു. ഒടുവിൽ ശാസ്ത്രീയ അന്വേഷണം. പിന്നെ കുറ്റ സമ്മതവും.

അഞ്ചൽ ഏറം സ്വദേശിനി ഉത്രയെമെയ് ഏഴിന് രാവിലെ ആറു മണിയോടെയാണ് കിടപ്പുമുറിയിൽപാമ്പുകടിയേറ്റ നിലയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ജനാലയടക്കം പുറത്തുനിന്നും അകത്തേയ്ക്ക്കടക്കാൻ കഴിയുന്ന എല്ലാ വഴികളും അടച്ചിരുന്ന മുറിയിലേയ്ക്ക് എങ്ങനെ പാമ്പ് കടന്നുവെന്ന് മറുനാടനും സംശയിച്ചിരുന്നു. മുറിയുടെ ദൃശ്യങ്ങൾ സഹിതമാണ് പാമ്പ് ജനൽ വഴി എത്താനുള്ള സാധ്യതയില്ലെന്ന് മറുനാടൻ സമർത്ഥിച്ചത്. ഇതു തന്നെയാണ് സൂരജിനേയും കുടുക്കിയത്.

മുറിയുടെ ഒരുവശത്തായി കട്ടിലിൽ കിടന്നഉത്രയുടെ ഇടതു കൈക്കുഴയുടെ മുകളിലാണ് മൂർഖന്റെകടിയേറ്റത്. മെയ് ആറിന് വൈകിട്ടോടെ വീട്ടിലെത്തിയ ഭർത്താവ് സൂരജ് കൈയിൽ കരുതിയിരുന്ന ബാഗിൽ ഒളിപ്പിച്ച മൂർഖനെ രഹസ്യമായി മുറിയിൽ എത്തിച്ച ശേഷം രാത്രിയോടെ എല്ലാവരും ഉറങ്ങിയതോടെ ബാഗിൽ നിന്ന് പാമ്പിനെ പുറത്തെടുത്ത് താൻ കിടന്ന കട്ടിലിൽ ഇരുന്നു കൊണ്ടു തന്നെ തൊട്ടടുത്ത കട്ടിലിൽ കിടന്ന ഉത്രയുടെ ഇടതു കൈയിൽ കടിപ്പിച്ചാണ് കൊലപാതകം നടത്തിയത്.

തുടർന്ന് ഇയാൾ മൂർഖനെ കിടപ്പുമുറിയോടു ചേർന്നുള്ള അലമാരയുടെ അടിയിൽ ഒളിപ്പിച്ചു. ടൈലും മാർബിളും പാകിയ പ്രതലത്തിലൂടെ മൂർഖന് അനായാസമായി ഇഴയാൻ കഴിയില്ലെന്ന തിരിച്ചറിവിലാണ് ഇയാൾ അലമാരയുടെ അടിയിൽ പാമ്പിനെ ഒളിപ്പിച്ചത്. തുടർന്ന് തിരികെ തന്റെ കിടക്കയിലേയ്ക്ക് മടങ്ങിയെത്തിയ സൂരജ് കട്ടിലിൽ ഇരുന്നാണ് നേരം വെളുപ്പിച്ചത്. ഈ സമയം വേദനകൊണ്ടുപുളഞ്ഞ ഉത്ര കിടക്കയിൽ മലമൂത്രവിസർജ്ജനവും നടത്തിയിരുന്നു.

സംഭവദിവസം സൂരജ് പതിവിലും നേരത്തേ ഉറക്കമെഴുന്നേറ്റു എന്ന് ഉത്രയുടെ മാതാപിതാക്കൾ നേരത്തേമൊഴി നൽകിയിരുന്നു. എന്നാൽ ഇയാൾ സംഭവശേഷം ഉറങ്ങാതിരിക്കുകയും പുലർച്ചെ പ്രഭാത കൃത്യങ്ങൾങ്ങൾക്കായി പുറത്തേയ്ക്ക് പോവുകയും ചെയ്തു. ചായയുമായി എത്തിയ മാതാവ് ഉത്ര അബോധാവസ്ഥയിൽ കിടക്കുന്നതുകണ്ട്‌നിലവിളിച്ചു. ബഹളം കേട്ട് ഓടിയെത്തിയ പിതാവ് വിജയസേനനും സഹോദരൻ വിഷ്ണുവും എത്തിയിട്ടും വെളിയിൽ നിന്ന സൂരജ് പതുക്കെയാണ് എത്തിയത്.

തുടർന്ന് ഉത്രയെ ആശുപത്രിയിലെത്തിച്ച ശേഷം മടങ്ങിയെത്തിയ സൂരജ് ഉത്രയുടെ സഹോദരനുമായി ചേർന്ന് മുറി പരിശോധിച്ചെങ്കിലും സഹോദരനാണ് അലമാരയുടെ അടിയിൽ നിന്ന് പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് മണ്ണെണ്ണയൊഴിച്ച് പുറത്തു ചാടിച്ചശേഷം സഹോദരൻ വിഷ്ണു തന്നെയാണ് മൂർഖനെ അടിച്ചു കൊന്നത്.

പ്രവൃത്തികളിൽ ചെറിയ മന്ദതയുള്ള ഉത്രയെ വലിയ സ്ത്രീധനം ലക്ഷ്യമാക്കിയാണ് സൂരജ് വിവാഹം കഴിച്ചത്. എന്നാൽ ഒരു കുഞ്ഞ് ജനിച്ചതോടെ ഉത്രയെഎങ്ങനെയും ഒഴിവാക്കാൻ സൂരജ് ശ്രമിച്ചിരുന്നു. കുഞ്ഞ് ഉള്ളതിനാൽ ഉത്രമരിച്ചാലും സ്വത്തുക്കൾ സ്വാഭാവികമായി തനിക്ക് തന്നെ ലഭിക്കും എന്നപ്രതീക്ഷയാണ് സൂരജിനെ ഇത്തരമൊരു കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചത്. എന്നാൽ ഉത്രയുടെ വീടുകാർ സംശയം പ്രകടിപ്പിച്ചതോടെ നടന്ന അന്വേഷണത്തിലാണ് സംഭവം കൊലപാതകം ആണെന്ന് വ്യക്തമായത്.

ഒടുവിൽ അഞ്ചലിൽ ദിവസങ്ങൾക്കിടെ രണ്ടു തവണ പാമ്പ് കടിയേറ്റ് യുവതി മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഭർത്താവ് സൂരജാണ് കൊലയ്ക്ക് പിന്നിലെ മുഖ്യപ്രതി. പണം കൊടുത്ത് വാങ്ങിയ പാമ്പിനെ ഉപയോഗിച്ച് കടിപ്പിക്കുകയായിരുന്നുവെന്ന് സൂരജ് പൊലീസിനോട് സമ്മതിച്ചു. സംഭവത്തിൽ പാമ്പുപിടിത്തക്കാരൻ കല്ലുവാതുക്കൽ സ്വദേശി സുരേഷാണ് പാമ്പിനെ നൽകിയത്. പതിനായിരം രൂപയ്ക്കാണ് പാമ്പിനെ വാങ്ങിയത്. സൂരജിന്റെ അടൂർ സ്വദേശികളായ രണ്ട് സുഹൃത്തുക്കളെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്യുകയാണ്.

ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി പി അശോക് കുമാറിനാണ് അന്വേഷണ ചുമതല. കൊട്ടരക്കര റൂറൽ എസ്‌പിയുടെ നിർദ്ദേശ പ്രകാരം ഇന്നലെ വൈകിട്ടാണ് ക്രൈംബ്രാഞ്ച് അന്വേഷണ ചുമതല ഏറ്റെടുത്തത്. അഞ്ചൽ സ്വദേശിയായ ഉത്രക്ക് രണ്ട് പ്രാവശ്യമാണ് പാമ്പ് കടിയേറ്റത്. മാർച്ച് 2 ന് ഭർത്താവ് സൂരജിന്റെ പറക്കോട്ടുള്ള വീട്ടിൽ വച്ചാണ് ആദ്യം പാമ്പ് കടിയേൽക്കുന്നത്. രാത്രിയിൽ കാലിന് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പാമ്പ് കടിയേറ്റ വിവരം സ്ഥിരീകരിച്ചത്. തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പതിനാറ് ദിവസം കിടത്തി ചികിത്സ നടത്തി.

ചികിത്സക്ക് ശേഷം യുവതിയുടെ വീട്ടിൽ പരിചരണത്തിൽ കഴിയുന്നതിനിടയിൽ മെയ് ആറിന് വീണ്ടും പാമ്പിന്റെ കടിയേറ്റാണ് മരണം സംഭവിച്ചത്. ആ ദിവസം യുവതിയുടെ ഭർത്താവ് സൂരജും വീട്ടിൽ ഉണ്ടായിരുന്നു. യുവതിയുടെ മരണം സ്ഥിരീകരിച്ച സമയത്ത് സൂരജ് കാണിച്ച അസ്വഭാവികതയാണ് സംശയങ്ങൾക്ക് വഴിവക്കുന്നത്. എയർഹോളുകൾ പൂർണമായും അടച്ച എസിയുള്ള മുറിയാണ്. ജനലുകൾ തുറന്നിടുന്ന പതിവില്ല. എന്നിട്ടുമെങ്ങനെ പാമ്പ് മുറിയിൽ കയറിയെന്നാണ് ബന്ധുക്കളുടെ സംശയം. ഈ സംശയത്തിന്റെ അടിസ്ഥാനത്തിൽ നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP