Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇടതുപക്ഷത്തേക്ക് കൂടുമാറുമെന്ന സൂചനയുമായി എന്തും സഹിച്ച് യു.ഡി.എഫിൽ തുടരുമെന്ന് കരുതേണ്ടെന്ന ജോസഫിന്റെ മുന്നറിയിപ്പ്; കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം ഇല്ലെങ്കിൽ മുന്നണി യോഗത്തിന് പിജെ എത്തില്ല; ജോസ് കെ മാണിയെ ചേർത്തു നിർ്ത്താൻ കോൺഗ്രസ്-ലീഗ് നേതാക്കൾക്കിടയിൽ ധാരണ; മുന്നണി ബന്ധങ്ങളിൽ പൊളിച്ചെഴുത്തു വരുമെന്ന മന്ത്രി ജയരാജന്റെ വാക്കുകളും ചർച്ചയാക്കുന്നത് കേരളാ കോൺഗ്രസിലെ രണ്ടു വഴി പോക്ക് തന്നെ; പിജെ ജോസഫിനെ കൂടെ കൂട്ടാനുറച്ച് സിപിഎം

ഇടതുപക്ഷത്തേക്ക് കൂടുമാറുമെന്ന സൂചനയുമായി എന്തും സഹിച്ച് യു.ഡി.എഫിൽ തുടരുമെന്ന് കരുതേണ്ടെന്ന ജോസഫിന്റെ മുന്നറിയിപ്പ്; കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം ഇല്ലെങ്കിൽ മുന്നണി യോഗത്തിന് പിജെ എത്തില്ല; ജോസ് കെ മാണിയെ ചേർത്തു നിർ്ത്താൻ കോൺഗ്രസ്-ലീഗ് നേതാക്കൾക്കിടയിൽ ധാരണ; മുന്നണി ബന്ധങ്ങളിൽ പൊളിച്ചെഴുത്തു വരുമെന്ന മന്ത്രി ജയരാജന്റെ വാക്കുകളും ചർച്ചയാക്കുന്നത് കേരളാ കോൺഗ്രസിലെ രണ്ടു വഴി പോക്ക് തന്നെ; പിജെ ജോസഫിനെ കൂടെ കൂട്ടാനുറച്ച് സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എന്തും സഹിച്ച് യു.ഡി.എഫിൽ തുടരുമെന്ന് കരുതേണ്ടെന്ന് പി.ജെ.ജോസഫിന്റെ മുന്നറിയിപ്പിലുള്ളത് ഇടതു പക്ഷത്തേക്ക് കൂടുമാറുമെന്ന ഭീഷണി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി ബന്ധപ്പെട്ട ധാരണ പാലിക്കാത്തതിൽ കടുത്ത അതൃപ്തിയുമായി ജോസഫ് വിഭാഗം രംഗത്തെത്തി. ധാരണ പാലിച്ചില്ലെങ്കിൽ യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കാനാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനുമായി ജോസഫ് ഒരുവട്ടം ചർച്ച ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജോസഫിന്റെ രണ്ടും കൽപ്പിച്ചുള്ള നീക്കമെന്നാണ് യുഡിഎഫ് നേതൃത്വം മനസ്സിലാക്കുന്നത്. അതുകൊണ്ട് തന്നെ കരുതലോടെ നീങ്ങാനാണ് തീരുമാനം.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ സംബന്ധിച്ച് യുഡിഎഫ് നേതൃത്വം നേരത്തെയുണ്ടാക്കിയ ധാരണയുണ്ട്. അത് പ്രകാരം അവസാനത്തെ ആറ് മാസം ജോസഫ് വിഭാഗത്തിനാണ് ജില്ലാ പ്രസിഡന്റ് സ്ഥാനം. ആ ധാരണ യുഡിഎഫ് പാലിക്കാത്തതിൽ കടുത്ത അതൃപ്തിയാണ് ജോസഫ് വിഭാഗത്തിനുള്ളത്. എന്നാൽ ഈ ധാരണ ജോസ് കെ മാണി പക്ഷത്തിന്റെ അറിവോടെ അല്ല. അതുകൊണ്ട് തന്നെ അവർ സ്ഥാനം ഒഴിയുകയുമില്ല. ഇതോടെയാണ് ജോസഫ് പുതിയ നീക്കങ്ങലുമായി എത്തുന്നത്. ധാരണ പാലിക്കേണ്ട ദിവസം കഴിഞ്ഞിട്ട് 56 ദിവസം കഴിഞ്ഞിരിക്കുന്നു. അതിനാൽ തന്നെ എന്തും സഹിച്ച് യുഡിഎഫിൽ തുടരേണ്ട എന്നാണ് ജോസഫ് നൽകുന്ന മുന്നറിയിപ്പ്.

യെുഡിഎഫ് നേതൃത്വത്തെ തന്റെ അതൃപ്തിയും അമർഷവും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ധാരണ പാലിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ യുഡിഎഫ് യോഗത്തിൽ പങ്കെടുക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ജോസഫിന്റെ നീക്കത്തിൽ കോൺഗ്രസിന് കടുത്ത ആശങ്കയുണ്ട്. കഴിഞ്ഞ ദിവസം കോവിഡുമായി ബന്ധപ്പെട്ട് കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പി.ജെ.ജോസഫ് മുഖ്യമന്ത്രിയുമായി ഒറ്റക്ക് ചർച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നിൽ രാഷ്ട്രീയമുണ്ടെന്നാണ് യുഡിഎഫ് കരുതുന്നത്. ജോസഫിന് അനുകൂലമായി നിന്നാൽ ജോസ് കെ മാണി മുന്നണി വിടുമെന്നും കോൺഗ്രസിന് അറിയാം. നിലവിലെ സാഹചര്യത്തിൽ കെ എം മാണി വികാരം ചർച്ചയാക്കാൻ ജോസ് കെ മാണിയെ യുഡിഎഫ് പിണക്കില്ല. മുസ്ലിം ലീഗിന്റെ പൂർണ്ണ പിന്തുണ ജോസ് കെ മാണിക്കുണ്ട്. കോൺഗ്രസിലെ സംസ്ഥാന നേതൃത്വും ജോസ് കെ മാണിയ്‌ക്കൊപ്പം നിൽക്കുകയാണ്. ഇതോടെയാണ് ജോസഫ് പരസ്യ എതിർപ്പുമായി എത്തുന്നത്.

കെ എം മാണിക്ക് എതിരായ വികാരമുണ്ടായാൽ കോട്ടയത്ത് വലിയ തിരിച്ചടിയുണ്ടാകുമെന്ന് കോൺഗ്രസ് കരുതുന്നു. ജോസഫിന്റെ പാർട്ടിക്ക് തൊടുപുഴയിൽ മാത്രമാണ് കാര്യമായ സ്വാധീനമുള്ളത്. ഇതു കൂടി മുഖവിലയ്‌ക്കെടുത്താണ് യുഡിഎഫിന്റെ നീക്കങ്ങൾ. അതിനിടെ കോവിഡിന്റെ ദുരിതകാലം കഴിഞ്ഞാൽ കേരളത്തിലെ മുന്നണി ബന്ധങ്ങളിൽ മാറ്റമുണ്ടായേക്കാമെന്ന് സിപിഎം. കേന്ദ്രകമ്മറ്റി അംഗവും വ്യവസായ മന്ത്രിയുമായ ഇ.പി.ജയരാജൻ വെളിപ്പെടുത്തി കഴിഞ്ഞു. ഇടതുപക്ഷത്തെ എതിർക്കുന്നവർ പോലും ഇപ്പോൾ പിണറായി വിജയൻ സർക്കാറിനെ പിന്തുണയ്ക്കുന്നുണ്ട്. യു.ഡി.എഫിൽ നിൽക്കുന്ന രാഷ്ട്രീയ പാർട്ടികളിലും അതിന്റെ മാറ്റമുണ്ടാകുമെന്നും ഇ.പി.ജയരാജൻ പറഞ്ഞു.കേരള കോൺഗ്രസിലെ ഏതെങ്കിലും ഒരു വിഭാഗം, അത് ജോസഫ് വിഭാഗമായാലും ജോസ് കെ മാണി വിഭാഗമായാലും ഇടതുപക്ഷത്തേക്ക് വരാനുള്ള ഒരു സാധ്യതയാണ് ജയരാജന്റെ വാക്കുകളിൽനിന്ന് വ്യക്തമാകുന്നത്. ഇത് ജോസഫാകുമെന്നാണ് യുഡിഎഫിലെ പൊതുവേയുള്ള വിലയിരുത്തൽ.

ഇതുവരെ ഇടതുപക്ഷ വിരുദ്ധ മനോഭാവത്തോടു കൂടി നിന്നവരും പ്രവർത്തിച്ചവരും, എന്തിനാണ് ഇടതുപക്ഷത്തെ എതിർക്കേണ്ടത് എന്നൊരു ചിന്ത അവരെ സ്വാധീനിച്ച് കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായിട്ട് ഇതുവരെ എതിർചേരിയിൽ നിന്നിരുന്ന ജനങ്ങൾ മാറിവരികയാണ്. അത്തരമൊരു മാറ്റം സംഭവിക്കുമ്പോൾ സ്വാഭാവികമായും രാഷ്ട്രീയ പാർട്ടികളിലും അതിന്റെ മാറ്റമുണ്ടാകും- ജയരാജൻ പറഞ്ഞു. എല്ലാ ജനവിഭാഗങ്ങളുടെയും താൽപര്യം സംരക്ഷിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. അന്ധമായ കമ്യൂണിസ്റ്റ് വിരോധത്തിന് ഇനി കേരളത്തിൽ നിലനിൽപ്പില്ല. കോൺഗ്രസിന്റെ തെറ്റായ പ്രചരണങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ എല്ലാ ജനങ്ങൾക്കും വേണ്ടി ഞങ്ങളുടെ വാതിലുകൾ തുറന്നു വെച്ചിട്ടുണ്ട്. ഞങ്ങൾ ഞങ്ങൾക്കു വേണ്ടി മാത്രം ഭരിക്കുന്ന ഒരു സർക്കാറല്ല. കേരളത്തിന്റെ പൊതുവായിട്ടുള്ള അഭിവൃദ്ധിയെയും വളർച്ചയെയും വികസനത്തെയും അടിസ്ഥാനപ്പെടുത്തി കൊണ്ടുള്ള നിലപാടുകളിൽ ഊന്നി നിന്നുകൊണ്ട് ഞങ്ങൾ പ്രവർത്തിക്കും. അപ്പോൾ, ചിലപ്പോൾ അപ്പുറം ഉള്ള പലരും വന്നേക്കാം-എന്നാണ് ജയരാജന്റെ വാക്കുകൾ. സിപിഎമ്മും ജോസഫിനെ കൂടെ കൂട്ടാൻ തീരുമാനിച്ചിട്ടുണ്ട്.

തദ്ദേശസ്ഥാപനങ്ങളിലെ അധികാരം കൈമാറുന്നതിനെച്ചൊല്ലി കോവിഡ് പ്രതിസന്ധിക്കിടയിലും കേരളാ കോൺഗ്രസിൽ (എം) പി.ജെ. ജോസഫ് - ജോസ് കെ. മാണി വിഭാഗങ്ങൾ തമ്മിലെ തർക്കം പരിഹരിക്കാൻ കോൺഗ്രസിന് മുന്നിലും ഫോർമുലകളില്ല. കോട്ടയം ജില്ലാ പഞ്ചായത്തും ചങ്ങനാശേരി നഗരസഭയുമുൾപ്പെടെ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനമാണു തർക്കവിഷയം. കുട്ടനാട് മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തർക്കം ഉപതെരഞ്ഞെടുപ്പ് നടക്കില്ലെന്നായതോടെ ഒഴിഞ്ഞിരുന്നെങ്കിലും യു.ഡി.എഫിനു തലവേദനയ്ക്കു കുറവില്ല. ജോസ് വിഭാഗക്കാരനായ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കലിനു മാർച്ച് 24 വരെയാണ് യു.ഡി.എഫ്. ധാരണ പ്രകാരമുള്ള കാലാവധിയെന്നാണ് ജോസഫിന്റെ പക്ഷം,

ഇപ്പോഴാകട്ടെ, അങ്ങനെയൊരു ധാരണയില്ലെന്നും അധികാരം ജോസഫ് പക്ഷത്തിനു െകെമാറില്ലെന്നുമാണു ജോസ് വിഭാഗത്തിന്റെ നിലപാട്. എന്നാൽ, ഒന്നര മാസം മുൻപ് ജോസ് വിഭാഗത്തിന്റെ പ്രതിനിധി ചങ്ങനാശേരി നഗരസഭാധ്യക്ഷപദം രാജിവച്ചത് മുന്നണിയിലെ ധാരണയനുസരിച്ചായിരുന്നുതാനും. സി.എഫ്. തോമസ് എംഎ‍ൽഎയുടെ സഹോദരനെയാണു പുതിയ ചെയർമാനായി ജോസഫ് വിഭാഗം കണ്ടെത്തിയത്. ചെയർമാനെ ഔദ്യോഗികമായി തെരഞ്ഞെടുക്കാൻ രണ്ടു തവണ യോഗം വിളിച്ചെങ്കിലും നടന്നില്ല. മുന്നണിയിലെ ധാരണ പാലിച്ച് അധ്യക്ഷസ്ഥാനം മാറാത്തതിനു പിന്നിൽ കോൺഗ്രസിലെ എ വിഭാഗം നേതാക്കളുടെ ഇടപെടലുണ്ടെന്നു ജോസഫ് വിഭാഗം കുറ്റപ്പെടുത്തുന്നു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച ധാരണ നടപ്പായില്ലെങ്കിൽ ജില്ലാ പഞ്ചായത്ത് യോഗം ബഹിഷ്‌കരിക്കുമെന്ന് അംഗങ്ങളായ അജിത് മുതിരമല, മേരി സെബാസ്റ്റ്യൻ എന്നിവരാണു യു.ഡി.എഫ്. നേതൃത്വത്തിനു കത്തുനൽകിയത്. യു.ഡി.എഫ്, ധാരണപ്രകാരം എട്ടുമാസമായിരുന്നു സെബാസ്റ്റ്യൻ കുളത്തിങ്കലിന്റെ കാലാവധി. ഇക്കാര്യം ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് അന്ന് യു.ഡി.എഫ്. നേതാക്കളെ സാക്ഷിയാക്കി മാധ്യമങ്ങളോടു പറഞ്ഞതാണെന്നും ജോസഫ് ഗ്രൂപ്പ് പറയുന്നു. കെ.എം. മാണിയുടെ മരണത്തിന് പിന്നാലെ പാർട്ടിയിൽ പൊട്ടിപ്പുറപ്പെട്ട തർക്കം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനു മുന്നിലാണ്. രണ്ടു പാർട്ടിയായി വേർപിരിഞ്ഞുകഴിഞ്ഞ ജോസഫ്, ജോസ് വിഭാഗങ്ങൾ ഇനിയൊരു യോജിപ്പിനുള്ള സാധ്യത തള്ളിക്കളയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP