Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാസ്‌ക്കുകളും പ്രത്യേക ഷീൽഡുകളും ധരിച്ച യാത്രക്കാർ; ദീർഘനിശ്വാസങ്ങൾ പോലും അടുത്തിരിക്കുന്നവരെ ഭയപ്പെടുത്തുന്ന അവസ്ഥ; വിമാനത്തിനുള്ളിൽ ഓപ്പറേഷൻ തീയറ്ററിനുള്ളിലെ പ്രതീതി; ജോർദ്ദാനിലെയും മടക്ക യാത്രയിലെയും അനുഭവങ്ങൾ മറ്റാരു സിനിമായാകും; നാം സ്വയം അനുഭവിക്കാത്ത കഥകളൊക്കെ മറ്റുള്ളവർക്ക് വെറും കെട്ടുകഥകൾ മാത്രം... ബെന്യാമിന്റെ ആടുജീവിതത്തിലെ അതേ വരികൾ തന്നെയാണ് പൃഥ്വിയും കൂട്ടരും കൊറോണക്കാലത്ത് അനുഭവിച്ചത്; സംവിധായകൻ ബ്ലസി മറുനാടനോട് മനസ്സ് തുറക്കുമ്പോൾ

മാസ്‌ക്കുകളും പ്രത്യേക ഷീൽഡുകളും ധരിച്ച യാത്രക്കാർ; ദീർഘനിശ്വാസങ്ങൾ പോലും അടുത്തിരിക്കുന്നവരെ ഭയപ്പെടുത്തുന്ന അവസ്ഥ; വിമാനത്തിനുള്ളിൽ ഓപ്പറേഷൻ തീയറ്ററിനുള്ളിലെ പ്രതീതി; ജോർദ്ദാനിലെയും മടക്ക യാത്രയിലെയും അനുഭവങ്ങൾ മറ്റാരു സിനിമായാകും; നാം സ്വയം അനുഭവിക്കാത്ത കഥകളൊക്കെ മറ്റുള്ളവർക്ക് വെറും കെട്ടുകഥകൾ മാത്രം... ബെന്യാമിന്റെ ആടുജീവിതത്തിലെ അതേ വരികൾ തന്നെയാണ് പൃഥ്വിയും കൂട്ടരും കൊറോണക്കാലത്ത് അനുഭവിച്ചത്; സംവിധായകൻ ബ്ലസി മറുനാടനോട് മനസ്സ് തുറക്കുമ്പോൾ

എസ് രാജീവ്

തിരുവല്ല : നാം സ്വയം അനുഭവിക്കാത്ത കഥകളൊക്കെ മറ്റുള്ളവർക്ക് വെറും കെട്ടുകഥകൾ മാത്രം... ബെന്യാമിന്റെ ആടുജീവിതമെന്ന നോവലിലെ അതേ വരികൾ തന്നെയാണ് ആടുജീവിതമെന്ന സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോർദ്ദാനിലേക്ക് പോയി മടങ്ങിയെത്തിയ ചലച്ചിത്ര സംവിധായകൻ ബ്ലസിക്ക് പറയാനുള്ളതും. ലോകം മുഴുവൻ ലോക്ക് ഡൗണിൽ കുടുങ്ങിയ രണ്ടര മാസം ജോർദ്ദാനിലെ മരുഭൂമിയിലെ ലൊക്കേഷനിൽ നിന്നും തിരുവല്ലയിലെ വീട്ടിൽ മടങ്ങിയെത്തിയതിന്റെ ആശ്വാസത്തിലാണ് ബ്ലസി .

വെള്ളിയാഴ്ചയാണ് ബ്ലസിയും നടൻ പൃഥ്വിരാജും അടങ്ങുന്ന സംഘം പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തിയത്. ജോർദ്ദാനിലെ അമാൻ വിമാനത്താവളത്തിൽ നിന്നും ഡൽഹി വഴി കൊച്ചിയിലേക്കുള്ള വിമാന യാത്രയിൽ ഒരിക്കൽ പോലും സീറ്റിൽ നിന്നും എഴുന്നേൽക്കാതെ ഷൂട്ടിങ്ങിനിടെ കൈയ്‌ക്കേറ്റ പരിക്കുമായി മണിക്കൂറുകൾ നീളുന്ന കാത്തിരിപ്പ്. കോവിഡ് ജാഗ്രതയുടെ ഭാഗമായി വിമാനത്താവളത്തിലെയോ റിമാനത്തിലെയോ ശുചി മുറികൾ പോലും ഉപയോഗിച്ചിരുന്നില്ല.

തിങ്കളാഴ്ചയാണ് നാട്ടിലേക്ക് മടങ്ങാനുള്ള പ്രത്യേക വിമാനമെത്തുമെന്ന് ബ്ലസിക്കും സംഘത്തിനും അറിയിപ്പ് കിട്ടിയത്. വ്യാഴാഴ്ച രാത്രി 12 മണിക്ക് ജോർദ്ദാനിൽ നിന്നും എയർ ഇന്ത്യയുടെ 1902 വിമാനത്തിലായിരുന്നു ബ്ലസി ഉൾപ്പടെ 157 ഇന്ത്യാക്കാരടങ്ങുന്ന സംഘത്തിന്റെ മടക്ക യാത്ര. ജോർദ്ദാറിലെ ഇന്ത്യൻ സ്ഥാനപതി അൻവർ ഹലിം വിമാനത്താവളത്തിൽ യാത്രയാക്കാൻ എത്തിയിരുന്നു. ഓപ്പറേഷൻ തീയറ്ററിനുള്ളിലെ പ്രതീതിയായിരുന്നു വിമാനത്തിനുള്ളിലെന്ന് ബ്ലസി ഓർമിച്ചെടുക്കുന്നു.

മാസ്‌ക്കുകളും പ്രത്യേക ഷീൽഡുകളും ധരിച്ച യാത്രക്കാർ. കാര്യമായ സംഭാഷണങ്ങളില്ല. ദീർഘനിശ്വാസങ്ങൾ പോലും അടുത്തിരിക്കുന്നവരെ ഭയപ്പെടുത്തുന്ന അവസ്ഥ. വെള്ളിയാഴ്ച രാവിലെ 9 ന് നെടുമ്പാശ്ശേരി എയർ പോർട്ടിലെത്തി. ആടുജീവിതം സിനിമയാക്കുമ്പോൾ മരുഭൂമിയുടെ യഥാർത്ഥ പശ്ചാത്തലം പ്രധാന ഘടകമായതോടെയാണ് 25 ദിവസത്തെ ഷൂട്ടിനായി ബ്ലസി ഉൾപ്പടെയുള്ള സംഘം മാർച്ച് 9 ന് ജോർദ്ദാനിൽ എത്തിയത്. 10 ന് ചിത്രീകരണം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ ലോക്ക് ഡൗണായി. പിന്നീട് 32 ദിവസങ്ങൾക്ക് ശേഷമാണ് ഷൂട്ടിങ് പുനരാരംഭിക്കാനായത്. ഷൂട്ടിങ് പൂർത്തീകരിച്ച് കഴിഞ്ഞ് നാട്ടിലേക്കുള്ള മടക്കത്തിനായുള്ള നീണ്ട കാത്തിരിപ്പ്.

ചിന്തിക്കാൻ പോലുമാകാത്ത സാഹചര്യങ്ങളിലൂടെയാണ് ആ ദിനങ്ങൾ കടന്നു പോയതെന്ന് ബ്ലസി പറയുന്നു. ജോർദ്ദാനിലും അൾജീരിയയിലും നാട്ടിലുമൊക്കെയായി ഇനിയും ചിത്രത്തിന്റെ ഷൂട്ടിങ് നടക്കാനുണ്ട്. ഇപ്പോൾ അതേക്കുറിച്ചൊന്നും ചിന്തിക്കുന്നില്ല. എന്നാൽ ഇനിയുള്ള തന്റെ സിനിമാ ജീവിതത്തിൽ ലോക്ക് ഡൗൺ കാലത്തെ ജോർദ്ദാനിലെ അനുഭവങ്ങൾ തീർച്ചയായും നിഴലിക്കും. ജോർദ്ദാനിലെയും മടക്ക യാത്രയിലെയും അനുഭവങ്ങൾ മറ്റാരു സിനിമായായേക്കാമെന്നും ബ്ലസി പറയുന്നു.

തങ്ങളുടെ മടക്ക യാത്രയ്ക്ക് സൗകര്യമൊരുക്കി തന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ , മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരോട് തീർത്താൽ തീരാത്ത കടപ്പാടുള്ളതായും ബ്ലസി പറഞ്ഞു. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി അതേ പേരിൽ ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നജീബ് എന്ന കേന്ദ്ര കഥാപാത്രമായി പൃഥ്വിരാജാണ് എത്തുന്നത്.

സൗത്ത് ജോർധനിലെ വാഡിറം എന്ന സ്ഥലത്തായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. പുരാതനമായ താഴ് വരകളും കുന്നുകളും പാറകളും വെള്ളവും കൊത്തിയെടുത്ത ആരാധനാലയങ്ങളുമൊക്കെയുള്ള ഒരു വിശുദ്ധ സ്ഥലമായിരുന്നു അത്. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ചിത്രീകരണം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. എന്നാൽ മലയാളി സംരംഭകനായ അനിൽ കുമാറിന്റെ സഹായത്തോടെ 17 ദിവസം കൂടെ സിനിമ ചിത്രീകരിക്കാൻ അനുമതി ലഭിച്ചു. 25 ദിവസം ചിത്രീകരണം നടത്താൻ കഴിഞ്ഞത് ഏറ്റവും വലിയ ഭാഗ്യമായി ഞങ്ങൾ കാണുന്നു. എന്തെന്നാൽ സിനിമയ്ക്ക് വേണ്ടി 30 കിലോയോളം പൃഥ്വിരാജ് തടി കുറച്ചിരുന്നു. വീണ്ടും ആ ശരീര മാറ്റത്തിലേക്ക് അദ്ദേഹത്തെ കടത്തി വിടുക എന്നത് പ്രയാസകരമാണ്. അനുവദിച്ചു കിട്ടിയ 25 ദിവസത്തെ ഷൂട്ടിങ് കൊണ്ട് മരുഭൂമിയിലെ നജീബിന്റെ കഷ്ടതകളെല്ലാം ചിത്രീകരിക്കാൻ സാധിച്ചു. സിനിമ പൂർത്തിയാക്കാൻ ഞങ്ങൾക്കിനി ഒരു ഷെഡ്യൂൾ കൂടെ മാത്രമേ ആവശ്യമുള്ളൂ. അത് സഹാറയിൽ വച്ച് പൂർത്തിയാക്കും- ബ്ലസി പറയുന്നു.

നജീബിന്റെ മേധാവിയായി അഭിനയിക്കുന്ന ഒമാനി നടൻ താലിബ് അൽ ബലൂഷി മാർച്ച് 16 നാണ് അമ്മാനിൽ എത്തിയത്. ഞങ്ങൾ പൃഥ്വിരാജിന്റെ രംഗങ്ങൾ ചിത്രീകരിക്കാൻ തുടങ്ങിയിരുന്നു. അപ്പോഴേക്കും ലോകമെമ്പാടുമുള്ള പ്രധാന നഗരങ്ങൾ അടച്ചുപൂട്ടുകയും ഒമാൻ തങ്ങളുടെ പൗരന്മാരെ ജോർദാനിൽ നിന്ന് വിമാന ചാർജുകളില്ലാതെ മാറ്റാൻ തീരുമാനിക്കുകയും ചെയ്തു. അതിനാൽ ഒമാനി നടന് ഒരു ഷോട്ട് പോലും ചിത്രീകരിക്കാതെ പോകേണ്ടിവന്നു. അതേപോലെ തന്നെ അബുദാബിയിൽ നിന്നുള്ള ഒരു സുഡാനി നടനെയും ക്വാറന്റി ചെയ്തു. ചിത്രീകരണം അവസാനിപ്പിക്കണമെന്ന് സർക്കാർ പറയുന്നതിന്റെ ഒരാഴ്ച മുൻപ് തന്നെ ഷൂട്ടിങ് പൂർത്തിയാക്കിയിരുന്നു.

ഏപ്രിൽ ആദ്യവാരത്തോടെ ജോർധനിൽ നിന്ന് മടങ്ങാനായിരുന്നു ഞങ്ങൾ തീരുമാനിച്ചിരുന്നത്. പക്ഷെ അപ്പോഴേക്കും ഞങ്ങൾ പെട്ടുപോയിരുന്നു. തിരിച്ചുവരാൻ ഒരു വഴിയുമില്ല. വിഷാദത്തിലേക്ക് പോകാൻ താത്പര്യമില്ലാത്തതുകൊണ്ടു തന്നെ അനുഭവിച്ചു കൊണ്ടിരിക്കുന്ന സാഹചര്യം ഏറ്റവും മികച്ചതാക്കാൻ ഞങ്ങൾ തീരുമാനിച്ചു. ദുഃഖവെള്ളിയും ഈസ്റ്ററും വിഷുവുമെല്ലാം ആഘോഷിച്ചു. ആർട്ട് ടീം തുണികൊണ്ട് കണിക്കൊന്നയുണ്ടാക്കി, പായസം വച്ചു... കളികളും തമാശകളും വേറെ, ചെരുപ്പുകൊണ്ട് ബോൾ ഉണ്ടാക്കി ക്രിക്കറ്റ് കളിച്ചു. 70 ദിവസം 58 പേർ... എപ്പോൾ തിരിച്ചുപോകാനാകും എന്ന് പോലും അറിയാതെ ഒറ്റപ്പെട്ടുപോയ അവസ്ഥ. പൃഥ്വിരാജ് അടക്കം ഞങ്ങൾ എല്ലാവരും ഒരു കാമ്പിലാണ് തിന്നതും കുടിച്ചതും ഉറങ്ങിയതുമെല്ലാം. എന്താണ് സാഹചര്യം എന്ന് വ്യക്തമായി മനസ്സിലാക്കിയ ശേഷം അതുമായി പൊരുത്തപ്പെടുകയായിരുന്നു ഞങ്ങൾ- ബ്ലസ്സി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP