Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ട്രെയിനുകൾ അകാരണമായി പിടിച്ചിടുന്നത് മണിക്കൂറുകളോളം; കഴിക്കാൻ നൽകുന്നത് പഴകിയ ഭക്ഷണവും; ശ്രമിക് ട്രെയിനുകളിൽ സ്വദേശത്തേക്ക് മടങ്ങുന്നവരോട് റയിൽവെ പെരുമാറുന്നത് മനുഷ്യത്വ രഹിതമായെന്ന് പരാതി; പ്രതിഷേധവുമായി കുടിയേറ്റ തൊഴിലാളികൾ

ട്രെയിനുകൾ അകാരണമായി പിടിച്ചിടുന്നത് മണിക്കൂറുകളോളം; കഴിക്കാൻ നൽകുന്നത് പഴകിയ ഭക്ഷണവും; ശ്രമിക് ട്രെയിനുകളിൽ സ്വദേശത്തേക്ക് മടങ്ങുന്നവരോട് റയിൽവെ പെരുമാറുന്നത് മനുഷ്യത്വ രഹിതമായെന്ന് പരാതി; പ്രതിഷേധവുമായി കുടിയേറ്റ തൊഴിലാളികൾ

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നൗ: ശ്രമിക് ട്രെയിനുകളിൽ സ്വന്തം നാട്ടിലേക്കുള്ള കുടിയേറ്റ തൊഴിലാളികളുടെ യാത്ര ദുരിത പൂർണമെന്ന് റിപ്പോർട്ടുകൾ. മഹാരാഷ്ട്രയിൽ നിന്നും ഗോരഖ്പൂരിലേക്ക് വ്യാഴാഴ്ച പുറപ്പെട്ട ട്രെയിൻ ഇന്ന് രാവിലെ ഒഡീഷയിൽ നിന്നും 750 കിലോമീറ്റർ അകലെയുള്ള റൂർക്കേലയിൽ എത്തിയ സംഭവത്തിന് പിന്നാലെയാണ് കുടിയേറ്റ തൊഴിലാളികൾ ട്രെയിവ്‍ യാത്രക്കിടെ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങൾ പുറത്ത് വരുന്നത്. ട്രെയിനുകൾ മണിക്കൂറുകളോളം പിടിച്ചിടുന്നതും വെള്ളം പോലും ലഭിക്കാതെ വരുന്നതുമാണ് യാത്രക്കാരായ തൊഴിലാളികളെ വലയ്ക്കുന്നത്. എന്നാൽ, പതിവ് തിരക്കുകൾ ഒന്നുമില്ലാതെ അകാരണമായാണ് ട്രെയിനുകൾ പിടിച്ചിടുന്നത് എന്നാണ് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നത്.

ട്രെയിനുകൾ മണിക്കൂറുകൾ സ്‌റ്റേഷനുകളിൽ പിടിച്ചിടുന്നുവെന്നും പഴകിയ ആഹാരമാണു നൽകുന്നതെന്നും ആരോപിച്ച് കിഴക്കൻ യുപിയിലേക്കും ബിഹാറിലേക്കും യാത്ര ചെയ്ത തൊഴിലാളികൾ ട്രാക്ക് ഉപരോധിച്ചു. വിശാഖപട്ടണത്തിൽ നിന്ന് ബിഹാറിലേക്കു പോയ തൊഴിലാളികളാണ് ട്രാക്കിലിറങ്ങി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ മുദ്രാവാക്യം വിളിച്ചത്. ബിഹാർ അതിർത്തിക്കടുത്തുള്ള ദീൻ ദയാൽ ഉപാധ്യായ റെയിൽവേ സ്‌റ്റേഷനിൽ പത്തു മണിക്കൂർ ട്രെയിൻ പിടിച്ചിട്ടതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. കഴിഞ്ഞ രാത്രി 11 മണിക്കാണ് ട്രെയിൻ സ്‌റ്റേഷനിലെത്തിയത്. എന്നാൽ ഇന്നു രാവിലെ വരെ ട്രെയിൻ അനങ്ങിയിട്ടില്ല. രണ്ടു ദിവസമായി ആഹാരമൊന്നും ലഭിക്കുന്നില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. 1,500 രൂപയാണ് യാത്രയ്ക്കായി വാങ്ങിയതെന്നും അവർ പറഞ്ഞു.

മുംബൈ പൻവേലിൽനിന്ന് ഉത്തർപ്രദേശിലെ ജാൻപുരിലേക്കുള്ള ട്രെയിൻ വാരാണസിയിലാണ് പത്തു മണിക്കൂർ നിർത്തിയിട്ടത്. ഇവിടെ ട്രാക്കിലിറങ്ങിയ തൊഴിലാളികൾ മറ്റു ട്രെയിനുകൾ തടഞ്ഞു. ഒടുവിൽ റെയിൽവേ പൊലീസെത്തി ആഹാരം നൽകാമെന്നു സമ്മതിച്ചതോടെയാണു പ്രതിഷേധം അടങ്ങിയത്. ‘മഹാരാഷ്ട്രയിൽ ആഹാരം ലഭിച്ചു. എന്നാൽ ഉത്തർപ്രദേശിൽ ഒന്നും കഴിക്കാൻ ലഭിച്ചില്ല’- തൊഴിലാളികൾ പരാതിപ്പെട്ടു. കാശിയിൽ ഏഴു മണിക്കൂർ പിടിച്ചിട്ട ട്രെയിൻ കുറച്ചു ദൂരം ചെന്നശേഷം വീണ്ടും രണ്ടു മണിക്കൂർ കൂടി നിർത്തിയിട്ടെന്നും യാത്രക്കാർ പറഞ്ഞു.

ഗുജറാത്തിൽനിന്നു ബിഹാറിലേക്കു പോയ തൊഴിലാളികൾ തങ്ങൾക്കു ലഭിച്ച ആഹാരം പഴകിയതാണെന്ന് ആരോപിച്ച് എറിഞ്ഞുകളഞ്ഞു. തൊഴിലാളികളോട് മനുഷ്യത്വരഹിതമായി പെരുമാറുന്നത് എന്തുകൊണ്ടാണെന്നു യാത്രക്കാർ ചോദിച്ചു. ശുചിമുറികളിൽ വെള്ളമില്ല, കുടിക്കാനും വെള്ളമില്ല. പൂരി തന്നത് അഞ്ചോ ആറോ ദിവസം മുൻപ് ഉണ്ടാക്കിയതാണ്. അതുകൊണ്ടാണ് എറിഞ്ഞുകളയേണ്ടി വന്നതെന്നും യാത്രക്കാർ പറഞ്ഞു. വെള്ളവും ഭക്ഷണവും കിട്ടാത്തതിൽ പ്രതിഷേധിച്ച് ബെംഗളൂരുവിൽനിന്നു ബിഹാറിലേക്കു പോയ തൊഴിലാളികൾ ട്രെയിനിന്റെ ജനാലകൾ തകർത്തു. ഉന്നാവ് സ്‌റ്റേഷനിൽ അകാരണമായി ട്രെയിൻ മണിക്കൂറുകൾ പിടിച്ചിട്ടതോടെയാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്. 930 ശ്രമിക് ട്രെയിനുകളിലായി 12.33 ലക്ഷം ആളുകളാണ് യുപിയിലേക്കു മടങ്ങിയതെന്ന് യുപി സർക്കാർ അറിയിച്ചു.

മുംബൈയിൽ ട്രെയിനുകൾ റദ്ദാക്കിയതിനെ തുടർന്ന് ഉത്തർപ്രദേശിലേക്കു പോകേണ്ടവർ മൂന്നു ദിവസമായി വഡാല മേഖലയിലെ ഫുട്പാത്തിലും റോഡിലുമാണ് അന്തിയുറങ്ങുന്നത്. യാതൊരു നിയന്ത്രണ നിർദേശങ്ങളും പാലിക്കാൻ കഴിയാതെ ദുരിതത്തിലാണിവർ. പ്രത്യേക ട്രെയിൻ ഉണ്ടെന്നു പൊലീസ് അറിയിച്ചതിനെ തുടർന്ന് നൂറുകണക്കിന് ആളുകളാണ് എത്തിയത്. എന്നാൽ ട്രെയിൻ റദ്ദാക്കിയതോടെ യാത്ര ചെയ്യനാവാതെ കുഞ്ഞുങ്ങളും സ്ത്രീകളും അടക്കം കുടങ്ങിക്കിടക്കുകയാണ്. ജോലി നഷ്ടപ്പെട്ട പലരും വാടകവീടുകൾ ഒഴിഞ്ഞാണ് കൈയിലുള്ളതെല്ലാം കെട്ടിപ്പെറുക്കി സ്വന്തം ഗ്രാമത്തിലേക്കു മടങ്ങാനായി എത്തിയത്. എന്നാൽ പിന്നീടാണ് ട്രെയിൻ റദ്ദാക്കിയ വിവരം ഇവരെ അറിയിച്ചത്. പൂർണ ഗർഭിണിയായ സ്ത്രീ ഉൾപ്പെടെ മൂന്നു ദിവസമായി ഫുട്പാത്തിൽ പൊരിവെയിലത്ത് കഴിയേണ്ട അവസ്ഥയാണുള്ളത്. കൈയിൽ നയാപൈസ ഇല്ലെന്നും വാടകവീടുകളിലേക്കു തിരികെ പോകാൻ കഴിയില്ലെന്നും യാത്രയ്‌ക്കെത്തിയവർ പറഞ്ഞു. വീണ്ടും ട്രെയിൻ സർവീസ് ഒരുക്കുന്നതും കാത്തു കഴിയുകയാണിവർ.

അതേസമയം, യു.പിയിലേക്ക് പോകേണ്ട ശ്രമിക് ട്രെയിൻ വഴി തെറ്റി ഒഡീഷയിലെത്തിയ സംഭവത്തിൽ കൃത്യമായ വിശദീകരണം ഇനിയും എത്തിയിട്ടില്ല. ഡ്രൈവർക്ക് വഴിതെറ്റിയതാകാമെന്നാണ് നിഗമനം. എന്നാൽ വിഷയത്തിൽ ഔദ്യോഗിക വിശദീകരണം നൽകാൻ റെയിൽവേ തയ്യാറായിട്ടില്ല. മുംബൈയിൽ ഭക്ഷണവും ജോലിയുമില്ലാതെ കുടുങ്ങിയ നൂറ് കണക്കിന് വരുന്ന തൊഴിലാളികളാണ് സ്വന്തം നാടായ യു.പിയിലേക്ക് വ്യാഴാഴ്ച ട്രെയിൻ കയറിയത്. എന്നാൽ ഇന്ന് രാവിലെ ഉറക്കമുണർന്ന് ട്രെയിനിൽ നിന്നും ഇറങ്ങാൻ തയ്യാറാകുമ്പോഴാണ് തങ്ങൾ എത്തിയത് ഗോരഖ്പൂരിലല്ലെന്നും റൂർക്കേലയിലാണെന്നും ഇവർക്ക് മനസിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP