Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഞാനും കുട്ടികളും മതം മാറണമെന്നാണ് ആവശ്യം; വഴക്കായപ്പോൾ വെട്ടുകത്തി എടുത്ത് വെട്ടാൻ വന്നു; പീഡനമേറ്റിട്ടില്ലെന്നും ആശുപത്രിയിൽ സ്വന്തമായി എത്തിയതാണെന്നും പഞ്ചായത്ത് പ്രസിഡന്റിനോട് പറഞ്ഞത് മജിസ്ട്രേട്ടിന് മുന്നിലെത്തിയപ്പോൾ മനോരോഗിയാക്കി ബന്ധുക്കൾ തള്ളിയെന്ന മൊഴിയായി; സുശീലൻ എന്ന സുലൈമാൻ എസ്ഡിപിഐ തടങ്കലിലെന്ന് ഭാര്യ റെയ്ന; നിമിഷയ്ക്കും ഹാദിയയ്ക്കും ശേഷം കേരളത്തിൽ വീണ്ടും പുകഞ്ഞ് മതംമാറ്റ വിവാദം

ഞാനും കുട്ടികളും മതം മാറണമെന്നാണ് ആവശ്യം; വഴക്കായപ്പോൾ വെട്ടുകത്തി എടുത്ത് വെട്ടാൻ വന്നു; പീഡനമേറ്റിട്ടില്ലെന്നും ആശുപത്രിയിൽ സ്വന്തമായി എത്തിയതാണെന്നും പഞ്ചായത്ത് പ്രസിഡന്റിനോട് പറഞ്ഞത് മജിസ്ട്രേട്ടിന് മുന്നിലെത്തിയപ്പോൾ മനോരോഗിയാക്കി ബന്ധുക്കൾ തള്ളിയെന്ന മൊഴിയായി; സുശീലൻ എന്ന സുലൈമാൻ എസ്ഡിപിഐ തടങ്കലിലെന്ന് ഭാര്യ റെയ്ന; നിമിഷയ്ക്കും ഹാദിയയ്ക്കും ശേഷം കേരളത്തിൽ വീണ്ടും പുകഞ്ഞ് മതംമാറ്റ വിവാദം

എം മനോജ് കുമാർ

ആലുവ: ആറ്റുകാൽ സ്വദേശി നിമിഷയുടെയും കോട്ടയം വൈക്കത്തെ ഹാദിയ മതംമാറ്റ വിവാദത്തിനു ശേഷം വീണ്ടും മതംമാറ്റ വിവാദം കേരളത്തിൽ പുകയുന്നു. ആലുവ സ്വദേശിയായ സുശീലന്റെ മതംമാറ്റ വിഷയമാണ് ഇപ്പോൾ പുകയുന്നത്. സൗദിയിൽ നിന്നും മതം മാറി എത്തിയ സുശീലനെ ബന്ധുക്കൾ പീഡിപ്പിച്ച് മാനസിക രോഗിയായി ചിത്രീകരിച്ച് ആശുപത്രിയിലാക്കി എന്നാണ് വാർത്തകൾ വന്നത്. മജിസ്‌ട്രേറ്റിനു നൽകിയ മൊഴിയെ തുടർന്നു തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ നിന്ന് സുശീലനെ മജിസ്‌ട്രേറ്റ് മോചിപ്പിക്കുകയായിരുന്നു. സൗദിയിലെ പ്രവാസ ജീവിതത്തിന്നിടയിലാണ് അഞ്ച് വർഷം മുൻപാണ് സുശീലൻ സുലൈമാൻ എന്ന പേര് സ്വീകരിച്ച് ഇസ്ലാം മതം സ്വീകരിച്ചത്.

തുടർന്നു ഇയാൾ നാട്ടിലെത്തിയതോടെയാണ് പ്രശ്‌നങ്ങൾ രൂക്ഷമായത്. സുശീലൻ വിഷയത്തിൽ തിരുത്തുമായാണ് സുശീലന്റെ ഭാര്യവീട്ടുകാരാണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. സുശീലനെ പീഡിപ്പിച്ചില്ലെന്നും വീട്ടുകാരുടെ തീരുമാന പ്രകാരം സ്വന്തം ഇഷ്ടപ്രകാരം ആശുപത്രിയിൽ അഡ്‌മിറ്റ് ആകുകയായിരുന്നു എന്നും വെളിപ്പെടുത്തിയാണ് ബന്ധുക്കൾ രംഗത്ത് വന്നിരിക്കുന്നത്. ഇതോടെയാണ് മതംമാറ്റ വിവാദം വീണ്ടും പുകഞ്ഞു തുടങ്ങുന്നത്. സുശീലൻ എസ്ഡിപിഐയുടെ തടവറയിലാണെന്നും ഇവർ സുശീലനെ ഭീഷണിപ്പെടുത്തി ഈ രീതിയിൽ മൊഴി നല്കിപ്പിച്ചതാണെന്നുമാണ് ഭാര്യ റെയ്‌ന മറുനാടനോട് വെളിപ്പെടുത്തിയത്.

സൗദിയിൽ നിന്നും മതം മാറിയത് മുതൽ അദ്ദേഹം സമ്മർദ്ദത്തിലാണ്. ഞാനും കുട്ടികളും മതം മാറണമെന്നാണ് ആവശ്യം. ഞങ്ങൾ അതിനു തയ്യാറായില്ല. ഇത് വഴക്കായപ്പോൾ വെട്ടുകത്തി എടുത്ത് വെട്ടാൻ വന്നു. ഇതിനു ആലുവ ഈസ്റ്റ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിൽ അറസ്റ്റിലായപ്പോൾ ജാമ്യം നൽകാൻ എത്തിയവരാണ് എസ്ഡിപിഐക്കാർ. ഇപ്പോൾ മതംമാറ്റത്തിന്റെ പേര് പറഞ്ഞു ബ്ലാക്ക്‌മെയിൽ ചെയ്ത് അവർ സുശീലനെ ഭീഷണിപ്പെടുത്തുകയാണ്. മജിസ്‌ട്രേട്ടിനെ കാണുംമുൻപ് രണ്ടു ദിവസം മുൻപ് പൊലീസ് സുശീലനെ വൈദ്യപരിശോധന നടത്തിയിരുന്നു. അപ്പോൾ ഒരു കുഴപ്പവും ഇല്ലായിരുന്നു. അപ്പോൾ ഇല്ലാത്ത എന്ത് കുഴപ്പമാണ് രണ്ടു ദിവസത്തിനു ശേഷം സംഭവിക്കുക--ഭാര്യ റെയ്‌ന ചോദിക്കുന്നു.

എസ്ഡിപിഐക്കാർ മാത്രമാണ് യഥാർത്ഥ മുസ്ലിം എന്നാണ് ഭർത്താവ് പറയുന്നത്. എസ്ഡിപിഐ അല്ലാത്ത മുസ്ലിം യഥാർത്ഥ മുസ്ലിം അല്ലെന്നും ഭർത്താവ് പറയുകയാണ്. സംശയ രോഗമാണ് ഭർത്താവിനു. അത് അദ്ദേഹത്തിനും അറിയാം. ഡോക്ടർമാരാണ് ഈ പ്രശ്‌നം അദ്ദേഹത്തോട് പറഞ്ഞത്. അതിന്റെ ചികിത്സയ്ക്കാണ് തൊടുപുഴ ആശുപത്രിയിൽ അദ്ദേഹം അഡ്‌മിറ്റ് ആയത്. ഞങ്ങളുടെ പഞ്ചായത്ത് പ്രസിഡനറും എസ്ഡിപിഐക്കാരും അദ്ദേഹത്തിന്റെ കാണാൻ എത്തിയിരുന്നു. അവരോടു തനിക്ക് ഒരു കുഴപ്പവും ഇല്ലെന്നും ഒരു പീഡനവും ഏറ്റിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. വീഡിയോയിലും ഇത് പറയുന്നുണ്ട്. പീഡനം പഞ്ചായത്ത് പ്രസിഡന്റ് വന്നപ്പോൾ പറഞ്ഞിരുന്നെങ്കിൽ അപ്പോൾ നടപടി വരുമായിരുന്നു. പക്ഷെ അദ്ദേഹം ഒന്നും പറഞ്ഞില്ല.

പറയാൻ ഒന്നും സംഭവിച്ചിട്ടുമില്ല. പിന്നെ എസ്ഡിപിഐക്കാർ ഭീഷണിപ്പെടുത്തി ഈ രീതിയിൽ മൊഴി നൽകിപ്പിച്ചതാണ്. . ഞങ്ങൾ തന്നെയാണ് അദ്ദേഹത്തിന്റെ ഒപ്പമുള്ളത്. പക്ഷെ ജാമ്യം നിന്ന എസ്ഡിപിഐക്കാർ അദ്ദേഹത്തെ ഭീഷണിപ്പെടുത്തി കുടുംബത്തിലേക്കുള്ള വരവ് തടയുകയാണ്. മതംമാറിയതും ജാമ്യവുമാണ് അവർ ആയുധമാക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഭർത്താവ് കള്ളമൊഴി മജിസ്‌ട്രേട്ടിന് മുൻപിൽ നൽകിയത്. എന്നെയും കുട്ടികളെയും അദ്ദേഹത്തിനു ജീവനാണ്. അതുകൊണ്ട് തന്നെയാണ് ഇത്രയും പ്രശ്‌നങ്ങൾ നടന്നിട്ടും അദ്ദേഹം വീണ്ടും ഞങ്ങളെ തേടി വീട്ടിൽ എത്തുകയും ഞങ്ങൾ കൗൺസിലിംഗിന് വിധേയമാകുകയും ചെയ്തത്. ഈ കൗൺസിലിംഗിലാണ് സംശയരോഗമാണ് അദ്ദേഹത്തിനു എന്ന് വെളിപ്പെടുന്നത്. അദ്ദേഹത്തിന്റെ സമ്മതത്തോടെയാണ് തൊടുപുഴ പൈങ്കുളത്തെ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയത്. പ്രശ്‌നങ്ങളെക്കുറിച്ച് റെയ്‌ന മറുനാടനോട് വിശദീകരിക്കുന്നത് ഇങ്ങനെ:

വീഡിയോയിൽ പറയാത്ത പൊലീസ് റിപ്പോർട്ടിലില്ലാത്ത മർദ്ദനം പിന്നീട് എങ്ങനെ വന്നു: റെയ്‌ന

ഭർത്താവിനെ മജിസ്‌ട്രേട്ടിന് മുൻപിൽ ഹാജരാക്കുന്നതിന് മുൻപ് പൊലീസ് മെഡിക്കൽ എടുത്തിരുന്നു. മെഡിക്കൽ എടുത്ത സമയത്ത് ശരീരത്തിൽ ഒരു പരുക്കുമില്ലെന്നാണ് റിപ്പോർട്ട്. അന്നില്ലാത്ത പാടുകളും മുറിവും രണ്ടു ദിവസം കഴിഞ്ഞ് എങ്ങനെ വരും. എസ്ഡിപിഐക്കാർ ഭർത്താവിനെക്കൊണ്ട് ഈ രീതിയിൽ മൊഴി നല്കിപ്പിച്ചതാണ്. അല്ലാതെ മജിസ്‌ട്രേട്ടിനു മുൻപിൽ ഭർത്താവിനു ഈ രീതിയിൽ മൊഴി നൽകേണ്ട കാര്യമില്ല. പൊലീസ് റിപ്പോർട്ട് ശരീരത്തിൽ യാതൊരു പരുക്കുകളും ഇല്ലെന്നാണ്. പിന്നെ എങ്ങനെ ഈ രീതിയിൽ മൊഴി നൽകും. ഈ മൊഴി എസ്ഡിപിഐക്കാർ ഭർത്താവിനെക്കൊണ്ട് പറയിപ്പിച്ചതാണ്. ഭർത്താവ് ഒരു കാര്യം ഓർക്കണം. കുടുംബമാണ് നഷ്ടമാകുന്നത് എന്ന്. മൂന്നു പെൺകുട്ടികളാണ് ഞങ്ങൾക്ക് ഉള്ളത്. ഇത് ആലോചിക്കണം. ഞങ്ങളുടെ കുടുംബമാണ് തകരാൻ പോകുന്നത്. കുടുംബം തകരുന്ന കാര്യം എന്താണ് ചിന്തിക്കാത്തത്.

തൊടുപുഴ പൈങ്കുളത്തെ ആശുപത്രിയിൽ അഡ്‌മിറ്റായിരുന്ന സുശീലൻ എനിക്ക് ഒരു കുഴപ്പവുമില്ലെന്നാണ് കാണാനെത്തിയ കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റിനോടും എസ്ഡിപിഐക്കാരോടും പറഞ്ഞത്. പിന്നെ എന്തുകൊണ്ടാണ് മജിസ്‌ട്രേറ്റിനു മുന്നിൽ ഇങ്ങനെ ഒരു കള്ളമൊഴി നൽകിയത് എന്നാണ് അറിയാനുള്ളത്. അതുകൊണ്ട് തന്നെയാണ് ഇത് എസ്ഡിപിഐക്കാർ ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണ് എന്ന് ഞാൻ പറയുന്നത്. അങ്ങനെ ഒരു മർദ്ദനം ഉണ്ടായിരുന്നെങ്കിൽ പഞ്ചായത്ത് പ്രസിഡനറും എസ്ഡിപിക്കാരും കാണാൻ ചെന്നപ്പോൾ അന്ന് തന്നെ പറയാമായിരുന്നു. പകരം പറഞ്ഞത് എനിക്ക് ഒരു കുഴപ്പവുമില്ലെന്ന്. വീഡിയോയിൽ കൂടി ഭർത്താവ് പറയുന്നുണ്ട് എനിക്ക് ഒരു കുഴപ്പവുമില്ലെന്നു. പിന്നെ ഈ മൊഴി എങ്ങനെ മജിസ്‌ട്രേട്ടിന് മുൻപിൽ വെച്ച് മാറ്റിപ്പറഞ്ഞു? ഞങ്ങൾക്കും ഇതാണ് അറിയാനുള്ളത്.

പഞ്ചായത്ത് പ്രസിഡന്റ് കാണാൻ ചെന്നപ്പോൾ പറഞ്ഞിരുന്നെങ്കിൽ അപ്പോൾ തന്നെ നടപടി വരില്ലായിരുന്നോ? ഈ രീതിയിൽ മർദ്ദനം വന്നാൽ അത് തീർച്ചയായും ഭർത്താവ് പറയുമായിരുന്നു. ഇതൊന്നും പറഞ്ഞിട്ടില്ല. സ്വന്തമായി ഒരു അഭിപ്രായവും ഭർത്താവിനില്ല. ആര് എന്തു പറഞ്ഞാലും വിശ്വസിച്ച് അതേ രീതിയിൽ പെരുമാറും. ഈ രീതിയിലുള്ള സ്വഭാവമായതുകൊണ്ടാണ് മതംമാറാനും ഇപ്പോൾ എന്നെ മർദ്ദിച്ചു എന്നൊക്കെ കള്ളമൊഴി കൊടുക്കാനും കാരണം. നല്ല രീതിയിൽ കഴിഞ്ഞ ഒരു കുടുംബം തകർക്കുകയാണ് എസ്ഡിപിഐക്കാർ ചെയ്യുന്നത്. ആലോചന ഇല്ലാതെ പെരുമാറുന്നതുകൊണ്ടുള്ള പ്രശ്‌നമാണ് ഭർത്താവ് നേരിടുന്നത്. എസ്ഡിപിഐക്കാർ ദൈവമാണ് എന്നാണ് ഭർത്താവ് പറയുന്നത്. അദ്ദേഹം ഈ രീതിയിൽ പോയാൽ ഞങ്ങളുടെ മൂന്നു പെണ്മക്കളുടെ ഗതി എന്താകും? ഞങ്ങൾക്ക് നീതി കിട്ടണം. എന്തും ചെയ്യാനുള്ള അധികാരം എസ്ഡിപിഐക്കാർക്ക് സർക്കാർ നൽകരുത്.

ചികിത്സ തേടിയത് സംശയരോഗത്തിന്

ഭർത്താവ് ആശുപത്രിയിൽ അഡ്‌മിറ്റ് ആയിരുന്നു. വിളിച്ചപ്പോൾ ഞാൻ തന്നെ ഭർത്താവിനെ ഡിസ്ചാർജ് ചെയ്തു കൊണ്ടുവരാം എന്നാണ് പറഞ്ഞത്. പക്ഷെ ഡോക്ടർ പറഞത് ഒരാഴ്ച കൂടി കിടക്കട്ടെ എന്നാണ്. നോർമൽ ആകാൻ ഇനിയും സമയം വേണം എന്നാണ് ഡോക്ടർ പറഞ്ഞത്. സംശയരോഗത്തിനാണ് ഞങ്ങൾ പൈങ്കുളം ആശുപത്രിയിൽ ചികിത്സ തേടിയത്. അദ്ദേഹത്തിനും കാര്യം അറിയാം. ഇത് ഞങ്ങൾ രണ്ടാളുടെയും കുടുംബത്തിന്റെയും യോജിച്ചുള്ള തീരുമാനമായിരുന്നു. ഞാൻ ആരോട് മിണ്ടിയാലും സംശയമാണ്. അത് കൂടിയ അവസ്ഥയിലാണ് ഭർത്താവ് ഉള്ളത്. അതിനാലാണ് ചികിത്സ തേടിയത്. ഡിസ്ചാർജ് വൈകിയപ്പോൾ സ്വാഭാവികമായും അദ്ദേഹത്തിനു ദ്വേഷ്യം വന്നിരുന്നു. ഞാൻ വിളിച്ചപ്പോൾ നീയും മക്കളുമാണ് എനിക്ക് വലുത് എന്നാണ് പറഞ്ഞത്. എസ്ഡിപിഐക്കാർ പറഞ്ഞു തിരിപ്പിച്ചതാണ്. ആലോചിക്കുന്നില്ല ഭർത്താവ്. അതാണ് പ്രശ്‌നം.

കഴിഞ്ഞ തവണ ലീവിന് വന്നപ്പോൾ കുട്ടികളെയും കൊണ്ട് ശബരിമല ഒക്കെ പോയതാണ് അദ്ദേഹം. തികച്ചും ഹിന്ദു മത വിശ്വാസിയായിരുന്നു. അമ്പലത്തിൽ പോകുമായിരുന്നു. അദ്ദേഹത്തിനു ഇസ്ലാം മതത്തെക്കുറിച്ച് ഒന്നും അറിയില്ല. 2003-ൽ ഞങ്ങളുടെ വിവാഹം കഴിഞ്ഞതാണ്. അടുത്ത മാസം വരുമ്പോൾ പതിനേഴ് വർഷമായി വിവാഹം കഴിഞ്ഞിട്ട്. എന്റെ വീട് ആലുവ പച്ചേരിപ്പുറമാണ്. ഭർത്താവിന്റെ വീടാണ് ആലുവ കീഴ്മാട്. വിവാഹം കഴിക്കുമ്പോൾ തന്നെ സൗദിയിലായിരുന്നു. 2015ലാണ് അദ്ദേഹം ലീവിന് വന്നിട്ട് പോകുന്നത്. അതിനു ശേഷം എന്നെ വിളിച്ച് പറയുകയാണ്. എനിക്ക് ബോധ്യപ്പെട്ടു ഇസ്ലാമാണ് സത്യമായ മതം എന്ന്. അതിനാൽ ഞാൻ ഇസ്ലാം മതം സ്വീകരിക്കുകയാണ് എന്നാണ് പറഞ്ഞത്. വെള്ളിടിപോലുള്ള വാക്കുകൾ ആയിരുന്നു ഞാൻ കേട്ടത്. സൗദിയിൽ നിന്നാണ് ഇത് വിളിച്ചു പറഞ്ഞത്. ഇവിടുത്തെ രേഖകളിൽ സുശീലൻ തന്നെയാണ്. സുലൈമാൻ എന്ന് പേരുമാറ്റിയിട്ടില്ല. കഴിഞ്ഞ മാർച്ച് മൂന്നിനാണ് വീണ്ടും നാട്ടിൽ വരുന്നത്. അമ്മയ്ക്ക് സുഖമില്ലാത്തത് കാരണം പെട്ടെന്ന് വന്നതാണ്. എന്റെയും കുട്ടികളുടെയും കാര്യത്തിൽ ഒരു കുറവും വരുത്തിയിട്ടില്ല. ഇത് എനിക്കും അദ്ദേഹത്തിനും അറിയാവുന്ന കാര്യവുമാണ്.

കേസിൽപ്പെട്ടപ്പോൾ ഊരിപ്പോരാൻ കണ്ട വഴി മതംമാറ്റം

സത്യമായ മതം ഇസ്ലാം ആണ് എന്നാണ് മതം മാറിയ ശേഷം പറയുന്നത്. സൗദിയിൽ സുശീലൻ കേസിൽപ്പെട്ടിരുന്നു. ആറുപേർ ഈ കേസിൽപ്പെട്ടിരുന്നു എന്നാണ് ഭർത്താവ് സുഹൃത്തിനോട് പറഞ്ഞത്. അതിൽ നിന്ന് ഊരിപ്പോരാൻ മതം മാറിയാൽ മതി എന്ന് പറഞ്ഞു. അതിനാലാണ് മതം മാറിയത് എന്നാണ് പറഞ്ഞത്. ഞാൻ മാത്രമല്ല എന്റെ കൂടെ കേസിൽപ്പെട്ടവർ മുഴുവൻ മതം മാറി എന്നും പറഞ്ഞിരുന്നു. പക്ഷെ എന്നോടു ഈ കാര്യം പറഞ്ഞിട്ടില്ല. ഞാൻ മതം മാറിയതുകൊണ്ട് നീയും മതം മാറണം എന്ന് എന്നോടു പറഞ്ഞു. ഞാനിത് എന്റെ വീട്ടുകാരോട് പറഞ്ഞു. സുശീലന്റെ വീട്ടുകാരോടും പറഞ്ഞു. എല്ലാവരും പറഞ്ഞത് എല്ലാം ഫോണിലാണ് പറയുന്നത്. എതിർക്കാൻ പോകേണ്ട. ആളിങ്ങ് എത്തട്ടെ. അതിനുശേഷം മാത്രം എന്താണ് സംഭവിച്ചത് എന്ന് മനസിലാക്കി പെരുമാറാം എന്നാണു ഇരുവിട്ടുകാരും തീരുമാനിച്ചത്. അതിനാൽ മതം മാറാൻ നിനക്ക് കഴിയില്ലേ എന്ന് ചോദിച്ചപ്പോൾ മാറാം എന്ന് ഞാനും പറഞ്ഞിരുന്നു.

ഇവിടെ എത്തിയപ്പോൾ അദ്ദേഹം മനസിലാക്കി ഞങ്ങൾ മതം മാറില്ലെന്ന്. അതിനാൽ അദ്ദേഹം സമ്മർദ്ദത്തിലായി. മതം മാറണം എന്ന് എന്നെ നിർബന്ധിച്ചു. അതിന്റെ പേരിൽ വലിയ വഴക്കും ബഹളവുമായി. കത്തി എടുത്ത് വെട്ടാൻ വരെ വന്നു. ഈ സംഭവം നടന്നപ്പോൾ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഞാൻ പരാതി നൽകി. ആ പരാതിയിൽ അദ്ദേഹം അറസ്റ്റിലായി. ഇതിനു ജാമ്യം എടുക്കാൻ വന്നവരാണ് എസ്ഡിപിഐക്കാർ. അപ്പോൾ മുതൽ അദ്ദേഹം അവരുടെ കസ്റ്റഡിയിലായി. ഈ സുഹൃത്തുക്കൾ ഇപ്പോൾ വന്നവരാണ്. ആരും അദ്ദേഹത്തിന്റെ യഥാർത്ഥ സുഹൃത്തുക്കളല്ല. യാഥാർത്ഥ കൂട്ടുകാർ അദ്ദേഹത്തിന്റെ വീടിനു അടുത്തുണ്ട്. പക്ഷെ ജാമ്യം എടുക്കാൻ നിന്നവരാണ് ഇപ്പോൾ അദ്ദേഹത്തിന്റെ കൂട്ടുകാർ. പിന്നെ അവർ പറയുന്നത് അനുസരിച്ച് പെരുമാറാൻ തുടങ്ങി.

ഭർത്താവിനു കുടുംബവും കുട്ടികളും വേണം. ഞങ്ങളെ പിരിഞ്ഞു ജീവിക്കാൻ കഴിയാത്ത പ്രകൃതവുമാണ്, അതിനാൽ ഈ പ്രശ്‌നം കഴിഞ്ഞ് അദ്ദേഹം വീണ്ടും വീട്ടിലെത്തി. ഞാൻ അദ്ദേഹത്തെ സ്വീകരിച്ചു. നമുക്ക് ഒരു ഡോക്ടറെ കാണാം. കൗൺസിലിങ് വേണം എന്ന് തീരുമാനിച്ചു. ഇങ്ങനെ തീരുമാനിച്ചത് അനുസരിച്ചാണ് ഡോക്ടർമാരെ പോയി കണ്ടത്. രണ്ടു ഡോക്ടർമാർ അദ്ദേഹത്തെ പരിശോധിച്ചു. സംശയരോഗമാണ് അടിസ്ഥാന പ്രശ്‌നം എന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഞങ്ങൾ രണ്ടുപേരും കൗൺസിലിംഗിനു വിധേയമായി. ഇതിന്റെ ഭാഗമായി തന്നെയാണ് അദ്ദേഹം ആശുപത്രിയിൽ അഡ്‌മിറ്റ് ആയത്. ഞാനും അദ്ദേഹത്തിന്റെ സഹോദരിയും കൂടിയാണ് അവിടെ പോയി കാണുകയും മറ്റും ചെയ്തത്. പക്ഷെ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായപ്പോൾ ജാമ്യം നിന്നവർ അദ്ദേഹത്തെ കാണുന്നില്ല എന്ന് പറഞ്ഞു പ്രചാരണം നടത്തി. സോഷ്യൽ മീഡിയയിൽ എസ്ഡിപിഐക്കാർ അടക്കമുള്ളവരും അപവാദ പ്രചരണം നടത്തി. അദ്ദേഹത്തിന്റെ സ്വത്ത് തട്ടിയെടുത്ത് ഭ്രാന്തനാക്കുകയാണ് എന്ന രീതിയിലാണ് അപവാദ പ്രചരണം വരുന്നത്. ഇതിന്റെ പേരിൽ ആലുവ എസ്‌പിക്ക് ഞാൻ പരാതി നൽകിയിട്ടുണ്ട്. എന്റെ ഭർത്താവിനെ എനിക്ക് തിരികെ കിട്ടണം. അതിനായി നിയമപോരാട്ടം നടത്താനാണ് ഞങ്ങൾ ഒരുങ്ങുന്നത്-ഭാര്യ പറയുന്നു.

വീഡിയോയിൽ സുശീലൻ പറയുന്നത്:

ഞാൻ എന്റെ മതവുമായി ജീവിക്കും. മരിക്കുന്നത് വരെ എനിക്ക് എന്റെ മതം. ഭാര്യയും കുട്ടികളും അവരുടെ മതത്തിൽ തുടരാനോ എന്റെ മതത്തിലേക്ക് വരാനോ അവകാശമുണ്ട്. ഞാൻ അതിൽ കൈകടത്തില്ല. എന്റെ മതത്തിൽ ആരും കൈകടത്തരുത്. ഞാൻ മുസ്ലിം ആയിട്ട് ജീവിക്കും.

ഇവിടെ വന്നത്?

ഞാൻ സ്വന്തമായിട്ട് ആശുപത്രിയിൽ വന്നതാണ്. ട്രീറ്റ്‌മെന്റിന് വന്നു. പ്രശ്‌നങ്ങൾ ഒന്നുമില്ല. നല്ല ട്രീറ്റ്‌മെന്റാണ്.നല്ല ഡോക്ടറും നല്ല സ്റ്റാഫുകളുമാണ്.

പീഡനം ഒന്നുമുണ്ടായിട്ടില്ലേ?

ഒരു പീഡനവുമുണ്ടായിട്ടില്ല. നല്ല ഭക്ഷണമാണ് ഇവിടെ ലഭിക്കുന്നത്.

ഭാര്യയുമായി സംസാരിച്ചിരുന്നോ?

സംസാരിച്ചിരുന്നു. നല്ല രീതിയിലാണ് പോകുന്നത്.

ഭാര്യയ്ക്ക് ഭാര്യയുടെ രീതിയിലും നിങ്ങൾക്ക് നിങ്ങളുടെ രീതിയിലും?

ഭാര്യയുമായി ഒരുമിച്ച് കുട്ടികളെ സംരക്ഷിച്ച് ജീവിക്കും മരിക്കുംവരെ. അതിനു മാറ്റമൊന്നുമില്ല.

പ്രശ്‌നങ്ങൾ തുടങ്ങിയത് സുലൈമാൻ നാട്ടിൽ എത്തിയതോടെ:

മതംമാറിയതിന്റെ പേരിൽ മനോരോഗിയെന്ന് വരുത്തി തടവിലാക്കി ക്രൂര മർദനത്തിനിരയാക്കിയ പ്രവാസിയെ കോടതി ഇടപെട്ട് മോചിപ്പിച്ചു എന്നാണ് വാർത്ത വന്നത്. ഈ രീതിയിൽ സുശീലൻ മൊഴി നൽകിയിരുന്നു. ക്രൂരപീഡനം നേരിട്ട് എന്ന് മോഴി നൽകിയതിന്റെ പേരിൽ ബുധനാഴ്ച വൈകീട്ടോടെ ആലുവ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് സുശീലനെ മോചിപ്പിച്ചത്. തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച കേസിൽ സുലൈമാന്റെ ഭാര്യ, ഭാര്യാസഹോദരൻ, സഹോദരീപുത്രൻ എന്നിവർക്കെതിരെ കേസെടുക്കാനും പൈങ്കുളം ആശുപത്രിയിലെ ദുരൂഹ പ്രവർത്തനങ്ങൾക്കെതിരെ അന്വേഷണം നടത്താനും കോടതി പൊലീസിന് നിർദ്ദേശം നൽകി. സുലൈമാന്റെ സുഹൃത്തായ സിയാദ് ചാലക്കൽ നൽകിയ പരാതിയിലാണ് കോടതി ഇടപെട്ട് മോചനം സാധ്യമാക്കിയത്.

20 വർഷമായി പ്രവാസജീവിതം തുടരുന്ന സുശീലൻ അഞ്ചുവർഷം മുമ്പാണ് സൗദിയിൽ ഇസ്ലാം മതം സ്വീകരിച്ചത്. ഇതിന് മൗനാനുവാദം നൽകിയ കുടുംബം മാർച്ച് മൂന്നിന് നാട്ടിലെത്തിയതോടെ സുലൈമാനെതിരെ തിരിയുകയായിരുന്നുവെന്നാണ് സുലൈമാനെ അനുകൂലിക്കുന്നവർ പറയുന്നത്. ഇദ്ദേഹം മാർച്ച് മൂന്നിന് നാട്ടിലെത്തുകയും ഭാര്യയോടൊത്ത് കഴിയുകയും ചാലക്കൽ മഹല്ലിൽ അംഗത്വം എടുക്കുകയും ചെയ്തിരുന്നു. ഇതിനിടെ, പീഡിപ്പിക്കുന്നു, മതം മാറ്റാൻ ശ്രമിക്കുന്നു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് ഇദ്ദേഹത്തിനെതിരേ ഭാര്യ ആലുവ റൂറൽ എസ്‌പിക്ക് പരാതി നൽകി. മാർച്ച് 22ന് ഭാര്യയുടെ പരാതിയിൽ അറസ്റ്റിലായ സുലൈമാനെ മഹല്ല് ഭാരവാഹികളുടെ നേതൃത്വത്തിലാണ് ജാമ്യത്തിലിറക്കിയത്.

വീട്ടിൽ കയറരുത്, മൂന്നു ദിവസത്തിന് ശേഷം ജാമ്യം പുതുക്കണം എന്നീ ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. ആലുവ സ്വദേശി സിയാദാണ് ഇദ്ദേഹത്തെ ജാമ്യത്തിലെടുത്തത്. തുടർന്ന് വീട്ടുകാർ ഇടപെട്ടു പൈങ്കുളം എസ്എച്ച് മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. സുലൈമാനെ കാണാതായതോടെ ഭാര്യയെ ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. വീണ്ടും ബന്ധപ്പെട്ടപ്പോൾ പറവൂരിലെ ബന്ധുവീട്ടിൽ പോയതാണെന്ന് അറിയിച്ചു. പറവൂരിലെ വീട്ടിൽനിന്ന് തുടർന്ന് മെയ് ഒമ്പതിന് ഇദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ജാമ്യക്കാരനായ സിയാദ് പരാതി നൽകി. ഇതിൽ മെയ് 11നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. നാട്ടുകാർ സേവ് സുലൈമാൻ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു രംഗത്ത് വന്നിരുന്നു. ഇതിനിടെ അഡ്വ. ഹാരിസ് ആലുവ മുഖാന്തിരം ആലുവ മജിസ്ട്രേറ്റ് കോടതിയിൽ സെർച്ച് പെറ്റീഷൻ ഫയൽ ചെയ്തിരുന്നു. ഇതുപ്രകാരം 21ന് സുലൈമാനെ നേരിട്ട് ഹാജരാക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. തുടർന്ന് നൽകിയ മൊഴിയിലാണ് ആശുപത്രിയിൽ നേരിട്ട ക്രൂര പീഡനങ്ങളെക്കുറിച്ച് മൊഴി നൽകിയത്. കൗൺസിലിങ്ങിനെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ച സുലൈമാൻ ഇഞ്ചക്ഷനെ തുടർന്ന് ഉറങ്ങിപ്പോയി. ഉണർന്നപ്പോൾ സെല്ലിൽ അടച്ച നിലയിലായിരുന്നു. തുടർന്ന് ബഹളംവച്ചതോടെ ആശുപത്രി ജീവനക്കാരായ ഒരു സംഘമെത്തി തന്റെ കയ്യിലും കാലിലും കഴുത്തിലും ചങ്ങലയിട്ട് ബന്ധിക്കുകയും ക്രൂരമർദ്ദനത്തിനിരയാക്കുകയും ചെയ്തുവെന്ന് സുലൈമാൻ വെളിപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP