Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇത്തവണ പെരുന്നാളിന് കുറ്റിച്ചിറ പള്ളിയിൽ നിന്നും തമ്പേർ താളമുണ്ടാകില്ല; പതിവു പോലെ പള്ളി ഗോപുരത്തിൽ വിളക്ക് കത്തിക്കും; കൊറോണ ഭീതിയിൽ മുടക്കം വന്നിരിക്കുന്ന അനേകം ആചാരങ്ങളിലൊന്നായി മിഷ്‌കാൽ പള്ളിയിലെ തമ്പേർ താളവും; നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പള്ളി അടച്ചിടുന്നതും ചരിത്രത്തിലാദ്യം

ഇത്തവണ പെരുന്നാളിന് കുറ്റിച്ചിറ പള്ളിയിൽ നിന്നും തമ്പേർ താളമുണ്ടാകില്ല; പതിവു പോലെ പള്ളി ഗോപുരത്തിൽ വിളക്ക് കത്തിക്കും; കൊറോണ ഭീതിയിൽ മുടക്കം വന്നിരിക്കുന്ന അനേകം ആചാരങ്ങളിലൊന്നായി മിഷ്‌കാൽ പള്ളിയിലെ തമ്പേർ താളവും; നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പള്ളി അടച്ചിടുന്നതും ചരിത്രത്തിലാദ്യം

ജാസിം മൊയ്ദീൻ

കോഴിക്കോട്; കോഴിക്കോട്ടെ ഖാസി പരമ്പരയുടെ ആസ്ഥാന കേന്ദ്രമാണ് കുറ്റിച്ചിറയിലെ മിഷ്‌കാൽ പള്ളി. 14ാം നൂറ്റണ്ടിൽ പണി കഴിപ്പിച്ച പള്ളിയിൽ നൂറ്റാണ്ടുകളായി തുടരുന്ന ശീലമാണ് ഇരു പെരുന്നാളുകൾക്കും തമ്പേറ് കൊട്ടുന്നതും പള്ളിഗോപുരത്തിൽ വിളക്ക് കത്തിക്കുന്നതും. എന്നാൽ ചരിത്രത്തിലാദ്യമായി ഇത്തവണ മിഷ്‌കാൽ പള്ളിയിൽ നിന്നും തമ്പേറ് കൊട്ടി പെരുന്നാളിന് മാസം കണ്ടത് അറിയിക്കുന്ന ചടങ്ങുണ്ടാകില്ല. പതിവു പോലെ പള്ളിഗോപുരത്തിൽ വിളക്ക് കത്തിക്കും.

നൂറ്റാണ്ടുകളായി എല്ലാ പെരുന്നാളുകൾക്കും കോഴിക്കോട് നഗരം കാതോർക്കുന്ന താളമാണ് കുറ്റിച്ചിറയിൽ നിന്നുള്ള തമ്പേറ് കൊട്ടൽ. ഇരു പെരുന്നാളുകൾക്കും മാസം കണ്ട ഉടനെയും പെരുന്നാൾ നിസ്‌കാരങ്ങൾക്ക് ശേഷവും ഇത്തരത്തിൽ തമ്പേറ് കൊട്ടി ആഘോഷിക്കാറുണ്ട്. കൊത്തുപണികളാൽ അലങ്കരിച്ച മിഷ്‌കാൽ പള്ളിയുടെ മച്ചകത്ത് നിന്നും തമ്പേർ കൊട്ടിയുള്ള വരവ് ഇത്തവണയുണ്ടാകില്ല. കൂറ്റൻ ഡ്രമ്മിൽ ബലിമൃഗത്തിന്റെ തോൽ പ്രത്യേക രീതിയിൽ ഉണക്കി ചെമ്പുകമ്പികളാൽ കെട്ടിയുറപ്പിച്ചാണ് തമ്പേർ എന്ന വാദ്യോപകരണം ഉണ്ടാക്കുന്നത്. വർഷത്തിൽ രണ്ട് പെരുന്നാളുകൾക്ക് മാത്രമാണ് ഇത് ഉപയോഗിക്കാറ്.

പെരുന്നാളിന് മാസം കണ്ടാൽ പത്ത് മിനുട്ട് നേരത്തേക്ക് മരക്കമ്പുകൾ ഉപയോഗിത്ത് തമ്പേറിൽ കൊട്ടി ശബ്ദമുണ്ടാക്കും. ഇത് കേട്ടാണ് തെക്കേപുറത്തുകാർ അടുത്ത ദിവസം പെരുന്നാളാണെന്ന് അറിയുന്നത്. അടുത്ത ദിവസം പെരുന്നാൾ നിസ്‌കാരത്തിന് ശേഷം കുറ്റിച്ചിറക്കാർ പ്രത്യേകിച്ചും കുട്ടികൾ മതിവരുവോളം തമ്പേറിൽ മരക്കമ്പുകൾ കൊട്ടി ആഘോഷിക്കും. ഇത്തരത്തിൽ ദീർഘ നേരം കൊട്ടി തമ്പേറിന്റെ പുറത്തുള്ള ബലിമൃഗത്തിന്റെ തുകൽ പൊട്ടിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. നൂറ്റാണ്ടുകളായി തുടർന്നു വരുന്ന ഈ ശീലവും ഇത്തവണ കൊറോണ ഭീതിയിൽ ഇല്ലാതായിരിക്കുകയാണ്.

പള്ളിമച്ചകത്തിൽ നിന്ന് കുട്ടികളും മുതിർന്നവരും തമ്പേർ കൊട്ടി ആഘോഷമായി തെരുവിലേക്കിറങ്ങുന്ന മനോഹരമായ കാഴ്ചയാണ് ഇത്തവണ കൊവിഡ് ഭിതിയിൽ നഷ്ടമായിരിക്കുന്നത്. അതേ സമയം തമ്പേർ കൊട്ടൽ ഉപേക്ഷിച്ചെങ്കിലും പതിവുപോലെ പള്ളിഗോപുരത്തിൽ വിളക്ക് കത്തിക്കുന്ന ചടങ്ങ് ഇത്തവണയുമുണ്ടാകുമെന്ന് തീരുമാനമായിട്ടുണ്ട്. ആദ്യ കാലങ്ങളിൽ വിലയ മണ്ണെണ്ണ വിളക്കുകളാണ് കത്തിച്ചിരുന്നതെങ്കിൽ ഇത്തവണ അടുത്ത കാലങ്ങളിൽ ഇലക്ട്രിക് വിളക്കുകളാണ് ഉപയോഗിക്കുന്നത്. മിഷ്‌കാൽ പള്ളിയിലെ നിലവിലെ മുഅദ്ദിൻ കോയമോനാണ് വിളക്ക് കത്തിക്കുന്നത്.

കേരളത്തിലെ തന്നെ അതിപുരാതനവും നിരവധി പ്രത്യേകതകളുമുള്ള മുസ്ലിം പള്ളിയാണ് കുറ്റിച്ചിറയിലെ മിഷ്‌കാൽ പള്ളി. രൂപകൽപന കൊണ്ടും ആചാരങ്ങൾ കൊണ്ടും നിരവധി പ്രത്യേകതകൾ ഈ പള്ളിക്കും അതിന് ചുറ്റുമായി ജീവിക്കുന്ന കുറ്റിച്ചിറയിലെ ജനങ്ങൾക്കുമുണ്ട്. മിഷ്‌കാൽ പള്ളിയിലെ അനേകം പ്രത്യേകതകളിൽ ഒന്നാണ് തമ്പേർ കൊട്ടലും വിളക്കും കത്തിക്കലുമെല്ലാം. നിരവധി ചരിത്ര മുഹൂർത്തങ്ങൾക്കും സാക്ഷ്യം വഹിച്ച പള്ളിയാണ് മിഷ്‌കാൽ പള്ളി.

കേരളീയ മുസ്ലിം നവോത്ഥാനത്തിന് മിഷ്‌കാൽ പള്ളിക്കും കുറ്റിച്ചിറക്കുമെല്ലാം വലിയ പങ്കുണ്ട്. 1510ൽ പറങ്കികളുടെ അക്രമത്തെ അതിജീവിച്ച മിഷ്‌കാൽ പള്ളി കോളറക്കാലത്ത് രോഗികൾക്ക് അഭയകേന്ദ്രവുമായിരുന്നു. ഇത്രയധികം ചരിത്ര പാരമ്പര്യമുള്ള മിഷ്‌കാൽ പള്ളി ഇത്തരത്തിൽ പൂർണ്ണമായും അടച്ചിടുന്നത് ചരിത്രത്തിലാദ്യമായാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP