Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുരക്ഷാ പരിശോധനയിലും ലോഡ് ടെസ്റ്റിലും പരാജയം; മദ്യം അല്ലെങ്കിൽ പുകയിലയുടെ നിരുത്തരവാദപരമായ ഉപയോഗം കുട്ടികളിൽ പ്രോത്സാഹിപ്പിക്കുന്ന അപ്ലിക്കേഷനുകൾ അനുവദിക്കുന്നില്ലെന്ന ഗൂഗിളിന്റെ ഡെവലപ്പർ പോളിസിയും വിന; ബെവ്‌കോയുടെ മദ്യ ആപ്പിന് എന്ന് പ്ലേസ്റ്റോറിൽ എത്താനാകുമെന്നതിൽ നിലനിൽക്കുന്നത് സർവ്വത്ര അനിശ്ചിതത്വം; ആപ്പില്ലെങ്കിലും മദ്യ വിൽപ്പനം തുടങ്ങാൻ ആലോചിച്ച് സർക്കാർ; ഫെയർകോഡിന്റെ ആപ്പിൽ അവ്യക്തത തുടരുമ്പോൾ

സുരക്ഷാ പരിശോധനയിലും ലോഡ് ടെസ്റ്റിലും പരാജയം; മദ്യം അല്ലെങ്കിൽ പുകയിലയുടെ നിരുത്തരവാദപരമായ ഉപയോഗം കുട്ടികളിൽ പ്രോത്സാഹിപ്പിക്കുന്ന അപ്ലിക്കേഷനുകൾ അനുവദിക്കുന്നില്ലെന്ന ഗൂഗിളിന്റെ ഡെവലപ്പർ പോളിസിയും വിന; ബെവ്‌കോയുടെ മദ്യ ആപ്പിന് എന്ന് പ്ലേസ്റ്റോറിൽ എത്താനാകുമെന്നതിൽ നിലനിൽക്കുന്നത് സർവ്വത്ര അനിശ്ചിതത്വം; ആപ്പില്ലെങ്കിലും മദ്യ വിൽപ്പനം തുടങ്ങാൻ ആലോചിച്ച് സർക്കാർ; ഫെയർകോഡിന്റെ ആപ്പിൽ അവ്യക്തത തുടരുമ്പോൾ

ആർ പീയൂഷ്

കൊച്ചി: മദ്യത്തിനായുള്ള ആപ്പിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് കേരളത്തിലെ മദ്യപാനികൾ. ഇന്ന് വരും നാളെ വരും എന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്ലിക്കേഷൻ ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ് നിർമ്മാതാക്കൾ. എന്നാൽ ഈ ആപ്ലിക്കേഷന് അനുമതി നൽകാൻ ഗൂഗിൾ ഇതുവരെ തയ്യാറാകാത്തത് സുരക്ഷാ പരിശോധനയിലും ലോഡ് ടെസ്റ്റിലും പരാജയപ്പെട്ടതിനാലാണ്. ആപ്ലിക്കേഷൻ ഏതൊരു ഹാക്കറിനും നിഷ്പ്രയാസം തകർക്കാൻ കഴിയും.

അതു പോലെ തന്നെ ഒരേ സമയം നിരവധി ആളുകൾ ആപ്പ് ഉപയോഗിക്കുമ്പോൾ പ്രവർത്തന രഹിതമാകുന്നതായും കണ്ടെത്തി. കൂടാതെ ഗൂഗിൾ പ്ലാറ്റ്ഫോമിൽ മദ്യ വിൽപ്പനയും പുകയില വിൽപ്പനയും കുട്ടികളിൽ പ്രോൽസാഹിപ്പിക്കുന്ന ആപ്ലിക്കേഷനുകൾക്ക് വിലക്കുമുണ്ട്. അതിനാൽ 'ബെവ്ക്യൂ' എന്ന ഓൺ ലൈൻ ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ എത്താൻ താമസമെടുക്കുമെന്നാണ് സാങ്കേതിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

മദ്യം അല്ലെങ്കിൽ പുകയിലയുടെ നിരുത്തരവാദപരമായ ഉപയോഗം കുട്ടികളിൽ പ്രോത്സാഹിപ്പിക്കുന്ന അപ്ലിക്കേഷനുകൾ ഞങ്ങൾ അനുവദിക്കുന്നില്ല എന്ന് ഡെവലപ്പർ പോളിസി സെന്ററിൽ കൃത്യമായി ഗൂഗിൾ വ്യക്തമാക്കുന്നുണ്ട്. കുട്ടികൾ വ്യാപകമായി ഇത് വാങ്ങി ഉപയോഗിക്കാനുള്ള സാധ്യത മൂലമാണ് ഇത്തരത്തിൽ ഒരു തീരുമാനം ഗൂഗിൾ സ്വീകരിച്ചിരിക്കുന്നത്. ഗൂഗിളിന്റെ ഈ നിബന്ധനയും ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ ഉൾപ്പെടുത്താൻ നിർമ്മാതാക്കൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഇതോടെ ആപ്ലിക്കേഷനിൽ നിന്നും സർക്കാർ പിന്മാറാനുള്ള സാധ്യതയാണ് നിലവിലുള്ളത്. എങ്കിലും എങ്ങനെയും ആപ്പ് പ്ലേ സ്റ്റോറിൽ ഉൾപ്പെടുത്താൻ നിർമ്മാതാക്കൾ ശ്രമിക്കുന്നുണ്ട്.

ബിവറേജസിന്റെ ആപ്പും കുട്ടികൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കിയാൽ മാത്രമേ ഗൂഗിൾ പ്ലേ സ്റ്റോറിൽ ഉൾപ്പെടുത്താൻ അനുമതി നൽകൂ. ഇതിന് വേണ്ട സുരക്ഷ ഒരുക്കലാണ് പ്രധാനം. എന്നാൽ അത് അത്ര എളുപ്പമാകില്ല. മുതിർന്നവരുടെ ഫോൺ ഉപയോഗിച്ച് ക്യൂവിൽ ഇടം നേടാനും മറ്റും കുട്ടികൾക്ക് കഴിയും. ഇതാണ് പ്രശ്നത്തിന് കാരണം. കുട്ടികൾ ഈ ആപ്പ് ഉപയോഗിക്കുന്നില്ലെന്ന് ഗുഗിളിനെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇത് ഫലം കണ്ടാൽ ആപ്പ് ഉടൻ പ്ലേ സ്റ്റോറിൽ എത്തും.

അതേ സമയം ഇത്തരം ഒരു ആപ്പിന്റെ യാതൊരു ആവിശ്യവും നിലവിൽ കേരളത്തിൽ ഇല്ലാ എന്നാണ് കേരളത്തിലെ മുതിർന്ന എക്‌സൈസ് ഉദ്യോഗസ്ഥർ പറയുന്നത്. മദ്യ വിതരണം തുടങ്ങുന്ന ദിവസം മുതൽ രണ്ട ദിവസത്തേക്ക് മാത്രമേ വലിയ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളൂ. ബിവറേജസ് ഔട്ടലറ്റുകൾക്ക് പുറമേ ബാറുകൾ വഴിയും മദ്യം വിതരണം ചെയ്യുന്നതിനാൽ രണ്ട് ദിവസത്തെ തള്ളിന് ശേഷം മദ്യം വാങ്ങുന്നവരുടെ എണ്ണം വിരലിലെണ്ണാവുന്നതായി ചുരുങ്ങും. ഇപ്പോൾ കള്ള് ഷാപ്പുകളിൽ മദ്യം വാങ്ങുന്നവരെ നിയന്ത്രിക്കുന്നതുപോലെ പൊലീസിനും എക്‌സൈസിനും നിഷ്പ്രയാസം കൈകാര്യം ചെയ്യാവുന്നതേയുള്ളൂ എന്നും അവർ പറയുന്നു.

അഞ്ച് ലക്ഷത്തിൽ താഴെ തുകക്കാണ് ആപ്പ് ടെണ്ടർ ചെയ്തതെന്നാണ് വിവരം. എന്നാൽ ആപ്പിന്റെ പ്രവർത്തനം ഏത് ഘട്ടത്തിലാണെന്ന് എക്സൈസ് വകുപ്പിന് കൃത്യവിവരമില്ല. ആപ്പ് എന്ന് പ്രവർത്തന സജ്ജമാകുമെന്ന് എക്സൈസ് മന്ത്രിയുടെ ഓഫീസിന് പോലും കൃത്യമായ വിവരവുമില്ലാത്ത അവസ്ഥയാണ്. അങ്ങനെ സർവ്വത്ര ആശക്കുഴപ്പമാണ് ഇപ്പോൾ ഇക്കാര്യത്തിൽ.

ഒഡബ്ല്യുഎഎസ്‌പി (ഓപ്പൺ വെബ് ആപ്ലിക്കേഷൻ സെക്യൂരിറ്റി പ്രോജക്ട്) മാനദണ്ഡങ്ങൾ അനുസരിച്ചാണ് ആപ്പിന്റെ സെക്യൂരിറ്റി ഓഡിറ്റ് ചെയ്യുന്നത്. ഹാക്ക് ചെയ്യാൻ പറ്റുമോ, ഡാറ്റ സുരക്ഷിതമാണോ എന്നതടക്കമുള്ള 10 പ്രധാന നിർദ്ദേശങ്ങൾ പാലിക്കാൻ സ്റ്റാർട്ടപ് കമ്പനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ലോഡ് ടെസ്റ്റിലും വിജയം കണ്ടില്ല. 7 ലക്ഷംപേരാണ് സാധാരണ ദിവസങ്ങളിൽ ബവ്കോ ഔട്ട്‌ലെറ്റുകളിലെത്തുന്നത്. തിരക്കുള്ള ദിവസങ്ങളിൽ ഇത് 10.5 ലക്ഷമെത്തും. ഈ തിരക്ക് അനുസരിച്ചുള്ള ക്രമീകരണം ഏർപ്പെടുത്താൻ കമ്പനിക്കായിട്ടില്ല. ഇതോടെയാണ് വിവാദം തുടങ്ങുന്നത്. മദ്യശാല തുറക്കാൻ മന്ത്രി സഭ തീരുമാനിച്ചിട്ട് ആഴ്ച ഒന്നു കഴിഞ്ഞു. എന്നിട്ടും ആപ്പ് ശരിയാകാത്തത് വിവാദങ്ങൾക്ക് പുതിയ തലം നൽകുന്നു.

ഐസിടി അക്കാദമി, സ്റ്റാർട്ടപ് മിഷൻ, ഐടി മിഷൻ, ബവ്കോ പ്രതിനിധികൾക്ക് പുറമേ ഐടി സെക്രട്ടറിയും ഉൾപ്പെടുന്നതാണ് സാങ്കേതിക സമിതി. സ്റ്റാർട്ടപ് മിഷന്റെ ടെൻഡറിൽ 29 കമ്പനികളാണ് പങ്കെടുത്തത്. ഇതിൽ 10 കമ്പനികൾക്കാണ് ആപ് വികസിപ്പിക്കുന്നതിൽ പ്രാഥമിക ധാരണയുണ്ടായിരുന്നത്. സാങ്കേതിക വൈദഗ്ധ്യത്തിന് 70 ശതമാനവും ചെലവിന് 30 ശതമാനവും മാർക്കാണ് നൽകിയത്. ആപ് വികസിപ്പിക്കാൻ തിരഞ്ഞെടുത്ത കൊച്ചിയിലെ കമ്പനിയുടെ സാങ്കേതിക റിപ്പോർട്ട് മറ്റുള്ളവരെ അപേക്ഷിച്ച് മികച്ചതായിരുന്നെന്ന് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ഈ കമ്പനിയുടെ ഇടതു ബന്ധങ്ങൾ അതിനിടെ ചർച്ചയായി. ഇതിനൊപ്പമാണ് ആപ്പ് ലോഡ് ചെയ്യാൻ വൈകുന്ന സ്ഥിതിയും വരുന്നത്.

അവസാന റൗണ്ടിൽ ഒപ്പമുണ്ടായിരുന്ന കമ്പനിയേക്കാൾ 11 ലക്ഷത്തോളം കുറഞ്ഞ റേറ്റ് ആവശ്യപ്പെട്ടതും ലോഡ് ടെസ്റ്റിങിലെ അനുഭവവും ഗുണകരമായി എന്നായിരുന്നു ടെൻഡറിൽ സർക്കാരിന്റെ അവകാശ വാദം. ഐടി സെക്രട്ടറിയുടേയും സ്റ്റാർട്ടപ് മിഷൻ സിഇഒയുടേയും നിർദ്ദേശമനുസരിച്ചാണ് കമ്പനിയെ തിരഞ്ഞെടുത്തത്. എന്നാൽ റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങൾ പ്രായോഗിക തലത്തിൽ നടപ്പിലാക്കാൻ ഇതുവരെ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. ബുധനാഴ്ചയോ, വ്യാഴാഴ്ചയോ മദ്യശാലകൾ തുറക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ബവ്കോ.

ഇതെല്ലാം അട്ടിമറിക്കപ്പെട്ടു. ആപ് സജ്ജമാകാത്തതിനാൽ എന്ന് മദ്യവിതരണം ആരംഭിക്കാനാകുമെന്ന് ഇപ്പോൾ ബവ്കോ അധികൃതർക്കും ധാരണയില്ല. ഗൂഗിൾ പോളിസിയിൽ മദ്യ വിൽപ്പന പ്രോൽസാഹിപ്പിക്കുന്ന ആപ്പുകൾ ഉൾപ്പെടുത്തില്ല എന്ന വിവരം കൂടി പുറത്ത് വന്നതിനാൽ സർക്കാർ കൂടുതൽ കുരുക്കിലേക്ക് വീണിരിക്കുകയാണ്. ഓൺലൈൻ മദ്യവിൽപ്പനയക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്താനിരിക്കുന്ന ബെവ്‌കോ ആപ്പ് ഈ ആഴ്ച ഉണ്ടാകില്ലെന്നാണ് സൂചന. ആപ്പിന്റെ പേര് ഇതിനകം പുറത്ത് വന്ന സ്ഥിതിക്ക് പുതിയ പേരിനെക്കുറിച്ചും സ്റ്റാർട്ടപ്പ് കമ്പിനി ആലോചിക്കുന്നുണ്ട്. പുറത്തിറക്കുന്ന തിയതിയും ഇപ്പോൾ പുറത്ത് വിടരുതെന്നും കമ്പിനിയോട് ബിവറേജസ് കോർപ്പറേഷൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മദ്യ വിൽപ്പനയ്ക്കുള്ള ആപ്പെന്ന കാര്യം മറച്ചു വച്ച് ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇത് കയറ്റാനും ശ്രമം നടക്കുന്നതായി സൂചനയുണ്ട്. അതുകൊണ്ടാണ് ഇനി വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നത്.

ബെവ് ക്യൂ എന്ന പേര് ഇതിനകം പുറത്ത് വന്നതിൽ ആശങ്കയിലാണ് സ്റ്റാർട്ടപ്പ് കമ്പനിയായ ഫെയർകോഡ് ടെക്‌നോളജിസ്. ഇതേ പേരിൽ പ്ലേ സ്റ്റോറിൽ ആരെങ്കിലും മറ്റൊരാപ്പ് അപ്ലോഡ് ചെയ്താൽ ബുദ്ധിമുട്ടാകും. ഈ പേരിൽ മറ്റൊരു ആപ്പ് അപ്ലോഡ് ചെയ്‌തോയെന്ന് പരിശോധിക്കുന്നുണ്ട്. അതിനിടെ മദ്യശാലകൾ തുറക്കുമ്പോഴുണ്ടാകുന്ന തിരക്ക് കണക്കിലെടുത്ത് മദ്യം വിതരണം ചെയ്യാൻ വെയർഹൗസുകളോട് ബിവറേജസ് കോർപ്പറേഷൻ എം.ഡി. നിർദ്ദേശിച്ചു. ബാറുകൾ, ഔട്ട്ലെറ്റുകൾ, ബിയർ-വൈൻ പാർലറുകൾ എന്നിവയ്ക്ക് ആവശ്യമായ മദ്യം ഉടനെത്തിക്കണം. ലേബൽ ഒട്ടിക്കാനുള്ള കാലതാമസം ഒഴിവാക്കണം. എന്നാൽ ആപ്പ് തയ്യാറായാൽ മാത്രമേ മദ്യശാലകൾ തുറക്കുവെന്നതാണ് നിലപാടും. ബാറുകളിലൂടെ മദ്യ വിൽപ്പനയ്ക്ക് പാഴ്‌സൽ അനുമതിയുണ്ട്. ആപ്പ് വരാത്തതു കൊണ്ട് അവർക്കും വിൽപ്പനയ്ക്ക് കഴിയുന്നില്ല.

മദ്യം ആവശ്യപ്പെട്ട് ഓർഡർ ലഭിച്ചാലുടൻ ലേബൽ ഒട്ടിച്ച് സ്റ്റോക്ക് സജ്ജമാക്കണം. എക്‌സൈസിൽനിന്നുള്ള പെർമിറ്റ് ലഭിച്ചാലുടൻ മദ്യം നൽകണം. എക്‌സൈസ് അനുമതി കിട്ടിയശേഷമാണ് മുമ്പ് മദ്യക്കുപ്പികളിൽ ലേബൽ ഒട്ടിച്ചിരുന്നത്. ഇതിലെ കാലതാമസംമൂലം മദ്യവിതരണം വൈകരുതെന്നും വെയർഹൗസ് മാനേജർമാർക്ക് നിർദ്ദേശം നൽകി. ആവശ്യമെങ്കിൽ കൂടുതൽ കുടുംബശ്രീ പ്രവർത്തകരെ ലേബൽ ഒട്ടിക്കാൻ ചുമതലപ്പെടുത്തണം. ലോറികളിലുള്ള മദ്യം ഉടൻ ഗോഡൗണുകളിലേക്ക് മാറ്റാനും നിർദ്ദേശം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP