Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്രൈംബ്രാഞ്ച് അന്വേഷിക്കട്ടേയെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി ലോക്കൽ പൊലീസ്; ലോക്കൽ പൊലീസീന്റെ അന്വേഷണം തൃപ്തികരമായതിനാൽ അവർ തന്നെ അന്വേഷിച്ചാൽ മതിയെന്ന് ക്രൈംബ്രാഞ്ച്; തിരുവല്ലയിൽ കന്യാസ്ത്രീ വിദ്യാർത്ഥിനിയുടെ മൃതദേഹം കിണറ്റിൽ കാണപ്പെട്ട സംഭവത്തിൽ അന്വേഷണവുമായി മുമ്പോട്ട് പോകാൻ താൽപ്പര്യമില്ലാതെ രണ്ട് ഏജൻസികളും; പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയും ക്രൈംബ്രാഞ്ച് മേധാവിയും ക്രിസ്ത്യാനിയായതിനാൽ പേരുദോഷം കേൾപ്പിക്കാതിരിക്കാൻ പെടാപാടുപെടുന്നത് ഇങ്ങനെ

ക്രൈംബ്രാഞ്ച് അന്വേഷിക്കട്ടേയെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി ലോക്കൽ പൊലീസ്; ലോക്കൽ പൊലീസീന്റെ അന്വേഷണം തൃപ്തികരമായതിനാൽ അവർ തന്നെ അന്വേഷിച്ചാൽ മതിയെന്ന് ക്രൈംബ്രാഞ്ച്; തിരുവല്ലയിൽ കന്യാസ്ത്രീ വിദ്യാർത്ഥിനിയുടെ മൃതദേഹം കിണറ്റിൽ കാണപ്പെട്ട സംഭവത്തിൽ അന്വേഷണവുമായി മുമ്പോട്ട് പോകാൻ താൽപ്പര്യമില്ലാതെ രണ്ട് ഏജൻസികളും; പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയും ക്രൈംബ്രാഞ്ച് മേധാവിയും ക്രിസ്ത്യാനിയായതിനാൽ പേരുദോഷം കേൾപ്പിക്കാതിരിക്കാൻ പെടാപാടുപെടുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: കന്യാസ്ത്രീ മഠത്തിലെ വിദ്യാർത്ഥിയുടേത് മുങ്ങിമരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. വീഴ്ചയിൽ ഉണ്ടായ ചെറിയ മുറിവുകൾ ശരീരത്തിൽ ഉള്ളതെന്നും അസ്വാഭാവികത ഇല്ലെന്നുമാണ് കണ്ടെത്തൽ. കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയ തിരുവല്ല പാലിയേക്കര ബസേലിയൻ കന്യാസ്ത്രീ മഠത്തിലെ വിദ്യാർത്ഥിനി ദിവ്യയുടേത് മുങ്ങി മരണമെന്ന പ്രാഥമിക റിപ്പോർട്ട് ആശ്വാസമായത് ലോക്കൽ പൊലീസിനായിരുന്നു. വീഴ്ചയിൽ ഉണ്ടായ മുറിവുകൾ അല്ലാതെ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. കോട്ടയം മെഡിക്കൽ കോളജിലെ വിദഗ്ധ ഫോറൻസിക് സർജന്മാരുടെ സേതൃത്ത്വത്തിലാണ് പോസ്റ്റ്മോർട്ടം നടന്നത്. എന്നാലും ചില ദുരൂഹതകൾ ചർച്ചയായി. ഇതോടെ ക്രൈംബ്രാഞ്ച് അന്വേഷണമാണ് നല്ലതെന്ന് ലോക്കൽ പൊലീസ് വിലയിരുത്തി. ക്രൈംബ്രാഞ്ചിനും ഇതിനോട് താൽപ്പര്യമില്ല. കൂടുത്തായിയിൽ ജോളിയെ തളച്ചാണ് കെജി സൈമൺ പത്തനംതിട്ട എസ് പിയായത്. പല വെല്ലുവിളി നിറഞ്ഞ കേസും പത്തനംതിട്ടയിൽ തെളിയിച്ചു. ഇതിനിടെയാണ് കന്യാസ്ത്രീ മഠത്തിലെ വിദ്യാർത്ഥിനിയുടെ മരണമെത്തിയത്.

ഇതോടെ ഈ കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കുന്നതാണ് നല്ലതെന്ന ചിന്ത ലോക്കൽ പൊലീസിനെത്തി. സിസ്റ്റർ അഭയയുടെ മരണം കൊലപാതകമായി മാറിയതുമായി ബന്ധപ്പെട്ട വിവാദമായിരുന്നു ഇതിന് കാരണം. ക്രൈംബ്രാഞ്ചിന്റെ കൈയിലേക്ക് കേസെത്തിയപ്പോൾ അവർ പറയുന്നത് കേസ് ലോക്കൽ പൊലീസ് അന്വേഷിച്ചാൽ മതിയെന്നാണ്. തൃപ്തികരമാണ് ഈ അന്വേഷണമെന്നും പറയുന്നു. ഇതിന് കാരണവും ഈ കേസിൽ കൈ വയ്ക്കാനുള്ള ഭയം കാരണമാണ്. ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിയാണ്. അദ്ദേഹം ക്രിസ്ത്യാനി. പത്തനംതിട്ട എസ് പിയും ഇതേ മതവിഭാഗത്തിൽ പെട്ടയാൾ. അതുകൊണ്ട് തന്നെ പേരുദോഷം ഉണ്ടാകാനിടയുള്ള കേസായി ഇതിനെ ഇവർ പരിഗണിക്കുന്നു. അതുകൊണ്ടാണ് ലോക്കൽ പൊലീസിനും ക്രൈംബ്രാഞ്ചിനും ഈ കേസ് തൊടാനുള്ള ഭയത്തിന് കാരണം.

തിരുവല്ല അതിരൂപതക്ക് കീഴിൽ പ്രവർത്തിക്കുന്ന പാലിയേക്കര ബസേലിയൻ കോൺവെന്റിലെ സന്യാസവിദ്യാർത്ഥിനി ദിവ്യ പി ജോണിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറാൻ ശുപാർശ ചെയ്തതായി ജില്ലാ പൊലീസ് മേധാവി കെ ജി സൈമൺ അറിയിച്ചു കഴിഞ്ഞു. ലോക്കൽ പൊലീസിന്റെ അന്വേഷണത്തോടൊപ്പം ക്രൈംബ്രാഞ്ച് ഐ ജി നടത്തിയ അന്വേഷണവും കണക്കാക്കി ഈ കേസ് ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നതായിരിക്കും ഉചിതമെന്നുള്ള ശുപാർശയോടെ സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് അയച്ചു. വളരെ പ്രാധാന്യത്തോടെയാണ് ഈ കേസ് അന്വേഷിച്ചത്. പരാതികൾക്കിടയുണ്ടാവാത്തവിധം തുടർ നടപടികളും സ്വീകരിച്ചു. ഒരു സംഘം വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റ്മോർട്ടം നടത്തിയത്.

സംഭവസ്ഥലം സംഘം സന്ദർശിക്കുകയും പരിശോധന നടത്തുകയും ചെയ്തു. എറണാകുളം മധ്യമേഖലാ ക്രൈം ബ്രാഞ്ച് ഐജി നേരിട്ട് അന്വേഷണവും നടത്തിയിരുന്നു. ലോക്കൽ പൊലീസ് ഊർജിതമായ അന്വേഷണവും നടത്തിയിരുന്നു. എന്നാൽ ലോക്കൽ പൊലീസിന്റെ അന്വേഷണത്തോടൊപ്പം ക്രൈം ബ്രാഞ്ചിന്റെ അന്വേഷണവും നടത്തിയതിനാൽ ഈ കേസിന്റെ തുടരന്വേഷണം ക്രൈംബ്രാഞ്ച് നടത്തുന്നതാണ് നല്ലതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ കേസ് ക്രൈം ബ്രാഞ്ചിന്റെ പ്രത്യേകസംഘം അന്വേഷണം ഏറ്റെടുത്ത് നടത്തുന്നതിനായി ശുപാർശ ചെയ്തു റിപ്പോർട്ട് അയക്കുകയായിരുന്നു. എന്നാൽ ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ വീഴ്ചയില്ലെന്നും അതുകൊണ്ട് അവർ അന്വേഷിച്ചാൽ മതിയെന്നുമാണ് ക്രൈംബ്രാഞ്ച് നിലപാട്.

കന്യാസ്ത്രീ വിദ്യാർത്ഥിനിയായിരുന്ന ദിവ്യ പി. ജോണിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന െഎ.ജിയുടെ പ്രാഥമികാന്വേഷണ റിപ്പോർട്ട് സംശയം പ്രകടിപ്പിച്ച് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി നേരത്തെ മടക്കിയിരുന്നു. അന്വേഷണം നടത്തി ക്രൈംബ്രാഞ്ച് ഐ.ജി ഗോപേഷ് അഗർവാൾ സമർപ്പിച്ച റിപ്പോർട്ടാണ് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി മടക്കിയത്. മരണത്തിൽ ദുരൂഹത ചൂണ്ടിക്കാട്ടി ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശം നൽകിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും സമയത്തിൽപോലും കൃത്രിമം സംശയിക്കുന്നെന്നും ജോമോൻ മൊഴി നൽകിയിരുന്നു. ലോക്കൽ പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചെന്നും അദ്ദേഹം മൊഴിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ വിശദമായ അന്വേഷണം നടത്താതെയാണ് ദിവസങ്ങൾക്കുള്ളിൽ ഐ.ജി റിപ്പോർട്ട് സമർപ്പിച്ചത്. ലോക്കൽ പൊലീസ് അന്വേഷണം ശരിയാണെന്നും സമർത്ഥിച്ചു. ഇതാണ് തച്ചങ്കരി തിരിച്ചയച്ചത്. കൂടുതൽ വ്യക്തതയോടെ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

റിപ്പോർട്ടിലെ ചില കണ്ടെത്തലുകളിൽ കൂടുതൽ വിശദീകരണം ആവശ്യപ്പെട്ടാണ് ഐജി ഗോപേഷ് അഗർവാളിന്റെ റിപ്പോർട്ട് മടക്കിയത്. തിരുവല്ല സിഐയുടെ അന്വേഷണം ശരിവെക്കുന്ന തരത്തിലാണ് ക്രൈംബ്രാഞ്ച് ഐജി റിപ്പോർട്ട് നൽകിയത്. അഭയാ കേസിനെ പോലുള്ള പുലിവാലുകൾ ചർച്ചയാകുന്നില്ലെന്ന് ഉറപ്പിക്കാനാണ് ഈ മുൻകരുതൽ. അതിനപ്പുറത്തേക്ക് ഈ കേസിൽ കൈ വയ്ക്കാൻ ക്രൈംബ്രാഞ്ചിനും താൽപ്പര്യമില്ലെന്നാണ് സൂചന. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാകും ഇനി നിർണ്ണായകം. അതിനിടെ മരണം ആത്മഹത്യയാണെങ്കിൽ അതിന്റെ കാരണം ഇപ്പോഴും അവ്യക്തമാണ്. ഇതാണ് കന്യാസ്ത്രീ വിദ്യാർത്ഥിനിയുടെ മരണത്തിൽ അവശേഷിക്കുന്ന ഏക ദുരൂഹത.

അതിനിടെ കേസ് അന്വേഷണത്തിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിലടക്കം തിരുവല്ല പൊലീസിന്റെ ഭാഗത്ത് പാളിച്ചകളുണ്ടായെന്ന ആരോപണം ഉയർന്നിരുന്നു. പ്രാഥമിക പോസ്റ്റ് മോർട്ടം റിപോർട്ടിന്റെ അടിസ്ഥാനത്തിൽ ആത്മഹത്യയാകാമെന്ന നിഗമനത്തിലായിരുന്നു നേരത്തെ പൊലീസ്. മഠത്തിൽനടന്ന 21കാരിയായ സന്യസ്ത വിദ്യാർത്ഥിനിയുടെ മരണം തേച്ചുമായ്ച്ചു കളയുന്നതായുള്ള ആരോപണം ശക്തമാണ്. അഭയ കേസിലടക്കം വർഷങ്ങൾനീണ്ട നിയമപോരാട്ടം നടത്തിയ പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരക്കൽ നൽകിയ പരാതിയിലാണ് ഡിജിപിയുടെ നടപടി. പത്തനംതിട്ട ചുങ്കപ്പാറ സ്വദേശിനിയായ ദിവ്യ പി. ജോണിന്റെ മരണത്തിൽ പൊലീസും, കന്യാസ്ത്രീമഠം അധികൃതരും നൽകുന്ന വിവരങ്ങളിൽ ദുരൂഹതയുണ്ടെന്നു അദ്ദേഹം ആരോപിക്കുന്നു. പൊലീസും മഠം അധികൃതരും ഒത്തുകളിക്കുകയാണെന്നും, മരണത്തിൽ ദുരൂഹതയില്ലെന്നു വരുത്തിത്തീർക്കാൻ ബോധപൂർവം ശ്രമിക്കുകയാണെന്നും ആരോപണം ഉണ്ട്. ദിവ്യയെ കിണറ്റിൽനിന്ന് പുറത്തെടുക്കുമ്പോൾതന്നെ മരണപ്പെട്ടിരുന്നു എന്നാണ് പ്രധാന ആരോപണം.

മൃതദേഹം സർക്കാർ ആശുപത്രിയിലേക്ക് മാറ്റാതെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയതും, പൊലീസ് നായയും, വിരലടയാള വിദഗ്ദ്ധരും സംഭവദിവസം മഠത്തിൽ എത്തിയില്ലെന്നതും ദുരൂഹത വർധിപ്പിക്കുന്നു എന്ന് പരാതിയിൽ ആരോപിക്കുന്നു. ആത്മഹത്യ എങ്കിൽ അതിനു കാരണം എന്ത് ? മറ്റെന്തെങ്കിലും ആണെങ്കിൽ അതിന്റെ പിന്നിലാര്? തുടങ്ങി അവശേഷിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം ആവശ്യപ്പെടുന്ന പരാതിയാണ് ജോമോൻ നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP