Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

2018ലെ മഹാപ്രളയത്തിൽ വീട്ടിൽ നിന്ന് രക്ഷപ്പെട്ടത് കുട ചൂടി ആശങ്കയുടെ മുഖവുമായി അണ്ടാവിൽ! 2020ൽ അപ്രതീക്ഷിതമായി വെള്ളം നിറഞ്ഞപ്പോൾ രക്ഷിക്കാനെത്തിയത് അഗ്നിശമന സേനയുടെ റബ്ബർ ബോട്ടും; ഭയാശങ്കയൊന്നുമില്ലാതെ അയൽപക്കത്തുള്ളവരുമായി മാസ്‌ക് ധരിച്ച് കോവിഡുകാലത്തെ രക്ഷപ്പെടൽ; കുണ്ടമൺകടവിലെ വീട്ടിൽ വെള്ളം കയറിയപ്പോൾ മല്ലികാ സുകുമാരനെ സുരക്ഷിത സ്ഥാനത്തെത്തിച്ചത് ഫയർഫോഴ്‌സ്; പൃഥ്വിരാജിന്റേും ഇന്ദ്രജിത്തിന്റേയും അമ്മയുടെ വീട്ടിൽ വീണ്ടും പ്രളയമെത്തിയപ്പോൾ

2018ലെ മഹാപ്രളയത്തിൽ വീട്ടിൽ നിന്ന് രക്ഷപ്പെട്ടത് കുട ചൂടി ആശങ്കയുടെ മുഖവുമായി അണ്ടാവിൽ! 2020ൽ അപ്രതീക്ഷിതമായി വെള്ളം നിറഞ്ഞപ്പോൾ രക്ഷിക്കാനെത്തിയത് അഗ്നിശമന സേനയുടെ റബ്ബർ ബോട്ടും; ഭയാശങ്കയൊന്നുമില്ലാതെ അയൽപക്കത്തുള്ളവരുമായി മാസ്‌ക് ധരിച്ച് കോവിഡുകാലത്തെ രക്ഷപ്പെടൽ; കുണ്ടമൺകടവിലെ വീട്ടിൽ വെള്ളം കയറിയപ്പോൾ മല്ലികാ സുകുമാരനെ സുരക്ഷിത സ്ഥാനത്തെത്തിച്ചത് ഫയർഫോഴ്‌സ്; പൃഥ്വിരാജിന്റേും ഇന്ദ്രജിത്തിന്റേയും അമ്മയുടെ വീട്ടിൽ വീണ്ടും പ്രളയമെത്തിയപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇത്തവണയും വെള്ളപ്പൊക്കത്തിൽ നടി മല്ലികാ സുകുമാരൻ കുടുങ്ങി. ജോർദ്ദാനിൽ ആട് ജീവിതത്തിന്റെ ഷൂട്ടിങ് സെറ്റിൽ നിന്നെത്തിയ മകൻ പൃഥ്വി രാജ് ക്വാറന്റൈനിലാണ്. ഇതിനിെടയാണ് മല്ലികാ സുകുമാരന്റെ പ്രളയത്തിലെ ഒഴുപ്പിക്കൽ വീണ്ടും വാർത്തയാകുന്നത്. രണ്ട് കൊല്ലം മുമ്പ് അണ്ടാവിൽ കയറി വീട്ടിൽ നിന്ന് രക്ഷപ്പെടുന്ന മല്ലികയുടെ ഫോട്ടോ വൈറലായിരുന്നു. ഇത്തവണ അതുണ്ടായില്ല. പകരം രക്ഷാ പ്രവർത്തകരുടെ സഹായത്തോടെ രക്ഷ നേടി. തിരുവനന്തപുരത്തെ കുണ്ടമൺകടവിലെ വീട്ടിൽ വെള്ളം കയറിയതിനെത്തുടർന്ന് നടി മല്ലികാ സുകുമാരൻ ബന്ധുവീട്ടിലേക്ക് മാറി. കുണ്ടമൺകടവ് ഏലാ റോഡിലെ 13 വീടുകളിലാണ് കരമനയാറ്റിൽനിന്ന് വെള്ളം കയറിയത്.

തുടർന്ന് അഗ്‌നിരക്ഷാസേനയുടെ റബ്ബർബോട്ട് കൊണ്ടുവന്ന് വീടുകളിലുള്ളവരെ കരയിലേക്ക് മാറ്റി. ജവഹർനഗറിലെ സഹോദരന്റെ വീട്ടിലേക്കാണ് നടി മാറിയത്. 2018- ലും ഈ ഭാഗത്ത് വെള്ളം കയറിയതിനെത്തുടർന്ന് മല്ലികാ സുകുമാരൻ ഉൾപ്പടെയുള്ളവരെ മാറ്റിയിരുന്നു. ഡാം തുറന്നതാണ് രണ്ടുതവണയും വെള്ളം കയറാൻ കാരണമായതെന്ന് മല്ലികാസുകുമാരൻ പറഞ്ഞു. മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്നത് നാട്ടുകാർക്ക് വലിയ നഷ്ടങ്ങളാണുണ്ടാക്കുന്നത്. വീടിനുപിറകിലെ കനാൽ ശുചിയാക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് പരാതി നൽകിയെങ്കിലും മൂന്നുവർഷമായി നടപടിയുണ്ടായില്ലെന്നും മല്ലിക പറഞ്ഞു മാതൃഭൂമിയാണ് മല്ലികാ സുകുമാരന്റെ 2020ലെ രക്ഷപ്പെടൽ ചിത്രം പ്രസിദ്ധീകരിച്ചത്. ഇതും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

പൃഥ്വിരാജ് ഇന്നലെയാണ് ജോർദ്ദാനിൽ നിന്നെത്തിയത്. ആടു ജീവിതത്തിന്റെ ഷൂട്ടിംഗിന് പോയി കൊറോണ ലോക് ഡൗണിൽ കുടുങ്ങിയതാണ് പൃഥ്വി. കൊച്ചിയിൽ വിമാനം ഇറങ്ങി തന്റെ കാറിൽ നേരെ ക്വാറന്റൈൻകേന്ദ്രത്തിലേക്കാണ് പൃഥ്വി പോയത്. മകൻ എത്തിയ ദിവസം തന്നെയാണ് അമ്മയും വെള്ളപ്പൊക്കത്തിൽ കുടുങ്ങിയത്. കരമനയാറ്റിന്റെ തീരത്ത് താമസിക്കുന്നവരെല്ലാം ഇപ്പോൾ തിരുവനന്തപുരത്ത് ആശങ്കയിലാണ്. അരുവിക്കര ഡാമും മറ്റും തുറന്നു വിട്ടപ്പോൾ മില്ലക രണ്ടാമതും പ്രളയത്തിൽ കുടുങ്ങി. മല്ലികയുടെ മൂത്ത മകൻ ഇന്ദ്രജിത്താണ്. ഇന്ദ്രജിത്തും കൊച്ചിയിലാണ് കുടുംബത്തോടൊപ്പം താമസം.

2018ലെ മഹാപ്രളയത്തിലായിരുന്നു മല്ലികയുടെ ആദ്യ ഒഴിപ്പിക്കൽ. അന്ന് പ്രളയത്തിനിടെയിലെ രക്ഷപ്പെടലിലെ ഫോട്ടോയുമായി ചേർത്ത് ലംബോർഗനിയുമായി ബന്ധപ്പെട്ട ട്രോളുകൾ മല്ലികാ സുകുമാരനെ എല്ലാ വിധത്തിലും അപമാനിക്കുന്നതായിരുന്നു. എല്ലാം പരിധികളും വിട്ട പരിഹാസങ്ങൾ. പരിധി വിട്ടെന്ന് മനസ്സിലായതോടെ ട്രോളുകാർ പിന്മാറി. അപ്പോഴേക്കും അണ്ടാവിൽ പൃഥ്വി രാജിന്റെ അമ്മ രക്ഷപ്പെടുന്ന ഫോട്ടോ വൈറലായിരുന്നു. മല്ലികയെ തേടി നിരവധി ഫോൺ കോളുകളാണ് എത്തിയത്. മക്കളും മരുമക്കളും കൊച്ചുമക്കളും എല്ലാം മറന്ന് രക്ഷാപ്രവർത്തനത്തിൽ സജീവമായിരിക്കുമ്പോഴാണ് മല്ലികാ സുകുമാരനെ കളിയാക്കിയതെന്ന പൊതു വികാരവും സജീവമായി. എന്നാൽ അന്ന് സംഭവിച്ചത് അത്ര വലിയ സംഭവമല്ലായിരുന്നെന്നും ഫോട്ടോയിൽ കാണുന്നത്ര ഭീകര അന്തരീക്ഷമൊന്നും അവിടെ ഉണ്ടായിരുന്നില്ലെന്നും മല്ലിക പറയുന്നു.

2018ലെ രക്ഷപ്പെടൽ മല്ലിക വിവരിച്ചത് ഇങ്ങനെ

2018ൽ വീട്ടിലെ പോണ്ടിൽ നിന്നാണ് കുണ്ടമൺ കടവിലെ മല്ലികയുടെ വീട്ടിൽ വെള്ളം കയറിയതെന്നായിരുന്നു വാർത്ത. വീടിന് മുമ്പിൽ നിർത്തിയിരുന്ന കാറിൽ കയറാനാണ് അണ്ടാവിന്റെ സഹായം തേടിയതെ്. എന്ന് സംഭവിച്ചത് മല്ലികാ സുകുമാരൻ തന്നെ പറഞ്ഞിരുന്നു. 'എല്ലാവരും ക്ഷമിക്കണം. ഇന്നലെ രാത്രി 12 മണിക്ക് അമേരിക്ക മുതൽ തുടങ്ങിവന്ന അന്വേഷണത്തിന് മറുപടി എഴുതി കൈ വേദനയെടുക്കുന്നു. വയസായി. എനിക്കിനി എഴുതാൻ വയ്യ. ഞങ്ങടെ വീട്ടിൽ വെള്ളം കയറിയത് പ്രളയ വെള്ളമല്ല. ഞങ്ങളുടെ റോഡിലൊക്കെ നിറച്ചും വെള്ളമായി. എന്റെ കാർ പോർട്ടിക്കോയിൽ വരെ വന്നു. റോഡിൽ നിന്ന് കുറച്ച് പൊങ്ങിയാണ് വീട്. ഞങ്ങൾക്ക് വീടിനകത്തൊരു വാട്ടർ ബോഡിയുണ്ട്. കുറച്ച് മീനൊക്കെയുണ്ട്. മക്കളും കൊച്ചുമക്കളും ഓണത്തിനു വരുമെന്നു പറഞ്ഞപ്പോൾ ഞാനതിന്റെ വെള്ളമൊക്കെ വറ്റിച്ച് കഴുകിയിട്ടു. അല്ലെങ്കിൽ കൊച്ചുമക്കളെല്ലാം കൂടി സ്വിമ്മിങ് പൂളാണെന്നും പറഞ്ഞ് മീനിന്റെ കൂടെ കിടന്ന് ചാടും. അതിന്റെ സൈഡിൽ ഓട പോലെ ഒരു സാധനമുണ്ട്. മുമ്പിലെ കനാല് നിറഞ്ഞതിന്റെ പ്രഷറായിരിക്കാം. ആ ഓട പോലത്തെ സാധനത്തിലൂടെ അകത്തോട്ട് വെള്ളം കയറാൻ തുടങ്ങി. ചെളികലർന്ന വെള്ളം. പിന്നെ അത് നിറഞ്ഞ് റൂമിലൊക്കെ വന്നു. ഇപ്പോൾ അതൊക്കെ മാറി'.

'ഞാൻ കാണിച്ചൊരു അബദ്ധം എന്താണെന്നു വച്ചാൽ, വീട്ടിലെ മുമ്പത്തെ ചെളിവെള്ളത്തിലൂടെ നടക്കാൻ വയ്യ. അപ്പോൾ നേരെ മുമ്പിലെ വീട്ടിൽ താമസിക്കുന്ന പ്രൊഫസറിന്റെ ഭാര്യ ചെമ്പിൽ കയറി ആ കാറ് കടക്കുന്നിടം വരെ പോയി. ഞാനും കയറി. ഒരു പത്തോ എഴുപത്തഞ്ചോ മീറ്ററേ ഉള്ളൂ. എനിക്കു കാണാം വണ്ടി വന്നു കിടക്കുന്നത്. ഞാനാ കാറിലെത്താൻ വേണ്ടി ഇതിൽ കയറിയിരുന്നപ്പോൾ ആരോ ഫോട്ടോ എടുത്ത് അത് നാടുമുഴുവൻ പ്രചരിപ്പിച്ചു. സത്യം പറഞ്ഞാൽ ഇരിക്കപ്പൊറുതിയില്ല. എന്നാൽ അതിനപ്പുറത്തൊക്കെ മക്കളേ എടാ മോനേ, എന്നേംകൂടൊന്നാ റോഡിലോട്ട് വിടെടാ എന്നും പറഞ്ഞ് എത്ര അമ്മച്ചിമാര് കരയുന്നു. അവരുടെ ഒന്നും വിഡിയോയും എടുക്കണ്ട രക്ഷിക്കുകയും വേണ്ട സഹായിക്കുകയും വേണ്ട. എന്തായാലും കൊള്ളാം. ഇപ്പോൾ വീട്ടിൽ തന്നെയാണ്. ക്ലീനിങൊക്കെ കഴിഞ്ഞു.'

'ഒരു അയ്യായിരം മെസ്സേജ് എങ്കിലും ഞാൻ എഴുതി അയച്ചു കാണും. അത്ര തന്നെ ഫോൺ കോൾസും വന്നിട്ടുണ്ട്. ദോഹ, ദുബായ്, സൗത്ത് ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിൽ നിന്നൊക്കെ സ്വന്തക്കാരും ബന്ധുക്കളും വേണ്ടപ്പെട്ട സുഹൃത്തുക്കളും നിങ്ങളെപ്പോലുള്ളവരുമൊക്കെ വിളിച്ചു. ഇനി ഒരക്ഷരം എഴുതാൻ കൈ വയ്യ'. അന്വേഷിച്ചവരോടൊക്കെ സ്‌നേഹവും നന്ദിയുമുണ്ട്. എന്നാലും ഇതൊരു വല്ലാത്ത ചെയ്ത്തായി പോയി. ദൂരെ ഇരിക്കുന്നവർ പേടിച്ച് പോയി ഇതൊക്കെ കണ്ടിട്ട്.'മല്ലികാ സുകുമാരൻ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. റോഡ് മോശമായതിനാൽ പൃഥ്വിരാജിന്റെ ലംബോർഗിനി കാർ വീട്ടിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ലെന്ന മല്ലിക സുകുമാരന്റെ മുൻ പ്രസ്താവന വരെ എടുത്ത് പ്രയോഗിച്ചായിരുന്നു പലരും മല്ലികയെ ട്രോളിയത്.

ലംബോർഗിനിയിലും ട്രോളർമാരോട് പരിഭവിച്ചില്ല

മകൻ പൃഥ്വിരാജ് ലംബോർഗിനി സ്വന്മാക്കിയെങ്കിലും അത് വീട്ടിലെത്തിക്കാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞ മല്ലിക സുകുമാരനു നേരെ ട്രോളുകളുടെ പെരുമഴയായിരുന്നു അന്നും ഉണ്ടായത്. ഇതോടെ വിഷയം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറി. ഇതിൽ മല്ലിക സുകുമാരനെ വിമർശിച്ച് പലരീതിയിലുള്ള ട്രോളുകളും വന്നിരുന്നു. വിഷയത്തിൽ അന്നൊന്നും പ്രതികരിച്ചില്ലെങ്കിലും പിന്നീട് ഒരു ചാനൽ പരിപാടിക്കിടെ മല്ലിക വിഷയത്തിൽ പ്രതികരിച്ചിരിച്ചിരുന്നു.

ലംബോർഗിനി കാറിന്റെ ഉടമ ഞാനല്ല. അതെന്റെ മകൻ വാങ്ങിയ കാറാണ്. മകൻ കാർ വാങ്ങിയിട്ടുണ്ടെങ്കിൽ അത് അവനും അവന്റെ ഭാര്യയ്ക്കും മക്കൾക്കും ഉള്ളതാണ്. ലംബോർഗിനിയെക്കുറിച്ച് സംസാരിച്ചത് സോഷ്യൽമീഡിയ വൻ ചർച്ചാവിഷയമാക്കി. അതുകൊണ്ട് ഞാൻ വലിയ താരവുമായി. - ഇതായിരുന്നു മല്ലിക സുകുമാരന്റെ പ്രതികരണം. ട്രോളുകൾ വരുന്നകാര്യം ആദ്യം അറിയിച്ചതും പൃഥ്വിയാണെന്നും മല്ലിക പറഞ്ഞിരുന്നു.. ട്രോൾ വന്ന കാര്യം ആദ്യം എന്നെ അറിയിച്ചത് പൃഥ്വിയും ഇന്ദ്രജിത്തുമാണ്. ഞാൻ ലംബോർഗിനി വാങ്ങിയ കാര്യം അമ്മ പൊങ്ങച്ചമായി പറഞ്ഞ രീതിക്കാണ് വന്നതെന്ന് പൃഥ്വി പറഞ്ഞു. 'ഓ പൊങ്ങച്ചമാണെങ്കിൽ പൊങ്ങച്ചം. അമ്മ തന്നെയല്ലെ പറഞ്ഞത്, വഴിയേ പോയവരല്ലല്ലോ' എന്ന് ഞാനും മറുപടി നൽകി. പക്ഷേ ഇത് ഇത്രയും വലിയ വിഷയമാകുമെന്ന് ഞാൻ കരുതിയില്ല.

എന്തെങ്കിലും സീരിയലും കണ്ട് സീരിയലിൽ അഭിനയിച്ചും ഇടയ്ക്ക് ദോഹയിൽ പോയും സമയം കഴിച്ചുപോവുകയായിരുന്നു ഞാൻ. ഇതോടെ എന്നെ പെട്ടെന്ന് എല്ലാവരും ചേർന്ന് സൂപ്പർതാരമാക്കി. 'അടുത്ത കാലത്ത് പൃഥ്വിരാജ് ലംബോർഗിനി വാങ്ങി. ചേച്ചി ആ വണ്ടി ഇവിടെ വന്നോ, ചേച്ചി കണ്ടോ, അതിൽ കേറി യാത്ര ചെയ്തോ' എന്നാണ് അഭിമുഖം ചെയ്തയാൾ എന്നോട് ചോദിച്ചത്. ഞാൻ വണ്ടി കണ്ടു, യാത്ര ചെയ്തില്ല. റോഡ് പ്രശ്നമായതിനാൽ തിരുവനന്തപുരത്തുകൊണ്ടുവരാൻ ബുദ്ധിമുട്ടുണ്ട്. എന്നാണ് ഞാൻ പറഞ്ഞത്. ഇതോടെയാണ് ട്രോൾ തുടങ്ങിയത്. ശരിക്കും എനിക്ക് ട്രോളർമാരോട് സ്നേഹമുണ്ട്. ഞാൻ താരമായെങ്കിലും എനിക്ക് ഒരപേക്ഷയുണ്ട്. സാമൂഹ്യ പ്രശ്നങ്ങൾക്കെതിരെ അവർ ശബ്ദിക്കണം. അല്ലാതെ അത് ചൂണ്ടിക്കാട്ടുന്ന ആൾക്കാരുടെ നേർക്കല്ല. എന്നെ ട്രോളിയതിൽ പ്രശ്നമില്ല. എനിക്ക് പ്രായമായി. ഇതൊക്കെ കേൾക്കാനും വായിക്കാനും എനിക്ക് ഇഷ്ടമാണ്.

ട്രോൾ കണ്ട് നിരവധിപ്പേർ മെസേജ് ചെയ്തു. സിനിമാക്കാർക്ക് ഫാൻസ് ഉണ്ട്, രാഷ്ട്രീയക്കാർക്ക് അവരുടേതായ കുറേ അണികൾ കാണും. പക്ഷേ ഇതൊന്നും ഇല്ലാതെ, ഷഷ്ടിപൂർത്തി കഴിഞ്ഞ ഒരമ്മ ജനത്തിനെ കൊണ്ട് ട്രോളുകാർക്കെതിരെ പ്രതികരിപ്പിച്ച ആദ്യത്തെ താരമാണ് മല്ലിക ചേച്ചി എന്നാണ് എല്ലാവരും പറഞ്ഞത്. - മല്ലിക സുകുമാരൻ അന്ന് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

ഫോട്ടോ കടപ്പാട്-മാതൃഭൂമി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP