Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യം പാമ്പ് കടിയേൽക്കുന്നതിന് രണ്ടു ദിവസം മുൻപ് ഭർതൃവീട്ടിലെ കിടപ്പുമുറിക്ക് സമീപം ഉത്ര പാമ്പിനെ കണ്ടു; മൊബൈൽ ഫോൺ എടുക്കാൻ ഭർത്താവ് നിർദേശിച്ചപ്പോൾ സ്റ്റെപ്പ് കയറി മുകളിലെ മുറിയിലെത്തിയപ്പോൾ പാമ്പിനെ കണ്ട് ഉത്ര ഉറക്കെ നിലവിളിച്ചു; നിലവിളി കേട്ടെത്തിയ സൂരജ് പാമ്പിനെ നിഷ്പ്രയാസം കൈയിലെടുത്ത് ചാക്കിലാക്കി; രണ്ടാം തവണ പാമ്പ് കടിയേൽക്കുന്ന ദിവസം സൂരജ് വീട്ടിലേക്ക് ഒരു ബാഗ് കൊണ്ടുവന്നു; ഇതിൽ എന്തായിരുന്നു എന്നറിയില്ല; ഉത്രയുടെ മരണത്തിൽ അസ്വഭാവികത ആവർത്തിച്ചു മാതാപിതാക്കൾ

ആദ്യം പാമ്പ് കടിയേൽക്കുന്നതിന് രണ്ടു ദിവസം മുൻപ് ഭർതൃവീട്ടിലെ കിടപ്പുമുറിക്ക് സമീപം ഉത്ര പാമ്പിനെ കണ്ടു; മൊബൈൽ ഫോൺ എടുക്കാൻ ഭർത്താവ് നിർദേശിച്ചപ്പോൾ സ്റ്റെപ്പ് കയറി മുകളിലെ മുറിയിലെത്തിയപ്പോൾ പാമ്പിനെ കണ്ട് ഉത്ര ഉറക്കെ നിലവിളിച്ചു; നിലവിളി കേട്ടെത്തിയ സൂരജ് പാമ്പിനെ നിഷ്പ്രയാസം കൈയിലെടുത്ത് ചാക്കിലാക്കി; രണ്ടാം തവണ പാമ്പ് കടിയേൽക്കുന്ന ദിവസം സൂരജ് വീട്ടിലേക്ക് ഒരു ബാഗ് കൊണ്ടുവന്നു; ഇതിൽ എന്തായിരുന്നു എന്നറിയില്ല; ഉത്രയുടെ മരണത്തിൽ അസ്വഭാവികത ആവർത്തിച്ചു മാതാപിതാക്കൾ

ആർ പീയൂഷ്

കൊല്ലം: പാമ്പുകടിയേറ്റു മരിച്ച ഉത്രയുടെ മരണത്തിനു പിന്നിൽ ഭർത്താവ് സൂരജ് തന്നെയെന്ന ആരോപണം ആവർത്തിച്ചു പറഞ്ഞ് മാതാപിതാക്കൾ. ആദ്യം പാമ്പ് കടിയേൽക്കുന്നതിന് രണ്ടു ദിവസം മുൻപ് ഭർതൃവീട്ടിലെ കിടപ്പു മുറിക്ക് സമീപം വച്ച് ഉത്ര പാമ്പിനെ കണ്ടിരുന്നതായി തങ്ങളോട് പറഞ്ഞിരുന്നതായി ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടൻ മലയാളിയോട് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 29 നായിരുന്നു സംഭവം.

അടൂർ പറക്കോടുള്ള സൂരജിന്റെ വീട്ടിലെ മുകൾ നിലയിലായിരുന്നു ഉത്രയുടെയും സൂരജിന്റെയും ബെഡ്റൂം. റൂമിലിരിക്കുന്ന മൊബൈൽ ഫോൺ എടുത്തു കൊണ്ടു വരാനായി സൂരജ് ഉത്രയോട് പറഞ്ഞു. സ്റ്റെപ്പ് കയറി മുകളിലെത്തിയപ്പോൾ റൂമിന് സമീപമായി ഒരു ഇഴ ജന്തുവിനെ കണ്ടു. പേടിച്ചു പോയ ഉത്ര ഉറക്കെ നിലവിളിച്ചു. നിലവിളി കേട്ട് മുകളിലേക്ക് വന്ന സൂരജ് ഇഴ ജന്തുവിനെ നിഷ്പ്രയാസം കൈകളിലെടുത്ത് ചാക്കിനുള്ളിലാക്കുകയും ചെയ്തു. അന്ന് ഇക്കാര്യം വീട്ടിൽ വിളിച്ചു പറയുകയും ഭർത്താവിന്റെ ധീരതയെ പറ്റി വാചാലയാവുകയും ചെയ്തിരുന്നു.

ഇതു കൂടാതെ ഇടയ്ക്ക് സൂരജിന്റെ സുഹൃത്തുക്കൾ പാമ്പുകളുമായി വീട്ടിലെത്താറുണ്ടെന്നും ഉത്ര പറഞ്ഞിരുന്നതായി വിജയസേനൻ പറയുന്നു. പാമ്പുകളെ സൂരജ് കൈകളിലെടുക്കുകയും പത്തിയിൽ ഉമ്മ വയ്ക്കുകയും ഉത്രയെ പാമ്പിനെ കൊണ്ട് സ്പർശിപ്പിക്കുയും ചെയ്തിട്ടുണ്ട്. ഇതൊക്കെ സൂരജിന് പാമ്പുകളുമായുള്ള ബന്ധം സൂചിപ്പിക്കുന്നതാണെന്നും മാതാപിതാക്കൾ പറയുന്നു. രണ്ടാം തവണ പാമ്പ് കടിയേൽക്കുന്ന ദിവസം സൂരജ് വീട്ടിലെത്തിയപ്പോൾ ഒരു ബാഗ് കൊണ്ടു വന്നിരുന്നു. ഇതിൽ എന്തായിരുന്നു എന്ന് ആർക്കും അറിയില്ല. മരണം നടന്ന് ആറാം ദിവസമാണ് സുരജും അമ്മയും അഞ്ചലിൽ നിന്നും മടങ്ങുന്നത്.

മടങ്ങിയ ദിവസം സൂരജിന്റെ മാതാവിന് ശ്വാസ തടസം ഉണ്ടാവുകയും അഞ്ചലിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഉത്രയുടെ സഹോദരനും പിതാവും കൂടിയാണ് ആശുപത്രിയിൽ കൊണ്ടു പോയത്. ഇതിനിടയിൽ ഇവരെ ഉത്രയുടെ ബന്ധുക്കൾ തടഞ്ഞു വച്ചിരിക്കുകയാണ് എന്ന് കാട്ടി സൂരജിന്റെ സഹോദരി അടൂർ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ആരാഞ്ഞപ്പോൾ പരാതിയിൽ അടിസ്ഥാനമില്ലെന്ന് മനസ്സിലായി. ഇതിന് ശേഷമായിരുന്നു ഇവർ അടൂരിലേക്ക് മടങ്ങിയത്.

ഉത്രയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി മാതാപിതാക്കൾ പരാതി നൽകിയപ്പോൾ മരണത്തിന് പിന്നിൽ ഉത്രയുടെ സഹോദരനാണ് എന്നാരോപിച്ച് അടൂർ പൊലീസിന് ഭർത്താവ് സൂരജ് പരാതി നൽകി. ഇതോടെ ഉത്രയുടെ മാതാപിതാക്കൾക്ക് സംശയം ബലപ്പെട്ടു. കൂടാതെ മുൻപ് പല തവണ ഉത്രയെ ഭീഷണിപ്പെടുത്തിയും ശാരീരിക പീഡനം നടത്തിയും ലക്ഷക്കണക്കിന് രൂപ സൂരജ് വാങ്ങിയിരുന്നതായും മാതാപിതാക്കൾ പറയുന്നു. വിവാഹം കഴിക്കുമ്പോൾ മൈക്രോ ഫിനാൻസിലായിരുന്നു ജോലി. അവിടെ സാമ്പത്തിക തിരിമറി നടത്തിയതിനെ തുടർന്ന് അൻപതിനായിരത്തോളം രൂപ തിരികെ അടക്കാൻ സഹായിച്ചത് ഉത്രയുടെ പിതാവായിരുന്നു. ഇപ്പോൾ എച്ച്ഡിബി ഫിനാൻസിൽ തവണ മുടങ്ങിയ വാഹനങ്ങളുടെ സിസി പിടുത്തമാണ് ജോലി.

സൂരജിന്റെ കുടുംബം അയൽപക്കത്തുള്ളവരുമായി യാതൊരു സഹകരണവുമില്ലാത്തവരാണെന്ന് പൊലീസ് പറയുന്നു. കേസിൽ നിർണ്ണായക വിവരങ്ങൾ അന്വേഷണത്തിൽ ലഭിച്ചിട്ടുള്ളതായും ഒരാഴ്ചക്കകം വിശദ വിവരങ്ങൾ അറിയാനാകും എന്നും അഞ്ചൽ പൊലീസ് അറിയിച്ചു. കഴിഞ്ഞ ഏഴിനാണ് അഞ്ചൽ ഏറം വെള്ളിശേരിൽ വീട്ടിൽ വിജയസേനൻ - മണിമേഖലാ ദമ്പതികളുടെ മകൾ ഉത്ര (25) പാമ്പ് കടിയേറ്റു മരിച്ചത്. മൂന്നു മാസത്തിനിടെ രണ്ടാം വട്ടമാണ് ഉത്രയെ പാമ്പ് കടിക്കുന്നത്. ഉറക്കത്തിൽ തന്നെയായതിനാൽ കടിയേറ്റതറിഞ്ഞില്ല. തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. പാമ്പ് കടിയേറ്റതിനെ തുടർന്നുള്ള ചികിത്സയുടെ ഭാഗമായി സ്വന്തം വീട്ടിൽ എത്തിയതായിരുന്നു ഉത്ര. രാത്രി ഉറങ്ങാൻ കിടന്ന ഉത്ര പിന്നെ എഴുന്നേറ്റതേയില്ല. പിറ്റേന്ന് രാവിലെ അമ്മ ചായയുമായി എത്തി ഉത്രയെ കുലുക്കിവിളിക്കുമ്പോൾ അനക്കമില്ലായിരുന്നു. ഉടൻ തന്നെ അഞ്ചലിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മരിച്ചതായി വീട്ടുകാർ അറിഞ്ഞത്.

മാർച്ച് രണ്ടിനാണ് ഭർത്താവിന്റെ അടൂർ പറക്കോട്ടെ വീട്ടിൽവച്ച് ഉത്രയെ ആദ്യമായി പാമ്പ് കടിക്കുന്നത്. വീടിന് പുറത്ത് വച്ച് രാത്രിയിൽ അണലി കടിക്കുകയായിരുന്നു. ഉടൻ തന്നെ പുഷ്പഗിരി മെഡിക്കൽ കോളേജിൽ എത്തിച്ച് ചികിത്സ നൽകിയതിനാൽ രക്ഷപെടുകയായിരുന്നു. അന്ന് അണലിയാമെന്ന് തിരിച്ചറിഞ്ഞതിനാലാണ് വേഗം തന്നെ മറുമരുന്ന് നൽകി സുഖപ്പെടുത്താൻ കഴിഞ്ഞത്. സാധാരണ അണലി കടിച്ചാൽ ജീവൻ തിരികെ കിട്ടില്ലാ എന്നിരിക്കെ എല്ലാവരെയും അത്ഭുതപ്പെടുത്തിയാണ് ഉത്ര ജീവിതത്തിലേക്ക് തിരികെ എത്തിയത്.

ലക്ഷക്കണക്കിന് രൂപ തന്നെ ചികിത്സയ്ക്കായി വീട്ടുകാർ ചെലവിട്ടിരുന്നു. തിരുവല്ല പുഷപഗിരി മെഡിക്കൽ കോളേജിൽ ദീർഘമായ ചികിത്സയും ഉത്രയ്ക്ക് വേണ്ടി നടത്തിയിരുന്നു. കടിയേറ്റ കാലിൽ പ്ലാസ്റ്റിക് സർജറിയും നടത്തിയിരുന്നു. ചികിത്സയ്ക്കു ശേഷം ഒരു വയസുള്ള മകൻ ധ്രുവിനെ ഭർതൃവീട്ടിലാക്കിയാണ് ഉത്ര സ്വന്തം വീട്ടിലേക്ക് വിശ്രമത്തിനു എത്തിയത്.

ഉത്രയെ തുടർ ചികിത്സയ്ക്കായി തിരുവല്ല പുഷ്പഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ബുധനാഴ്ച ഭർത്താവ് സൂരജും എത്തി. വീട്ടിലെ രണ്ടു കട്ടിലിൽ ആണ് ഇവർ കിടന്നിരുന്നത്. ഇതിനിടയിലാണ് പാമ്പ് കടിയേറ്റത്. 2018ലാണ് ഉത്രയെ സൂരജ് വിവാഹം കഴിച്ചത്. നൂറു പവൻ സ്വർണവും വലിയൊരു തുക സ്ത്രിധനവും നൽകിയതായി ബന്ധുക്കൾ പറയുന്നു. കൂടുതൽ പണം ആവശ്യപ്പെട്ട് ഉത്രയെ സൂരജ് നിരവധിതവണ മാനസ്സികമായി പീഡിപ്പിച്ചുവെന്ന് പൊലീസിന് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP