Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എരിക്കിൽ പാൽ വായിലേക്കൊഴിച്ചോ നെൽമണിയും നിലക്കടലയും കൊടുത്ത് ശ്വാസതടസ്സമുണ്ടാക്കിയോ പിഞ്ചു പെൺകുട്ടികളെ കൊല്ലുന്നത് രക്ഷിതാക്കൾ തന്നെ; അരളിക്കായ അരച്ചുകൊടുത്തും ചെളിവെള്ളം കുടിപ്പിച്ചും വൃദ്ധരായ മാതാപിതാക്കളെയും കൊല്ലാം; കോവിഡ് കാലത്തെ ദാരിദ്ര്യത്തിൽ അനാചാരങ്ങൾ പുനർജ്ജനിക്കുന്നു; പിഞ്ചു പെൺകുഞ്ഞുങ്ങളെയും വൃദ്ധരെയും കൊല്ലുന്ന പ്രാകൃത ആചാരങ്ങൾ തിരിച്ചുവരുന്നതിന്റെ ഞെട്ടലിൽ തമിഴകം

എരിക്കിൽ പാൽ വായിലേക്കൊഴിച്ചോ നെൽമണിയും നിലക്കടലയും കൊടുത്ത് ശ്വാസതടസ്സമുണ്ടാക്കിയോ പിഞ്ചു പെൺകുട്ടികളെ കൊല്ലുന്നത് രക്ഷിതാക്കൾ തന്നെ; അരളിക്കായ അരച്ചുകൊടുത്തും ചെളിവെള്ളം കുടിപ്പിച്ചും വൃദ്ധരായ മാതാപിതാക്കളെയും കൊല്ലാം; കോവിഡ് കാലത്തെ ദാരിദ്ര്യത്തിൽ അനാചാരങ്ങൾ പുനർജ്ജനിക്കുന്നു; പിഞ്ചു പെൺകുഞ്ഞുങ്ങളെയും വൃദ്ധരെയും കൊല്ലുന്ന പ്രാകൃത ആചാരങ്ങൾ തിരിച്ചുവരുന്നതിന്റെ ഞെട്ടലിൽ തമിഴകം

എം മാധവദാസ്

'ഉസലാംപട്ടി പെൺകുട്ടി മുത്തുപ്പേച്ച്'..... എന്ന എ ആർ റഹ്മാന്റെ ഹിറ്റായ ഗാനം സത്യത്തിൽ ഒരു നാടിന്റെ ദയനീയമായ അവസ്ഥയുടെ പ്രതിരൂപം കൂടിയായിരുന്നു. തമിഴ്‌നാട്ടിലെ മധുര, ഉസാലംപട്ടി, വിരുദനഗർ, തേനി, തുടങ്ങിയ പ്രദേശങ്ങളിൽ 90കളുടെ പകുതിവരെ ശക്തമായ നിലനിന്നുരുന്ന ആചാരമായിരുന്നു നവജാത പെൺകുട്ടികളുടെ കൊലപാതം. നെൽമണിയോ, എരിക്കിൻപാലോ വായിൽ ഇറ്റിച്ചുകൊടുത്ത് സ്വന്തം അമ്മയോ അച്ഛനോ തന്നൊവും ഈ പിഞ്ചുപെൺകുട്ടിയെ കൊല്ലുന്നത് എന്നോർക്കം. 80 കളിലൊക്കെ ഈ പ്രദേശത്ത് സ്ത്രീകളുടെ ജനസംഖ്യ വല്ലാതെ കുറഞ്ഞിരുന്നു. കടുത്ത ദാരിദ്രം തന്നെയായിരുന്നു പ്രശ്‌നം. സ്ത്രീധന സമ്പ്രദായം ശക്തമായ തമിഴ്‌നാട്ടിൽ, രണ്ടുപെൺകുട്ടികൾക്ക് പിന്നാലെ അടുത്തതും പെണ്ണായാൻ മരണം ഉറപ്പായിരുന്നു. അങ്ങനെ തന്റെ വർഗത്തെകൊല്ലുന്ന ഉസലാംപട്ടിയിൽനിന്ന് ഒരു പെൺകുട്ടി എല്ലാ അതിജീവിച്ചുവന്നാൽ അവൾ എന്ത് തൻേറടിയായിരക്കുമെന്ന് 'ഉസലാംപട്ടി പെൺകുട്ടിയെന്നതുകൊണ്ട്' കവി ഉദ്ദേശിച്ചത്. ഭാരതീരാജയുടെ ദേശീയ അവാർഡിന് അർഹമായ കഥയായ കുറത്തുമ്മയും പറയുന്നത് തമിഴ്‌നാട്ടിലെ പെൺശിശുഹത്യകളെ കുറിച്ചായിരുന്നു

പ്രാകൃതമായ വിശ്വാസങ്ങളുമായി ബന്ധപ്പെടുത്തി മാരിയമ്മ കോപമായി ചിത്രീകരിച്ച്, പാൽമണം മാറാത്ത കുട്ടികളെ കൊല്ലുന്നതിന് അവർക്ക് ഒരു ന്യായീകരണവും ഉണ്ടായിരുന്നു. എരിക്കൻപാലും നെൽമണിയും കൊടുത്ത് കുട്ടികളെ കൊല്ലാൻ കഴിയുന്ന വിദഗ്ധരായ വയറ്റാട്ടികളും നാട്ടിൻ പുറങ്ങളിൽ ഉണ്ടായിരുന്നു. ഇത് ബിബിസിയിൽവരെ ഡോക്യുമെന്റി ആവുകയും, തമിഴ്‌നാട്ടിലെ സ്ത്രീ മുന്നേറ്റ പ്രസ്ഥാനങ്ങളും, ഇടതുപക്ഷ സംഘടനകളും പ്രശ്‌നം ഏറ്റെടുക്കുകയും ചെയ്തതോടെയാണ് സർക്കാർ ശ്രദ്ധ ഇങ്ങോട്ട് തിരിഞ്ഞത്. തുടന്നങ്ങോട്ട് ജയലളിത സർക്കാരൊക്കെ വൻ പദ്ധതികളാണ് പെൺകുട്ടികളുടെ സുരക്ഷക്കായി പ്രഖ്യാപിച്ചത്. ഒപ്പം നിയമ നടപടിയും കർശനമാക്കി. നവജാത ശിശുക്കളുടെ ഓരോ മരണവും പോസ്റ്റ്‌മോർട്ടം ചെയ്യപ്പെട്ടു. മാത്രമല്ല പെൺകുട്ടികൾ ഉണ്ടായാൽ തന്നെ രക്ഷിതാവിന്റെ അക്കൗണ്ടിലേക്ക് ആയിരം രൂപ എത്തുകയും തുടർന്നുള്ള പഠനമടക്കമുള്ള എല്ലാകാര്യങ്ങളും സൗജന്യമാക്കിയും തമിഴനാട് സർക്കാർ പ്രഖ്യാപിച്ചു. അതോടെ ഇന്ത്യക്കുതന്നെ നാണക്കേടായ പെൺശിശു മരണം മധുര- ഉസലാംപട്ടി മേഖലയിൽനിന്ന് ഏതാണ്ട് പുർണ്ണമായെന്നോണം ഇല്ലാതായി.

പക്ഷേ ഈ വർഷം അതായത് 2020ൽ മധുര ജില്ലാ അധികൃതർ വീണ്ടും ഞെട്ടി. നാല്് പെൺ ശിശുഹത്യകളാണ് മധുരയിൽനിന്ന് റിപ്പോർട്ട് ചെയ്തത്. അതിന്റെ ഏറ്റവും ഒടുവിലത്തേത് ആയിരുന്നു ദിവസങ്ങൾക്ക് മുമ്പ് മധുര ജില്ലയിൽ ഷോളവന്ദൻ പഞ്ചായത്തിൽ ഉണ്ടായത്. നാലാമത്തെ കുഞ്ഞും പെൺകുട്ടിയായതോടെ കഴിഞ്ഞ വ്യാഴാഴ്ച അച്ഛനും മുത്തശ്ശിയും ചേർന്ന് എരുക്കിൻപാൽ നാവിലിറ്റിച്ചാണു കുഞ്ഞിന്റെ ജീവനെടുത്തത്. ഈ വർഷത്തെ നാലമത്തെ മരണം! ഇതോടെ വനിതാസംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. നിർമ്മാർജ്ജനം ചെയ്തുവെന്ന് കരുതിയ ശിശുഹത്യകൾ തിരിച്ചുവരുന്നുവെന്നത് ഞെട്ടലോടെയാണ് അധികൃതർ കേട്ടത്. ഒപ്പം കഴിഞ്ഞ രണ്ടുവർഷങ്ങൾക്കിടെ ഈ മേഖലയിൽ ഉണ്ടായ മുഴുവൻ അസ്വാഭാവിക ശിശു മരണങ്ങളിലും പ്രാഥമിക അന്വേഷണം നടത്താനും തീരുമാനം ആയിട്ടുണ്ട്. കോവിഡ് കാലത്ത് പണിയില്ലാതായിനാൽ എങ്ങനെ കുട്ടിയെപോറ്റും എന്നതിനാലാണ് കുഞ്ഞിനെ നശിപ്പിക്കാൻ തീരുമാനിച്ചത് എന്നായിരുന്നു ഷോളവന്ദനിലെ പിതാവിന്റെ മൊഴി.

അതിനേക്കാൾ ഞെട്ടിക്കുന്ന മറ്റൊരു വാർത്തക്കും ഈ കോവിഡ് കാലത്ത് തെക്കൻ തമിഴകം സാക്ഷിയായി. പെൺ ശിശുഹത്യപോലെ തന്നെ വൃദ്ധരെ കൊല്ലുന്ന മറ്റൊരു ഏർപ്പാടും ഇവിടുത്തെ ഗ്രാമങ്ങളിൽ ഉണ്ടായിരുന്നു.'തലൈക്കൂത്തൽ' എന്ന ഈ പ്രാകൃത ആചാരവും മധുരയിൽനിന്ന് ഈയിടെ റിപ്പോർട്ട് ചെയ്തു. തെക്കൻ തമിഴനാടിന്റെ പ്രകതാവസ്ഥ തെളിയിക്കുന്നവയായിരുന്നു ഇത്. ഈ തലൈക്കൂത്തൽ' ആചാരവും ദീർഘകാലത്തെ ബോധവത്ക്കരണത്തിനും നിയമ നടപടിക്കും ശേഷം അവസാനിപ്പിച്ചതായിരുന്നു. കുടുത്ത ജാതി സ്പരിറ്റ് നില നിൽക്കുന്ന ഗ്രാമങ്ങൾ കൂടിയാണിത്.ദുരഭിമാനഹത്യകൾ ആവർത്തിക്കുന്ന പ്രദേശങ്ങൾ. അടുത്തകാലത്തുവരെ ജാതിമതിലും ജാതിക്കുളവും നില നിന്നിരുന്ന പ്രദേശങ്ങൾ. പ്രാകൃത ആചാരങ്ങളെ കുറിച്ച് ഡോക്യുമെന്റി എടുത്ത എഴുത്തുകാരൻ അമുദനെപ്പോലുള്ളവർ പറയുന്നത് ഭൂമിയിൽ ഒരു നരകം ഉണ്ടെങ്കിൽ അത് തെക്കൻ തമിഴനാട് ആണെന്നാണ്.

പിഞ്ചുവായിലേക്ക് ഉറ്റവർ തന്നെ വിഷം ഒഴിക്കുമ്പോൾ

അഞ്ചു ദിവസം മുമ്പ് മധുര ജില്ലയിൽ ഷോളവന്ദൻ പഞ്ചായത്തിൽനിന്നാണ് ക്രൂരമായ ശിശുഹത്യയുടെ വാർത്ത പുറത്തുവന്നത്. നാലാമത്തെ കുഞ്ഞും പെൺകുട്ടിയായതോടെ കഴിഞ്ഞ വ്യാഴാഴ്ച അച്ഛനും മുത്തശ്ശിയും ചേർന്ന് എരുക്കിൻപാൽ നാവിലിറ്റിച്ചാണു കുഞ്ഞിന്റെ ജീവനെടുത്തത്. മധുരയിൽ രണ്ടു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ പെൺശിശുഹത്യ. അച്ഛൻ തവമണി (33), തവമണിയുടെ അമ്മ പാണ്ടിയമ്മാൾ (57) എന്നിവരെ ഞായറാഴ്ച അറസ്റ്റ് ചെയ്തു. കുട്ടിയുടെ മൃതദേഹം വൈഗ നദീതീരത്തിനു സമീപം കണ്ടെടുത്തു.

നാലു ദിവസം മാത്രമായിരുന്നു അവളുടെ പ്രായം. ഉറക്കത്തിനിടെ മരിക്കുകയായിരുന്നെന്നാണ് അച്ഛൻ തവമണി പൊലീസുകാരോടു പറഞ്ഞത്. ആശുപത്രിയിലേക്കു പോകാൻ ആംബുലൻസ് വിളിച്ചതിന്റെ തെളിവും നിരത്തി. അയാളുടെ അമ്മ പാണ്ടിയമ്മാളും അതു ശരിവച്ചു. സംഭവം നടക്കുമ്പോൾ കുഞ്ഞിന്റെ അമ്മ ചിത്ര സ്ഥലത്തില്ലായിരുന്നു. പോസ്റ്റുമോർട്ടത്തിലെ സൂചനകൾ കൊണ്ട് മരണം അസ്വാഭാവികമാണെന്ന് ഉറപ്പിച്ച പൊലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

തേനി ജില്ലയിയും ഈവർഷം സമായമായ സംഭവം ഉണ്ടായിരുന്നു. ആണ്ടിപ്പെട്ടി സ്വദേശിയായ സുരേഷിനും കവിതയ്ക്കും രണ്ട് പെൺകുഞ്ഞുങ്ങളായിരുന്നു. കോഴിക്കോട് മേസ്തിരിപ്പണി ചെയ്താണ് സുരേഷ് കുടുംബം പോറ്റിയിരുന്നത്. 2020 ഫെബ്രുവരി 26ന് മൂന്നാമതും കവിത ഒരു പെൺകുഞ്ഞിനു ജന്മം നൽകി. 28ന് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആയ കവിത അമ്മയുടെ അടുത്തേക്കാണ് പോയത്. മാർച്ച് രണ്ടിന് കുഞ്ഞ് മരിച്ചു. കവിത കോഴിയിറച്ചിയും നിലക്കടലയും തിന്നതിനു ശേഷം മുലപ്പാൽ നൽകിയതാണ് കുഞ്ഞിന്റെ മരണ കാരണം എന്നാണ് ഇവർ പ്രചരിപ്പിച്ചത്. പക്ഷേ പിന്നീട് നടന്ന അന്വേഷണത്തിലാണ് നിജസ്ഥിതി വെളിപ്പെട്ടത്. നിലക്കടല കുട്ടിയുടെ തൊണ്ടയിൽ കുരുക്കി കൊല്ലുകയായിരുന്നു. ഈ കേസിലും ബന്ധുക്കൾ പിടിയിലായി.രഹസ്യവിവരം റവന്യു അധികൃതർക്കു ലഭിച്ചതോടെയാണ് സംഭവം പറത്തറിഞ്ഞത്. ഗ്രാമവാസികളിൽ ഒരാളുടെ പരാതി ലഭിച്ച തഹസിൽദാർ അന്വേഷണത്തിന് വിഇഒ ദേവിയെ ചുമതലപ്പെടുത്തി. ഇവർ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തായത്. കുഞ്ഞിന്റെ അമ്മ കവിതയെയും പിന്നീട് അറസ്റ്റു ചെയ്തു. സംഭവം മറച്ചുവെച്ചതിനാണ് ഇവക്കെതിരെ നടപടി. തമിഴ്‌നാട്ടിൽ വ്യാപകമായി കാണപ്പെടുന്ന എരുക്ക് ചെടിയുടെ കറ നൽകിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ഇവർ വെളിപ്പെടുത്തി.

30 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ മാതാപിതാക്കളും മുത്തച്ഛനും ചേർന്നു കൊലപ്പെടുത്തിയതും ഈ വർഷം മാർച്ചിലായിരുന്നു. മധുരയ്ക്കു സമീപം ഉസലംപെട്ടിയിൽ തൊഴിലാളിയായ എസ്.വൈരമുരുകനും ഭാര്യ സൗമ്യയ്ക്കും മൂന്ന് വയസ്സുള്ള പെൺകുട്ടിയുണ്ട്. ഒരു മാസം മുൻപു ജനിച്ച കുട്ടിയും പെണ്ണായതിന്റെ പേരിൽ വൈരമുരുകനും മാതാപിതാക്കളും സൗമ്യയെ നിരന്തരം കുറ്റപ്പെടുത്തിയിരുന്നു.ഒരു മാസം പ്രായമായപ്പോൾ കുഞ്ഞിനെ കാണാതായി. കുട്ടി എവിടെയെന്ന ചോദ്യത്തിനു പരസ്പര വിരുദ്ധമായ ഉത്തരങ്ങളാണു കുടുംബം അയൽവാസികൾക്കു നൽകിയിരുന്നത്. ദുരൂഹത ആരോപിച്ച് പൊലീസിനു ലഭിച്ച ഫോൺ കോളാണു സംഭവം പുറത്തുകൊണ്ടുവന്നത്. ഒളിവിലായിരുന്ന പ്രതികളെ പിടികൂടി ചോദ്യം ചെയതപ്പോൾ കുറ്റം സമ്മതിച്ചു. വിഷച്ചെടിയുടെ പാൽ നൽകിയാണു കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നു കണ്ടെത്തി. മൃതദേഹം വീട്ടുവളപ്പിൽ തന്നെയാണ് കുഴിച്ചിട്ടിരുന്നത്.

പ്രശ്‌നം അന്ധവിശ്വാസവും ദാരിദ്ര്യം തന്നെ

ഈ കേസുകളിലൊക്കെ പിടിക്കപ്പെട്ട മാതപിതാക്കൾ പറയുന്ന് ദാരിദ്ര്യത്തിന്റെ കഥകളാണ്. അതുകൊണ്ടുതന്നെ ദാരിദ്ര്യ നിർമ്മാർജ്ജത്തിനുള്ള ശക്തമായ നടപടികൾ ബോധവത്ക്കരണത്തിന് ഒപ്പം വേണമെന്നാണ് സിപിഎം നേതാവും ആകറ്റീവിസ്റ്റുമായ സുധാ സുന്ദർരാമനൊക്കെ ചൂണ്ടിക്കാട്ടുന്നത്. പെൺകുട്ടികൾ ആവർത്തിച്ച് പിറക്കുന്നത് അവലക്ഷണമാണെന്ന അന്ധവിശ്വാസം ഇപ്പോഴും ഈ ഗ്രാമങ്ങിൽ മാറിയിട്ടില്ലെന്നും ടൈംസ് ഓഫ് ഇന്ത്യയിൽ എഴുതിയ ലേഖനത്തിൽ അവർ ചൂണ്ടിക്കാട്ടുന്നു.

1980 കളിൽ മധുര കേന്ദ്രീകരിച്ചായിരുന്നു ഇത്തരം കുറ്റകൃത്യങ്ങൾ കൂടുതലായി കണ്ടിരുന്നത്. സാമൂഹിക പ്രവർത്തകർ വർഷങ്ങളോളം ഉസലാംപെട്ടി പോലുള്ള പ്രദേശങ്ങളിൽ തമ്പടിച്ച് നടത്തിയ പ്രവർത്തനങ്ങളാണ് പെൺശിശുഹത്യാ നിരക്ക് കുറയ്ക്കാൻ കാരണമായത്. സമീപവർഷങ്ങളിൽ പെൺശിശുഹത്യ ക്രമാതീതമായി വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് തമിഴ്‌നാട് ചൈൽഡ് റൈറ്റ്‌സ് വാച്ച് കൺവീനർ ആൻഡ്രു സെസുരാജ് പറയുന്നു. പെൺകുട്ടികൾ അനുഗ്രഹമാണെന്ന ചിന്ത സമൂഹത്തിൽ ഇനിയും വേരോടിയിട്ടില്ലെന്നും സർക്കാർതല പ്രവർത്തനങ്ങൾ താഴേത്തട്ടിലേക്ക് എത്തുന്നില്ല എന്നതിനു തെളിവാണ് പെൺശിശുഹത്യകളെന്നും മുതിർന്ന അഭിഭാഷക സുധ രാമലിംഗം പ്രതികരിച്ചു.

90കളിൽ വ്യാപകമായ ബോധവത്ക്കരണവും ധനസഹായവും നൽകിയാണ് സർക്കാർ ഈ ദുരാചാരം ഒതുക്കിയത്. 'തൊട്ടിൽ കുളന്തൈ' പദ്ധതിയും സർക്കാർ നടപ്പാക്കി. ദരിദ്ര കുടുംബങ്ങളിൽ പെൺകുഞ്ഞ് പിറക്കുന്നത് വലിയ ഭാരമായി കാണുന്നതാണ് ദുരവസ്ഥയ്ക്ക് കാരണമെന്ന നിഗമനത്തിലായിരുന്നു ഈ പദ്ധതി.കേരളത്തിലെ 'അമ്മത്തൊട്ടിൽ' മാതൃകയിലുള്ള പദ്ധതിയാണിത്. പെൺകുഞ്ഞുങ്ങൾക്കായി വിവിധ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും സർക്കാർ ഏർപ്പെടുത്തി. ഇതിനുശേഷം ഇത്തരം സംഭവങ്ങൾ വിരളമായിരുന്നു. ശിശുഹത്യയ്ക്കെതിരെ അധികൃതർ നിയമ നടപടികൾ കർക്കശമാക്കിയപ്പോൾ കുട്ടികളെ ഉപേക്ഷിച്ചാണ് പലരും 'ശല്യം' ഒഴിവാക്കിയത്. മാതാപിതാക്കൾക്കു വേണ്ടാത്ത നൂറുകണക്കിനു പെൺകുഞ്ഞുങ്ങളെയാണ് സർക്കാർ ഇങ്ങനെ ഏറ്റെടുത്തത്. എന്നാൽ, പെൺശിശുഹത്യയെന്നു സംശയിക്കുന്ന ദുരൂഹ മരണങ്ങൾ പലപ്പോഴും സംഭവിക്കാറുണ്ട്. പൊലീസ് അന്വേഷണത്തിലൂടെ സ്ഥിരീകരിക്കപ്പെടുന്ന പെൺ ശിശുഹത്യ റിപ്പോർട്ട് ചെയ്യുന്നതു പലപ്പോഴും വർഷങ്ങൾക്കു ശേഷമാണ്.

ജയലളിത മുഖ്യമന്ത്രിയായിരിക്കുന്ന സമയത്ത് ഇത്തരം കാര്യങ്ങൾ ഇല്ലാതാക്കാനും സ്ത്രീ ശാക്തീകരണത്തിനും വലിയ മുൻതൂക്കം നൽകിയിരുന്നു. എന്നാൽ ഇപ്പോൾ അതും പിറകോട്ട് അടിച്ചിരിക്കയാണെന്ന് ആരോപണമുണ്ട്. ഇപ്പോഴിതാ തമിഴ്‌നാടിന്റെ പല ഭാഗത്തും ഇത്തരം കേസുകൾ ആവർത്തിക്കയാണ്. ഈ മരണങ്ങൾക്കെല്ലാം പൊതുസ്വഭാവവും ഉണ്ടായിരുന്നു. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയായിരുന്നു പല മരണങ്ങളും. രാത്രി അമ്മയ്‌ക്കൊപ്പം ഉറങ്ങിയ കുഞ്ഞിനെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയ നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. തിരുവണ്ണാമല ജില്ലയിൽ പെൺശിശുഹത്യയെന്നു സംശയിക്കുന്ന മരണങ്ങൾ ഈയിടെ ഉണ്ടായിട്ടുണ്ട്.

പാലക്കാൻ അതിർത്തിയിലും പാപത്തറ

തമിഴ്‌നാട്ടിൽനിന്ന് ഈ പ്രാകൃത ആചാരം ഇടക്ക് കേരളത്തിന്റെ പാലക്കാടൻ അതിർത്തി ഗ്രാമങ്ങളിലും എത്തിയിരുന്നെന്ന് എഴുത്തുകാരി സാറാ ജോസ്ഫ് ഓർക്കുന്നു. പാലക്കാടിന്റെ അതിർത്തി ഗ്രാമങ്ങളിലെ ജോലിക്കിടെ പലയിടത്തും അരളി കണ്ടത് അസ്വസ്ഥതയുണ്ടാക്കിയെന്നും അവർ എഴുതിയിരുന്നു. തമിഴ്‌നാട്ടിലെ കല്ലാർ വംശജർക്കിടയിൽ വ്യാപകമാണ് പെൺശിശുഹത്യകൾ. തമിഴ്‌നാട്ടിൽനിന്ന് പാലക്കാടിന്റെ അതിർത്തി പ്രദേശങ്ങളിലേക്ക് വരെ ഈ അനാചാരം വ്യാപിച്ചിരുന്നു. ഭീമമായ സ്ത്രീധനത്തുക കൊടുക്കാൻ കഴിയാത്തതിനാലാണ് പെൺകുട്ടികളെ ജനിച്ചു കഴിഞ്ഞാൽ ഉടൻ കഥ കഴിക്കുന്ന ക്രൂരമായ ആചാരം. ഇവിടെ വളർന്നത്. ശിശവിന്റെ ശ്വാസനാളത്തിൽ നെൽമണി ഇട്ടുകൊടുത്ത് അതിനെ മരിക്കാൻ വിട്ടുകൊടുത്ത് അചഛനും അമ്മയും കതുകും ചാരി പുറത്തേക്ക് നടക്കുന്നതാണ് രീതി. മഞ്ഞരളിക്കായയും ശർക്കരയും ചേർത്ത് അമ്മയുടെ മുലക്കണ്ണിൽ പുരട്ടി കുഞ്ഞിനെ മുലയൂട്ടുന്ന രീതിയും നിലവിലുണ്ടായിരുന്നു.

'തലയുയർത്തി നിൽക്കുന്ന കരിമ്പനകൾക്കിടയിലും പാലക്കാട്ട് ഞാൻ കണ്ടത് അരളിയയായിരുന്നു. വീട്ടുപരിസരങ്ങളിൽ വേലിയായും മതിലായും അലങ്കാരമായും മുറ്റിത്തഴച്ചുവളരുന്ന മഞ്ഞരളി. ഇലകൾ പച്ച പൂക്കൾ മഞ്ഞ. ഈർക്കിലിപോലുള്ള നീണ്ട ഇലകൾ. വിടുർന്നു മലരാൻ മടിയുള്ള പൂക്കൾ. പാലക്കാടൻ കാറ്റിനെയും വെയിലിനെയും ചെറുത്തുകൊണ്ട് എവിടെ നോക്കിയാലും കാനം ഇല വിറപ്പിച്ചു നിൽക്കുന്ന മഞ്ഞരളികളെ. ഒറ്റക്കും കൂട്ടായും. വരണ്ട മണ്ണിലും കൂഴഞ്ഞ ചതുപ്പിലും ഒരേ ഭാവം. ഒരു സർവസാധാരണമായ കുറ്റിച്ചെടി. പക്ഷേ അതുമതി തമിഴനാട്ടിലെ പെൺകുട്ടികളുടെ ജീവനെടുക്കാൻ.'- സാറാ ജോസഫ് എഴുതി. ഇതുസംബന്ധിച്ച് പാപത്തറ എന്ന ഒരു നോവലും സാറാ ജോസ്ഫ് എഴുതിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ പെൺശിശുഹത്യ തിരിച്ചുവന്നാൽ കേരളത്തിന്റെ അതിർത്തി ഗ്രാമങ്ങളിലേക്ക് അത് എത്താൻ അധികം സമയം എടുക്കില്ല. കേരളത്തിലെ സാമൂഹികക്ഷേമ വകുപ്പും സൂക്ഷിക്കണമെന്ന് ചുരുക്കം.

വൃദ്ധരായ രക്ഷിതാക്കളെ കൊല്ലുന്ന മക്കൾ!

80 കളിലും 90കളുടെ തുടക്കത്തിലും മധുര, കമ്പം, തേനി, തിരുവണ്ണാമല എന്നിവടങ്ങളിൽനിന്നൊക്കെ വൃദ്ധർ ജീവനംകൊണ്ട് ഓടുന്ന കാലം ഉണ്ടായിരുന്നു. ഇല്ലെങ്കിൽ മക്കൾ തന്നെ അന്തകരാവും. അതാണ് 'തലൈക്കൂത്തൽ'. തളർന്ന് കിടുക്കുന്ന വൃദ്ധരെയാക്കെ തലയിലും ഉടലാകെയും എണ്ണതേപ്പിച്ചൊരു കുളിയാണ്. അതും തണുത്തവെള്ളത്തിൽ. അന്ത്യയാത്രയ്ക്ക് വൃദ്ധമാതാപിതാക്കളെ ഒരുക്കുകയാണ് മക്കൾ. മരിക്കുന്ന ആളെ അവസാനമായി കാണാൻ വീട്ടിൽ ബന്ധുക്കൾ എത്തിയിരിക്കും. രോഗിയുടെ വായിൽ അവസാനമായി തെളിനീർ ഒഴിച്ചുകൊടുക്കും. അരളിക്കായ അരച്ചുകൊടുത്തും ചെളിവെള്ളം കുടിപ്പിച്ചും നടത്തിയിരുന്ന ആചാരം 'തലൈക്കൂത്തൽ'. നരകജീവിതം നയിക്കുന്നവരെ അവരുടെ ആവശ്യപ്രകാരവും അല്ലാതെയും മരണത്തിലേക്ക് യാത്രയാക്കൽ.

ഇതും കർശനമായി സർക്കാർ നിരോധിച്ചതായിരുന്നു. ഇപ്പോഴിതാ ഈ കോവിഡ കാലത്ത് വിരുതഗഗറിൽ ഇതുപോലെ ഒരു മരണം റിപ്പോർട്ട് ചെയ്തിരിക്കയാണ്. പ്രശ്‌നം ദാരിദ്രം തന്നെ. ശയ്യാവലംബിയായി കിടക്കുന്ന പിതാവിന് മരുന്നുവാങ്ങാൻ പോലും ഗതിയില്ലാതെയാണ് മക്കൾ ആചാരപരമായി തലൈക്കുത്തൽ നടത്തിയത്. ആദ്യഘട്ടത്തിൽ ഇത് ഒരു ദയാവധം പോലെയാണ് തുടങ്ങിയത്.എണീറ്റു നടക്കാനും പരസഹായമില്ലാതെ മലമൂത്രവിസർജനം നടത്താനും പറ്റാതെ, കിടപ്പു വ്രണങ്ങളുടെ വേദനയിൽ പിടയുമ്പോൾ മരണത്തിനു കീഴടങ്ങുകയല്ലാതെ മുന്നിൽ മറ്റു വഴികളില്ല. അതുകൊണ്ടാണ് ദയാവധത്തിനായി അവർ കെഞ്ചുന്നത്. അവരുടെ യാചന കേട്ടാൽ മക്കൾ അതിനുള്ള വഴി തിരയും. കൂടിവന്നാൽ ഒന്നോരണ്ടോ ദിവസം.

മരിക്കേണ്ടവർ മരിച്ചിരിക്കും.അടുത്തബന്ധുക്കളും ഗ്രാമവാസികളുമല്ലാതെ പുറംലോകം ഇതറിയില്ല. അറിയാൻ അവർ സമ്മതിക്കില്ല. കാരണം അവരുടെ വീടുകളിലുമുണ്ട് ഇത്തരം ജന്മങ്ങൾ. അവരെ കൊല്ലാനും നാളെ ഇതേ രീതി വേണ്ടിവരും. പരസ്പരസഹകരണം ഉറപ്പാക്കിയുള്ള നീചമായ ആചാരം. ഇത്തരം മരണങ്ങളിൽ പൊതുവേ പരാതികളില്ലാത്തതിനാൽ പൊലീസ് കേസുകളും അപൂർവം. ദയാവധത്തിനിരയായവർക്ക് ഇടം സ്വാഭാവികമായി മരിച്ചവരുടെ പട്ടികയിൽ. 2010-ൽ നടന്ന 'തലൈക്കൂത്തൽ' ആചാരപ്രകാരമുള്ള ദയാവധത്തെക്കുറിച്ച് പരാതിയുയർന്നതോടെയാണ് ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും പുറംലോകം അറിഞ്ഞത്. ഇതേത്തുടർന്ന് ജില്ലാ ഭരണകൂടങ്ങൾ രംഗത്തെത്തി. സന്നദ്ധസംഘടനകളും സക്രിയമായി. ഇതുവഴി തലൈക്കൂത്തൽ ഒരു പരിധിവരെ ഒഴിവായി. എങ്കിലും മറ്റു മാർഗങ്ങളിലൂടെയുള്ള ദയാവധം ഒളിഞ്ഞും തെളിഞ്ഞും തുടരുന്നു. 2010നുശേഷം ഇപ്പോഴാണ് വിരുതനഗറിൽനിന്ന് വീണ്ടും കൊലയുടെ വാർത്തകൾ പുറത്തുവരുന്നത്.

സൂചികുത്തിയും പഴം വിഴുങ്ങിയും കൊല

2010ൽ ഈ മേഖലയിൽ പോയി പഠിച്ച മലയാളി മാധ്യമ പ്രവർത്തകൾ അടക്കം എഴുതിയത് ഇങ്ങനെയാണ്. മൂന്നുസാഹചര്യത്തിലാണ് ദയാവധം നടക്കുക. 1)മരിക്കേണ്ടവർ തങ്ങളെ കൊന്നു തരണം എന്നാവശ്യപ്പെട്ടാൽ, 2) സ്വത്തിനും പണത്തിനും വേണ്ടിയുള്ള 'കൊല', 3) വയോധികരുടെ നരകയാതന കണ്ട് മക്കളോ ബന്ധുക്കളോ നടത്തുന്ന കൊല. എളുപ്പത്തിൽ ജീവൻ കളയാൻ വാടകക്കൊലയാളികളെപ്പോലെ ഡോക്ടർമാർ വിലസുമ്പോൾ തലൈക്കൂത്തൽ നടത്തി സമയം പാഴാക്കുന്നത് എന്തിനെന്നാണ് പലരുടെയും ചോദ്യം. ഞൊടിയിടയിൽ ജീവൻ നിശ്ചലമാക്കുന്ന വിഷംനിറച്ച സൂചികളും മരുന്നുകളുമായി രാത്രി കാലങ്ങളിലാണ് കൊല അരങ്ങേറുന്നത്. വീടിന്റെ വാതിലുകൾ കൊട്ടിയടച്ച് അലമുറ ശബ്ദം പുറത്തു കേൾക്കില്ലെന്ന് ഉറപ്പുവരുത്തി ടി.വി.യുടെയോ റേഡിയോയുടെയോ ശബ്ദം അത്യുച്ചത്തിലാക്കി ആർക്കും സംശയം തോന്നാത്ത രീതിയിൽ കൊല്ലേണ്ട ആളുടെ ഞരമ്പിലേക്ക് വിഷസൂചി ആഴ്‌ത്തും. 24 മണിക്കൂറിനുള്ളിൽ മരണം ഉറപ്പുനൽകി 'ഡോക്ടർ' പണംവാങ്ങി സ്ഥലം വിടും. ഇത്തരം കൊല നടത്തിയ ഒരു സ്ത്രീയെ ഏതാനും വർഷം മുമ്പ് അറസ്റ്റുചെയ്തിരുന്നു. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ തൂപ്പുകാരിയായി ജോലിചെയ്തുവെന്ന യോഗ്യത മാത്രമായിരുന്നു അവർക്കുണ്ടായിരുന്നത്.

മധുരയ്ക്കടുത്ത ഉസിലാംപട്ടി, കരുമാത്തൂർ ഭാഗങ്ങളിലും ദയാവധം രഹസ്യമായി നടക്കുന്നുണ്ട്. ''തെങ്ങിനെ നശിപ്പിക്കുന്ന വണ്ടുകളെ കൊല്ലാനുള്ള പ്രത്യേക ഗുളികയാണ് ഇതിന് ഉപയോഗിക്കുന്നത്. കഞ്ഞിയിൽ ഗുളിക പൊടിച്ചിട്ടശേഷം ഉണക്കമീൻ വറുത്ത് ഇതിലേക്കിട്ടു കലക്കിക്കൊടുക്കും. ഉണക്കമീനിന്റെ മണമുള്ളതിനാൽ കഴിക്കുന്നവർക്ക് കീടനാശിനിയുടെ ഗന്ധമോ രുചിയോ തിരിച്ചറിയില്ല. കഞ്ഞികുടിച്ചു കിടന്നാൽ നല്ല ഉറക്കമായിരിക്കും. അത് മരണത്തിലേക്കായിരിക്കുമെന്നു മാത്രം''- കരുമാത്തൂരിനടുത്ത് താമസിക്കുന്ന സിപിഐ. പ്രവർത്തകനായ ആർ. ജയകുമാർ പറയുന്നു. ഉണക്കമീൻ കലർത്തുന്നതുകൊണ്ട് പോസ്റ്റ്മോർട്ടത്തിൽ കണ്ടുപിടിക്കാനാവില്ലെന്നാണ് ഇവർ കരുതുന്നത്. പെല്ലുകൾകൊഴിഞ്ഞ വയോധികർ പഴം വിഴുങ്ങിക്കഴിക്കുന്നതു കൊണ്ടാണത്രെ ഈ രീതി അവലംബിക്കുന്നത്. മദ്യത്തിൽ വിഷം കലർത്തി നൽകുന്ന രീതിയും അപൂർവമായി ഉണ്ടായിരുന്നു.

ഇൻസുലിൻ അമിതഡോസിൽ കുത്തിവെച്ച് വൃദ്ധരെ കൊന്ന സംഭവങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. സൺ ടിവ മുമ്പ് ഇതുസംബന്ധിച്ച് ഒരു പരമ്പരതന്നെ പ്രസിദ്ധീകരിച്ചിരുന്നൂ. വീട്ടിൽ പ്രായാധിക്യവും രോഗവും കൊണ്ട് വലയുന്നവരെ ബന്ധുക്കൾ ശനിയെന്നാണ് വിളിക്കാറുള്ളത്. ശനിദശ അകറ്റാനാണ് വയോധികരെ കൊല്ലുന്നതത്രേ.നേരത്തേ ഗ്രാമത്തിനുപുറത്തുള്ള വ്യാജ ഡോക്ടർമാരെയാണ് ദയാവധത്തിന് എത്തിച്ചിരുന്നത്. രോഗിയുടെ ആരോഗ്യസ്ഥിതി അനുസരിച്ച് 1000 മുതൽ 4000 വരെ രൂപ 'ഡോക്ടർമാർ' പ്രതിഫലം പറ്റുന്നുണ്ടെന്ന് പറയുന്നത്.. ദയാവധം എന്നത് കരുതിക്കൂട്ടിയുള്ള ഏർപ്പാടാണ്. മരിക്കുന്ന ആളെ അവസാനമായി കാണാൻ വീട്ടിൽ ബന്ധുക്കൾ എത്തിയിരിക്കും. രോഗിയുടെ വായിൽ തെളിനീർ ഒഴിച്ചു കൊടുക്കും. മരിക്കാനാഗ്രഹിക്കുന്ന ആൾ പണം മോഹിച്ചവരാണെങ്കിൽ നാണയം കല്ലിൽ ഉരസിയുള്ള വെള്ളം നൽകും. സ്വർണമോഹികളാണെങ്കിൽ ആഭരണം ഉരസിയുള്ള വെള്ളം നൽകും.

അങ്ങനെയായാൽ അവരുടെ ജീവൻ പെട്ടെന്ന് തീരുമത്രേ.തലൈക്കൂത്തലിനൊപ്പം മിൽക്ക് തെറാപ്പിയും ചിലയിടങ്ങളിൽ നടത്താറുണ്ട്. മൂക്ക് അടച്ചു പിടിച്ച് ധാരാളം പശുവിൻ പാൽ കുടിപ്പിക്കും. ഇതുമൂലം ശ്വസനത്തകരാർ സംഭവിക്കുമെന്നാണ് കരുതുന്നത്. മരിച്ചു കഴിഞ്ഞാൽ ശവസംസ്‌കാരം വെച്ചു നീട്ടാറില്ല. ആർക്കും സംശയത്തിന് ഇടവരാത്ത രീതിയിൽ എത്രയും വേഗം ചടങ്ങുകൾ പൂർത്തിയാക്കും. നമ്മുടെ പ്രിയ എഴുത്തുകാൻ സേതു ഇതേക്കുറിച്ച് 'തലൈക്കൂത്തൽ' എന്ന ഒരു നോവൽ തന്നെ എഴുതിയിരുന്നു. ഇത് 2010ലെ സാഹചര്യമായിരുന്നു. ഇതിനുശേഷം ഈ കോവിഡ് കാലത്ത് വീണ്ടും ഒരു വൃദ്ധമരണത്തിന്റെ വാർത്തയിൽ നടുങ്ങുകയാണ് തമിഴകം. ദാരിദ്ര്യം, അന്ധവിശ്വാസം, ജാതിഭ്രാന്ത്, ദുരഭിമാനം. ഈ ഗ്രാമങ്ങൾ പിന്നെ എങ്ങനെ പുരോഗമിക്കുമെന്നാണ് ചാരുനിവേദിതയെപ്പോലുള്ള തമിഴ് എഴുത്തുകാർ ചോദിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP