Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്തിന്റെ കിഴക്കൻ തീരങ്ങളെ വിറപ്പിച്ച് ഉംപുൻ ചുഴലിക്കാറ്റ്; പശ്ചിമ ബം​ഗാളിൽ 72 മരണമെന്ന് സർക്കാർ; നൂറു വർഷത്തിനിടെ സംസ്ഥാനത്ത് വീശിയ ഏറ്റവും ശക്തമായ ചുഴലിക്കാറ്റിൽ കൊൽക്കത്തയിലും വ്യാപക നാശം; പ്രധാനമന്ത്രി ഇന്ന് മമത ബാനർജിക്കൊപ്പം ആകാശ നിരീക്ഷണം നടത്തും; ഒഡീഷയിലും വ്യാപക നാശനഷ്ടങ്ങൾ; കേരളത്തിൽ ഇന്ന് ഏഴ് ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

രാജ്യത്തിന്റെ കിഴക്കൻ തീരങ്ങളെ വിറപ്പിച്ച് ഉംപുൻ ചുഴലിക്കാറ്റ്; പശ്ചിമ ബം​ഗാളിൽ 72 മരണമെന്ന് സർക്കാർ; നൂറു വർഷത്തിനിടെ സംസ്ഥാനത്ത് വീശിയ ഏറ്റവും ശക്തമായ ചുഴലിക്കാറ്റിൽ കൊൽക്കത്തയിലും വ്യാപക നാശം; പ്രധാനമന്ത്രി ഇന്ന് മമത ബാനർജിക്കൊപ്പം ആകാശ നിരീക്ഷണം നടത്തും; ഒഡീഷയിലും വ്യാപക നാശനഷ്ടങ്ങൾ; കേരളത്തിൽ ഇന്ന് ഏഴ് ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: രാജ്യത്തിന്റെ കിഴക്കൻ തീരങ്ങളെ വിറപ്പിച്ച് ഉംപുൻ ചുഴലിക്കാറ്റ്. ബം​ഗാൾ, ഒ‍ഡീഷ തീരങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് ചുഴലിക്കാറ്റിൽ സംഭവിച്ചിട്ടുള്ളത്. പശ്ചിമ ബം​ഗാളിൽ മാത്രം 72 പേരാണ് ചുഴലിക്കാറ്റിനെ തുടർന്ന് കൊല്ലപ്പെട്ടത്. ഒഡീഷയിലെ മരണ സംഖ്യ സംബന്ധിച്ച് ഇതുവരെയും വ്യക്തത വരാത്തതും ആശങ്ക വർധിപ്പിക്കുന്നുണ്ട്. ബം​ഗ്ലാദേശിലും 10 മരിച്ചതായാണ് റിപ്പോർട്ടുകൾ. കാറ്റിന്റെ വേ​ഗത മണിക്കൂറിൽ 30-40 കിലോമീറ്ററായി ശക്തികുറഞ്ഞ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കു പ്രവേശിക്കുമെന്നാണു പ്രവചനം.

പശ്ചിമ ബംഗാളിലെ ഉത്തര, ദക്ഷിണ 24 പർഗാനാസ് ജില്ലകളിലാണ് കനത്ത നാശനഷ്ടം. ആയിരക്കണക്കിനു വീടുകൾ തകർന്നു. കൊൽക്കത്ത വിമാനത്താവളം വെള്ളത്തിൽ മുങ്ങി. കെട്ടിടങ്ങൾ തകർന്നു. വൈദ്യുതി, ടെലിഫോൺ, ഇന്റർനെറ്റ് സേവനങ്ങൾ നിശ്ചലമായി. ഗതാഗതം നിലച്ചു. നൂറു വർഷത്തിനിടെ സംസ്ഥാനത്തു വീശിയ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായ ഉംപുനിൽ വിറങ്ങലിച്ച് നി്ൽക്കുകയാണ് ബംഗാൾ. 72 പേർ മരിച്ചുവെന്നാണു ബംഗാൾ സർക്കാരിന്റെ കണക്കെങ്കിലും കൂടിയേക്കുമെന്നാണു സൂചന. ജീവിതത്തിൽ ഇത്രയും ഭീകരമായ ചുഴലിക്കാറ്റ് കണ്ടിട്ടില്ലെന്നും 2 ജില്ലകൾ പൂർണമായി തകർന്നുവെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ദുരിതബാധിത മേഖലകളി‍ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു വ്യോമനിരീക്ഷണം നടത്തും.

മണിക്കൂറിൽ 190 കിലോമീറ്ററോളം വേഗത്തിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. കൊൽക്കത്ത നഗരത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. സംസ്ഥാനത്തെ വൈദ്യുതി വിതരണ സംവിധാനത്തെയും കൊടുങ്കാറ്റ് ബാധിച്ചു. കൊൽക്കത്തയിൽ കൊടുങ്കാറ്റിൽ ഇലക്ട്രിക് ട്രാൻഫോർമർ പൊട്ടിത്തെറിക്കുകയും നിരവധി മരങ്ങൾ കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്. അഞ്ച് ലക്ഷം പേരെ സർക്കാർ മാറ്റിപ്പാർപ്പിച്ചു. കൊൽക്കത്തയിൽ മാത്രം 5,000 ത്തിലേറെ മരങ്ങളാണ് കടപുഴകി വീണത്. കൊൽക്കത്തയിൽ 15, നോർത്ത് 24 പർഗനാസിൽ 18, സൗത്ത് 24 പർഗനാസിൽ 17, ഹൗറയിൽ 7, ഈസ്റ്റ് മിദിനപൂറിൽ 6, ഹൂഗ്ലിയിൽ 2 എന്നിങ്ങനെയാണ് മരണ നിരക്ക്. കൊൽക്കത്തയിലെ മേൽപ്പാലങ്ങൾ എല്ലാം തന്നെ അടച്ചിട്ടിരിക്കുകയാണ്.

ഒഡീഷയുടെ തീരമേഖലകളിലും വൻ നാശമുണ്ട്. ബംഗ്ലാദേശിൽ 10 മരണം സ്ഥിരീകരിച്ചു. ഒഡീഷയിൽ ദുരിതം 45 ലക്ഷം പേരെ ബാധിച്ചു. മരണങ്ങളെക്കുറിച്ചു വ്യക്തതയില്ല. ദുരന്ത നിവാരണ സേനയെ നിയോഗിച്ചതും ബംഗാളിലും ഒഡീഷയിലുമായി 7 ലക്ഷം പേരെ മുൻകൂർ മാറ്റിപ്പാർപ്പിക്കാനായതും പ്രയോജനം ചെയ്തുവെന്ന് ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ പറഞ്ഞു.

രണ്ടു സംസ്ഥാനങ്ങളുടെയും തീരമേഖലകൾ തകർന്നടിഞ്ഞ നിലയിലാണ്. കോടിക്കണക്കിനു രൂപയുടെ നാശമുണ്ടായി. കൃഷിഭൂമിയിൽ വെള്ളം കയറി. വൈദ്യുതി, ടെലിഫോൺ പോസ്റ്റുകൾ, മൊബൈൽ ടവറുകൾ എന്നിവ തകർന്നുവീണു. ബംഗാളിൽ മരിച്ചവരുടെ കുടുംബത്തിന് സർക്കാർ 2.5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.മരം വീണും പൊട്ടിവീണ വൈദ്യുതക്കമ്പികളിൽനിന്നു ഷോക്കേറ്റും വെള്ളത്തിൽവീണുമാണു കൂടുതൽ മരണങ്ങളും.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാൾ, ഒഡീഷ മുഖ്യമന്ത്രിമാരുമായി സംസാരിച്ച് സ്ഥിതി വിലയിരുത്തി.കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങൾ ആൾനാശം കുറച്ചുവെന്നു ഡൽഹിയിൽ നാഷനൽ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി (എൻസിഎംസി) യോഗം വിലയിരുത്തി. മണിക്കൂറിൽ 190 കിലോമീറ്റർ വേഗത്തിൽ ബുധനാഴ്ച കരയിലേക്കു കയറിയ ഉംപുന്റെ ശക്തി ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 30–40 കിലോമീറ്ററായി ശക്തികുറഞ്ഞ് ഉംപുൻ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കു പ്രവേശിക്കുമെന്നാണു പ്രവചനം.

പ്രധാനമന്ത്രി നേരിട്ട് എത്തുന്നു

ഉംപുൻ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ നേരിട്ട് വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി മമത ബാനർജിക്കൊപ്പം ആകാശനിരീക്ഷണം നടത്തും. പ്രധാനമന്ത്രി ദുരന്തമേഖലകൾ സന്ദർശിക്കണമെന്ന് മമത നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഉംപുൻ നാശംവിതച്ച ഒഡീഷയിലും പ്രധാനമന്ത്രി സന്ദർശനം നടത്തും. ഇന്നു രാവിലെ പത്തിനു കൊൽക്കത്ത വിമാനത്താവളത്തിൽ പ്രധാനമന്ത്രി എത്തിച്ചേരുമെന്നാണ് സൂചന. അതിനുശേഷം അവലോകയോഗത്തിൽ പങ്കെടുക്കും.

സ്ഥിതിഗതികൾ മോശമാണെന്നും കേന്ദ്ര സഹായം വേണമെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്നലെ ആവശ്യപ്പെട്ടു. ഇതുപോലൊരു ദുരന്തം താൻ ഇതുവരെ കണ്ടിട്ടില്ലെന്നും ബംഗാൾ സന്ദർശിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും മമത ബാനർജി ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ബംഗാൾ സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കൊൽക്കത്തയിലെ വിമാനത്താവളങ്ങളിലടക്കം കനത്ത നാശനഷ്ടമാണ് ഉംപുൻ മൂലമുണ്ടായത്.

കേരളത്തിൽ ഇന്നും വ്യാപക മഴ

തിരുവനന്തപുരം: അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ മഴ തുടരുന്നു. ഏഴ് ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ‌ജില്ലകളാണ് മഴയ്ക്ക് സാധ്യത. ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ തുടരുകയാണ്. ന​ഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് അനുഭവപ്പെട്ടു. നഗരത്തിൽ അജന്ത തീയറ്റർ റോഡ് വെള്ളത്തിനടിയിലായി. കോട്ടൂർ, കുറ്റിച്ചൽ എന്നീ ഭാഗങ്ങളിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടു. വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകൾ തുറന്നു. നാല് ഷട്ടറുകൾ 1.25 മീറ്റർ വീതവും അഞ്ചാമത്തെ ഷട്ടർ ഒരു മീറ്ററുമാണ് തുറന്നത്. ഷട്ടർ തുറന്നത് മൂലം കരമനയാറ്റിൽ ജലനിരപ്പ് ഉയരുന്നതിനാൽ ആറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് വാട്ടർ അഥോറിറ്റി അറിയിച്ചു.

മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കാരാപ്പുഴ ഡാമിലെ ഷട്ടറുകൾ നാളെ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. മൂന്ന് ഷട്ടറുകൾ അഞ്ച് സെൻറീമീറ്റർ വീതം നാളെ രാവിലെ 11 മണി മുതൽ തുറന്ന് വിടുന്നതാണ് തീരുമാനിച്ചിരിക്കുന്നത്. വെള്ളം ഒഴുകി പോകുന്ന പുഴയ്ക്ക് സമീപത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കാരാപ്പുഴ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP