Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗൾഫിൽ നിന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിൽ കരഞ്ഞിരിക്കുന്നവരെ വലവീശിപ്പിടിക്കാൻ ബയോ ഫ്‌ളോക്ക് മത്സ്യകൃഷി പാക്കേജുകൾ; ആകർഷിക്കുന്നത് വീട്ടിലിരുന്ന് മീൻ വളർത്തി ലക്ഷാധിപതി ആകാമെന്ന പരസ്യവാചകത്തിൽ; നാല് മാസം കൊണ്ട് 600 കിലോ കിട്ടിയാൽ ലോട്ടറി; 10മി. വൈദ്യുതി നിലച്ചാൽ മത്സ്യങ്ങൾ ചാവും; ഫിഷ് ടാങ്കിന് 50,000 അടക്കം തലപെരുക്കുന്ന ചെലവ്; പെരുമ്പാവൂരെ ഐഎംഎഫ് സൊസൈററി ബയോഫ്‌ളോക്ക് തട്ടിപ്പുകാരെന്ന് ജനറൽ സെക്രട്ടറി; വെറും കുശുമ്പെന്ന് പ്രസിഡന്റ്; മറ്റൊരു ആട് തേക്ക് മാഞ്ചിയം തട്ടിപ്പോ?

ഗൾഫിൽ നിന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിൽ കരഞ്ഞിരിക്കുന്നവരെ വലവീശിപ്പിടിക്കാൻ ബയോ ഫ്‌ളോക്ക് മത്സ്യകൃഷി പാക്കേജുകൾ; ആകർഷിക്കുന്നത് വീട്ടിലിരുന്ന് മീൻ വളർത്തി ലക്ഷാധിപതി ആകാമെന്ന പരസ്യവാചകത്തിൽ; നാല് മാസം കൊണ്ട് 600 കിലോ കിട്ടിയാൽ ലോട്ടറി; 10മി. വൈദ്യുതി നിലച്ചാൽ മത്സ്യങ്ങൾ ചാവും; ഫിഷ് ടാങ്കിന് 50,000 അടക്കം തലപെരുക്കുന്ന ചെലവ്; പെരുമ്പാവൂരെ ഐഎംഎഫ് സൊസൈററി ബയോഫ്‌ളോക്ക് തട്ടിപ്പുകാരെന്ന് ജനറൽ സെക്രട്ടറി; വെറും കുശുമ്പെന്ന് പ്രസിഡന്റ്; മറ്റൊരു ആട് തേക്ക് മാഞ്ചിയം തട്ടിപ്പോ?

എം മനോജ് കുമാർ

തിരുവനന്തപുരം: മനുഷ്യനെ കുരുക്കുന്ന തട്ടിപ്പുകൾക്ക് മുഖങ്ങളില്ല. അത് എവിടെയും ഏതു രൂപത്തിലും പ്രത്യക്ഷപ്പെടും. എത്ര തട്ടിപ്പുകൾ കേരളം കണ്ടു. വിസ തട്ടിപ്പുകൾ, മണി ചെയ്ൻ തട്ടിപ്പുകൾ, കിഡ്‌നി റാക്കറ്റുകൾ തുടങ്ങി ആട്, തേക്ക്, മാഞ്ചിയം വരെയുള്ള തട്ടിപ്പുകൾ. അടുത്ത തട്ടിപ്പിനുള്ള അരങ്ങൊരുക്കലാണോ ബയോഫ്‌ളോക്ക്. കൊറോണ കാരണം ഗൾഫിൽ ജോലി നഷ്ടമായ പ്രവാസി മലയാളികളെ വലവിരിച്ച് പിടിക്കാനുള്ള വഴിയാണ് ബയോഫ്‌ളോക്ക് എന്നാണ് ആരോപണം ഉയരുന്നത്. വീട്ടിലിരുന്നു മീൻ വളർത്തി ലക്ഷാധിപതിയാകാം എന്ന ആശയവുമായാണ് ബയോഫ്‌ളോക്ക് കേരളത്തിലേക്കും കടന്നെത്തുന്നത്. വീട്ടിലെ ടാങ്കിൽ തീറ്റ നൽകാതെ മത്സ്യങ്ങളെ വളർത്തുന്ന ഇസ്രയേൽ കൃഷി രീതിയാണ് ബയോഫ്‌ളോക്ക്. ഇതാണ് ഇപ്പോൾ തട്ടിപ്പിന്റെ രൂപത്തിൽ കേരളത്തിലേക്കും കടന്നെത്തിയിരിക്കുന്നത്. ലാഭകരമല്ലാത്ത ബയോഫ്‌ളോക്കിനു തലകൊടുത്താൽ മത്സ്യകൃഷിക്കാരുടെ ലക്ഷങ്ങൾ പൊടിഞ്ഞു തീരും എന്നാണു ബയോഫ്‌ളോക്ക് കേരളത്തിൽ അവതരിപ്പിച്ചിരിക്കുന്ന ഐഎംഎഫ് എന്ന സൊസൈറ്റിക്കെതിരെ വരുന്ന പ്രചാരണങ്ങളിൽ മുഖ്യം.

ഐഎംഎഫ് സോസൈറ്റി സ്ഥാപകൻ വർഗ്ഗീസ് സ്വന്തം കിച്ചൻ കമ്പനിയായ ബ്ലൂ ബെൽ കിച്ചൻ കമ്പനിക്ക് പണമുണ്ടാക്കാൻ ബയോഫ്‌ളോക്കിനെ ഉപയോഗിക്കുകയാണ് എന്ന ആരോപണം ഉയർത്തുന്നത് സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി അടക്കമുള്ളവർ കൂടിയാണ് എന്ന് വരുമ്പോൾ ആട് മാഞ്ചിയം തേക്ക് തട്ടിപ്പിന്റെ ഒടുവിലത്തെ കണ്ണിയാണ് ഐഎംഎഫ് എന്ന സംശയം കൂടി ഒപ്പം ഉയരുകയാണ്. ഐഎംഎഫിൽ മത്സ്യകൃഷിക്ക് രജിസ്റ്റർ ചെയ്യുമ്പോൾ ഫണ്ട് ബ്ലൂ ബെൽ കിച്ചണിലേക്ക് ഒഴുകുന്നത് ആദ്യം ശ്രദ്ധയിൽപ്പെട്ട ജനറൽ സെക്രട്ടറി സുധീർ സഹകരണ രജിസ്ട്രാർക്ക് പരാതി നൽകുകകൂടി ചെയ്തിട്ടുണ്ട്. സൊസൈറ്റിയിൽ വർഗീസ് സാമ്പത്തിക ക്രമക്കേട് നടത്തുകയാണ് എന്നാണ് സുധീർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നത് .ഇത് കൂടി ചേർത്ത് വായിക്കണം. ബയോഫ്‌ളോക് യൂണിറ്റുകൾക്ക് കേരള സർക്കാർ വകയിരുത്തിയിരിക്കുന്നത് 1150 കോടി രൂപയാണ്. മത്സ്യകൃഷിയെപോലുള്ള സംരംഭത്തെ സംബന്ധിച്ച് ഇത് വൻ തുകയാണ്.

സംസ്ഥാനത്ത് 25,000 വീടുകളിൽ ബയോഫ്‌ളോക് ടാങ്കുകൾ സ്ഥാപിക്കാനുള്ള വൻ പദ്ധതി സംസ്ഥാന സർക്കാർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സർക്കാരിന്റെ മീൻ വളർത്തൽ സംരംഭങ്ങൾ നടക്കുമ്പോൾ ബയോഫ്‌ളോക് രീതി വിശദമാക്കാൻ പോകുന്നത് ഐഎംഎഫിന്റെ വർഗീസും ടീമുമാണ്.ഇപ്പോൾ കേരളത്തിൽ ഇതിന്റെ പ്രചാരകർ ഐഎംഎഫ് സൊസൈറ്റിയാകുമ്പോൾ ഈ തുക പോകുന്നത് ഐഎംഎഫിലെക്കല്ല ഇതിന്റെ ടാങ്ക് നിർമ്മിച്ച് നൽകുന്ന വർഗീസിന്റെ ബ്ലൂ ബെൽ കിച്ചൻ കമ്പനിയിലെക്കായിരിക്കും. ടാങ്ക് നിർമ്മാണമാണ് ബയോഫ്‌ളോക് രീതിയുടെ അടിസ്ഥാന ഘടകം. ഏറ്റവും അധികം തുക വേണ്ടതും ടാങ്ക് നിർമ്മാണത്തിനാണ്. ഐഎംഎഫ് രൂപീകരിച്ചത് മുതൽ ബ്ലുബെൽ കിച്ചൻ കമ്പനിയും വർഗീസ് രൂപീകരിച്ചിട്ടുണ്ട്. ബയോഫ്‌ളോകിന്റെ പ്രതിരൂപമായി ഐഎംഎഫ് മാറുമ്പോൾ വരുമാനം വർഗീസിന്റെ ബ്ലുബെൽ കിച്ചണിലേക്കും ഒഴുകും.

ഐഎംഎഫ് എന്ന പേരിൽ ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ചാണ് തട്ടിപ്പിനായി ഐഎംഎഫ് സൊസൈറ്റി കേരളത്തിൽ വലവിരിച്ചിരിക്കുന്നത്. ഇന്റഗ്രേറ്റഡ് മോഡേൺ ഫാർമേഴ്‌സ് സൊസൈറ്റി എന്നതിന്റെ ചുരുക്കപ്പേരാണ് ഐഎംഎഫ്. ഇസ്രയേലി സാങ്കേതിക വിദ്യ. ഇന്തോനേഷ്യ പോലുള്ള രാജ്യങ്ങളിൽ പ്രചാരം. നാല് മാസം കൊണ്ട് 600 kg മത്സ്യം ഉൽപാദിപ്പിക്കാം എന്നാണ് ഇത് കേരളത്തിൽ പ്രചരിപ്പിക്കുന്ന ഇന്റഗ്രേറ്റഡ് മോഡേൺ ഫാർമേഴ്‌സ് സൊസൈറ്റിയുടെ അവകാശവാദം. രജിസ്‌ട്രേഷൻ ഫീസ് 250 രൂപ. ട്രെയിനിംഗിനായി 1000 രൂപ. ഇപ്പോൾ ഇത് മൂവായിരം വരെയായി ഉയർന്നതായി ആരോപണമുണ്ട്. 10000 ലിറ്റർ ടാങ്കിനായി 50000 രൂപ. രണ്ടു ടാങ്ക് ആണെങ്കിൽ അത് ഒരു ലക്ഷവും കടക്കും. മുപ്പതിനായിരത്തിൽ താഴെ വരുന്ന ടാങ്ക് നിർമ്മാണത്തിനും അമ്പതിനായിരത്തിനും അതിനും മുകളിലേക്കും വരുന്ന വൻ തുക ഈടാക്കുന്നതായി ആരോപണമുണ്ട്. 50000 രൂപവരെ ടാങ്കുകൾക്ക് ഈടാക്കുന്നുണ്ട് എന്ന് വർഗീസ് തന്നെ മറുനാടനോട് സമ്മതിക്കുന്നുണ്ട്.

കൊച്ചിയിൽ നിന്ന് ഈ ടെക്‌നോളജി കാസർകോടെയ്ക്ക് സഞ്ചരിക്കുമ്പോൾ തുക ട്രാൻസ്‌പോർട്ടിങ് ചാർജ് എന്ന ഓമനപ്പേരിൽ ഉയരും. പത്ത് മിനിട്ട് വൈദ്യുതി നിലച്ചാൽ ഫിഷ് ടാങ്കിലെ മുഴുവൻ മത്സ്യങ്ങളും ചത്തു തീരും എന്ന് മനസിലാക്കുമ്പോൾ മാത്രമേ ഈ കൃഷിരീതിയുടെ ചിത്രം പൂർണമാകൂ. ദിവസവും വൈദ്യുതി മുടങ്ങാത്ത ഒരിടവും പോലുമില്ലാത്ത സംസ്ഥാനമാണ് കേരളം. ഒരു പോസ്റ്റ് മാറ്റണമെങ്കിൽ ആ ദിവസം മുഴുവൻ ലൈൻ ഓഫ് ആകും. പത്ത് മിനിട്ട് വൈദ്യുതി മുടങ്ങിയാൽ മത്സ്യങ്ങൾ ചത്തു തീരുമെങ്കിൽ കേരളം പോലുള്ള സംസ്ഥാനത്ത് ഈ കൃഷി എങ്ങനെ കേരളത്തിൽ വിജയപ്രഥമാകും എന്ന ചോദ്യമാണ് ബയോഫ്‌ളോകിനോപ്പം ഉയരുന്നത്. എംഎംഎഫ് ഒരു ബാങ്കാക്കിമാറ്റാനും വർഗീസ് ശ്രമിച്ചിട്ടുണ്ട്. ഇതിന്റെ പേരിലും ആളുകളിൽ നിന്നും പണപ്പിരിവ് നടത്തിയിട്ടുണ്ട്. ഈ പണപ്പിരിവ് വർഗീസ് സമ്മതിക്കുന്നുണ്ട്. ചില സാങ്കേതിക പ്രശ്‌നങ്ങൾ കാരണം അതിനു കഴിഞ്ഞില്ല. നബാർഡ് മുഖേന ഒരു ഏജൻസിക്കും ശ്രമിച്ചിരുന്നു. അതും നടന്നില്ല. ഐഎംഎഫിലെ ആളുകൾ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത് കാരണമാണ് പലതും നടക്കാതെ പോകുന്നത്. പിരിച്ച് പണം അക്കൗണ്ടിലുണ്ട്. ഓഡിറ്റിങ് നടത്തിയോ എന്ന് ചോദിച്ചപ്പോൾ നടത്തിയില്ല എന്നാണ് വർഗീസ് മറുനാടന് മറുപടി നൽകിയത്.

മത്സ്യക്കൃഷിക്കാരന്റെ പണം ബയോഫ്‌ളോക്കിന്റെ പേരിൽ പൊടിഞ്ഞു തീരാൻ പോവുകയാണ്. ഇത് വ്യാവസായിക അടിസ്ഥാനത്തിൽ ഇത് വിജയപ്രഥമാണോ അതുമല്ല. അതുകൊണ്ട് തന്നെയാണ് ബയോഫ്‌ളോക് വഞ്ചന എന്ന പേരിന്റെ പ്രതിരൂപമാകുന്നത്. ഐഎംഎഫിൽ പോകുമ്പോൾ മത്സ്യകൃഷിക്കാർ തട്ടിപ്പിലെക്കാണ് പോകുന്നത് എന്നാണ് വിരൽ ചൂണ്ടൽ വരുന്നത്. ഇത് വിജയപ്രഥമായ രീതിയില്ല. വ്യാവസായിക അടിസ്ഥാനത്തിൽ വിജയവുമില്ല. സ്വന്തം ഉപയോഗത്തിനാണെങ്കിൽ നല്ലത്. ഐഎംഎഫിൽ പോകുന്നവർ ഐഎംഎഫ് രൂപീകരിച്ച് തട്ടിപ്പ് നടത്തുന്ന വർഗ്ഗീസിന്റെ വലയിലാണ് ചാടുന്നത് എന്നാണ് ആരോപണം വരുന്നത്. ബയോഫ്‌ളോക്ക് രീതിയെ പറ്റി ഐഎംഎഫ് ടീമിനൊപ്പം ഇന്തോനേഷ്യയിൽ പോയ അംഗത്തിന്റെ സോഷ്യൽ മീഡിയ സന്ദേശം തന്നെ ഇതിനുള്ള തെളിവാണ്. ബയോഫ്‌ളോക്ക് ട്രഡീഷണൽ രീതിയാണ് പിന്തുടരുന്നത്. വ്യാവസായിക അടിസ്ഥാനത്തിൽ വിജയമല്ല. ലാഭകരമല്ല എന്ന ഫീഡ് ബാക്ക് തന്നെയാണ് ഇന്തോനേഷ്യയിൽ നിന്നും ലഭിച്ചത്. പിന്നെ എന്തിനു തട്ടിപ്പിന്റ്‌റ് രൂപമായി ബയോഫ്‌ളോക്ക് അവതരിപ്പിക്കണം. ഇത് മനസിലാക്കി ഞാൻ ആദ്യം തന്നെ ഇതിൽ നിന്നും പിന്മാറി എന്നാണ് റിഹാസ് തലക്കാട് കുറിക്കുന്നത്.

ബയോഫ്‌ളോക്ക് എന്ന മത്സ്യകൃഷി വഴി ചുരുങ്ങിയ കാലം കൊണ്ട് ഐഎംഎഫ് ലക്ഷങ്ങൾ തന്നെ മത്സ്യകൃഷിക്കാരിൽ നിന്നും തട്ടിയതായാണ് ആരോപണം ഉയരുന്നത്. പണം തട്ടുന്നത് ഐഎംഎഫ് അല്ല ഈ രീതിയിൽ ഒരു ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ച് അതിന്റെ അമരത്തിരിക്കുന്ന സംസ്ഥാന പ്രസിഡന്റ് വർഗീസ് ഇട്ടനാണ് പണം തട്ടുന്നത് എന്നാണു സൊസൈറ്റിക്കുള്ളിൽ നിന്നും വരുന്ന ആരോപണം. ഐഎംഎഫ് സൊസൈറ്റിയിൽ ഇരുന്നു വർഗീസ് പണത്തിന്റെ ക്രമക്കേടുകൾ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട ജനറൽ സെക്രട്ടറി സുധീർ തന്നെ അംഗങ്ങൾക്ക് വാട്‌സ് അപ്പ് സന്ദേശം നൽകിയിരുന്നു. ഇതിന്റെ പ്രതികാരമായി വാട്‌സ് അപ്പ് ഗ്രൂപ്പുകളിൽ നിന്നും ജനറൽ സെക്രട്ടറി സുധീർ അടക്കമുള്ളവരെ വർഗീസ് പുറത്താക്കിയിരുന്നു. സൊസൈറ്റി ആയതിനാൽ സൊസൈറ്റി രജിസ്ട്രാർക്ക് സുധീർ പരാതി നൽകിയിട്ടുണ്ട്.

ഐഎംഎഫിലേക്ക് വരുന്ന പണം നേരെ വർഗീസിന്റെ ബ്ലു ബെൽ കിച്ചണിലേക്കാണ് പോകുന്നത്. സൊസൈറ്റി പണം നേരെ വർഗീസിന്റെ കിച്ചൻ കമ്പനിയിലേക്ക് പോകുന്നതാണ് സുധീർ ചൂണ്ടിക്കാട്ടിയത്. ഇതോടെ കണക്കുകൾ പ്രസിഡനറും ട്രഷററും കൂടി നോക്കും ജനറൽ സെക്രട്ടറി നോക്കേണ്ടതില്ലാ എന്നാണ് വർഗ്ഗീസ് പ്രതികരിച്ചത്. ഈ പ്രശ്‌നം സുധീർ അംഗങ്ങളുടെ വാട്ട്‌സ് അപ്പ് ഗ്രൂപ്പുകളിൽ സന്ദേശമായി നൽകിയിരുന്നു. രജിസ്ട്രാർക്ക് പരാതി നൽകുകയും ചെയ്തു. ഐഎംഎഫ് സൊസൈറ്റിയുടെ പണം ബ്ലൂ ബെൽ കിച്ചണിലേക്ക് പോകുന്ന പ്രശ്‌നം സൊസൈറ്റിക്കുള്ളിൽ പുകയുകയാണ്. ഈ പ്രശ്‌നവുമായി ബന്ധപ്പെട്ടു സുധീർ സൊസൈറ്റി രജിസ്ട്രാർക്ക് പരാതി നൽകിയപ്പോൾ ഇത് സൊസൈറ്റി ജനറൽ ബോഡി വിളിച്ച് തീരുമാനമുണ്ടാക്കണം എന്നാണ് രജിസ്ട്രാർ സുധീറിന് മറുപടി നൽകിയത്. പൊലീസിൽ പരാതി നൽകാം. കോടതിയിൽ നേരിട്ട് പോകാം എന്നുമൊക്കെ രജിസ്ട്രാർ വിശദമാക്കിയിട്ടുണ്ട്. കൊറോണ കാലമായതിനാൽ ജനറൽ ബോഡി വിളിച്ച് ചേർക്കാൻ കഴിയില്ല. ആയിരത്തിലധികം പേർ ജനറൽ ബോഡിക്ക് വരണം. എന്നാലേ ക്വാറം തികയൂ. മൂവായിരത്തോളം പേർ സൊസൈറ്റി അംഗങ്ങൾ ആയി നിലവിലുണ്ട്. അതിനാലാണ് ജനറൽ ബോഡി തീരുമാനം നീണ്ടുപോകുന്നത്.

എന്താണ് ബയോഫ്‌ളോക് മത്സ്യകൃഷി?

ഇസ്രയേലിൽ ആവിഷ്‌കരിച്ച അതിസാന്ദ്രതാ മത്സ്യക്കൃഷി രീതിയാണ് ബയോഫ്‌ളോക്. കുളങ്ങളിലും ടാങ്കുകളിലും സാധാരണ രീതിയിൽ വളർത്താവുന്ന മത്സ്യത്തിന്റെ പലയിരട്ടി ഇതിലൂടെ വളർത്താം. തീറ്റച്ചെലവ് കുറയ്ക്കാം. താരമത്യേന രുചികരമായ മത്സ്യം ലഭിക്കും. അതേസമയം രോഗബാധ പ്രശ്‌നമാകുന്നുമില്ല. ഇത് കർഷകരെ ബയോഫ്‌ളോക്കിലേക്ക് ആകർഷിക്കുന്നു. സദാ എയ്‌റേഷൻ (വായുസഞ്ചാരം) സൗകര്യമുള്ള ടാങ്കിൽ ഹെറ്ററോട്രോഫിക് ബാക്ടീരിയയെ വളർത്തി മത്സ്യം പുറന്തള്ളുന്ന അമോണിയ, നൈട്രേറ്റ്, തുടങ്ങിയ ഘടകങ്ങളെ വിഘടിപ്പിക്കുകയും സൂക്ഷ്മജീവി സാന്ദ്രത വർധിപ്പിക്കുകയും ചെയ്യുന്നതാണു ബയോഫ്‌ളോക് രീതി. വൻ തോതിൽ ഉണ്ടാകുന്ന ഈ ബാക്ടീരിയകൾ തന്നെ പിന്നീട് മത്സ്യത്തിനു ഭക്ഷണമാവുകയും ചെയ്യും. ഏതുതരം മത്സ്യവും ചെമ്മീനും ഇങ്ങനെ വളർത്താം. വെള്ളം മാറ്റുകയേ വേണ്ടാത്തതിനാൽ ജലദൗർലഭ്യമുള്ള സ്ഥലങ്ങളിൽ പരീക്ഷിക്കാവുന്ന ഏറ്റവും മികച്ച കൃഷി രീതിയാണിത്.

ഒരു ടാങ്കിൽ നിന്ന് തന്നെ നാല് മാസം കൊണ്ട് 600 കിലോഗ്രാം അസാധ്യം: സുധീർ

ഒരു ടാങ്കിൽ നിന്ന് തന്നെ നാല് മാസം കൊണ്ട് 600 കിലോഗ്രാം അസാധ്യമെന്നു എംഎംഎഫ് ജനറൽ സെക്രട്ടറിയും ഇപ്പോൾ പ്രസിഡന്റ് വർഗീസിനെതിരെ ശബ്ദമുയർത്തുകയും ചെയ്യുന്ന ജനറൽ സെക്രട്ടറി സുധീർ മറുനാടനോട് പറഞ്ഞു. ബയോഫ്‌ളോകുമായി ബന്ധപ്പെട്ടു വർഗീസ് വീഡിയോയിൽ നിരത്തുന്ന ഡാറ്റകൾ തെറ്റാണ്. 3000 മീനുകൾ ഒരു മാസമേ ഇടാൻ കഴിയൂ. ഒരു മാസം കഴിഞ്ഞാൽ ഗ്രേഡിങ് കഴിഞ്ഞു രണ്ടു ടാങ്കിൽ ഇടണം. അത് കഴിഞ്ഞു വീണ്ടും ഗ്രേഡിങ് കഴിഞ്ഞു വേറെ ടാങ്കിൽ ഇടണം. പിന്നീടാണ് കൊയ്ത്ത് നടത്താൻ കഴിയുന്നത്. ഒരു ടാങ്കിൽ നിന്ന് തന്നെ നാല് മാസം കൊണ്ട് 600 കിലോഗ്രാം മത്സ്യം അസാധ്യമാണ്. ഇത് വിദേശ ടെക്‌നോളജിയാണ്.

പത്ത് മിനിട്ട് വൈദ്യുതി മുടങ്ങിയാൽ എല്ലാ മത്സ്യങ്ങളും ചാകും. കേരളത്തിൽ ഇത് സാധ്യമാണോ? ഇൻവേർട്ടറും ജനറേറ്ററും ഒക്കെ ആവശ്യമാകും. സ്വന്തം ആവശ്യത്തിനു യോജിക്കുന്ന പദ്ധതിയാണിത്. അല്ലാതെ ഇത് വ്യാവസായിക അടിസ്ഥാനത്തിൽ നടപ്പിലാക്കാൻ കഴിയുന്നതല്ല. അല്ലാതെ ഇതിൽ നിന്നും ലാഭമുണ്ടാക്കി നേട്ടം കൊയ്യും എന്നൊക്കെ പറയുന്നത് വെറുതെയാണ്. അല്ലെങ്കിൽ ഇതിനു അനുയോജ്യമായ എല്ലാ തയ്യാറെടുപ്പുകളും നടത്തണം. ഇത് സ്വന്തമായി പഠിക്കണം. വിചാരിക്കുന്ന അത്ര എളുപ്പമല്ല ഇത്. ചെറുതായി തുടങ്ങി ആദ്യം പഠിക്കണം. എന്നിട്ട് വേണം അത് വിപുലമായി തുടങ്ങാൻ. പ്രവാസി മലയാളികൾ അവരുടെ മുഴുവൻ തുകയും നിക്ഷേപിച്ച് ലാഭത്തിനു ഒരുങ്ങും. കയ്യിലെ പണം മുഴുവൻ പോകുന്ന അവസ്ഥയാകും. ഏറ്റവും മികച്ച മീൻ കുഞ്ഞുങ്ങൾ വേണം. സർക്കാർ നൽകുന്ന മീൻ കുഞ്ഞുങ്ങൾക്ക് പോലും വളർച്ചയിൽ പല വ്യത്യാസങ്ങളും കാണും. ആത നഴ്‌സറി ടാങ്കിൽ ഇടണം. അതിൽ ഒരു മാസം കഴിയണം. അതിൽ നിന്ന് വലുതായ മികച്ച മത്സ്യങ്ങളെ തിരഞ്ഞെടുക്കണം. എന്നിട്ട് വേണം ടാങ്കിലേക്ക് മാറ്റാൻ. പിന്നേയും ഗ്രേഡിങ് നടത്തണം. അതിനൊക്ക പണച്ചെലവ് ഉള്ള കാര്യമാണ്. അത് കഴിഞ്ഞ് വീണ്ടും ടാങ്ക് മാറ്റണം. എങ്ങിനെ കുറെ പ്രോസസിങ് നടത്തണം. എന്നാലേ റിസൽട്ട് ലഭിക്കൂ. ടാങ്കിലെ വായു സഞ്ചാരം ക്രമീകരിക്കണം. ടാങ്കിലെ ബാക്ടീരികളാണ് മീനിന്റെ ഭക്ഷണം. ഓക്‌സിജൻ ലെവൽ കുറഞ്ഞാൽ മീനുകൾ ജീവിക്കില്ല. എല്ലാ പ്രയത്‌നവും വെറുതെയാകും.

ചാരിറ്റബിൾ സൊസൈറ്റിയാണ്. പ്രോഫിറ്റ് ഓറിയന്റഡ് സെയിൽ ചെയ്യാൻ കഴിയില്ല. ഇത് കഴിഞ്ഞ മഹാ പ്രളയകാലത്ത് ഒരു വാട്‌സ് അപ്പ് ഗ്രൂപ്പായിരുന്നു. ആളുകൾക്ക് സഹായം എത്തിക്കാനുള്ള ഒരു കൂട്ടായ്മ മാത്രമായിരുന്നു. അങ്ങിനെയാണ് ഞാൻ ഇതിൽ സജീവമാകുന്നത്. പിന്നീടാണ് ചാരിറ്റബിൾ സൊസൈറ്റിയും മത്സ്യകൃഷിയും ബയോഫ്‌ളോക് ഒക്കെ ആകുന്നത്. ഈ സൊസൈറ്റിക്ക് സാധനങ്ങൾ മൊത്തത്തിൽ വാങ്ങിച്ച് വെച്ച് പിന്നെ വിലകൂട്ടി വിൽക്കുകയാണ് പ്രസിഡന്റ് വർഗീസിന്റെ രീതി. ഞങ്ങൾ ഇത് ചോദ്യം ചെയ്തതാണ്. പക്ഷെ വർഗീസ് ഓരോ കാരണങ്ങൾ പറഞ്ഞു ഒഴിയുകയായിരുന്നു. തോന്നിയ വിലയ്ക്ക് വർഗീസ് പിന്നെ വിൽക്കും. ജീവനക്കാർക്ക് ശമ്പളം നൽകണം. പണം വേണം എന്നൊക്കെ വർഗീസ് പറയും. എംഎംഎഫ് ഓഫീസ് വർഗീസിന്റെ പെരുമ്പാവൂരിലുള്ള ഫാമിലാണ് ഐഎംഎഫ് ഓഫീസ് പ്രവർത്തിക്കുന്നത്. നിയന്ത്രണം മുഴുവൻ വർഗീസിനാണ്. ആളുകളിൽ നിന്നും പണം പിരിവും രജിസ്റ്റർ ചെയ്യാനും ട്രെയിനിംഗിനും ഒക്കെ പണം വാങ്ങുന്നുണ്ട്. പക്ഷെ ഓഡിറ്റിങ് ഇതേ വരെ നടത്തിയിട്ടില്ല. ഓഡിറ്റിങ് നടത്തണമെന്നു ആവശ്യപ്പെട്ടെങ്കിലും നടത്തിയിട്ടില്ല. എംഎംഎഫിൽ വരുന്ന പണം ബ്ലൂബെൽ കിച്ചണിലേക്ക് ഒഴുകിയപ്പോൾ ജനറൽ സെക്രട്ടറി എന്ന നിലയിൽ ഞാൻ അത് ചൂണ്ടിക്കാട്ടി. പക്ഷെ ജനറൽ സെക്രട്ടറി ഒന്നും ശ്രദ്ധിക്കേണ്ട കണക്ക് ഞാനും ട്രഷററും കൂടി എല്ലാം നോക്കും. അത് ശരിയല്ലല്ലോ. അപ്പോൾ ഞാൻ എല്ലാവർക്കും ഇതിനെക്കുറിച്ച് സൂചന നൽകി സന്ദേശം അയച്ചു. ഇതോടെ എന്നെ വാട്‌സ് അപ്പ് ഗ്രൂപ്പുകളിൽ നിന്നും മാറ്റി. പക്ഷെ ജനറൽ സെക്രട്ടറിയെ അങ്ങനെ മാറ്റാൻ കഴിയില്ല. ഈ ക്രമക്കേടുകൾ എല്ലാം വെളിയിൽ വരണം. രജിസ്ട്രാർക്ക് പരാതി നൽകിയപ്പോൾ പൊലീസിൽ പരാതി നൽകാനാണ് പറഞ്ഞത്. അല്ലെങ്കിൽ കോടതിയിൽ ഹർജി നൽകാനും. ജനറൽ ബോഡി വിളിച്ച് പ്രശ്‌നപരിഹാരത്തിനു ശ്രമിക്കുന്നുണ്ട്. കൊറോണ കാരണം അതിനു കാലതാമസം വരും-സുധീർ പറയുന്നു.

അധികാര സ്ഥാനങ്ങൾക്ക് ചിലർക്ക് ആഗ്രഹം; അല്ലാതെ കർഷകരോടുള്ള സ്‌നേഹക്കൂടുതലല്ല: വർഗീസ്

എന്നാൽ ആരോപണങ്ങൾ അടപടലം തള്ളിക്കളയുകയാണ് ഐഎംഎഫ് സൊസൈറ്റി പ്രസിഡന്റ് വർഗീസ്. ചെറിയ സമയം കൊണ്ട് പോപ്പുലർ ആയി മാറിയതാണ് ഐഎംഎഫ്. അതിന്റെ അധികാര സ്ഥാനങ്ങളിൽ ഇരിക്കാൻ ചിലർക്ക് ഇഷ്ടമുണ്ട്. അല്ലാതെ ഫാർമേഴ്‌സിനോടുള്ള സ്‌നേഹക്കൂടുതൽ അല്ല പ്രശ്‌നം. രണ്ടു വർഷം കൊണ്ട് കുതിച്ചുയർന്ന സ്ഥാപനമാണ്. ഇപ്പോൾ സൊസൈറ്റിക്ക് പണമുണ്ട്. അപ്പോൾ ചിലർക്ക് അധികാര സ്ഥാനങ്ങൾ വേണം. അതിനായി സൊസൈറ്റിയിൽ ചിലർ എനിക്കെതിരെ ഗ്രൂപ്പായി തിരിഞ്ഞു പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണ്. വർഗീസ് മറുനാടനോട് പറഞ്ഞു. എല്ലാം കണക്കുകളും കൃത്യമാണ്. ജിഎസ്ടി ഈടാക്കിയാണ് എല്ലാം ചെയ്യുന്നത്. അതുകൊണ്ട് തന്നെ അക്കൗണ്ട് എല്ലാം കൃത്യമാണ്. ഓഡിറ്റിങ് ഇതുവരെ നടത്തിയിട്ടില്ല. അത് ചെയ്യാൻ പറഞ്ഞിട്ടുണ്ട്.

എല്ലാ വാട്‌സ് അപ്പ് ഗ്രൂപ്പിന്റെയും അഡ്‌മിൻ ഞാനായിരുന്നു. ഒരു ദിവസം അർദ്ധരാത്രിയിൽ ഈ ഗ്രൂപ്പിൽ നിന്നും ചിലർ

എന്നെ മാറ്റുകയാണ് ഉണ്ടായത്. സ്ഥാപനത്തിലെ ജീവനക്കാർ കൂടി അഡ്‌മിൻ ആയിരുന്നു. അതിനാൽ ചിലത് ഞാൻ തിരികെ പിടിച്ചു. സൊസൈറ്റിയിൽ അഭിപ്രായ വ്യത്യാസങ്ങളും ഭിന്നതകളും കാണും. അത് ഗ്രൂപ്പ് പിടിച്ചു വാങ്ങിയാണോ ചർച്ച ചെയ്യേണ്ടത്. ബ്ലൂബെൽ കിച്ചൻ ഹോൾസെയിൽ ഡിസ്ട്രിബ്യൂറ്റേഴ്‌സ് ആണ്. ഇവർ പെയ്‌മെന്റ് നൽകിയതിന്റെ സ്‌ക്രീൻ ഷോട്‌സ് എടുത്ത് പ്രചരിപ്പിക്കുകയാണ്. റാങ്ക് ചെയ്യുന്നത് ബ്ലൂ ബെൽ കിച്ചണാണ്. അതിന്റെ മൂന്ന് ശതമാനം സൊസൈറ്റിയിലേക്ക് കൊടുക്കുന്നുണ്ട്. അത് കമ്മറ്റി തീരുമാനം പ്രകാരമാണ് നടപ്പിലാക്കിയത്. വ്യാവസായിക അടിസ്ഥാനത്തിൽ വിജയപ്രഥമാണ് ബയോഫ്‌ളോക്. ഫോറിൻ ടെക്‌നോളജിയാണ്. പതിനായിരിക്കണക്കിന് പേർ ഇതിന്റെ ടെക്‌നോളജി ഉപയോഗിക്കുന്നുണ്ട്. സ്റ്റാൻഡേർഡ് ഫോം വേണം. അതിനാണ് ഞാൻ സ്റ്റാൻഡേഡയിസ് ചെയ്തത്. 50000 രൂപയിൽ റാങ്ക് ഞങ്ങൾ ചെയ്തു കൊടുക്കുന്നുണ്ട്. ബാക്ടീരിയകളെ മത്സ്യം ഭക്ഷിക്കുന്ന വിജയപ്രഥ ടെക്‌നോളജിയാണിത്. ഫീഡ് വളരെ കുറവ് മാത്രം മതി. ലോക്‌ഡൗൺ സമയത്ത് ആയിരത്തി ഇരുനൂറോളം കിലോ മത്സ്യങ്ങളെ ഞാൻ വിറ്റു-വർഗീസ് പറയുന്നു.



ഇൻഡോനേഷ്യയിൽ ഐഎംഎഫ് സംഘത്തോടൊപ്പം പോയ റിഹാസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്:

ബയോഫ്‌ളോക് അടുത്ത ആട് മാഞ്ചിയം തട്ടിപ്പ്, എംഎംഎഫ് എന്ന സംഘടനയുടെ പ്രസിഡന്റ് വർഗീസ് ഇട്ടൻ എന്നയാളാണ് ഈവീഡിയോയിലുള്ളത്, ഇതിൽ ഇദ്ദേഹം അവകാശപ്പെടുന്നത് നാല് ഡയാമീറ്റർ ടാങ്കിൽ നിന്നും ബയോഫ്‌ളോക് സിസ്റ്റത്തിൽ മത്സ്യകൃഷി ചെയ്താൽ 4 മാസം കൊണ്ട് 600 കിലോഗ്രാം മത്സ്യം ഉൽപാദിപ്പിക്കാം എന്നാണ്, അതും 60 to 80 രൂപ പ്രൊഡക്ഷൻ കോസ്റ്റ് / kg,-

ഞാനും ഐഎംഎഫ് സൊസൈറ്റിയിൽ ഒരു എക്‌സിക്യൂട്ടീവ് മെമ്പർ ആയിരുന്നു, കഴിഞ്ഞ വർഷം ജനുവരി മാസത്തിൽ ബയോഫ്‌ളോക് സിസ്റ്റത്തെക്കുറിച്ചു കൂടുതൽ അറിയാൻ വേണ്ടി ഇന്തോനേഷ്യയിൽ പോയ സംഘത്തിൽ ഞാനും ഉണ്ടായിരുന്നു, വർഗീസ് സാർ, കെ.കെ.നാസർ,ശരീഫ് എന്നിവരാണ് കൂടെ ഉണ്ടായിരുന്നത്, ഇന്തോനേഷ്യയിലുള്ള കുറച്ചു സുഹൃത്തുക്കൾ മുഖേന ഒരു ടൂർ ഗൈഡിനെയും ഞാനാണ് അറേഞ്ച് ചെയ്തത്,
ഒരു മാസത്തോളം ഇന്തോനേഷ്യയിൽ താമസിച്ചു ഒരുവിധം എല്ലാ റൂറൽ ഏരിയകളിലും സഞ്ചരിച്ചു ബയോഫ്‌ളോക് കാണാൻ വേണ്ടി പഠിക്കാൻ വേണ്ടി, എന്നാൽ വ്യാവസായികമായി ബയോഫ്‌ളോക് ചെയ്യുന്ന ആരെയും കാണാൻ സാധിച്ചില്ല, എല്ലാവരും ട്രഡീഷണൽ രീതിയിൽ മത്സ്യകൃഷി ചെയ്യുന്നവരാണ്, മാത്രമല്ല ബയോഫ്‌ളോക് ലാഭകരമല്ല എന്നാണ് അവരുടെ അഭിപ്രായം, അതുകൊണ്ട് തന്നെ ഈ കൃഷി രീതി ആദ്യം നമ്മൾ പരീക്ഷിച്ചതിനു ശേഷം മാത്രം മറ്റുള്ളവർക്ക് സജസ്റ്റ് ചെയ്യാം എന്നായിരുന്നു എന്റെയും ശരീഫിന്റെയും അഭിപ്രായം, തിരിച്ചു നാട്ടിൽ വിമാനമിറങ്ങിയതിനു ശേഷം തീരുമാനങ്ങൾ ആകെ തകിടം മറിയുകയായിരുന്നു സംഘടനക്കു വളരാനും ശ്രദ്ധിക്കപ്പെടാനും ബയോഫ്ളോക്കിനെ ഉപയോഗപ്പെടുത്താൻ സങ്കടനയിലെ ഭൂരിപക്ഷം എക്‌സിക്യു്റ്റിവ് മെമ്പർമാരും തീരുമാനിച്ചു, ഈ നിലപാടിലെ ധാർമികതയെ ചോദ്യം ചെയ്ത എനിക്കും ശരീഫിനും എംഎംഎഫിൽ നിന്നും പുറത്തു പോകേണ്ടി വന്നു

ഐഎംഎഫ് ഉം വർഗീസ് സാറും ബയോഫ്‌ളോക് ട്രെയിനിങ് കൊണ്ടു മുന്നോട്ട് പോകുകയും ചെയ്തു, സങ്കടനാ മെമ്പര്മാര്ക്കും അല്ലാത്തവർക്കും ആഴ്ചയിൽ ഇരുനൂറോളം ആളുകളെ വെച്ച് ഇവർ ട്രെയിനിങ് എന്നപേരിൽ ഓരോരുത്തരിൽ നിന്നും 3000 രൂപയോളം വാങ്ങിയിരുന്നത്രെ, ഇവിടെനിന്നും ഒരു ദിവസത്തെ ട്രെയിനിങ് പൂർത്തിയാക്കിയവർ ഇവരിൽ നിന്ന് തന്നെ ടാങ്കും അനുബന്ധ ഉപകരണങ്ങളും വാങ്ങിയെങ്കിൽ മാത്രമേ പിന്നീട് വരുന്ന സംശയങ്ങൾക്ക് മറുപടി കൊടുക്കാൻ സാധിക്കു എന്നതായിരുന്നു നിബന്ധന ബയോഫ്‌ളോക് ഇൻസ്റ്റാളേഷന്റെ പേരിൽ വലിയ സംഖ്യയും വാങ്ങിയിട്ടുണ്ട് പലരിൽ നിന്നും (മാക്‌സിമം 20000 രൂപയ്ക്കു ചെയ്യാൻ പറ്റുന്ന 4 ഡയാമീറ്റർ പടുത ടാങ്കിനു 45000 രൂപ ഈടാക്കിയിട്ടുണ്ട് ഐഎംഎഫ്, 700 രൂപയുടെ ഫ്‌ളോക് മെഷറിന് 2400 രൂപ, പ്രൊ ബയോട്ടിക് എന്ന ഉൽപ്പന്നം ഇവരുടെ തന്നെ കമ്പനികൾ വഴി വാങ്ങി അഞ്ചിരട്ടി ലാഭം എടുത്തു കർഷകർക്ക് വിതരണം ചെയ്തു.

ഒന്നര രൂപയിൽ താഴെ വിലയുള്ള നിലവാരമില്ലാത്ത മൽസ്യക്കുഞ്ഞുങ്ങളെയാണ് കർഷക സ്‌നേഹം മൂത്തു ഈ സങ്കടന കർഷകർക്ക് വിതരണം ചെയ്തത് അഞ്ചു രൂപക്കും അതിനു മുകളിലേക്കും ആണ്, ഇത്രയും ചെലവാക്കി ബയോഫ്‌ളോക് ചെയ്തവർക്ക് ആർക്കെങ്കിലും ഇവർ പറയുന്ന റിസൾട്ട് കിട്ടിയോ എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു, എന്റെ അറിവിൽ 200 kg മത്സ്യം പോലും കിട്ടിയിട്ടില്ല, ചാരിറ്റബിൾ സൊസൈറ്റിയായി രെജിസ്റ്റർ ചെയ്ത ഈ സങ്കടനയും അതിനു മറയായി പ്രവർത്തിക്കുന്ന തട്ടിക്കൂട്ട് കമ്പനിയും കൂടി 2500 ൽ അധികം മത്സ്യക്കൃഷിയിലൂടെ ജീവിത വിജയം പ്രതീക്ഷിച്ചു വന്ന പ്രവാസികളും നാട്ടിലെ കൂലിപ്പണിക്കാരും അടങ്ങുന്ന സാധാരണ കർഷകരിൽ നിന്നും കോടികൾ തട്ടിച്ചപ്പോൾ അവർക്കു വേണ്ടി ശബ്ദമുയർത്താൻ ഈ നാട്ടിലെ ഒരു സംവിധാനവും ഉണ്ടായില്ല, ഇതിനെക്കുറിച്ചു അന്വേഷിക്കാനും വാർത്ത കൊടുക്കാനും ബ്രെക്കിങ് ന്യൂസിന് പിറകിൽ പായുന്ന ഒരു മാധ്യമ പ്രവർത്തകരെയും കണ്ടില്ല, യൂറ്റൂബിൽ കൃഷി സംബന്ധമായവീഡിയോ ചെയ്യുന്ന പല പ്രമുഖരും ഇവരിൽ നിന്നും അച്ചാരം വാങ്ങി ഈ തട്ടിപ്പുസംഘങ്ങൾക്കു ആളെപ്പിടിച്ചു കൊടുക്കുന്ന തിരക്കിലായിരുന്നു,

ഞാൻ ഇങ്ങനെ ഒരു പോസ്റ്റ് ഇടാനുണ്ടായ സാഹചര്യം, ഇപ്പൊ ഗവണ്മെന്റ് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഹോംസ്റ്റെഡ് ബയോഫ്‌ളോക് എന്ന ഒരു പുതിയ സ്‌കീം ഫിഷറീസ് വഴി പ്രഖ്യാപിച്ചിരിക്കുന്നു, 138000 രൂപയാണ് ചെലവ് കണക്കാക്കുന്നത്, അതിൽ നാല്പത് ശതമാനം സബ്‌സിഡി കിട്ടും, ബയോഫ്‌ളോക് മോസ്റ്റ് മോഡേൺ ആയിട്ടുള്ള ഒരു കൃഷി രീതി ആണ്. ഒരു മണിക്കൂർ കറന്റ് പോയാൽ മൊത്തം ഫിഷുകൾക്കു മോർട്ടാലിറ്റി സംഭവിക്കുന്ന, അത്യാവശ്യം ട്രെയിനിങ് വേണ്ട, നന്നായി മോണിറ്ററിങ് ചെയ്യേണ്ട ഒരു കൃഷി രീതി. ഇതു ഇംപ്ലിമെന്റ്‌റ് ചെയ്യുന്നതിന് മുന്പായി ഇതു ചെയ്തു വിജയിച്ചവർ ഉണ്ടോന്നു ഗവണ്മെന്റ് അന്വേഷിക്കണം, ഇതിന്റെപ്രോജക്റ്റ് റിപ്പോർട്ട് ശരിക്കും പഠിച്ച ശേഷമേ ഇതു നടപ്പിലാക്കാവൂ, അല്ലെങ്കിൽ രണ്ടു പ്രളയത്തിൽ മുഴുവൻ മത്സ്യവും നഷ്ടപ്പെട്ടു ഇരിക്കുന്ന എന്നെപ്പോലുള്ള മത്സ്യ കർഷകരുടെ നടു ഒടിക്കാനേ ഈ പദ്ധതി ഉപകരിക്കൂ,

കൂടാതെ ഗൾഫിൽ നിന്നും ജോലിയെല്ലാം നഷ്ടപ്പെട്ടു തിരിച്ചു വരുന്ന പാവം പ്രവാസികളുടെ എന്തെങ്കിലും മിച്ചമുള്ള പൈസ മത്സ്യ കൃഷിയുടെ പേരിൽ ഇങ്ങനത്തെ കൊള്ളസംഘം പോക്കറ്റിലാക്കും, സബ്സിഡിയുടെ പേരിൽ കുറെ പൈസ സർക്കാരിനും നഷ്ടമാവും. എന്നും കര്ഷകരോടൊപ്പം നിന്ന ചരിത്രമുള്ള ഇടതുപക്ഷ സർക്കാരിലെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ബഹുമാനപ്പെട്ട കൃഷിവകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ സാറും ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയും ഈ തീവെട്ടി കൊള്ള അറിഞ്ഞിരിക്കില്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം അല്ലെങ്കിൽ അവർക്കു കീഴിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ അവരിൽ നിന്നും മറച്ചു വെച്ച് കാണും, അവർ അറിഞ്ഞു കൊണ്ട് ഇത്തരം ഒരു തട്ടിപ്പിനെ പ്രോത്സാഹിപ്പിക്കും എന്ന് ഞാൻ കരുതുന്നില്ല. ദയവായി ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ചു സാധാരണക്കാരായ കർഷകന്റെ പിച്ച ചട്ടിയിൽ കയ്യിട്ടു വരുന്നവർക്കെതിരെ ഭരണകൂടവും സർക്കാരും അവരെ സഹായിക്കുന്ന ഉദ്യോഗസ്ഥരും ഇനിയെങ്കിലും കണ്ണ് തുറക്കും എന്ന പ്രതീക്ഷയോടെ
ഫിഷറീസ് വകുപ്പിനെയും അതിലെ ഉദ്യോഗസ്ഥരുടെയും നിർദ്ദേശങ്ങൾ പാലിച്ചു കൃഷി ചെയ്തിട്ടും രണ്ടു പ്രളയങ്ങൾ മൂലം കടക്കെണിയിൽ അകപ്പെട്ടു സർക്കാർ പ്രഖ്യാപിച്ച സഹായവും പ്രതീക്ഷിച്ചിരിക്കുന്ന ഈ നാട്ടിലെ ഒരു സാധാരണക്കാരനായ മൽസ്യകർഷകൻ,

റിഹാസ് തലക്കാട്

സുധീർ സഹകരണ സംഘം രജിസ്ട്രാർക്ക് നൽകിയ പരാതി ഇങ്ങനെ:

Dear Registrar,

This is Sudhir Mohandas General Secretary of Integrated Modern Farmers (IMF) Society Reg.no EKM/TC/577/2018.

Mr Varghese Itten President of IMF Society unlawfully dismissed the Executive committee on being questioned by Few office bearers of Executive committee, regarding misappropriation of Society fund towards his perosnal company Blue Bell Kitchen and Equipment from IMF Society account held with Union bank of India Piravom branch.

The Union bank of India has provided internet banking transactions password to single user Mr Varghese Itten.

During this lockdown period the Society is unable to call for physical Executive or General body meeting to take corrective action.

Would request District Registrar (General) office, Ernakulam's intervention in freezing the bank account 607901010050168 against further internet transaction, cash withdrawal and payment by cheque.

Mr Gopi Branch Manager Union bank of India mobile number is +919400211956. Email [email protected]

Waiting for your prompt action .

Regards,

Sudhir Mohandas
General Secretary
Integrated Modern Farmers (IMF) Society.
Mobile 8281466551

Email:[email protected]

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP