Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാഹുൽ ​ഗാന്ധിയുടെ വധുവായി ദേശീയ മാധ്യമങ്ങൾ പോലും വാഴ്‌ത്തിയ സുന്ദരി; പ്രിയങ്കാ ​ഗാന്ധിയുടെ വലംകയ്യായി നിന്ന കോൺ​ഗ്രസിന്റെ താര പ്രചാരക; എന്നും അപ്രാപ്യമായിരുന്ന മണ്ഡലം കോൺ​ഗ്രസിന്റെ അക്കൗണ്ടിൽ എഴുതിച്ചേർത്ത സംഘാടക; ഇനിയും പുറംലോകം അറിയാത്ത കാരണത്തിന്റെ പേരിൽ പാർട്ടിക്കുള്ളിൽ കലാപക്കൊടി ഉയർത്തിയ അതിഥി സിങിനെ പാർട്ടിയിൽ നിന്നും പുറത്താക്കി കോൺ​ഗ്രസ്; നടപടി കുടിയേറ്റ തൊഴിലാളികൾക്ക് സ്വദേശത്തേക്ക് മടങ്ങാൻ 1000 ബസ്സുകൾ തയ്യാറാക്കിയ പ്രിയങ്ക ഗാന്ധിയെ പരസ്യമായി വിമർശിച്ചതോടെ

രാഹുൽ ​ഗാന്ധിയുടെ വധുവായി ദേശീയ മാധ്യമങ്ങൾ പോലും വാഴ്‌ത്തിയ സുന്ദരി; പ്രിയങ്കാ ​ഗാന്ധിയുടെ വലംകയ്യായി നിന്ന കോൺ​ഗ്രസിന്റെ താര പ്രചാരക; എന്നും അപ്രാപ്യമായിരുന്ന മണ്ഡലം കോൺ​ഗ്രസിന്റെ അക്കൗണ്ടിൽ എഴുതിച്ചേർത്ത സംഘാടക; ഇനിയും പുറംലോകം അറിയാത്ത കാരണത്തിന്റെ പേരിൽ പാർട്ടിക്കുള്ളിൽ കലാപക്കൊടി ഉയർത്തിയ അതിഥി സിങിനെ പാർട്ടിയിൽ നിന്നും പുറത്താക്കി കോൺ​ഗ്രസ്; നടപടി കുടിയേറ്റ തൊഴിലാളികൾക്ക് സ്വദേശത്തേക്ക് മടങ്ങാൻ 1000 ബസ്സുകൾ തയ്യാറാക്കിയ പ്രിയങ്ക ഗാന്ധിയെ പരസ്യമായി വിമർശിച്ചതോടെ

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നൗ: ഒടുവിൽ അതിഥി സിങിനെ കോൺ​ഗ്രസ് പുറത്താക്കി. ഒരുകാലത്ത് പ്രിയങ്കാ ​ഗാന്ധിയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന അതിഥി വളരെ നാളുകളായി നെഹ്റു കുടുംബത്തോടും കോൺ​ഗ്രസ് പാർട്ടിയോടും അകൽച്ചയിലായിരുന്നു. എന്നാൽ, ഈ അകൽച്ചക്ക് കാരണം എന്തെന്ന് ഇനിയും വ്യക്തമല്ല. ഒരുകാലത്ത് രാഹുൽ ​ഗാന്ധിയുടെ വധുവായി വരെ മാധ്യമങ്ങൾ വിശേഷിപ്പിച്ച യുവനേതാവാണ് ഇപ്പോൾ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടിരിക്കുന്നത്. കുടിയേറ്റ തൊഴിലാളികൾക്ക് സ്വദേശത്തേക്ക് മടങ്ങി വരുന്നതിന് വേണ്ടി 1000 ബസ്സുകൾ തയ്യാറാക്കിയ പ്രിയങ്ക ഗാന്ധിയുടെ നടപടിയെ വിമർശിച്ചതോടെയാണ് റായ്ബറേലി എംഎ‍ൽഎ അതിഥി സിങിന് പാർട്ടിക്ക് പുറത്തേക്കുള്ള വഴി പെട്ടെന്ന് ഒരുങ്ങിയത്.

403 അംഗ യുപി നിയമസഭയിൽ കോൺഗ്രസിന് ഏഴ് അംഗങ്ങളാണുള്ളത്. ഇതിൽ രണ്ടു പേർ റായ് ബറേലിയിൽനിന്നാണ്. അതിൽ ഒന്ന് അതിഥി സിങ് ആണ്. അതിഥിയെ പുറത്താക്കിയതോടെ നിയമസഭയിൽ കോൺ​ഗ്രസിന്റെ അം​ഗസംഖ്യ ആറായി കുറഞ്ഞു. റായ്ബറേലി സാദർ നിയമസഭാ സീറ്റ് കോൺഗ്രസിനു ജയിക്കാനായത് അതിഥിസിങ് പാർട്ടിയിൽ ചേർന്നതിനുശേഷമാണ്. അതിനുമുമ്പ്‌ സ്വതന്ത്രനായി മത്സരിച്ച അതിഥിയുടെ അച്ഛൻ അഖിലേഷ് പ്രതാപ് സിങ് ആയിരുന്നു മിക്കപ്പോഴും അവിടത്തെ എംഎൽഎ. ഒരിക്കൽ അദ്ദേഹം സോണിയാഗാന്ധിയുടെ എതിർസ്ഥാനാർത്ഥിയായി ലോക്‌സഭയിലേക്കു മത്സരിച്ചെങ്കിലും പിന്നീട് കോൺഗ്രസിലേക്കു മടങ്ങി. റായ്ബറേലിയിലെ എംഎൽഎ. ആയ അതിഥി സമീപകാലംവരെ സോണിയാഗാന്ധിയുടെ കുടുംബവുമായി അടുത്തബന്ധം പുലർത്തിയിരുന്നു. 2004 മുതൽ അമേഠിയിൽ മത്സരിച്ചിരുന്ന കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ റായ്ബറേലിയിലേക്കു മാറിയിരുന്നു.

യു.എസ്.എയിലെ ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്നും മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ അതിഥി സിങ് റായ് ബറേലിയിൽ നിന്നും 90,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. റായ് ബറേലിയിൽ അഞ്ച് തവണ എംഎ‍ൽഎയായിരുന്ന അഖിലേഷിന്റെ പുത്രിയാണ് അതിഥി. 29 വയസ്സായ അതിഥി പ്രിയങ്ക ഗാന്ധിയുടെ പ്രധാന സഹായികളിലൊരാളായിരുന്നു. എന്നാൽ പിന്നീട് കോൺ​ഗ്രസിനെതിരെ സ്വരം ഉയർത്തുന്ന, പാർട്ടി നിർദ്ദേശങ്ങൾ ലംഘിക്കുന്ന അതിഥിയെയാണ് പാർട്ടിയും രാജ്യവും കണ്ടത്.

പടിയിറങ്ങുന്നത് ഒരിക്കൽ രാഹുൽ ​ഗാന്ധിയോട് ചേർത്ത് പറഞ്ഞ പേര്

കർണാടക തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അതിഥി സിംങിനെ വിവാഹം ചെയ്യും എന്ന രീതിയിലുള്ള വാർത്തകൾ നേരത്തേ പ്രചരിച്ചിരുന്നു. റായ്ബറേലിയിൽ നിന്നുള്ള കോൺഗ്രസിന്റെ വാട് സ് ആപ് ഗ്രൂപ്പിൽ നിന്നാണ് ഈ വാർത്ത പുറത്ത് വന്നത്. ദേശീയ മാധ്യമങ്ങൾ പോലും വിവാഹ വാർത്ത റിപ്പോർട്ട് ചെയ്തതോടെ വിവാഹ വാർത്ത നിഷേധിച്ച് അതിഥി സിംങ് തന്നെ വ്യക്തമാക്കിയിരുന്നു. വാർത്തക്ക് യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നാണ് അതിഥി സിങ് അന്ന് പറഞ്ഞത്.രാഹുൽജി എനിക്ക് മൂത്ത സഹോദരനെപ്പോലെയാണ്. ഇത്തരം വാർത്തകൾ എന്നെ സങ്കടപ്പെടുത്തുന്നു. അദ്ദേഹം എന്റെ രാഖി സഹോദരനാണ് എന്നും അതിഥി സിങ് വ്യക്തമാക്കിയിട്ടുണ്ട്.

അകൽച്ച തുടങ്ങിയിട്ട് ഏറെ നാൾ

അതിഥി സിങ്ങും കുറച്ചുനാളായി കോൺഗ്രസിന്റെ ഒരു പരിപാടിയിലും പങ്കെടുക്കുന്നില്ല. റായ് ബറേലിയിൽ പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നടത്തിയ പദയാത്രയിൽ അതിഥി സിങ് പങ്കെടുത്തിരുന്നില്ല. അതേസമയം വിട്ടുനിൽക്കാൻ പാർട്ടി തീരുമാനമെടുത്തിട്ടും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിളിച്ചുചേർത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്തു. തന്റെ മനസ്സാക്ഷിക്കനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും പാർട്ടി എന്തു നടപടിയെടുത്താലും പ്രശ്‌നമില്ലെന്നുമാണ്, ഇക്കാര്യം ആരാഞ്ഞവരോട് അതിഥി സിങ് പ്രതികരിച്ചത്. അതേസമയം, വിമത സ്വരം ഉയർത്തി നിൽക്കുമ്പോഴും കഴിഞ്ഞ വർഷം അവസാനം നടന്ന നിയമ സഭാ ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്റെ താര പ്രചാരകരുടെ ലിസ്റ്റിലും അതിഥി ഇടംപിടിച്ചിരുന്നു.

ഏറ്റവുമടുവിൽ കുടിയേറ്റ തൊഴിലാളികളുടെ പേരിലും

കുടിയേറ്റ തൊഴിലാളികൾക്കായുള്ള ബസുകൾ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകിയ വിഷയത്തിൽ കോൺഗ്രസിനേയും പ്രിയങ്ക ഗാന്ധിയേയും കുറ്റപ്പെടുത്തി രം​ഗത്തെത്തിയതോടെയാണ് അതിഥി വീണ്ടും വാർത്തകളിൽ നിറഞ്ഞത്. കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കാനായി പ്രിയങ്ക ഗാന്ധി അയക്കാനിരുന്ന വാഹനങ്ങളിൽ ഭൂരിഭാഗവും ബസുകളല്ല മറിച്ച് ചെറിയ വാഹനങ്ങളാണെന്നും അതിഥി സിങ്‌ ആരോപിച്ചു.

ദുരന്ത സമയത്ത് ഇത്തരത്തിൽ തരംതാഴ്ന്ന രാഷ്ട്രീയം കളിക്കേണ്ട ആവശ്യകത എന്താണെന്നും ട്വിറ്ററിലൂടെ അതിഥി സിങ്‌ ചോദ്യമുയർത്തി.'കോൺഗ്രസ് അയച്ച 1000 ബസുകളുടെ പട്ടികയിൽ പകുതിയിലേറെ രജിസ്ട്രേഷൻ നമ്പറുകളും വ്യാജമാണ്. 297 ബസുകൾ കാലാവധി കഴിഞ്ഞവയാണ്. 98 എണ്ണം ഓട്ടോറിക്ഷികളും ആംമ്പുലൻസുകളുമാണ്. 68 വാഹനങ്ങൾക്ക് യാതൊരു രേഖയുമില്ല. എന്തൊരു ക്രൂരമായ തമാശയാണിത്'. അദിതി സിങ്‌ ട്വിറ്റ് ചെയ്തു. നിങ്ങളുടെ കൈവശം ബസുകളുണ്ടെങ്കിൽ എന്തുകൊണ്ട് രാജസ്ഥാൻ, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്ക് അയക്കുന്നില്ലെന്നും അതിഥി ചോദിച്ചു.

മുമ്പ് യാത്രാ മാർഗമില്ലാതെ ഉത്തർപ്രദേശിലേക്കുള്ള ആയിരക്കണക്കിന് കുട്ടികൾ കോട്ടയിൽ കുടുങ്ങിക്കിടന്നപ്പോൾ ഇപ്പറയുന്ന ബസുകളെല്ലാം എവിടെയായിരുന്നു. കോൺഗ്രസ് അന്ന് ഈ കുട്ടികളെ വീട്ടിലെത്തിച്ചില്ല, അവരെയെല്ലാം അതിർത്തിയിൽ എത്തിക്കാൻ പോലും കോൺഗ്രസ് തയ്യാറായില്ല. രാത്രിയിൽ യുപി മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ് ഇടപെട്ടാണ് ഇവരെ തിരിച്ചെത്തിച്ചത്. രാജസ്ഥാൻ മുഖ്യമന്ത്രി പോലും ഇതിനെ അഭിനന്ദിച്ചെന്നും അതിഥി സിങ്‌ കൂട്ടിച്ചേർത്തു.

തൊഴിലാളികളെ നാട്ടിലെത്തിക്കാൻ ബസ് അയക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ കോൺഗ്രസിനെയും പ്രിയങ്കയെയും അതിഥി രൂക്ഷമായാണു വിമർശിച്ചത്. ഇതിനോടു പ്രതികരിച്ച കോൺഗ്രസ് നേതാവും റായ്ബറേലിയുടെ ചുമതലയുള്ള സെക്രട്ടറിയുമായ കെ.എൽ. ശർമ, വിപ്പ് ലംഘിച്ചതിന് അതിഥിക്കെതിരേ ഒരുകൊല്ലംമുമ്പു നൽകിയ പരാതിയിൽ തീരുമാനമായില്ലെന്നു കുറ്റപ്പെടുത്തി. ‘‘അവർ മറുപടി തരാൻ തയ്യാറാകുന്നില്ല, സ്പീക്കർ നടപടിയെടുക്കുന്നുമില്ല’’ -സിങ് പറഞ്ഞു.

പരവതാനി വിരിച്ച് ബിജെപി

അതിഥി സിംങ് ബിജെപിയിൽ ചേർന്നേക്കും എന്ന അഭ്യൂഹവും ശക്തമാണ്. കോൺഗ്രസ് ടിക്കറ്റിലാണ് അതിഥി സിങ് വിജയിച്ചതെങ്കിലും കുറച്ചു കാലമായി പാർട്ടിയുമായി പിണക്കത്തിലാണ്. പല ഘട്ടങ്ങളിലും ബിജെപിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. അതിഥി സിങിനെ പാർട്ടിയിലേക്കെത്തിക്കുക എന്ന ആലോചനയിലാണ് ബിജെപി. സ്മൃതി ഇറാനിയെ ഒരു തവണ മത്സരിപ്പിച്ച് മണ്ഡലത്തിൽ പരിചയപ്പെടുത്തുകയും പിന്നീട് വീണ്ടും മത്സരിപ്പിച്ചുമാണ് അമേഠി മണ്ഡലം കോൺഗ്രസിൽ നിന്ന് ബിജെപി പിടിച്ചെടുത്തത്. അതേ തരത്തിൽ റായ്ബറേലിയിലും പരിചിതമായൊരു മുഖത്തെ കളത്തിലിറക്കി അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിക്കാനാവുമോ എന്ന ആലോചനയിലാണ് ബിജെപി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP