Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് കണ്ടൈന്മെന്റ് സോണുകളിൽ നിന്ന് വരുന്നവർക്ക് ആഭ്യന്തരവിമാനയാത്രയ്ക്ക് വിലക്ക്; സത്യവാങ്മൂലം നൽകിയാൽ മാത്രം രാജ്യത്തിനകുത്തുള്ള വിമാനയാത്രയ്ക്ക് അനുമതി ലഭിക്കു; മുൻപ് രോഗം ബാധിച്ചിട്ടില്ലെന്നും രോഗലക്ഷണം ഇല്ലെന്നും ഉറപ്പ് വരുത്തണം; ഏത് സംസ്ഥാനത്തിൽ പോയാലും അവിടുത്തെ ആരോഗ്യപ്രോട്ടോക്കോൾ പാലിക്കാനും നിബന്ധന; യാത്രക്കാർക്ക് ആരോഗ്യസേതു ആപ്പ് നിർബന്ധം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് കണ്ടെന്മെന്റ് സോണുകളിൽ നിന്ന് വരുന്നവർക്ക് ആഭ്യന്തരവിമാനയാത്രയ്ക്ക് വിലക്ക്. രാജ്യത്തിനകത്തേക്ക് വിമാനയാത്ര നടത്തുന്നവർ കോവിഡ് കണ്ടൈന്മെന്റ് സോണുകളിലല്ല താമസിക്കുന്നതെന്ന സത്യവാങ്മൂലം നൽകണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. സത്യവാങ്മൂലം നൽകുന്നവർക്ക് മാത്രമേ ബോർഡിങ് പാസുകൾ അനുവദിക്കുകയുള്ളു. ഇത് സംബന്ധിച്ച മാർഗരേഖയും പുറത്തിറക്കി. 

പനി, ചുമ, ശ്വാസതടസ്സം എന്നിവ അനുഭപ്പെടുന്നില്ല, ക്വാറന്റീനിൽ ആയിരുന്നില്ല, കഴിഞ്ഞ രണ്ടു മാസത്തിന് ഇടയിൽ കോവിഡ് പോസറ്റീവ് ആയിട്ടില്ല എന്നാണ് സത്യവാങ്മൂലം നൽകേണ്ടത്.

ഏതു സംസ്ഥാനത്തേക്കാണോ പോകുന്നത് ആ സംസ്ഥാനത്തെ ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ചോളാമെന്നും യാത്രക്കാർ സത്യവാങ്മൂലം നൽകണം. തെറ്റായ വിവരങ്ങൾ നൽകി വിമാനയാത്ര നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. പ്രായമായവർ, ഗർഭിണികൾ എന്നിവർ യാത്ര ഒഴിവാക്കണമെന്നും മന്ത്രാലയം പുറത്ത് ഇറക്കിയ മാർഗരേഖയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

വിമാനത്തിനുള്ളിൽ പ്രവേശിക്കുന്നതിന് മുമ്പ് യാത്രക്കാർക്ക് ബോർഡിങ് ഗേറ്റിന് സമീപത്തുവെച്ച് വിമാനകമ്പനികൾ സുരക്ഷാ കിറ്റുകൾ നൽകും. ബോർഡിങ് ഗേറ്റിലേക്ക് പോകുന്നതിന് മുമ്പ് യാത്രക്കാർ മുഖാവരണം, ഗ്ലൗസ് എന്നിവ ധരിക്കണം. കൈ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കണം. വിമാനത്തിന് ഉള്ളിൽ ഭക്ഷണം വിൽക്കില്ല. എന്നാൽ കുടിവെള്ളം ലഭ്യമാക്കും. വിമാനത്തിന് ഉള്ളിൽ സാധനങ്ങൾ വിൽക്കാനും വിമാന കമ്പനികൾക്ക് അനുമതി ഉണ്ടാകില്ല.

ഓരോ സെക്ടറിലേക്കും ഉള്ള കുറഞ്ഞതും കൂടിയതും ആയ ടിക്കറ്റ് നിരക്കുകൾ വ്യോമയാന മന്ത്രാലയം നിശ്ചയിക്കും. അതിൽക്കവിഞ്ഞ നിരക്ക് വിമാനക്കമ്പനികൾ ഈടാക്കാൻ പാടില്ലെന്നും വ്യോമയാന മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ യാത്രക്കാരുടെ മൊബൈലിൽ ആരോഗ്യസേതു ആപ്പ് നിർബന്ധമായും ഉണ്ടായിരിക്കണമെന്നതുൾപ്പടെയുള്ള മാർഗ നിർദ്ദേശങ്ങൾ എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ പുറപ്പെടുവിച്ചിരുന്നു.

അതേ സമയം 25ന് സർവിസ് പുനരാരംഭിക്കുന്ന ആഭ്യന്തര വിമാന സർവിസുകളിൽ യാത്രക്കാർ പാലിക്കേണ്ട നിർദ്ദേശങ്ങൾ പുറത്തിറക്കി എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ. വിമാനത്താവളങ്ങളിൽ പ്രവേശിക്കുന്നതിനു മുമ്പ് യാത്രക്കാർ തെർമൽ സ്‌ക്രീനിങ് പരിശോധനക്ക് വിധേയമാകണം. എല്ലാവരുടെയും മൊബൈലിൽ ആരോഗ്യസേതു ആപ് ഡൗൺലോഡ് ചെയ്തിരിക്കണം. എന്നാൽ, 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ആപ് നിർബന്ധമില്ല.

നിർദ്ദേശങ്ങൾ:

*വിമാനം പുറപ്പെടുന്നതിന് രണ്ടു മണിക്കൂർ മുമ്പേ യാത്രക്കാർ വിമാനത്താവളത്തിൽ എത്തണം.
*എല്ലാ യാത്രക്കാരും മാസ്‌കും ഗ്ലൗസും ധരിച്ചിരിക്കണം
*എല്ലാവരും തെർമൽ സ്‌ക്രീനിങ്ങിന് വിധേയരാകണം.
*14 വയസിൽ താഴെയുള്ള കുട്ടികളൊഴികെയുള്ളവരുടെ മൊബൈലിൽ ആരോഗ്യസേതു ആപ്ലിക്കേഷൻ നിർബന്ധമാണ്.
*മൊബൈലിൽ ആപ്പിന്റെ പച്ച സിഗ്‌നൽ കാണിക്കാത്ത യാത്രക്കാരെ ഉള്ളിലേക്ക് പ്രവേശിപ്പിക്കില്ല.
*ട്രോളികൾ അനുവദിക്കില്ല. എന്നാൽ അനിവാര്യസാഹചര്യങ്ങളിൽ അണുവിമുക്തമാക്കിയ ട്രോളികൾ അനുവദനീയമാണ്.
*യാത്രക്കാർക്കും എയർലൈൻസ് ജീവനക്കാർക്കും സർക്കാർ പൊതു-സ്വകാര്യ ഗതാഗത സൗകര്യങ്ങൾ ഉറപ്പുവരുത്തും.

കഴിഞ്ഞദിവസമാണ് നിബന്ധനകളുടെ അടിസ്ഥാനത്തിൽ ആഭ്യന്തര വിമാന സർവിസ് തിങ്കളാഴ്ച മുതൽ പുനരാരംഭിക്കാൻ നിർദ്ദേശം നൽകിയത്. ലോക്ഡൗണിനെ തുടർന്ന് ഇക്കഴിഞ്ഞ മാർച്ചിലാണ് വിമാന സർവിസുകൾ നിർത്തിവെച്ചത്.
ടിക്കറ്റ് നിരക്കിൽ വർധനവില്ലാത്തപക്ഷം യാത്രക്കാർ വിമാനത്തിൽ അകലം പാലിച്ച് ഇരിക്കുന്നത് പ്രായോഗികമല്ലെന്നും കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. മധ്യഭാഗത്തെ സീറ്റ് ഒഴിച്ചിടുകയാണെങ്കിൽ നിരക്കിൽ 33 ശതമാനം വർധനവ് ഏർപ്പെടുത്തേണ്ടിവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP