Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജനിച്ചു വളർന്നത് അറിയപ്പെട്ട ജന്മി തറവാട്ടിലെങ്കിലും ജീവിതം തള്ളി നീക്കുന്നത് പൊളിഞ്ഞുവീഴാറായ ഒറ്റമുറി വീട്ടിൽ; ലോക്ഡൗൺ കാലത്ത് ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ കാരുണ്യത്തിൽ ചോർച്ചയുള്ള മേൽക്കൂര പുതുക്കിപ്പണിതെങ്കിലും ദുരിതം മാറുന്നില്ല; ദേശീയ പാതയോരത്ത് കോടികൾ വിലമതിക്കുന്ന സ്ഥലമുണ്ടെങ്കിലും വിൽക്കാനോ പണയം വെക്കാനും പോലും സാധിക്കാതെ നരകയാതന അനുഭവിച്ചു ഒരു കുടുംബം

ജനിച്ചു വളർന്നത് അറിയപ്പെട്ട ജന്മി തറവാട്ടിലെങ്കിലും ജീവിതം തള്ളി നീക്കുന്നത് പൊളിഞ്ഞുവീഴാറായ ഒറ്റമുറി വീട്ടിൽ; ലോക്ഡൗൺ കാലത്ത് ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ കാരുണ്യത്തിൽ ചോർച്ചയുള്ള മേൽക്കൂര പുതുക്കിപ്പണിതെങ്കിലും ദുരിതം മാറുന്നില്ല; ദേശീയ പാതയോരത്ത് കോടികൾ വിലമതിക്കുന്ന സ്ഥലമുണ്ടെങ്കിലും വിൽക്കാനോ പണയം വെക്കാനും പോലും സാധിക്കാതെ നരകയാതന അനുഭവിച്ചു ഒരു കുടുംബം

ജാസിം മൊയ്തീൻ

കോഴിക്കോട്: കോഴിക്കോട് ദേശീയ പാതയോരത്ത് കോടികൾ വിലമതിക്കുന്ന ഭൂമിയുണ്ടായിട്ടും ഒറ്റമുറി വീട്ടിൽ നരകയാതന അനുഭവിച്ച് ജീവിക്കുകയാണ് വെള്ളിമാട്കുന്ന് തച്ചംപള്ളിത്താഴം സോമക്കുറുപ്പും കുടുംബവും. കോഴിക്കോട്ടെ അറിയപ്പെട്ട ജന്മിത്തറവാട്ടിലാണ് സോമക്കുറുപ്പ് ജനിച്ചതും വളർന്നതും. ജന്മനാ ശാരീരികമായും മാനസികമായും ചെറിയ വൈകല്യങ്ങളുള്ളയാളാണ്. വിവാഹം കഴിച്ചിരുന്നു. ആദ്യ ഭാര്യ വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടു. 17 വർഷങ്ങൾക്ക് മുമ്പ് മറ്റൊരു വിവാഹം കഴിച്ചു. ആദ്യ വിവാഹത്തിൽ ഒരു മകളുണ്ട്.

രണ്ടാം വിവാഹത്തിൽ പ്ലസ്ടുവിന് പഠിക്കുന്നൊരു മകനും. ഭാര്യയും രണ്ട് മക്കളുമായി വെള്ളിമാട്കുന്ന് തച്ചംപള്ളിത്താഴത്താണ് ഇപ്പോൾ സോമക്കുറുപ്പും കുടുംബവും താമസിക്കുന്നത്. ഈ വിട്ടീൽ മാനസികമായ വൈകല്യമില്ലാത്ത ഏക വ്യക്തി ഇന്ന് സോമക്കുറുപ്പിന്റെ ഭാര്യ അംബിക മാത്രമാണ്. ഇവരുടെ വൈകല്യം മുതലെടുത്തും അവ രേഖകളിൽ ഉൾപ്പെടുത്തിയും ഈ കുടുംബത്തിന് അവകാശപ്പെട്ട കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകൾ ഇവർക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. നാലു കോടിയിലധികം രൂപയുടെ സ്വത്തുക്കൾ ഉണ്ടായിട്ടും ഇടിഞ്ഞുപൊളിഞ്ഞ മുറിയിൽ കഴിയുകയാണ് ഇപ്പോൾ ഈ കുടുംബം. അടച്ചുറപ്പുള്ള വാതിലുകൾ പോലുമില്ലാത്ത വീട്ടിൽ അംബികയും 34 വയസ്സുള്ള മകളും ഭയത്തോടെയാണ് കഴിഞ്ഞുകൂടുന്നത്. വർഷങ്ങളായിട്ട് ഇടിഞ്ഞു പൊളിഞ്ഞ് വീഴാറായ ഒറ്റമുറി വീട്ടിൽ നാലുപേർ ഒരുമിച്ചാണ് കഴിയുന്നത്.

പ്രദേശത്തെ തന്നെ പേരുകേട്ട ജന്മി കുടുംബത്തിലെ ആളായിരുന്നു അംബികയുടെ ഭർത്താവായ സോമ കുറുപ്പ്. ഇവർക്ക് ഭാഗം വെച്ച് കിട്ടിയ 90 സെന്റ് സ്ഥലം നേരത്തെ കോഴിക്കോട് ബൈപ്പാസിന് വേണ്ടി സർക്കാർ ഏറ്റെടുത്തിരുന്നു. ഭിന്നശേഷി ഉള്ളതിനാൽ മറ്റുള്ളവർ സ്വത്തുക്കൾ കൈയിലാക്കാതിരിക്കാൻ സോമകുറിപ്പിനു നൽകിയ സ്വത്തിന്റെ രേഖയിൽ ബുദ്ധിമാന്ദ്യം എന്നു രക്ഷിതാക്കൾ എഴുതി വെച്ചിട്ടുണ്ടായിരുന്നു. ഇതിനെ തുടർന്ന് സർക്കാറിൽ നിന്നുള്ള നഷ്ടപരിഹാരം സോമക്കുറുപ്പിന് ലഭിച്ചില്ല. ബാക്കിയുള്ള സ്ഥലം വിൽക്കാനോ കൈമാറാനോ സാധിക്കുകയുമില്ല. ഇതെല്ലാം മറ്റു ബന്ധുക്കളാണ് ഇപ്പോൾ അനുഭവിക്കുന്നത്.

നേരത്തെ കൊപ്ര കളത്തിൽ സോമക്കുറുപ്പ് ജോലി ചെയ്തിരുന്നെങ്കിലും അവിടെ നിന്നും തലയിൽ ചാക്ക് കയറ്റുന്നതിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ഏറെ കാലം കിടപ്പിലായിരുന്നു. മറ്റാരും സഹായിക്കാനില്ലാത്ത അന്ന് ഭാര്യ അംബിക തന്റെ പേരിലുണ്ടായിരുന്ന 5 സെന്റ് സ്ഥലം വിറ്റാണ് അദ്ദേഹത്തെ ചികിത്സിച്ചത്. ആരോഗ്യം വീണ്ടെടുത്തതിന് ശേഷം അദ്ദേഹം ചെറിയ കൂലിപ്പണികൾക്ക് പോയിരുന്നെങ്കിലും പലരും കൂലി നൽകാതെ പറ്റിക്കുകയും ചെയ്തിരുന്നു. തൊഴിലിടങ്ങളില്ലാം വേതനത്തിന്റെ കാര്യത്തിൽ സോമക്കുറുപ്പിന് ഭിന്നശേഷിക്കാരനെന്ന നിലയിൽ കടുത്ത വിവേചനം നേരിടുകയും ചെയ്യേണ്ടി വന്നു.

വർഷങ്ങൾക്കു മുമ്പാണ്് സോമകുറുപ്പിന്റെ ആദ്യ ഭാര്യ മരണപ്പെട്ടത്. അവരിലുള്ള ഭിന്നശേഷിക്കാരിയായ മകൾ വിദ്യാപതിക്ക് ഇപ്പോൾ 34 വയസ്സ് പ്രായമുണ്ട്. വിവാഹം അഞ്ചുവർഷം മുമ്പ് കഴിഞ്ഞെങ്കിലും ചില പ്രശ്നങ്ങൾ കാരണം തിരിച്ചു പോരേണ്ടി വന്നതാണ്. വിദ്യാപതിയുടെ പേരിൽ 32 സെന്റ് സ്ഥലം ഉണ്ടെങ്കിലും അതിന്റെ ആധാരം അവരുടെ അമ്മാവന്റെ കയ്യിലാണെന്നും അംബിക വെളിപ്പെടുത്തുന്നു. ആ ആധാരം ചോദിച്ചപ്പോൾ കേസ് കൊടുക്കാനാണ് പറഞ്ഞത്. സോമകുറുപ്പിന്റെ രണ്ടാം ഭാര്യയായ അംബികയിൽ ഉണ്ടായ മകൻ വിഷ്ണുവിന് 18 വയസ്സ് പ്രായമുണ്ട്. മകനും ഭിന്നശേഷിക്കാരനാണ്. കന്നുകാലികളെയും കോഴിയേയും താറാവിനെയും വളർത്തി ഇതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് ഇപ്പോൾ ഈ കുടുംബം കഴിയുന്നത്. ഒരു മഴ പെയ്താൽ വീടിന്റെ അകത്ത് വെള്ളം കയറുന്ന അവസ്ഥയാണ്. കിണറുകളിലെ വെള്ളം പോലും മലിനമായ അവസ്ഥയിലാണ്.

വീടിന്റെ മേൽക്കൂരകളെല്ലാം ചോർന്നൊലിക്കുന്നതിനാൽ ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലായിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ബീറ്റിന്റെ ഭാഗമായി വെള്ളിമാട്കുന്ന് ഫയർ യൂണിറ്റിലെ ഉദ്യോഗസ്ഥർ അംബികയുടെ വീട്ടിലെത്തിയപ്പോഴാണ് ഈ കുടുംബത്തിന്റെ ദുരവസ്ഥ പുറത്തറിയുന്നത്. നരകതുല്യമായ ജീവിതം അവരുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഫയർ യൂണിറ്റിൽ നിന്നും മുപ്പതോളം പേർ എത്തുകയും വീടിന്റെ ഓടുകൾ എല്ലാം ഇളക്കി അറ്റകുറ്റപ്പണികൾ ചെയ്യുകയും താമസ യോഗ്യമാക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രായപൂർത്തിയായ മകൾക്ക് കിടക്കാനുള്ള ഒറ്റമുറി പോലും ഇല്ലാത്ത അവസ്ഥയിലാണ്.

അടച്ചുറപ്പുള്ള സുരക്ഷിതമായ ഒരു മുറി മകൾക്ക് കിട്ടിയെങ്കിൽ സമാധാനത്തോടെ കിടന്നുറങ്ങാൻ ആകുമെന്നാണ് അംബിക പറയുന്നത്. അതേ സമയം മാധ്യമങ്ങളിലൂടെ വാർത്തകളറിഞ്ഞ് കോഴിക്കോട് എഡിഎം റോഷ്ണി നാരായണൻ, സാമൂഹിക ക്ഷേമ നിധി ഓഫീസർ ഷീബം മുംതാസ് തുടങ്ങിയവർ ഇവരുടെ വീട് സന്ദർശിച്ചിരുന്നു. ഇവർക്കാവശ്യമായ സഹായങ്ങൾ ചെയ്തു നൽകുമെന്ന് എഡിഎം അറിയിച്ചിട്ടുണ്ട്. മക്കളുടെ ചികിത്സയും ഭൂമിയിൽ ക്രയവിക്രയം നടത്താനുള്ള അനുമതിയടക്കമുള്ള കാര്യങ്ങൾക്കുള്ള സഹായവും സംഘം വാഗ്ദാനം ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP