Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുതുമയാർന്ന ബലൂൺ ആർട്ട് എക്സിബിഷൻ ഓൺലൈനിലൂടെ; ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രദർശനത്തിൽ പങ്കെടുത്ത് വിദ്യാർത്ഥികൾ; വ്യത്യസ്തമായ രീതിയിൽ പരിപാടി സംഘടിപ്പിച്ചത് ബലൂൺ ആർട്ടിസ്റ്റായ ഷിജിന പ്രീത്

പുതുമയാർന്ന ബലൂൺ ആർട്ട് എക്സിബിഷൻ ഓൺലൈനിലൂടെ; ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രദർശനത്തിൽ പങ്കെടുത്ത് വിദ്യാർത്ഥികൾ; വ്യത്യസ്തമായ രീതിയിൽ പരിപാടി സംഘടിപ്പിച്ചത് ബലൂൺ ആർട്ടിസ്റ്റായ ഷിജിന പ്രീത്

സിന്ധു പ്രഭാകരൻ

കോവിഡാനന്തര കാലത്തെ ജീവിതം എങ്ങനെ മാറണം എന്നതിന് ഉത്തമ ഉദാഹരണമായി മാറുകയാണ് ഏറെ വ്യത്യസ്തമായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന ബലൂൺ ആർട്ട് എക്സിബിഷൻ. മനോഹര രൂപങ്ങളുടെ കലാ വിരുന്നൊരുക്കി പൂർണമായും ഓൺലൈനിലൂടെ നടത്തുന്ന ഈ എക്സിബിഷൻ ഇപ്പോൾ വൈറലാവുകയാണ്. ലോകത്തിന്റെ വ്യത്യസ്ത കോണുകളിൽ നിന്ന് കുട്ടികൾ ബലൂൺ കൊണ്ട് നിർമ്മിച്ച പുതുമയാർന്നതും ശ്രദ്ധേയവുമായ കലാസൃഷ്ടികളെ കൂട്ടിയോജിപ്പിച്ചാണ് ഈ എക്സിബിഷൻ സംഘടിപ്പിച്ചിരിക്കുന്നത്. ബലൂൺ ആർട്ടിസ്റ്റും ഏഷ്യ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് ഉടമയുമായ ഷിജിന പ്രീതാണ് ഈ പുതുമയാർന്ന സംരംഭത്തിന് തുടക്കം കുറിച്ചത്. ഈ പ്രദർശനത്തിന്റെ ഉദ്ഘാടനം തുറമുഖം മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഓൺലൈനായി തന്നെ നിർവഹിക്കുകയും ചെയ്തു. എകെഎസ്ടിയു സംസ്ഥാന സെക്രട്ടറി കെ ബുഹാരി, ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് പി വിജയൻ ഐ പി എസ്, എപിജെ അബ്ദുൽ കലാം ഫൗണ്ടേഷൻ ചെയർമാൻ ഡോക്ടർ ഷാഹുൽ ഹമീദ്, കാർട്ടൂണിസ്റ്റ് ടി കെ സുജിത്ത്, ഉപ്പും മുളകും ഫെയിം ശിവാനി മേനോൻ എന്നിവരും ആശംസകളുമായി ഓൺലൈനിൽത്തന്നെ ഈ പ്രദർശനത്തിനൊപ്പം ചേർന്നു.

ലോക്ഡൗൺ കാലത്ത് പുറത്തിറങ്ങാൻ കഴിയാതിരുന്ന കുട്ടികൾക്കായി ഓൺലൈനിലൂടെ ബലൂൺ ആർട്ട് പരിശീലനം ഷിജിന നൽകിയിരുന്നു. വളരെ നല്ല പ്രതികരണമാണ് ഈ പരിശീലന പരിപാടിക്ക് ലഭിച്ചത്. വിദേശത്തുനിന്നുള്ള കുട്ടികൾ പോലും വിനോദവും വിജ്ഞാനവും പകർന്നു നൽകിയ ഈ പരിശീലനത്തിൽ പങ്കെടുക്കുകയുണ്ടായി. ബലൂൺ ഉപയോഗിച്ച് മൃഗങ്ങൾ, പൂക്കൾ, പക്ഷികൾ, പുഴുക്കൾ, മീനുകൾ, കാർട്ടൂൺ കഥാപാത്രങ്ങൾ തുടങ്ങിയവയുടെ രൂപങ്ങൾ നിർമ്മിക്കാനുള്ള പരിശീലനമാണ് ഓൺലൈനിലൂടെ നൽകിയത്. അടിസ്ഥാനപാഠങ്ങൾ സ്വായത്തമാക്കിയ വിദ്യാർത്ഥികൾ അവരുടെ കരവിരുതും ഭാവനയും കൂട്ടിച്ചേർത്ത് കൂടുതൽ മെച്ചപ്പെട്ട കലാസൃഷ്ടികൾ നിർമ്മിച്ചു. കുട്ടികളുടെ ഈ കഴിവ് എല്ലാവരും കാണണം. എന്നാൽ സോഷ്യൽ ഡിസ്റ്റൻസിങ്ങിന്റെ കാലത്ത് ഒരു സ്ഥലത്ത് പ്രദർശനം സംഘടിപ്പിക്കാനും കഴിയില്ല. ഈ സാഹചര്യത്തിലാണ് പ്രദർശനം ഓൺലൈനായി സംഘടിപ്പിക്കാം എന്ന ചിന്ത ഉണ്ടായതെന്ന് ഷിജിന പറയുന്നു.

വിദേശരാജ്യങ്ങളിൽ നിന്നുപോലും കുട്ടികൾ ഈ പ്രദർശനത്തിൽ അവരവരുടെ സ്ഥലങ്ങളിൽ ഇരുന്നുകൊണ്ട് പങ്കെടുക്കുന്നു. ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ ബലൂൺ ആർട്ടിസ്റ്റും ഷിജിനയുടെ മകളുമായ ജ്വാല പ്രീതും വളരെ മനോഹരങ്ങളായ കലാസൃഷ്ടികളുമായി ഈ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. ബലൂൺ ഉപയോഗിച്ചും ക്രിയേറ്റീവ് ആകാമെന്നും അതിലും കലയുണ്ട് എന്നും ഈ പ്രദർശനം കാണിച്ചുതരുന്നു. കൊറോണ കാലത്തിന്റെ വിരസതയകറ്റാനും കുട്ടികളിലെ മൊബൈൽ അഡിക്ഷൻ കുറയ്ക്കാനും ബലൂൺ ആർട്ട് പഠനവും പ്രദർശനവും ഏറെ സഹായിക്കുന്നു എന്ന് രക്ഷിതാക്കളും പറയുന്നു.

എന്തായാലും കോവിഡിനു ശേഷമുള്ള ലോകക്രമം നേരത്തെ ഉണ്ടായതിൽ നിന്നും വ്യത്യസ്തമായിരിക്കും എന്നതിൽ ആർക്കും തർക്കമില്ല. സാമൂഹിക അകലം പാലിച്ചുകൊണ്ട് തന്നെ എല്ലാ പ്രവർത്തനങ്ങളും കുറേ കാലത്തേക്കെങ്കിലും നടത്തേണ്ടിവരും. എല്ലാത്തരം പ്രയാസങ്ങളെയും അതിജീവിച്ച് മുന്നേറാനുള്ള അവസരം സൃഷ്ടിച്ചെടുക്കാനും മനുഷ്യനു മാത്രമേ സാധിക്കൂ. ഈ പ്രദർശനം നമ്മെ കൊണ്ടെത്തിക്കുന്നതും ഈ ചിന്തയിൽ തന്നെയാണ്.

https://m.facebook.com/story.php?story_fbid=896925280826161&id=1140152865997177?sfnsn=wiwspmo&extid=7GOyXrDjliBbqb18&d=n&vh=e
ഈ ലിങ്ക് ഉപയോഗിച്ച് ബലൂൺ ആർട്ട് പ്രദർശനം കാണാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP