Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജനലക്ഷങ്ങൾ ഉപയോഗിക്കേണ്ട ബെവ്‌കോ ആപ്പ് ബീവറേജസ് കോർപ്പറേഷന് വിനയാകുമോ? സിപിഎം അനുകൂലിയുടെ കമ്പനിക്ക് ആപ്പ് നിർമ്മാണ ചുമതല നൽകി ആഴ്‌ച്ച പിന്നിട്ടിട്ടും ആപ്പ് ശരിയായില്ല; ഫെയർകോഡ് ടെക്‌നോളജീസ് വികസിപ്പിച്ച ബെവ് ക്യൂ ആപ്പ് പ്ലേസ്റ്റോറിൽ ചേർക്കാൻ ഗൂഗിളിന് കൈമാറിയെങ്കിലും ഗൂഗിളിന്റെ അനുമതി ലഭിച്ചില്ല; ടോക്കണ് 50 പൈസ ഈടാക്കി സ്റ്റാർട്ടപ്പ് കമ്പനി ലക്ഷങ്ങൾ കൊയ്യുമ്പോൾ നഷ്ടം ബീവറേജസ് കോർപ്പറേഷന് തന്നെ; വിൽപ്പനയിൽ സിംഹഭാഗം ബാറുകൾ കൊണ്ടുപോകുമ്പോൾ ബെവ്‌ക്കോയ്ക്ക് നഷ്ടമാകും

ജനലക്ഷങ്ങൾ ഉപയോഗിക്കേണ്ട ബെവ്‌കോ ആപ്പ് ബീവറേജസ് കോർപ്പറേഷന് വിനയാകുമോ? സിപിഎം അനുകൂലിയുടെ കമ്പനിക്ക് ആപ്പ് നിർമ്മാണ ചുമതല നൽകി ആഴ്‌ച്ച പിന്നിട്ടിട്ടും ആപ്പ് ശരിയായില്ല; ഫെയർകോഡ് ടെക്‌നോളജീസ് വികസിപ്പിച്ച ബെവ് ക്യൂ ആപ്പ് പ്ലേസ്റ്റോറിൽ ചേർക്കാൻ ഗൂഗിളിന് കൈമാറിയെങ്കിലും ഗൂഗിളിന്റെ അനുമതി ലഭിച്ചില്ല; ടോക്കണ് 50 പൈസ ഈടാക്കി സ്റ്റാർട്ടപ്പ് കമ്പനി ലക്ഷങ്ങൾ കൊയ്യുമ്പോൾ നഷ്ടം ബീവറേജസ് കോർപ്പറേഷന് തന്നെ; വിൽപ്പനയിൽ സിംഹഭാഗം ബാറുകൾ കൊണ്ടുപോകുമ്പോൾ ബെവ്‌ക്കോയ്ക്ക് നഷ്ടമാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിൽപ്പന പുനരാരംഭിക്കാനുള്ള തീരുമാനം വന്നിട്ട് ഒരാഴ്‌ച്ചയിലേറെ പിന്നിട്ടിട്ടും മദ്യവിൽപ്പന ഇനിയും തുടങ്ങിയിട്ടില്ല. ബെവ്‌കോ ഔട്ട്‌ലറ്റുകളും ബാറിലെ പാഴ്‌സൽ കൗണ്ടറുകളും തുറക്കുമ്പോൾ തിരക്ക് കുറയ്ക്കാനുള്ള മൊബൈൽ ആപ്പ് പ്‌ളേ സ്റ്റോറിൽ ചേർക്കാൻ ഇന്നലെ ഗൂഗിളിന് കൈമാറിയെങ്കിലും ഗൂഗിളിന്റെ അനുമതി ലഭിക്കാത്തതാണ് ലോഞ്ചിങ് വൈകാൻ ഇടയാക്കുന്നത്. ബെവ് ക്യൂ എന്ന പേരിലുള്ള ആപ്പ് റെഡിയായാൽ സംസ്ഥാനത്തെ 900ത്തോളം ഔട്ട്‌ലറ്റുകൾ തുറക്കാനാണ് ഉദ്ദേശിക്കുന്നത്.

കൊച്ചി ആസ്ഥാനമായ ഫെയർകോഡ് എന്ന കമ്പനി ബെവ് ക്യൂ എന്ന പേരിൽ ആപ്പ് തയ്യാറാക്കി പ്‌ളേ സ്റ്റോറിന്റെ അംഗീകാരത്തിനായി രണ്ടുദിവസം മുമ്പ് സമർപ്പിച്ചെങ്കിലും ചില സുരക്ഷാ മാനദണ്ഡങ്ങൾ നിർദ്ദേശിച്ച് ഗൂഗിൾ മടക്കി. എതാടെയാണ് ,ഇന്ന് മുതൽ മദ്യവിൽപനയ്ക്കുള്ള നീക്കം പൊളിഞ്ഞത്. ഇതോടെ ആപ്പിന്റെ ലോഡ് ടെസ്റ്റ് അടക്കമുള്ളവ പൂർത്തിയാക്കി. 25 ലക്ഷം പേർ ഒന്നിച്ച് ബുക്ക് ചെയ്താലും പ്രശ്നമുണ്ടാവില്ലെന്ന് കമ്പനി വൃത്തങ്ങൾ പറയുന്നു. എന്നാൽ, ടെസ്റ്റ് റൺ നടത്തുമ്പോൾ അല്ലാതം ഇക്കാര്യത്തിൽ വ്യക്തത ലഭിക്കില്ല.

മദ്യം വാങ്ങാനുള്ള ടോക്കണിന് വ്യക്തി വിവരങ്ങൾ നൽകേണ്ടതില്ല. പേര്, ഫോൺ നമ്പർ, ലോക്കേഷൻ അല്ലെങ്കിൽ പിൻകോഡ് എന്നിവ മതി. സ്മാർട്ട് ഫോണില്ലാത്തവർക്ക് എസ്.എം.എസ് വഴിയും ടോക്കൺ ലഭ്യമാക്കും. ഇതിനായി ബെവ്‌കോ പ്രത്യേക മൊബൈൽ നമ്പർ ഏർപ്പെടുത്തും. ടോക്കൺ മാത്രമായിരിക്കും ആപ്പിൽ നിന്ന് ലഭിക്കുക. ഇത് കാണിച്ച് കൗണ്ടറിൽ നിന്ന് ഇഷ്ടമുള്ള ബ്രാൻഡ് പണം കൊടുത്തുവാങ്ങാം. ബ്രാൻഡ് തിരഞ്ഞെടുക്കാൻ ആപ്പിൽ സംവിധാനമുണ്ടാവില്ല. ശനിയാഴ്‌ച്ചയോടെ മദ്യവിൽപ്പന എളുപ്പത്തിലാക്കാനാണ് തീരുമാനം.

ജിപിഎസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആപ്പിൽ ഉപഭോക്താവിന്റെ ഏറ്റവും അടുത്തുള്ള ബാർ, ബെവ്കോ, കൺസ്യൂമർ ഫെഡ്, ബിയർ ആൻഡ് വൈൻ പാർലർ എന്നിവിടങ്ങളിൽ നിന്ന് മദ്യം വാങ്ങാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ആപ്പ് വഴി രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ടോക്കണിലെ സമയം അനുസരിച്ച് നിശ്ചിത കേന്ദ്രങ്ങളിൽ എത്തിയാൽ ഒരാൾക്ക് മൂന്ന് ലിറ്റർ വരെയാണ് മദ്യം ലഭിക്കുക. മദ്യം വാങ്ങാൻ എത്തുന്നവർ മാസ്‌ക് ധരിക്കണം. ബാറുകളിൽ കൗണ്ടർ വഴി ഇത്തരത്തിൽ മദ്യം ബിവറേജിലെ വിലയ്ക്ക് വിൽക്കുമെങ്കിലും ബാറിലിരുന്നുള്ള മദ്യപാനത്തിന് അനുമതി നൽകിയിട്ടില്ല.

അതേസമയം ആപ്പ് വഴിയുള്ള മദ്യവിൽപ്പനയിൽ സംസ്ഥാന സർക്കാറിനാണ് ഖജനാവിൽ നിന്നും പണം നഷ്ടമാകുക. ബീവറേജസ് കോർപ്പറേഷന് പുറമേ ബാറുകളിലും കൗണ്ടർ തുറക്കുന്നതോടെ സർക്കാറിന് ലഭിക്കേണ്ട പണത്തിൽ പകുതി ബാറുകാർ കൊണ്ടുപോകും. ബീവറേജസ് ഔട്ട്‌ലറ്റുകളേക്കാൾ കൂടുതൽ ബാറുകളായതിനാൽ കൂടുതൽ ബാറുകളിലേക്ക് വിൽപ്പന കേന്ദ്രീകരിക്കാനും സാധ്യതയുണ്ട്.

ബെവ് ക്യൂ എന്നു പേരിട്ടിരിക്കുന്ന ആപ്പ് നിർമ്മിച്ചിരിക്കുന്നതുകൊച്ചി ആസ്ഥാനമായ ഫെയർകോഡ് ടെക്‌നോളജീസ് ആണ്. ഒരു വർഷം മുൻപ് രൂപംകൊണ്ടതാണ് ഈ സ്റ്റാർട്ട്ആപ്പ്. കോവിഡിന്റെ മറവിൽ ബെവ് ക്യൂ ഒരുദിവസം ലക്ഷങ്ങൾ മലയാളിയുടെ പോക്കറ്റിൽ നിന്നും ചോർത്തുന്ന ആപ്പാണെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. ആപ്പ് വരും വരും എന്ന് പറഞ്ഞെങ്കിലും തർക്കം നീണ്ടത് ഇതിൽ പ്രവേശിക്കുന്ന ഉപഭോക്താക്കളുടെ വ്യക്തിവിവരം കമ്പനിക്ക് കിട്ടും എന്നതിനെ ചൊല്ലിയായായിരുന്നു. ബെവ് ക്യൂവിൽ ആദ്യം ബുക്ക് ചെയ്യുന്ന മദ്യത്തിന്റെ ബ്രാൻഡ്, വ്യക്തിയുടെ വിലാസം, ഇവയൊക്കെ ഉൾപ്പെടുത്തിയിരുന്നു, ഇതുകൂടാതെ ആധാർ നമ്പർ പോലും എന്റർ ചെയ്യാനുള്ള ഓപ്ഷൻ ഏർപ്പെടുത്താൻ നീക്കമുണ്ടായിരുന്നു. ഇത്തരത്തിൽ വിവരങ്ങൾ കമ്പനിക്ക് കൈമാറിയാൽ അത് കോടികളുടെ ലാഭമുള്ള ബിസിനസും. എന്നാൽ, ഇപ്പോൾ വ്യക്തിവിവരങ്ങൾ കൈമാറില്ലെന്നാണ് പറയുന്നത്.

തിരക്കുള്ള ദിവസങ്ങളിൽ 10.5 ലക്ഷം ആളുകൾ വരെയാണ് ബവ്‌റിജസ് ഷോപ്പുകളിലെത്തുന്നത്. മദ്യശാലകൾ അടഞ്ഞു കിടന്നതിനാൽ കൂടുതൽ ആളുകൾ ആപ്പ് ഉപയോഗിക്കും. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ആപ്പ് ലഭ്യമാക്കും. ആപ്പിളിന്റെ അനുമതി ഇതുവരെ തേടിയിട്ടില്ല. സാധാരണ ഫോണുകളിൽനിന്ന് എസ്എംഎസ് വഴിയും വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാം. പേരും ഫോൺ നമ്പരും സ്ഥലത്തെ സൂചിപ്പിക്കുന്ന അടയാളവും (സ്ഥലപ്പേര്, പിൻകോഡ്, ലൊക്കേഷൻ എന്നിവയിലേതെങ്കിലും) നൽകി ക്യൂവിൽ ബുക്ക് ചെയ്യാം. വ്യക്തിവിവരങ്ങൾ ചോദിക്കില്ലെന്നാണ് ഏറ്റവും ഒടുവിലെ അറിയിപ്പ്. ഇപ്പോൾ ബാറുകളും ബെവ്രിജസ് ഷോപ്പുകളും അടക്കം 900 ഷോപ്പുകളിലേക്കാണ് മദ്യക്കച്ചവടം. ഇങ്ങനെ കച്ചവടം പൊടി പൊടിച്ചാൽ ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം ദിവസം 20 ലക്ഷം വരെ ആയേക്കാം. 20 ലക്ഷം കുപ്പികൾ ഇതോടെ വിറ്റൊഴിയും.

ബുക്കിങ് സംബന്ധിച്ച് ബവ്റിജസ് കോർപറേഷൻ ബാറുകാർക്ക് അയച്ച് സർക്കുലറിൽ പറയുന്നത് ഒരു ബുക്കിങ്ങിന് (നാലാമത്തെ ക്ലോസിൽ) ഒരു എസ്എംഎസിന് ബാറുകാരുടെ കൈയിൽ നിന്ന് 50 പൈസ ഈടാക്കുമെന്നാണ്. ഒരു ദിവസം 20 ലക്ഷം പേർ കുപ്പികൾ വാങ്ങുമെന്ന അനുമാനിച്ചാൽ പോലും 10 ലക്ഷം രൂപയാണ് ഈ ആപ്പിന്റെ പേരിൽ തട്ടുന്നത്. ഇത് ആപ്പ് തയ്യാറാക്കിയ കമ്പനിക്ക് കൊടുക്കുമെന്നും മറ്റുചെലവുകൾക്ക് ഉപയോഗിക്കുമെന്നും ബവ്റിജസ് കോർപ്പറേഷൻ പറയുന്നു. ഇതിന് പുറമേ ക്ലൗഡ് സ്പേസ്, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്ക് വരുന്ന ചെലവുകൾ കൂടി ബാറുകളിൽ നിന്ന് ഈടാക്കുമെന്ന് സർക്കുലറിൽ പറഫയുന്നു. ഈ ആപ്പിലൂടെ അങ്ങനെ ചുളുവിൽ കിട്ടുന്നത് മൂന്നുകോടിയിലേറെ. ഈ മൊബൈൽ ആപ്പിന്റെ നിർമ്മാണതതിന് വേണ്ടി വരുന്നത് രണ്ടുലക്ഷം മുതൽ അഞ്ചുലക്ഷം വരെയും മാത്രം. ഒരുമാസം സെർവർ ചെലവ് അടക്കം നടത്തിപ്പിനായി ബവ്റിജസ് കോർപറേഷന് ചെലവ് വരുന്നത് ഏകദേശം രണ്ടുലക്ഷം വരെ മാത്രവും. ഇതിന് പകരമാണ് 3 കോടി ചെലവഴിക്കുന്നത്. ഇതിന് പിന്നിൽ ബവ്റിജസ് കോർപറേഷനിലെ ചില ഉന്നതരാണ് എന്നാണ് ആരോപണം. സ്പ്രിങ്ളർ ഇടപാട് പോലെ മറ്റൊരു ക്രമക്കേടിലിലേക്കാണ് ബെവ് ക്യൂവും നീങ്ങുന്നത്.

കമ്പനിക്ക് പിന്നിൽ ആര്?

ബെവ് ക്യൂ ആപ് നിർമ്മാതാക്കളായ കൊച്ചി ആസ്ഥാനമായ ഫെയർകോഡ് ടെക്‌നോളജീസ ഒരു വർഷം മുൻപ് രൂപംകൊണ്ടതാണ് . ഇത് സിപിഎം അനുകൂലികളേതാണെന്ന് സോഷ്യൽ മീഡിയയിൽ പലരും തുറന്നടിക്കുന്നു. കമ്പനിയുടെ സിറ്റിഒ (ചീഫ് ടെക്‌നോളജി ഓഫിസർ) ആയ രജിത് രാമചന്ദ്രൻ എന്നയാളുടെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ ഒന്നടങ്കം പിണറായി വിജയനേയും ഇടതുസർക്കാരിനേയും പുകഴ്‌ത്തുന്ന പോസ്റ്റുകളും ചിത്രങ്ങളുമാണ്.

കേന്ദ്രസർക്കാരിന്റെ രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ വെബ്‌സൈറ്റ് പ്രകാരം നാലു പേരാണ് കമ്പനിയുടെ ഡയറക്റ്റർ ബോർഡിലുള്ളത്. രജിത്, നവീൻ ജോർജ്, തലപ്പുള്ളി അരവിന്ദാക്ഷൻ അരുൺഗോഷ്, വിഷ്ണു മംഗലശേരി ഗോപി കല എന്നിവരാണ് ഡയറക്റ്റർമാർ. ഇതിൽ രജിത് സജീവ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകനാണ്. ഫെയർകോഡ് ടെക്‌നോളജീസിലെ സ്റ്റാഫുകൾ പൗരത്വഭേദഗതി നിയമത്തിനെതിരേ ഓഫിസിനു പുറത്ത് സമരം ചെയ്യുന്നതടക്കം ചിത്രങ്ങൾ ഇയാൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. പാലക്കാട് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എം.ബി.രാജേഷിന് വോട്ടഭ്യർഥിച്ചും ഇയാൾ രംഗത്തു വന്നിരുന്നു.

ഏതായാലും ആപ്പ് ഇതുവരെ ഉപഭോക്താക്കൾക്കു നൽകാൻ കഴിഞ്ഞിട്ടില്ല. സാങ്കേതിക കാര്യങ്ങളിൽ പരിശോധന നടക്കുന്നതിനാലാണ് ഇത്. പ്ലേ സ്റ്റോറിൽ ആപ്പ് ഉൾപ്പെടുത്താൻ ഗൂഗിളിന്റെ അനുമതി തേടിയിട്ടുണ്ട്. നാളെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. അതിന് ശേഷം പ്രാഥമിക പരിശോധനയും ചെക്കിംഗും നടത്തും. അതിന് ശേഷമാകും മദ്യ വിതരണം.

ആപ്പ് പ്ലേ സ്റ്റോറിലും ആപ്‌സ്റ്റോറ്റിലും അപ്ലോഡ് ചെയ്യുന്നതിനാണ് ക്ലിയറൻസിനായി ബവ്‌കോ ഗൂഗിളിനെ സമീപിച്ചത്. അനുമതി ലഭിക്കുന്നത് വൈകിയതോടെ മദ്യക്കടകൾ വെള്ളിയാഴ്ചയേ തുറക്കുകയുള്ളു. തിങ്കളാഴ്ച വൈകുന്നേരമാണ് സുരക്ഷാ അനുമതിക്കായി ഗൂഗിളിനെ സമീപിച്ചത്. ഇന്നലെ അനുമതി ലഭിക്കുമെന്നായിരുന്നു ബെവ് കോയുടെ പ്രതീക്ഷ. ഇന്നു അനുമതി കിട്ടിയാൽ രാത്രി മുതൽ നാളെ രാത്രി വരെ പരീക്ഷണ പ്രവർത്തനം നടത്തും. നാളെ രാത്രിയോടെ തന്നെ ആപ് ഉപഭോക്കാക്കൾക്കായി തുറന്നു നൽകും. ടോക്കൺ എടുക്കുന്നവർക്ക് അടുത്ത ദിവസം രാവിലെ 9 മുതൽ മദ്യം ലഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP