Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രിട്ടൻ തകർന്നടിയാതിരിക്കാൻ പലിശ നിരക്ക് നെഗറ്റീവ് ആക്കിയേക്കും; മോർട്ട്ഗേജ് ഉള്ളവർക്ക് ലോട്ടറി; മിച്ചം വയ്ക്കുന്നവർക്ക് നിരാശ; ബാങ്ക് ഓഫ് ഇംഗ്ലണ്ട് സൂചിപ്പിക്കുന്നത് തകർന്നടിയുന്ന ബ്രിട്ടന്റെ ചിത്രം

ബ്രിട്ടൻ തകർന്നടിയാതിരിക്കാൻ പലിശ നിരക്ക് നെഗറ്റീവ് ആക്കിയേക്കും; മോർട്ട്ഗേജ് ഉള്ളവർക്ക് ലോട്ടറി; മിച്ചം വയ്ക്കുന്നവർക്ക് നിരാശ; ബാങ്ക് ഓഫ് ഇംഗ്ലണ്ട് സൂചിപ്പിക്കുന്നത് തകർന്നടിയുന്ന ബ്രിട്ടന്റെ ചിത്രം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കൊറോണ ബ്രിട്ടനിൽ തീർത്തുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ഇതിന് മുമ്പുണ്ടാവാത്ത വിധത്തിൽ രൂക്ഷവും പ്രവചനാതീതവുമാണെന്ന കടുത്ത മുന്നറിയിപ്പേകി ബാങ്ക് ഓഫ് ഇംഗ്ലണ്ട് രംഗത്തെത്തി. ഇതിൽ നിന്നും രാജ്യത്തെ കൈപിടിച്ച് കയറ്റാനും തകർന്നടിയാതിരിക്കാനും പലിശനിരക്ക് നെഗറ്റീവ് ആക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇത്തരത്തിൽ പലിശ നെഗറ്റീവ് ആക്കിയാൽ മോർട്ട്ഗേജ് ഉള്ളവർക്ക് അതൊരു ലോട്ടറിയാകുമെന്നുറപ്പാണ്. എന്നാൽ മികച്ച പലിശ ലഭിക്കുമെന്ന പ്രതീക്ഷയാൽ പണം മിച്ചം വയ്ക്കുന്നവർക്ക് ഇതിനെ തുടർന്ന് നിരാശയായിരിക്കും ഫലം.ചുരുക്കിപ്പറഞ്ഞാൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് സൂചിപ്പിക്കുന്നത് തകർന്നടിയുന്ന ബ്രിട്ടന്റെ ചിത്രമാണ്.

സാധാരണയായി പ്രയോഗിക്കാത്തതും എന്നാൽ ഒരു കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നതിനുമായി ഉപയോഗിക്കുന്ന മോണിറ്ററി പോളിസിലാണ് നെഗറ്റീവ് ഇന്ററസ്റ്റ് റേറ്റ് പോളിസി അഥവാ എൻഐപിആർ. അസാധാരണമായ സാമ്പത്തിക സാഹചര്യങ്ങളിൽ പ്രയോഗിക്കുന്ന ഈ നയമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബ്രിട്ടനിൽ പ്രയോഗിക്കാനൊരുങ്ങുന്നത്. നിലവിലെ പലിശനിരക്കുകൾ നെഗറ്റീവ് വാല്യൂവിലേക്ക് താഴ്‌ത്തുകയാണ് ഇത് പ്രകാരം സെൻട്രൽ ബാങ്ക് ചെയ്യുന്നത്. പ്രധാനമായും 1990 കൾ മുതലാണീ സാമ്പത്തിക നയം പ്രയോഗിച്ച് തുടങ്ങിയത്.

യൂറോപ്യൻ സെൻട്രൽ ബാങ്ക് നെഗറ്റീവ് നിരക്കുകൾ 2014ലായിരുന്നു. നിലവിൽ ഇതിന്റെ ഡിപ്പോസിറ്റ് നിരക്ക് മൈനസ് 0.5 ശതമാനമാണ്. ബാങ്ക് ഓഫ് ജപ്പാൻ 2016ലായിരുന്നു പ്രത്യേക സാമ്പത്തിക സാഹചര്യത്തിൽ നെഗറ്റീവ് നിരക്ക് നടപ്പിലാക്കിയിരുന്നത്.കൊറോണ പ്രതിസന്ധിയാൽ കടുത്ത മാന്ദ്യത്തിലേക്ക് കൂപ്പ് കുത്തിക്കൊണ്ടിരിക്കുന്ന ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പലിശനിരക്ക് നെഗറ്റീവാക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഒരുങ്ങുന്നതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്ര്യൂ ബെയ്ലി വിശദീകരിക്കുന്നു.

ചരിത്രത്തിലെ ഏറ്റവും താഴ്ന്ന പലിശനിരക്കായ 0.1 ശതമാനത്തിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്കിനെ ഇപ്പോൾ നിലനിർത്തിയിരിക്കുന്നത്. പുതിയ നീക്കത്തിലൂടെ അത് നെഗറ്റീവിലേക്ക് താഴ്‌ത്താൻ പോവുകയാണ്. ഇതിലൂടെ ജനം സമ്പാദിക്കുന്നതിന് പകരം കൂടുതൽ ചെലവിടാൻ പ്രേരിപ്പിക്കപ്പെടുകയും അത് സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിൽ നിന്നും കരകയറാൻ സഹായിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. കൊറോണ തീർത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നതിനായി ഒരു പറ്റം രാജ്യങ്ങൾ ബോണ്ടുകൾ നെഗറ്റീവ് നിരക്കിലാണ് വിറ്റഴിക്കുന്നത്. പുതിയ നീക്കത്തിലൂടെ യുകെയും അവയ്ക്കൊപ്പം ചേരുകയാണ്.

ആഗോള സമ്പദ് വ്യവസ്ഥക്ക് മേൽ കൊറോണയുണ്ടാക്കുന്ന പ്രതിസന്ധി കണക്കിലെടുത്തതിന്റെ വെളിച്ചത്തിൽ യുകെയിലെ ജിഡിപി 25 ശതമാനത്തിനും 35 ശതമാനത്തിനും ഇടയിൽ ഇടിയുമെന്നാണ് ഗവൺമെന്റിന്റെ ഒബിആർ വാച്ച്ഡോഗും ബാങ്ക് ഓഫ് ഇംഗ്ലണ്ടും നേരത്തെ മുന്നറിയിപ്പേകിയിരുന്നത്.നിലവിൽ യുകെ 300 വർഷത്തിനിടെയിലെ ഏറ്റവും വലിയ സാമ്പത്തിക തകർച്ചയിലാണെങ്കിലും എന്നാൽ ലോക്ക്ഡൗണിൽ ഇളവുകൾ അനുവദിക്കുന്നതിനെ തുടർന്ന് സമ്പദ് വ്യവസ്ഥ തിരിച്ച് വരുമെന്നാണ് ഒബിആർ വാച്ച്ഡോഗും ബാങ്ക് ഓഫ് ഇംഗ്ലണ്ടും പ്രതീക്ഷ പുലർത്തുന്നത്.

നിലവിൽ യുകെയിലെ സമ്പദ് വ്യവസ്ഥ രണ്ടാം ലോകമഹായുദ്ധം, ഒന്നാം ലോക മഹായുദ്ധം, സ്പാനിഷ് ഫ്ലൂ കാലം തുടങ്ങിയ സമയങ്ങളിലേക്കാൾ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. അതിൽ നിന്നും കരകയറുന്നതിനാണ് നെഗറ്റീവ് നിരക്കെന്ന കടുത്ത നടപടി പരീക്ഷിക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തയ്യാറെടുക്കുന്നത്. നെഗറ്റീവ് നിരക്ക് സ്വീകരിക്കാൻ ബാങ്ക് ഒരുങ്ങുന്നുവെന്ന വ്യക്തമായ സൂചനയാണ് ഇന്നലെ ട്രഷറി സെലക്ട് കമ്മിറ്റിക്ക് മുന്നിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്ര്യൂ ബെയ്ലി നൽകിയിരിക്കുന്നത്.

സ്റ്റേറ്റ് ഡെബ്റ്റ് വകയിൽ 200 ബില്യൺ പൗണ്ട് വരെ വാങ്ങുമെന്നാണ് ഗവൺമെന്റ് നേരത്തെ തന്നെ വ്യക്തമാക്കിയിരിക്കുന്നത്. ഇതിലൂടെ ഗവൺമെന്റിന്റെ കടം വാങ്ങലുകൾക്ക് മേലുള്ള പലിശ ചുരുങ്ങിയ നിരക്കിൽ നിലനിർത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊറോണ പ്രതിസന്ധി കാരണം ഢ ആകൃതിയിലുള്ള സാമ്പത്തിക തകർച്ചയും കരകയറലും താൻ പ്രതീക്ഷിക്കുന്നില്ലെന്നാണ് ഡെപ്യൂട്ടി ഗവർണറായ ബെൻ ബ്രോഡ്ബെന്റ് പറയുന്നത്. പൊതു കടം, കുറഞ്ഞ നിരക്കുകൾ , മറ്റ് ബാങ്ക് ഇടപെടലുകൾ തുടങ്ങിയവ കാരണം പണപ്പെരുപ്പം നിയന്ത്രണാതീതമാകുമെന്ന് താൻ ആശങ്കപ്പെടുന്നില്ലെന്നാണ് ബെൻ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP