Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാമ്പുകടിയേറ്റ ദിവസം ഭർത്താവും മുറിയിൽ; പാമ്പ് കടിച്ചതും ഉത്ര മരിച്ചതും അറിഞ്ഞില്ലെന്നും മൊഴി ; എസി മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് കയറിയത് എങ്ങനെ? രാത്രി ജനാല തുറന്നിട്ടെന്ന ഭർത്താവ് സൂരജിന്റെ മൊഴിയും വിശ്വസനീയമല്ല; ഉറക്കത്തിൽ വിഷപ്പാമ്പ് കടിച്ചാൽ വേദന കാരണം ഉണരേണ്ടതുമാണ്; അഞ്ചലിലെ 25 കാരിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കൾ

പാമ്പുകടിയേറ്റ ദിവസം ഭർത്താവും മുറിയിൽ; പാമ്പ് കടിച്ചതും ഉത്ര മരിച്ചതും അറിഞ്ഞില്ലെന്നും മൊഴി ; എസി മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് കയറിയത് എങ്ങനെ? രാത്രി ജനാല തുറന്നിട്ടെന്ന ഭർത്താവ് സൂരജിന്റെ മൊഴിയും വിശ്വസനീയമല്ല; ഉറക്കത്തിൽ വിഷപ്പാമ്പ് കടിച്ചാൽ വേദന കാരണം ഉണരേണ്ടതുമാണ്; അഞ്ചലിലെ 25 കാരിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കൾ

ആർ പീയൂഷ്

കൊല്ലം: പാമ്പുകടിയേറ്റു ചികിത്സയിലായിരുന്ന യുവതി വീണ്ടും പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് മാതാപിതാക്കൾ. അഞ്ചൽ ഏറം വെള്ളിശേരിൽ വീട്ടിൽ ഉത്ര (25)യുടെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് മാതാപിതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. മരുമകൻ മകളെ അപായപ്പെടുത്തിയെന്നാണു മാതാപിതാക്കളുടെ ആരോപണം. അന്വേഷണം ആവശ്യപ്പെട്ടു പിതാവ് വിജയസേനൻ, അമ്മ മണിമേഖല എന്നിവർ അഞ്ചൽ സിഐക്കു പരാതി നൽകി. പാമ്പുകടിയേറ്റ ദിവസം ഭർത്താവും മുറിയിൽ ഉണ്ടായിരുന്നു. എന്നാൽ പാമ്പ് കടിച്ചതും ഉത്ര മരിച്ചതും അറിഞ്ഞില്ലെന്നാണ് ഇയാൾ മൊഴി നൽകിയത്. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് കയറി എന്നത് അന്നു സംശയത്തിന് ഇടയാക്കിയിരുന്നു.

എന്നാൽ രാത്രി ജനാല തുറന്നിട്ടിരുന്നതായാണു ഭർത്താവ് സൂരജ് വ്യക്തമാക്കിയത്. ഇക്കാര്യങ്ങൾ വിശ്വസനീയമല്ലെന്ന് ഉത്രയുടെ മാതാപിതാക്കൾ പറയുന്നു. ഉറക്കത്തിൽ വിഷപ്പാമ്പ് കടിച്ചാൽ വേദന കാരണം ഉണരേണ്ടതാണ്. അതുണ്ടായില്ല. മകൾക്കു വിവാഹസമ്മാനമായി നൽകിയ സ്വർണാഭരണങ്ങൾ പലതും കാണാനില്ലെന്നും ഭർത്താവിനെയും ബന്ധുക്കളെയും വിശദമായി ചോദ്യം ചെയ്യണമെന്നുമാണു രക്ഷിതാക്കൾ പരാതിയിൽ ആവശ്യപ്പെടുന്നത്. പരാതിയിൽ അന്വേഷണം ആരംഭിച്ചതായി സിഐ സി.എൽ. സുധീർ അറിയിച്ചു.

കഴിഞ്ഞ ഏഴിനാണ് ഉത്ര പാമ്പ് കടിയേറ്റു മരിച്ചത്. മൂന്ന് മാസം മുൻപ് ഉത്രയുടെ ഭർത്താവ് സൂരജിന്റെ അടൂർ പറക്കോട്ടെ വീട്ടിൽ വച്ച് അണലിയുടെ കടിയേറ്റിരുന്നു. ഈ രണ്ട് സംഭവങ്ങളും കോർത്തിണക്കി നാട്ടുകാർ സംഭവത്തിൽ ദുരൂഹത ഉയർത്തിയിരുന്നു. എന്നാൽ പൊലീസിന് ഇത് സംബന്ധിച്ച് അന്ന് യാതൊരു പരാതിയും ലഭിച്ചിട്ടില്ലാത്തതിനാലും പ്രഥമിക അന്വേഷണത്തിൽ ജനാല വഴി പാമ്പ് അകത്ത് കയറിയതാണ് എന്ന നിഗമനത്തിൽ എത്തിയതിനാലും ദുരൂഹത ഇല്ല എന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഉത്രയുടെ മാതാപിതാക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ച് പരാതി നൽകിയതോടെ സംഭവത്തിൽ കേസെടുക്കുകയായിരുന്നു.

മൂന്നു മാസത്തിനിടെ രണ്ടാം വട്ടമാണ് ഉത്രയെ പാമ്പ് കടിക്കുന്നത്. ഉറക്കത്തിൽ തന്നെയായതിനാൽ കടിയേറ്റതറിഞ്ഞില്ല. തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. പാമ്പ് കടിയേറ്റതിനെ തുടർന്നുള്ള ചികിത്സയുടെ ഭാഗമായി സ്വന്തം വീട്ടിൽ എത്തിയതായിരുന്നു ഉത്ര. രാത്രി ഉറങ്ങാൻ കിടന്ന ഉത്ര പിന്നെ എഴുന്നേറ്റതേയില്ല. പിറ്റേന്ന് രാവിലെ അമ്മ ചായയുമായി എത്തി ഉത്രയെ കുലുക്കിവിളിക്കുമ്പോൾ അനക്കമില്ലായിരുന്നു. ഉടൻ തന്നെ അഞ്ചലിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മരിച്ചതായി വീട്ടുകാർ അറിഞ്ഞത്. മരണം പാമ്പ് കടിയേറ്റാണെന്ന് ആശുപത്രി അധികൃതർ മാതാപിതാക്കളോട് പറഞ്ഞു.

പക്ഷെ പാമ്പ് കടിച്ചത് മൂന്നു മാസം മുൻപാണെന്നും അതിനുള്ള ചികിത്സയിൽ തുടരുകയായിരുന്നു എന്നും വീട്ടുകാർ പറഞ്ഞു. ഇതോടെ വീണ്ടും വിശദമായി പരിശോധിച്ച ആശുപത്രി അധികൃതർ മരണം പാമ്പ് കടിയേ തുടർന്നു തന്നെയെന്നു ഉറപ്പിക്കുകയായിരുന്നു. ഉത്രയുടെ കയ്യിൽ പാമ്പ് കടിയേറ്റ പാടുണ്ടായിരുന്നു. പിന്നീട് മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനു എത്തിച്ചപ്പോഴും മരണം പാമ്പ് കടിയേറ്റതു മൂലമാണെന്ന് മെഡിക്കൽ കോളേജ് അധികൃതരും വ്യക്തമാക്കി. തുടർന്നു വീട്ടിൽ വന്നു പരിശോധിച്ചപ്പോൾ ഉത്ര കിടന്നിരുന്ന മുറിയിൽ കരിമൂർഖനെ കണ്ടെത്തുകയായിരുന്നു.

മാർച്ച് രണ്ടിനാണ് ഭർത്താവിന്റെ അടൂർ പറക്കോട്ടെ വീട്ടിൽവച്ച് ഉത്രയെ ആദ്യമായി പാമ്പ് കടിക്കുന്നത്. വീടിന് പുറത്ത് വച്ച് രാത്രിയിൽ അണലി കടിക്കുകയായിരുന്നു. ഉടൻ തന്നെ പുഷ്പഗിരി മെഡിക്കൽ കോളേജിൽ എത്തിച്ച് ചികിത്സ നൽകിയതിനാൽ രക്ഷപെടുകയായിരുന്നു. അന്ന് അണലിയാമെന്ന് തിരിച്ചറിഞ്ഞതിനാലാണ് വേഗം തന്നെ മറുമരുന്ന് നൽകി സുഖപ്പെടുത്താൻ കഴിഞ്ഞത്. സാധാരണ അണലി കടിച്ചാൽ ജീവൻ തിരികെ കിട്ടില്ലാ എന്നിരിക്കെ എല്ലാവരെയും അത്ഭുതപ്പെടുത്തിയാണ് ഉത്ര ജീവിതത്തിലേക്ക് തിരികെ എത്തിയത്. ലക്ഷക്കണക്കിന് രൂപ തന്നെ ചികിത്സയ്ക്കായി വീട്ടുകാർ ചെലവിട്ടിരുന്നു. തിരുവല്ല പുഷപഗിരി മെഡിക്കൽ കോളേജിൽ ദീർഘമായ ചികിത്സയും ഉത്രയ്ക്ക് വേണ്ടി നടത്തിയിരുന്നു. കടിയേറ്റ കാലിൽ പ്ലാസ്റ്റിക് സർജറിയും നടത്തിയിരുന്നു.

ചികിത്സയ്ക്ക് ശേഷം ഒരു വയസുള്ള മകൻ ധ്രുവിനെ ഭർതൃവീട്ടിലാക്കിയാണ് ഉത്ര സ്വന്തം വീട്ടിലേക്ക് വിശ്രമത്തിനു എത്തിയത്. ഉത്രയെ തുടർ ചികിത്സയ്ക്കായി തിരുവല്ല പുഷപഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ബുധനാഴ്ച ഭർത്താവ് സൂരജും എത്തി. വീട്ടിലെ രണ്ടു കട്ടിലിൽ ആണ് ഇവർ കിടന്നിരുന്നത്. ഇതിനിടയിലാണ് പാമ്പ് കടിയേറ്റത്. കിടപ്പു മുറിയിൽ കണ്ടെത്തിയ പാമ്പിനെ നാട്ടുകാർ തല്ലികൊല്ലുകയും ചെയ്തു. രണ്ടു വർഷം മുൻപാണ് എച്ച്ഡിബി ഫിനാൻസിങ് കമ്പനി ജീവനക്കാരനായ സൂരജ് ഉത്രയെ വിവാഹം കഴിക്കുന്നത്. ഒരു വയസുള്ള ധ്രുവ് ആണ് മകൻ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP