Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊച്ചിയിൽ വൻകിട ജൂവലറികളും ടെക്‌സ്‌റ്റൈൽ ഷോപ്പുകളും തുറന്നെങ്കിലും തിരക്ക് നന്നേ കുറവ്; ജൂവലറികളിൽ എത്തിയത് ഏറെയും അഡ്വാൻസ് ബുക്കിങ് നടത്തിയവരും വിവാഹ പാർട്ടികളും; വസ്ത്രവ്യാപാര ശാലകളിലും തരക്കേടില്ലാത്ത കച്ചവടം; ഷോപ്പുകൾ തുറന്നത് തെർമൽ സ്‌ക്രീനിങ്ങും സാനിറ്റൈസറും അടക്കം സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച്; കോവിഡ് കാലത്ത് നികുതി ഇളവ് വേണമെന്നും വ്യാപാരികൾ

കൊച്ചിയിൽ വൻകിട ജൂവലറികളും ടെക്‌സ്‌റ്റൈൽ ഷോപ്പുകളും തുറന്നെങ്കിലും തിരക്ക് നന്നേ കുറവ്; ജൂവലറികളിൽ എത്തിയത് ഏറെയും  അഡ്വാൻസ് ബുക്കിങ് നടത്തിയവരും വിവാഹ പാർട്ടികളും; വസ്ത്രവ്യാപാര ശാലകളിലും തരക്കേടില്ലാത്ത കച്ചവടം; ഷോപ്പുകൾ തുറന്നത് തെർമൽ സ്‌ക്രീനിങ്ങും സാനിറ്റൈസറും അടക്കം സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച്; കോവിഡ് കാലത്ത് നികുതി ഇളവ് വേണമെന്നും വ്യാപാരികൾ

ആർ പീയൂഷ്

കൊച്ചി: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് വ്യാപാര സ്ഥാപനങ്ങൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിച്ചെങ്കിലും താരതമ്യേന എറണാകുളത്ത് ഉപഭോക്താക്കൾ കുറവായിരുന്നു. വൻകിട ജൂവലറികളിലും വസ്ത്രശാലകളിലും തിരക്ക് നന്നേ കുറവായിരുന്നു. എങ്കിലും മലബാർ ഗോൾഡ്, കല്യാൺ എന്നീ ജൂവലറികളിലും ജയലക്ഷ്മി, ശീമാട്ടി എന്നീ വസ്ത്രശാലകളിലും ശരാശരി ഉപഭോക്താക്കൾ എത്തി.

മലബാർ ഗോൾഡിൽ കൊറോണയ്ക്ക് മുൻപുള്ള ദിവസങ്ങളേ അപേക്ഷിച്ച് പകുതിയിൽ താഴെ ഉപഭോക്താക്കളാണ് എത്തിയത് എന്ന് എം.ജി റോഡിലെ ഷോപ്പ് മാനേജർ ഷെഫിൻ പറഞ്ഞു. അഡ്വാൻസ് ബുക്ക് ചെയ്തവരും വിവാഹ പാർട്ടികളുമാണ് കൂടുതലായും എത്തിയത്. സർക്കാരിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഷോപ്പ് പ്രവർത്തിച്ചത്. അകത്ത് കടക്കുന്നിന് മുൻപ് തന്നെ ഉപഭോക്താക്കളെ തെർമൽ സ്‌ക്രീനിങിന് വിധേയമാക്കും. പിന്നീട് സാനിടൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കി മാസ്‌ക്ക് ധരിപ്പിച്ചാണ് പ്രവേശിപ്പിക്കുന്നത്. ആഭരണങ്ങൾ കൈകളിൽ എടുത്ത് നൽകില്ല. സാമൂഹിക അകലം കൃത്യമായി പാലിച്ചാണ് എല്ലാവരെയും ഷോപ്പിനുള്ളിൽ ആഭരണങ്ങൾ വാങ്ങാൻ അനുവദിക്കുന്നത് എന്നും ഷെഫിൻ പറഞ്ഞു. ഷോപ്പ് തുറക്കുന്നതിന് മുൻപ് തന്നെ ആഭരണങ്ങളെല്ലാം സാനിടൈസറിങ് നടത്തിയിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ഇതേ കാര്യങ്ങൾ തന്നെയാണ് കല്യാൺ ജൂവലറിയിലും നടപ്പിലാക്കിയിരിക്കുന്നത്. ഇവിടെയും വിവാഹ പാർട്ടികളും അഡ്വാൻസ് ബുക്കിങ് നടത്തിയവരുമാണ് എത്തിയിരുന്നത്.

ജയലക്ഷ്മി സിൽക്ക്സിൽ തരക്കേടില്ലാത്ത കച്ചവടം നടന്നു എന്ന് മാനേജ്മെന്റ് പറഞ്ഞു. പ്രവേശന കവാടത്തിൽ തന്നെ ഉപഭോക്താക്കളെ തെർമൽ സ്‌ക്രീനിങ് നടത്തും. സാനിടൈസർ നൽകി കൈകൾ വൃത്തിയാക്കും. പിന്നീട് കൈയുറകളും മാസ്‌ക്കും ധരിപ്പിച്ചതിന് ശേഷമാണ് ഉള്ളിൽ പ്രവേശിപ്പിക്കുന്നത്. വരുന്ന കസ്റ്റമേഴ്സിന്റെ ഫോൺ നമ്പർ അടക്കം എഴുതി പ്രത്യേക രജിസ്റ്ററിൽ സൂക്ഷിക്കുകയും ചെയ്യും. ഉള്ളിൽ കയറുമ്പോൾ തന്നെ സാമൂഹിക അകലം പാലിക്കാനുള്ള അടയാളങ്ങൾ തറയിൽ കാണാം. ഒരു മീറ്റർ അകലത്തിൽ നിൽക്കാനുള്ള വൃത്തത്തിനുള്ളിൽ നിർത്തിയാണ് തുണികൾ തെരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്നത്.

ഓരോ സെക്ഷനിൽ നിൽക്കുന്ന ജീവനക്കാരും കൃത്യമായ അകലം പാലിച്ച് എല്ലാ സുരക്ഷാ മുൻകരുതലുകളും എടുത്താണ് ജോലി ചെയ്യുന്നത്. ജീവനക്കാർ ജോലിക്ക് പ്രവേശിക്കുമ്പോഴും തെർമൽ സ്‌ക്രീനിങ് നടത്തി സാനിടൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കും. അഞ്ഞൂറോളം ജീവനക്കാരുള്ള ഇവിടെ ഇപ്പോൾ നൂറിൽ താഴെ ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ബാക്കിയുള്ളവർക്ക് ടേൺ അനുസരിച്ച് ജോലി നൽകുകയും കൃത്യമായ ശമ്പളം നൽകുകയും ചെയ്യുന്നുമുണ്ടെന്ന് മാനേജ്മെന്റ് പറഞ്ഞു. ശീമാട്ടിയിലും സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കുന്നുണ്ട്. ജീവനക്കാരുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും കൃത്യമായ ശമ്പളം ഇവരും നൽകുന്നുണ്ട്.

പ്രധാനപ്പെട്ട മറ്റ് വ്യാപാര സ്ഥാപനങ്ങളിലും ഇതേ രീതി തന്നെയാണ് പിൻതുടരുന്നത്. പകുതി ഷോപ്പുകളിലും കച്ചവടം വേണ്ട രീതിയിൽ നടക്കുന്നില്ല എന്നാണ് വ്യാപാരികൾ പറയുന്നത്. കുറച്ചു നാളുകൾ ഈ പ്രതിസന്ധി തുടരുമെന്നതിനാൽ സർക്കാർ ടാക്സ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇളവു വരത്തണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP