Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജാമ്യത്തിലിറങ്ങി മിനിട്ടുകൾക്കകം യു.പി കോൺഗ്രസ് അധ്യക്ഷനെ വീണ്ടും അറസ്റ്റ് ചെയ്തു; ഇക്കുറി അജയ് കുമാർ ലല്ലുവിനെ അറസ്റ്റ് ചെയ്തത് 1000 ബസ്സുകളുടെ വിവരങ്ങൾനൽകാൻ വ്യാജരേഖ ചമച്ചുവെന്ന കേസിൽ

ജാമ്യത്തിലിറങ്ങി മിനിട്ടുകൾക്കകം യു.പി കോൺഗ്രസ് അധ്യക്ഷനെ വീണ്ടും അറസ്റ്റ് ചെയ്തു; ഇക്കുറി അജയ് കുമാർ ലല്ലുവിനെ അറസ്റ്റ് ചെയ്തത് 1000 ബസ്സുകളുടെ വിവരങ്ങൾനൽകാൻ വ്യാജരേഖ ചമച്ചുവെന്ന കേസിൽ

മറുനാടൻ മലയാളി ബ്യൂറോ

ആഗ്ര: യു.പി കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലു ജാമ്യത്തിലിറങ്ങി മിനിട്ടുകൾക്കകം വീണ്ടും അറസ്റ്റിലായി. ധർണ നടത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ അജയ് കുമാർ ലല്ലു വ്യാജരേഖ ചമച്ച കേസിലാണ് വീണ്ടും അറസ്റ്റിലായത്. കുടിയേറ്റ തൊഴിലാളികൾക്കുവേണ്ടി കോൺഗ്രസ് ഏർപ്പെടുത്തിയ 1000 ബസ്സുകളുടെ വിവരങ്ങൾ അധികൃതർക്ക് നൽകാൻ വ്യാജരേഖ ചമച്ചുവെന്ന കേസിലാണ് അദ്ദേഹം രണ്ടാമത് അറസ്റ്റിലായത്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധേരയുടെ പേഴ്‌സണൽ സെക്രട്ടറി സന്ദീപ് സിങ്ങിനെയും ലഖ്‌നൗ പൊലീസ് ഈ കേസിൽ പ്രതിചേർത്തിട്ടുണ്ട്. അറസ്റ്റിൽ പ്രതിഷേധിച്ചും കുടിയേറ്റ തൊഴിലാളികൾക്കുവേണ്ടി കോൺഗ്രസ് ഏർപ്പെടുത്തിയ ബസ്സുകൾ ഓടിക്കാൻ തയ്യാറാകാത്തതിൽ പ്രതിഷേധിച്ചും ആഗ്രയിലും ലഖ്‌നൗവിലും പാർട്ടി പ്രവർത്തകർ പ്രതിഷേധിച്ചു.

കുടിയേറ്റ തൊഴിലാളികൾക്കുവേണ്ടി കോൺഗ്രസ് ഏർപ്പെടുത്തിയ ബസ്സുകൾ ആഗ്രയിൽ പ്രവേശിക്കാൻ അനുവദിക്കാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് ധർണ നടത്തിയതിന്റെ പേരിൽ ചൊവ്വാഴ്ച വൈകീട്ടാണ് ലല്ലു ആദ്യം അറസ്റ്റിലാകുന്നത്. ബുധനാഴ്ച ആഗ്രയിലെ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. ജാമ്യത്തുകയായ 20000 രൂപ കെട്ടിവച്ചശേഷമാണ് ലല്ലു പുറത്തിറങ്ങിയത്. എന്നാൽ ആഗ്രയിലെത്തിയ ലഖ്‌നൗ പൊലീസ് സംഘം മിനിട്ടുകൾക്കകം അദ്ദേഹത്തെ വീണ്ടും അറസ്റ്റു ചെയ്തു. തുടർന്ന് പൊലീസ് അദ്ദേഹത്തെ ലഖ്‌നൗവിലേക്ക് കൊണ്ടുപോയതായി കോൺഗ്രസ് മീഡിയ കോ-ഓർഡിനേറ്റർ മാധ്യമങ്ങളോട് പറഞ്ഞു.

കുടിയേറ്റ തൊഴിലാളികൾക്കുവേണ്ടി കോൺഗ്രസ് ഏർപ്പെടുത്തിയ ബസ്സുകൾ ഓടിക്കാൻ തയ്യാറാകണമെന്നും ഇത് രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലെന്നും ചൂണ്ടിക്കാട്ടി പ്രിയങ്ക ഗാന്ധി നേരത്തെ രംഗത്തെത്തിയിരുന്നു. ബിജെപിയുടെ സ്റ്റിക്കർ പതിച്ചശേഷമെങ്കിലും ബസ് ഓടിക്കൂവെന്നും അതിന്റെ നേട്ടം സ്വന്തമാക്കിക്കോളൂവെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് യു.പി കോൺഗ്രസ് അധ്യക്ഷൻ രണ്ടാം തവണയും അറസ്റ്റിലായിട്ടുള്ളത്.

അതിനിടെ, നാല് മണിക്ക് മുമ്പ് ബസുകൾക്ക് അനുമതി നൽകണമെന്ന അന്ത്യശാസനവും ഉത്തർപ്രദേശ് സർക്കാർ ചെവിക്കൊള്ളാതിരുന്നതോടെ പ്രിയങ്ക ​ഗാന്ധി ബസുകൾ തിരിച്ച് വിളിച്ചു. ഉത്തർപ്രദേശ് സർക്കാരിന്റെ അനുമതി ലഭിക്കുന്നതിനായി നാല് മണി വരെ കാത്ത ശേഷമാണ്‌ പ്രിയങ്ക ബസുകൾ തിരിച്ചയച്ചത്. അനുമതി ലഭിക്കാത്തതിനെ തുടർന്ന് നിരവധി ബസുകളാണ് യുപിയുമായുള്ള ഡൽഹി അതിർത്തിയിൽ രാവിലെ മുതൽ കാത്തുകിടന്നിരുന്നത്. കോൺഗ്രസ് പ്രവർത്തകർ ഇവിടെ പ്രതിഷേധം നടത്തുകയും ചെയ്തു.

'വൈകുന്നേരം നാല് മണിയോടെ ബസുകൾ ലഭ്യമാക്കിയിട്ട് 24 മണിക്കൂറാകും. നിങ്ങൾക്ക് താത്പര്യമുണ്ടെങ്കിൽ അത് ഉപയോഗിക്കുക, ഞങ്ങൾക്ക് അനുമതി നൽകുക. ബിജെപി പതാകകളും പോസ്റ്ററുകളും ഒട്ടിച്ച് ബസുകൾക്ക് അനുമതി നൽകാൻ സാധിക്കുമെങ്കിൽ അങ്ങനേയും ചെയ്‌തോളൂ, കുടിയേറ്റക്കാരുമായി ബസുകൾ ഓടട്ടെ' സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ പ്രിയങ്ക ഗാന്ധി പറഞ്ഞു.

നാല് മണിക്ക് മുമ്പ് ബസുകൾക്ക് അനുതി ലഭിച്ചില്ലെങ്കിൽ അവ തിരിച്ചയക്കും. എന്നാലും കോൺഗ്രസും അതിന്റെ പ്രവർത്തകരും കുടിയേറ്റക്കാർക്ക് ഭക്ഷണവും മറ്റു സാധ്യമായ എല്ലാ സഹായവും നൽകുന്നത് തുടരുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. അതേ സമയം പ്രിയങ്കയും കോൺഗ്രസും കുടിയേറ്റ വിഷയം രാഷ്ട്രീയംകലർത്തി ഉപയോഗിക്കുകയാണെന്ന് ആരോപിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തി.

ഔരൈയയിലെ വാഹനാപകടത്തിൽ അതിഥിതൊഴിലാളികൾ മരിച്ചപ്പോഴാണ് 1000 ബസ് ഓടിക്കാൻ കോൺഗ്രസിനെ അനുവദിക്കണമെന്ന് ശനിയാഴ്ച പ്രിയങ്ക അഭ്യർഥിച്ചത്. യോഗി സർക്കാർ ആദ്യം ഇതിന് വഴങ്ങിയില്ല. അപേക്ഷ യോഗി നിഷേധിക്കുകയാണെന്നും പ്രതിനിധി സംഘത്തെ കാണാൻപോലും മുഖ്യമന്ത്രി സമ്മതിക്കുന്നില്ലെന്നും കോൺഗ്രസ് ആരോപിച്ചതോടെ ബസ് ഓടിക്കാൻ തിങ്കളാഴ്ച സർക്കാർ അനുമതി നൽകുകയായിരുന്നു. ബസുകളുടെയും ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും വിവരങ്ങൾ നൽകാനും അധികൃതർ ഉത്തരവിട്ടു. ബസുകൾ ചൊവ്വാഴ്ച രാവിലെ പത്തോടെ ലഖ്‌നൗവിൽ എത്തിക്കണമെന്നാവശ്യപ്പെട്ട് രാത്രി 11.40-ഓടെ പ്രിയങ്ക ഗാന്ധിയുടെ ഓഫീസിലേക്ക് ഇ-മെയിലയച്ചു.

സർക്കാരിന് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ അതിർത്തിയിൽ ബസുകൾ പരിശോധിക്കാമെന്ന് യു.പി. കോൺഗ്രസ് വക്താവ് പറഞ്ഞു. ഇതേത്തുടർന്ന് 500 ബസുകൾ ഡൽഹി അതിർത്തിയായ ഗസ്സിയാബാദിലെ കൗശംബിയിലും സഹിബാബാദിലും എത്തിക്കാനും 500 ബസുകൾ ഗൗതം ബുദ്ധ് നഗറിൽ എത്തിക്കാനും ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു. എന്നാൽ അതിർത്തിയിലെത്തിയ ബസുകൾക്ക് സർക്കാർ പ്രവേശനാനുമതി നൽകിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP