Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടംതോളൊന്നു മെല്ലെ ചരിച്ചു കള്ളക്കണ്ണൊന്നിറുക്കി ചിരിച്ച് നാളെ മലയാളികളുടെ പ്രിയ നടൻ മധുരമുണ്ണുമ്പോൾ സഥലമാകാതെ ഒരുസ്വപ്നം; ഹിറ്റുകളും സൂപ്പർഹിറ്റുകളുമായി ബിഗ് സ്‌ക്രീനിൽ പകർന്നാടിയെങ്കിലും മോഹൻലാൽ ആദ്യമായി കഥ എഴുതിയ ചിത്രം ഇപ്പോഴും പെട്ടിയിൽ; ഷൂട്ടിങ് പൂർത്തിയായെങ്കിലും തിയേറ്ററിലെത്താതെ സ്വപ്നമാളിക; ഡോ.അപ്പുനായർ എന്ന കഥാപാത്രത്തിനും ചിത്രത്തിനും സംഭവിച്ചത്

ഇടംതോളൊന്നു മെല്ലെ ചരിച്ചു കള്ളക്കണ്ണൊന്നിറുക്കി ചിരിച്ച് നാളെ മലയാളികളുടെ പ്രിയ നടൻ മധുരമുണ്ണുമ്പോൾ സഥലമാകാതെ ഒരുസ്വപ്നം; ഹിറ്റുകളും സൂപ്പർഹിറ്റുകളുമായി ബിഗ് സ്‌ക്രീനിൽ പകർന്നാടിയെങ്കിലും മോഹൻലാൽ ആദ്യമായി കഥ എഴുതിയ ചിത്രം ഇപ്പോഴും പെട്ടിയിൽ; ഷൂട്ടിങ് പൂർത്തിയായെങ്കിലും തിയേറ്ററിലെത്താതെ സ്വപ്നമാളിക; ഡോ.അപ്പുനായർ എന്ന കഥാപാത്രത്തിനും ചിത്രത്തിനും സംഭവിച്ചത്

കെ വി നിരഞ്ജൻ

 കോഴിക്കോട്: മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന് നാളെ അറുപത് വയസ്സ് തികയുന്നു. മലയാളികളെ വിസ്മയിപ്പിച്ച ഒട്ടനവധി കഥാപാത്രങ്ങളെയാണ് ലാൽ ഇതിനകം വെള്ളിത്തിരയിൽ അവതരിപ്പിച്ചത്. ഹിറ്റുകളും സൂപ്പർഹിറ്റുകളുമായി നിരവധി സിനിമകൾ. പ്രേക്ഷകരെ കരയിപ്പിച്ചും പൊട്ടിച്ചിരിപ്പിച്ചും ലാൽ കഥാപാത്രങ്ങൾ മലയാളികളുടെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നു. അപൂർവ്വം ചില ലാൽ ചിത്രങ്ങൾ മാത്രമാണ് പൂർത്തീകരിക്കപ്പെടാതെ പോയത്. ചിലത് പ്രഖ്യാപനത്തോടെ തന്നെ അവസാനിപ്പിച്ചു. ചിലത് പകുതി ഷൂട്ട് ചെയ്ത ശേഷം അവസാനിപ്പിച്ചു. എന്നാൽ ലാൽ ആദ്യമായി കഥയെഴുതിയ ചിത്രം ഇതുവരെ തിയേറ്ററുകളിലെത്തിയിട്ടില്ല. കെ എ ദേവരാജ് സംവിധാനം ചെയ്ത സ്വപ്ന മാളിക.

പരിഭവം എന്ന സിനിമയൊരുക്കിയ കോഴിക്കോട് സ്വദേശിയായ കെ എ ദേവരാജ് ലാലിനെ നായകനാക്കി ഒരു സിനിമയെടുക്കാൻ തീരുമാനിച്ചപ്പോൾ ലാലിന്റെ കഥ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. അങ്ങിനെയാണ് കുറച്ചു കാലം മുമ്പ് മലയാള മനോരമ ആഴ്ചപ്പതിപ്പിൽ മോഹൻലാൽ എഴുതിയ തർപ്പണം എന്ന നോവൽ സിനിമയാക്കാൻ തീരുമാനിക്കുന്നത്.

തുടർന്ന് നോവലിനെ ആസ്പദമാക്കി എസ് സുരേഷ് ബാബു തിരക്കഥ രചിച്ചു. ഡോ. അപ്പുനായർ എന്ന കഥാപാത്രമായിരുന്നു ചിത്രത്തിൽ മോഹൻലാലിന്. ഇന്നസെന്റ്, വിദേശ നടി എലീന എന്നിവരെയൊക്കെ കഥാപാത്രങ്ങളായി നിശ്ചയിച്ചു. ചിത്രത്തിൽ രാധാ കർമനെന്ന കഥാപാത്രമായിരുന്നു എലീനയുടേത്. പാരീസിലെ മൊൺമാർത്രി തിയറ്ററിലെ സ്ഥിരം അഭിനേതാവായ എലീന പതിമൂന്നാം വയസ്സിൽ അമേരിക്കയിലെത്തിയതാണ്. നാടകത്തിൽ സജീവമായ ഇവർ പൊളിറ്റിക്കൽ സയൻസിൽ ഡിഗ്രി കരസ്ഥമാക്കി. നൂക്ലിയർ ഫിസിക്‌സിൽ ഡോക്ടറേറ്റ് എടുത്തു. വളരെ പ്രതീക്ഷയോടെയാണ് ഇവർ ലാലിന്റെ നായികയാവാൻ കേരളത്തിലെത്തിയത്.

എലീന അവതരിപ്പിച്ച രാധാ കാർമന്റെ ഭർത്താവ് നന്ദൻ വിദേശത്തുവെച്ച് അകാലത്തിൽ മരണപ്പെടുന്നു. അദ്ദേഹത്തിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യാനാണ് ഇവർ കാശിയിലെത്തുന്നത്. അവിടെ വെച്ച് പ്രശസ്തനായ അർബുദ രോഗ ചികിത്സകനായ ഡോ. അപ്പുനായരെ പരിചയപ്പെടുന്നു. അച്ഛന്റെ ചിതാഭസ്മം നിമജജനം ചെയ്യാനാണ് അപ്പുനായർ ഇവിടെ എത്തുന്നത്. ഇവർ തമ്മിലുണ്ടാവുന്ന ബന്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചിത്രം കഥ പറഞ്ഞത്.

അങ്ങിനെ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ കാശിയിൽ പൂർത്തിയാവുകയും ചെയ്തു. വേണുവായിരുന്നു ക്യാമറ. എന്നാൽ മോഹൻലാൽ ആദ്യമായി കഥ രചിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന എന്ന പരസ്യത്തോടെ തുടങ്ങിയ സ്വപ്നമാളിക എന്ന ഡ്രീം പ്രോജക്ട് പിന്നീട് വെളിച്ചം കണ്ടില്ല. സാമ്പത്തിക പ്രശ്‌നം കാരണം ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ വൈകുകയായിരുന്നു. പിന്നീട് മോഹൻലാലില്ലാതെ ചെർപ്പുളശ്ശേരി ഒളപ്പമണ്ണ മനയിൽ വെച്ച് സംവിധായകൻ ചിത്രം പൂർത്തിയാക്കി. ഡോ. അപ്പുനായർക്കൊപ്പം രാധാ കാർമൻ കേരളത്തിലെത്തുന്നതായിരുന്നു എസ് സുരേഷ് ബാബുവിന്റെ തിരക്കഥയിലുണ്ടായിരുന്നത്. എന്നാൽ തിരക്കഥയിൽ മാറ്റം വരുത്തി രാധാ കാർമൻ മാത്രം കേരളത്തിലെത്തുന്നതായി സംവിധായകൻ ചിത്രീകരിക്കുകയായിരുന്നു.

സംവിധായകനുമായുള്ള പ്രശ്‌നങ്ങൾ കാരണം മോഹൻലാലും തിരക്കഥാകൃത്ത് എസ് സുരേഷ് ബാബുവും പിന്നീട് ചിത്രവുമായി സഹകരിച്ചില്ല. ഇതോടെ ലാലിന്റെ കഥാപാത്രം കാശിയിൽ വെച്ച് കൊല്ലപ്പെടുന്നതായി കാണിച്ച് സംവിധായകൻ തിരക്കഥയിൽ വലിയ മാറ്റങ്ങളും വരുത്തി. ഷമ്മി തിലകൻ, ഇന്ദ്രൻസ്, സാജു കൊടിയൻ തുടങ്ങിയവരെയെല്ലാം വെച്ച് സിനിമ പൂർത്തീകരിച്ചെങ്കിലും ചിത്രമിതുവരെ റിലീസ് ചെയ്യാൻ കഴിഞ്ഞില്ല. ചിത്രീകരണം പൂർത്തിയായ സിനിമയിൽ മോഹൻലാൽ പകുതി വരെ മാത്രമേയുള്ളു. പകുതിവെച്ച് കഥാപാത്രത്തെ കൊലപ്പെടുത്തിയതുകൊണ്ട് തന്നെ ചിത്രത്തിന്റെ ഡബ്ബിംഗുമായും ലാൽ സഹകരിച്ചില്ല. പിന്നീട് ഡബ്ബിങ് ആർട്ടിസ്റ്റുകളെവച്ചാണ് ലാലിന്റെ കഥാപാത്രത്തിന് സംവിധായകൻ ശബ്ദം പകർന്നത്.

ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ ക്യാമറാമാൻ വേണുവും പിന്നീട് ചിത്രത്തിൽ നിന്ന് വിട്ടു നിന്നു. പിന്നീട് എം ജെ രാധാകൃഷ്ണനെ കൊണ്ടുവന്നെങ്കിലും അദ്ദേഹവും രണ്ടു ദിവസം കഴിഞ്ഞപ്പോൾ നിർത്തിപ്പോയി. ഒടുവിൽ ദയാളൻ എന്ന ക്യാമറാമാനാണ് ചിത്രം പൂർത്തിയാക്കിയത്. എം ജി ശ്രീകുമാറിനെയായിരുന്നു സംഗീത സംവിധായകനായി നിശ്ചയിച്ചിരുന്നതെങ്കിലും ഒടുവിൽ ജയ് കിഷൻ എന്ന സംഗീത സംവിധായകനാണ് പാട്ടുകൾ ഒരുക്കിയത്. മോഹൻലാലിനെ ഒഴിവാക്കിയതല്ലെന്നും സാമ്പത്തിക പ്രയാസങ്ങൾ കാരണം സിനിമ തുടരാൻ സാധ്യമാവാതെ വന്നപ്പോൾ തിരക്കഥയിൽ ചില മാറ്റങ്ങൾ വരുത്തി ചെറിയ ചില നടന്മാരെ വെച്ച് പടം പൂർത്തിയാക്കിയതാണെന്നുമാണ് സംവിധായകന്റെ വാദം.

ഏതായാലും മോഹൻലാൽ ആദ്യമായി എഴുതിയ കഥ സിനിമയാക്കിയപ്പോൾ അതിന്റെ അനുഭവം ഇങ്ങനെയായിരുന്നു. അദ്ദേഹം തന്നെ സൃഷ്ടിച്ച ഡോ. അപ്പു നായർ ഇപ്പോഴും വെളിച്ചം കാണാതെ നിൽക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP