Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാത്രിയിൽ കടന്നുകയറിയത് അബ്ദുൾഖാദറും അഞ്ചു ജീപ്പുകളിൽ ഗുണ്ടാ സംഘവും; മുന്നിൽപ്പെട്ടവർക്ക് നേരെ വെടിവെയ്‌പ്പും വാൾ വീശലും കമ്പിവടി മർദ്ദനവും; ലോക്കൽ പൊലീസ് കൈമലർത്തിയപ്പോൾ രക്ഷകരായത് ഇടുക്കി എസ് പിയുടെ പ്രത്യേക സംഘം; ശാന്തൻപാറ എസ്റ്റേറ്റിൽ കഴിഞ്ഞ ദിവസമുണ്ടായത് കേരളം ഇന്നുവരെ കേട്ടിട്ടില്ലാത്ത തരത്തിലെ കൈയേറ്റ അക്രമം; കെ ആർ വിജയയുടെ പേരിൽ പ്രസിദ്ധമായ എസ്റ്റേറ്റ് ഏറ്റെടുത്ത് റവന്യൂ വകുപ്പ്; ഏസ്റ്റേറ്റിന് ഒരുക്കിയിരിക്കുന്നത് പഴുതടച്ച സുരക്ഷ

രാത്രിയിൽ കടന്നുകയറിയത് അബ്ദുൾഖാദറും അഞ്ചു ജീപ്പുകളിൽ ഗുണ്ടാ സംഘവും; മുന്നിൽപ്പെട്ടവർക്ക് നേരെ വെടിവെയ്‌പ്പും വാൾ വീശലും കമ്പിവടി മർദ്ദനവും; ലോക്കൽ പൊലീസ് കൈമലർത്തിയപ്പോൾ രക്ഷകരായത് ഇടുക്കി എസ് പിയുടെ പ്രത്യേക സംഘം; ശാന്തൻപാറ എസ്റ്റേറ്റിൽ കഴിഞ്ഞ ദിവസമുണ്ടായത് കേരളം ഇന്നുവരെ കേട്ടിട്ടില്ലാത്ത തരത്തിലെ കൈയേറ്റ അക്രമം; കെ ആർ വിജയയുടെ പേരിൽ പ്രസിദ്ധമായ എസ്റ്റേറ്റ് ഏറ്റെടുത്ത് റവന്യൂ വകുപ്പ്; ഏസ്റ്റേറ്റിന് ഒരുക്കിയിരിക്കുന്നത് പഴുതടച്ച സുരക്ഷ

എം മനോജ് കുമാർ

ഇടുക്കി: ശാന്തൻപാറ എസ്റ്റെറ്റിൽ കഴിഞ്ഞ ശനിയാഴ്ച കടന്നുകയറി അബ്ദുൾഖാദറും ഗുണ്ടാ സംഘവും നടത്തിയത് ഭീകര അക്രമമായിരുന്നുവെന്ന് എസ്റ്റേറ്റിൽ ഉണ്ടായിരുന്ന ജെ.എം.ഫിനാൻസ് കെയർടേക്കർ ബേസിൽ പോൾ മറുനാടനോട് പറഞ്ഞു. എസ്റ്റേറ്റിൽ ഉടമസ്ഥാവകാശം അവകാശപ്പെടുന്ന അബ്ദുൾഖാദറും അഞ്ച് ജീപ്പ് നിറയെ വന്ന ഗുണ്ടകളുമാണ് ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയത്.

രാത്രി പത്തോടെ കടന്നുകയറിയ അക്രമി സംഘം ആകാശത്തേക്ക് വെടിവയ്ക്കുകയും വാൾ വീശുകയും ചെയ്തു. എസ്റ്റേറ്റ് ജീവനക്കാർക്ക് ഇരുമ്പുവടി കൊണ്ട് പ്രഹരിച്ചു. ഓടി രക്ഷപ്പെടാൻ കഴിയാതെ പോയ അടുക്കള ജീവനക്കാരിയെ കഴുത്തിനു കത്തിവെച്ചു. പുറകോട്ടു തള്ളി. ഇവർ മലർന്നടിച്ചാണ് നിലത്ത് വീണത്. കത്തികളുമായി ഗുണ്ടാ സംഘത്തെ കണ്ടതോടെ ജീവനക്കാർ ജീവനും കൊണ്ട് പുറത്തേക്കോടി. അവരുടെ കൺവെട്ടത്ത് കണ്ടവർക്കും മുഴുവൻ ഭീകരമർദ്ദനമേറ്റു. ഫോണിൽ അപ്പോൾ തന്നെ ശാന്തൻപാറ പൊലീസിൽ വിളിച്ചു. ഫോഴ്‌സ് ഇല്ലാ എന്ന മറുപടിയാണ് ലഭിച്ചത്. സി ഐയെ വിളിച്ചപ്പോൾ ലീവിലാണ് എന്ന് പറഞ്ഞു.

ഒടുവിൽ രാത്രി എസ് പിയെ വിളിച്ചു. എസ് പി അയച്ച ഫോഴ്‌സാണ് രക്ഷകരായത്. കുറച്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവർ രക്ഷപ്പെട്ടു. പക്ഷെ പൊലീസ് രാത്രി തന്നെ ബംഗ്ലാവിൽ നിന്നും ഞങ്ങളെ കുടിയിറക്കി. ഇപ്പോൾ എസ്റ്റേറ്റിലെ ചെറിയ താമസ ഇടങ്ങളിലാണ് ഞങ്ങൾ താമസിക്കുന്നത്. ഡ്രെസ്, അവശ്യ സാധനങ്ങൾ, രേഖകൾ എല്ലാം ബംഗ്ലാവിനു അകത്താണ്. ജെ.എം.ഫിനാൻസിൽ ഞങ്ങൾ വിളിച്ചു. ഫ്‌ളൈറ്റ് ഇല്ലാത്തതിനാൽ അവർക്ക് എത്താൻ കഴിയില്ല. തത്ക്കാലം സ്ഥിതിഗതികൾ മോണിറ്റർ ചെയ്യാനാണ് അവർ ആവശ്യപ്പെട്ടത്. ഫ്‌ളൈറ്റുകൾ ഓപ്പറേറ് ചെയ്യാൻ തുടങ്ങിയാൽ കമ്പനി അധികൃതർ എത്തും-ബേസിൽ പോൾ പറയുന്നു.

കേരളത്തിൽ കാര്യങ്ങൾ ദുഷ്‌ക്കരമാണ്. നല്ല പൊളിറ്റിക്കൽ പിന്തുണ അബ്ദുൾഖാദറിനുണ്ട്. ഇടുക്കി സിപിഎമ്മിൽ നിന്നും ലഭിക്കുന്ന പിന്തുണ കാരണം ഞങ്ങളെ അനങ്ങാൻ ശാന്തൻപാറ പൊലീസ് സമ്മതിക്കുന്നില്ല. ഉള്ളിലെ സാധനങ്ങൾ വരെ എടുക്കാൻ അനുവദിക്കുന്നില്ല. അബ്ദുൾഖാദർ മുൻപ് വന്നു ഭീഷണിമുഴക്കിയിരുന്നു. എല്ലാവരെയും വെടിവെച്ച് കൊല്ലും എന്നാണ് മുൻപ് എസ്റ്റെറ്റിൽ വന്നു ഭീഷണി മുഴക്കിയത്. പരാതി നൽകിയിട്ടും ശാന്തൻപാറ പൊലീസ് ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. മുൻപ് എസ്റ്റേറ്റ് കൈവശം വെച്ചപ്പോൾ ജീവനക്കാരിയെ ബലാത്സംഗം ചെയ്തതിന് ശാന്തൻപാറ പൊലീസ് സ്റ്റേഷനിൽ അബ്ദുൾഖാദറിനെതിരെ കേസുണ്ട്.

ആ കേസിൽ ജാമ്യമെടുത്ത് പുറത്തിറങ്ങിയാണ് എസ്റ്റേറ്റിൽ അക്രമം നടത്തിയത്. എസ്റ്റേറ്റിൽ ഉടമസ്ഥാവകാശ പ്രശ്‌നമുണ്ട്. അബ്ദുൾഖാദറും ന്യൂനപക്ഷ കമ്മിഷൻ മുൻ അംഗം ജോൺ ജോസഫും തമ്മിലാണ് അത്. ഇവർ തമ്മിൽ പല കേസുകളുമുണ്ട്. ഇതിൽ ഒന്നും തീർപ്പ് വന്നിട്ടില്ല. 23 കോടിയോളം രൂപ ജോൺ ജോസഫ് ഞങ്ങളുടെ ഫിനാൻസ് കമ്പനിക്ക് നൽകാനുണ്ട്. പകരം ജോൺ ജോസഫ് എസ്റ്റേറ്റ് എഴുതി തന്നു. കഴിഞ്ഞ വർഷം മുതൽ എസ്റ്റേറ്റ് ജെ.എം.ഫിനാൻസ് കമ്പനിയുടെ കൈവശമാണ്. ആ ഞങ്ങളെയാണ് ഇടുക്കി പൊലീസ് കുടിയൊഴിപ്പിച്ചത്. തത്ക്കാലം ലോക്ക് ഡൗൺ തീരുംവരെ ഇങ്ങനെ കഴിയട്ടെ. അത് കഴിഞ്ഞാൽ കമ്പനി അധികൃതർ എത്തും. ബേസിൽ പോൾ പറയുന്നു.

എസ്റ്റേറ്റ് ജെ.എം.ഫിനാൻസിന്റെത്; അബ്ദുൾഖാദറിന് ഒരു ഉടമസ്ഥാവകാശവുമില്ല:

എസ്റ്റേറ്റ് ജെ.എം.ഫിനാൻസിന്റെത് തന്നെയാണെന്നും അതിന്റെ രേഖകൾ മുഴുവൻ കൈവശമുണ്ടെന്നുമാണ് ബേസിൽ പോൾ പറയുന്നത്. അബ്ദുൾഖാദർ മുൻപ് സ്ഥലത്തിനു അഡ്വാൻസ് കൊടുത്തിരുന്നു. മൊത്തം പണം മുഴുവൻ കൊടുക്കാത്തതിനാൽ എഗ്രിമെന്റ് കാൻസലായി. ഈ പ്രശ്‌നമാണ് ഇയാൾ ഉയർത്തിക്കാണിക്കുന്നത്. മുൻ ന്യൂനപക്ഷ കമ്മിഷൻ അംഗം ജോൺ ജോസഫിന്റെ കയ്യിലായിരുന്നു ഈ തോട്ടം ഉണ്ടായിരുന്നത്.

13 കോടി രൂപ ഫെഡറൽ ബാങ്കിൽ നിന്നും ലോൺ എടുത്തിരുന്നു. ഫെഡറൽ ബാങ്ക് ഈ ബാധ്യത മുംബൈയിലുള്ള കെ.എം.ഫിനാൻസ് കമ്പനിക്ക് കൈമാറി. ജോൺ ജോസഫിന്റെ വീട് ആണ് സെക്യൂരിറ്റി ആയി നൽകിയിരുന്നത്. ബാങ്ക് ജോൺ ജോസഫിന്റെ വീട് ജപ്തി ചെയ്യാനുള്ള പരിപാടിയുമായി മുന്നോട്ടു പോയി. ലോൺ ജപ്തി ചെയ്യരുത് സ്ഥലം ജപ്തി ചെയ്യാൻ ജോൺ ജോസഫ് ആവശ്യപ്പെട്ടു. തോട്ടം മുഴുവൻ ജോൺ ജോസഫ് കഴിഞ്ഞ വർഷം ജെ എം ഫിനാൻസിന് സറണ്ടർ ചെയ്തു. എന്നെ കമ്പനി കെയർ ടേക്കർ ആയി അയച്ചതാണ്.

അബ്ദുൾഖാദർ കഴിഞ്ഞ മാസം സെക്യൂരിറ്റിയെ ഭീഷണിപ്പെടുത്തിയിരുന്നു. എല്ലാവരെയും വെടിവെച്ച് കൊല്ലും എന്നാണ് ഭീഷണി മുഴക്കിയത്. തോട്ടം തന്റെതാണ് എന്നാണ് പറഞ്ഞത്. ശാന്തൻപാറ സ്റ്റേഷനിൽ പാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണം വന്നിട്ടില്ല. അബ്ദുൾഖാദർ പീഡന കേസിലെ പ്രതിയാണ്. ജാമ്യം എടുത്ത് മുങ്ങി നടക്കുകയാണ്. 23 കോടി രൂപ പലിശയടക്കം ജോൺ ജോസഫ് നൽകാനുണ്ട്. 1000 എക്കറോളം ഭൂമിയുണ്ട്. കെ.ആർ.വിജയയുടെ കയ്യിലുണ്ടായിരുന്ന എസ്റ്റേറ്റ് ആണിത്.

ശനിയാഴ്ച രാത്രി അതും ഈ ലോക്ക് ഡൗൺ കാലത്ത് അഞ്ചു ജീപ്പ് നിറയെ ആളുകളുമായാണ് വന്നത്. ഇവർ എസ്റ്റേറ്റിൽ പ്രവേശിച്ചു വെടിവെയ്‌പ്പ് തുടങ്ങി. കമ്പി വടികൊണ്ട് സെക്യൂരിറ്റി ഉൾപ്പെടെയുള്ള അടിക്കുകയായിരുന്നു. കിച്ചണിൽ ജോലി നോക്കുന്ന സ്ത്രീയുടെ കഴുത്തിൽ വാൾ അമർത്തിവെച്ചു. ശാന്തൻപാറ സ്റ്റേഷനിൽ വിളിച്ചപ്പോൾ ഫോഴ്‌സ് ഇല്ലാ എന്നാണ് പറഞ്ഞത്. 40 ആളുകളാണ് ഗുണ്ടകളായി ഇവരുടെ ഒപ്പം വന്നത്. ഞാൻ എസ്‌പിയെ വിളിച്ച് വെടിവയ്ക്കുന്നു എന്ന് പറഞ്ഞപ്പോൾ എസ്‌പി ഫോഴ്‌സിനെ അയച്ചു. ആറു പേർ അറസ്റ്റിലായി. പക്ഷെ പൊലീസ് വന്നപ്പോൾ ജെ.എം.ഫിനാൻസിൽ കെയർ ടെക്കറായ എന്നെ പുറത്താക്കി.

എല്ലാവരെയും പുറത്താക്കി. ജോൺ ജോസഫും അബ്ദുൾഖാദറുമായി പ്രശ്‌നം ഉണ്ടെങ്കിൽ അത് കോടതി തീരുമാനിക്കട്ടെ. ബാങ്കിന് എതിരായി അബ്ദുൾഖാദർ ദേവികുളം കോടതിയിൽ കേസ് നൽകിയിട്ടുണ്ട്. ഇപ്പോൾ എസ്റ്റേറ്റ് പൊലീസിന്റെ കൈവശമാണ്.-ജോൺ ജോസഫ് പറയുന്നു.

കെ.ആർ.വി. എസ്റ്റേറ്റ് റവന്യൂ അധികൃതർ ഏറ്റെടുത്തു

അതേസമയം ശാന്തൻപാറ കെ.ആർ.വി. എസ്റ്റേറ്റ് റവന്യൂ അധികൃതർ ഏറ്റെടുത്തിട്ടുണ്ട്. ഇതോടെ എസ്റ്റേറ്റ് താത്ക്കാലത്തേക്കെങ്കിലും കൈവശം വെച്ചിരിക്കുന്ന മുംബെ കേന്ദ്രമായ ജെ.എം.ഫിനാൻസ് കമ്പനിക്ക് എസ്റ്റേറ്റ് നഷ്ടമാകും. ഉടമസ്ഥാവകാശ പ്രശ്‌നവുമായി ബന്ധപ്പെട്ട് എസ്റ്റേറ്റുമായി ബന്ധമുള്ള തൃശൂർ ദേശമംഗലം സ്വദേശി അബ്ദുൾഖാദർ എസ്റ്റേറ്റ് പിടിച്ചെടുക്കാൻ നീക്കം നടത്തിയതിനെ തുടർന്നാണ് എസ്റ്റേറ്റ് റവന്യൂ അധികൃതർ ഏറ്റെടുത്തത്. എസ്റ്റേറ്റിൽ പൊലീസ് സന്നാഹം ശക്തമാക്കിയിട്ടുണ്ട്.

എസ്റ്റേറ്റ് ബംഗ്ലാവ് കൈവശം വെച്ചിരിക്കുന്ന ജെ.എം.ഫിനാൻസ് കമ്പനിയെ അക്രമം നടന്ന കഴിഞ്ഞ ശനിയാഴ്ച തന്നെ എസ്റ്റേറ്റ് ബംഗ്ലാവിൽ നിന്നും കുടിയോഴിപ്പിച്ചിട്ടുണ്ട്. ശാന്തൻപാറ എസ്റ്റേറ്റ് തങ്ങളുടെ കൈവശമാണെന്ന് ദേവികുളം ആർഡിഒ മറുനാടനോട് പറഞ്ഞു. അവകാശ തർക്കമാണ് അവിടെ നടക്കുന്നത്. പക്ഷെ ക്രമസമാധാന പ്രശ്‌നമായി അത് മാറിയിട്ടുമുണ്ട്. തത്ക്കാലം എസ്റ്റേറ്റ് ആർക്കും കൈമാറില്ല.

ജോൺ ജോസഫും അബ്ദുൾഖാദറും ജെ.എം.ഫിനാൻസ് കമ്പനിയും എല്ലാം എസ്റ്റെറ്റിന്റെ ഉടമസ്ഥാവകാശം അവകാശപ്പെടുന്നുണ്ട്. ജോൺ ജോസഫും അബ്ദുൾഖാദറും തമ്മിൽ വിവിധ കേസുകളും നിലവിലുണ്ട്. അതിനാൽ എസ്റ്റേറ്റ് തത്ക്കാലം റവന്യൂവകുപ്പ് കൈവശം വയ്ക്കുകയാണ്. റവന്യൂവകുപ്പിന് പ്രശ്‌നത്തിൽ തീർപ്പ് കൽപ്പിക്കാൻ കഴിയില്ല. ഉടമസ്ഥ അവകാശം കോടതിയിൽ നിലവിലുള്ള കേസുകൾ തെളിയിക്കും. അത് വരെ എസ്റ്റേറ്റ് വർക്കുകൾ മരവിപ്പിച്ച് നിർത്തും. കേസുകളിൽ തീർപ്പാകും വരെ എസ്റ്റേറ്റിൽ പ്രശ്‌നമുണ്ടാകാതെ നോക്കേണ്ടതുണ്ട്. അതിനു പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഉടമസ്ഥാവകാശം ആർക്കെന്ന് റവന്യൂ വകുപ്പിന് അറിയില്ല. തർക്കം നടക്കുകയാണ്. 107 വകുപ്പിട്ടു അബ്ദുൾഖാദറിനെക്കൊണ്ട് നല്ല നടപ്പിനു ബോണ്ട് സൈൻ ചെയ്യിപ്പിച്ചിട്ടുണ്ട്. തത്ക്കാലം എസ്റ്റേറ്റിൽ പ്രശ്‌നമില്ലാതെ നോക്കും-ആർഡിഒ പറയുന്നു.

ശാന്തൻപാറ എസ്റ്റേറ്റിൽ പൊലീസ് വിന്യാസം ശക്തമാണെന്ന് മൂന്നാർ ഡിവൈഎസ്‌പി എം.രമേശ്കുമാർ മറുനാടനോട് പറഞ്ഞു.അവകാശതർക്കമാണ് നടക്കുന്നത്. പക്ഷെ ക്രമസമാധാന പ്രശ്‌നം ആയതിനാൽ പൊലീസ് ഇടപെട്ടിട്ടുണ്ട്. അവിടെ പ്രശ്‌നമില്ലാതെ പൊലീസ് നോക്കും. ഞങ്ങൾ ഒരു മദ്ധ്യസ്ഥന്റെ റോളാണ് ഏറ്റെടുത്തിട്ടുള്ളത്. ഇരുകൂട്ടരും തമ്മിൽ പ്രശ്‌നമുണ്ടാകാതെ നോക്കണം. ഇതാണ് ഞങ്ങളുടെ ജോലി. എസ്റ്റേറ്റിൽ ഇനി പ്രശ്‌നമുണ്ടാകില്ല. പൊലീസ് ശക്തമാണ്-ഡിവൈഎസ്‌പി പറയുന്നു.

കെ ആർ വിജയയുടെ കൈവശത്തിലിരിക്കുമ്പോൾ തോട്ടം നടത്തിപ്പിനായി കെആർവി എസ്റ്റേറ്റ് എന്ന പേരിൽ കമ്പനി രൂപീകരിച്ചിരുന്നു.ഈ കമ്പനിയുടെ മുഴവൻ ഷെയറുകളും വാങ്ങി 2008-ൽ ജോൺ ജോസഫ് എസ്റ്റേറ്റ് സ്വന്തമാക്കുകയായിരുന്നെന്നാണ് പുറത്തായ വിവരം.
ജോൺ ജോസഫ്, ഭാര്യ,മകൾ ,മരുമകൻ എന്നിവർ അംഗങ്ങളായുള്ള ഗ്ലോറിയ പ്ലാന്റേഷൻ കമ്പനിയുടെ കീഴിലായിരുന്നു പിന്നീട് എസ്റ്റേറ്റ് പ്രവർത്തനം. 2800 ഏക്കറോളം വരുന്നതും ഏലം കൃഷിചെയ്തിരുന്നതുമായ ഈ സ്ഥലം കൈമാറ്റത്തിൽ 164 കോടി രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്നും ഇതിൽ 100 കോടിയോളം രൂപ കള്ളപ്പണ ഇടപാടും ഉണ്ടെന്നും മറ്റുമുള്ള ഊഹാപോഹങ്ങളും പ്രചരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഇതുവരെ ആധികാരിക സ്ഥിരീകരമങ്ങളൊന്നും ലഭ്യമായിട്ടില്ല.

2014-ൽ ഗ്ലോറിയ പ്ലാന്റേഷൻ കമ്പിനിയുടെ ഷെയറുകൾ അബ്ദുൾഖാദറും ഭാര്യും വാങ്ങുകയായിരുന്നെന്നും തുടർന്ന് ജോൺ ജോസഫും കുടംമ്പാംഗങ്ങളും കമ്പനിയിൽ നിന്നും രാജിവയ്ക്കുകയുമായിരുന്നെന്നും ഈ ഇടപാടിനായി അബ്ദുൾ ഖാദർ 240 കോടി രൂപ ചിലവഴിച്ചു എന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിച്ചിട്ടുണ്ട്. എന്തായാലും ഈ എസ്റ്റേറ്റിനെ ചുറ്റിപ്പറ്റി പുറത്തുവന്നിട്ടുള്ള വിവരങ്ങളിൽ ദുരൂഹതകൾ ഏറെയുണ്ടെന്നും ഇത് സംബന്ധിച്ച് പുറത്തുവന്നിട്ടുള്ളത് നാമമാത്രമായ വിവരങ്ങളാണെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP