Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലണ്ടൻ കൊച്ചി സർവീസിന് പകരം ലഭിച്ചത് മുംബൈ വഴിയുള്ള വിമാനം; അവസാന നിമിഷം ടിക്കറ്റ് കാത്തിരുന്ന കേരളീയർക്ക് നിരാശ; കൊച്ചിക്കും വിജയവാഡക്കുമായി എത്തിയത് ഒറ്റ വിമാനം; മഹാരാജ പറന്നത് 333 യാത്രക്കാരുമായി; മലയാളികൾ ഇന്ന് കൊച്ചിയിൽ എത്തും; എംബസി തരംതിരിവ് കാട്ടിയതായി പരാതി; കാത്തുകാത്തിരുന്ന വിമാനം എത്തിയപ്പോൾ യുകെയിലെ മലയാളികൾ നിരാശരാകുമ്പോൾ

ലണ്ടൻ കൊച്ചി സർവീസിന് പകരം ലഭിച്ചത് മുംബൈ വഴിയുള്ള വിമാനം; അവസാന നിമിഷം ടിക്കറ്റ് കാത്തിരുന്ന കേരളീയർക്ക് നിരാശ; കൊച്ചിക്കും വിജയവാഡക്കുമായി എത്തിയത് ഒറ്റ വിമാനം; മഹാരാജ പറന്നത് 333 യാത്രക്കാരുമായി; മലയാളികൾ ഇന്ന് കൊച്ചിയിൽ എത്തും; എംബസി തരംതിരിവ് കാട്ടിയതായി പരാതി; കാത്തുകാത്തിരുന്ന വിമാനം എത്തിയപ്പോൾ യുകെയിലെ മലയാളികൾ നിരാശരാകുമ്പോൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: കാത്തുകാത്തിരുന്ന വിമാനം എത്തിയപ്പോൾ മലയാളികൾക്കു നിരാശ ബാക്കി. കോവിഡിൽ പിടിച്ചു നിൽക്കാൻ കയ്യിൽ പണം ഇല്ലാതെ പോയ സ്റ്റുഡന്റ് വിസക്കാരും അനധികൃത കുടിയേറ്റക്കാരായ മലയാളികളും ഒക്കെ മറ്റു മാർഗം ഇല്ലെന്നു വന്നപ്പോൾ ഏക പ്രതീക്ഷയോടെ കാത്തിരുന്നതുകൊച്ചിയിലേക്കു ലണ്ടനിൽ നിന്നുള്ള എയർ ഇന്ത്യ വിമാനമാണ്. കൊച്ചി വിമാനം മലയാളികൾക്ക് ഏറെ പ്രയോജനപ്പെടും എന്ന മട്ടിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിക്കുകയും ചെയ്തിരുന്നതാണ്.

എന്നാൽ വിമാനം എത്തിയപ്പോൾ സംഭവിച്ചത് മറിച്ചാണ്. ടിക്കറ്റ് ലഭിക്കും എന്ന് കരുതി കാത്തിരുന്നത് അനേകം മലയാളികളാണ്. ടിക്കറ്റ് വിതരണം എംബസിയുടെ ചുമതലയിൽ ആയതോടെ കൊച്ചി വിമാനം വിജയവാഡയിലേക്കും കൂടി നീട്ടി വിമാനം നിറയെ തെലുങ്കരെ കുത്തി നിറയ്ക്കുകയായിരുന്നു എന്നാണ് പരാതി. ഇക്കാര്യത്തിൽ എംബസി ജീവനക്കാർ വിവേചനം കാട്ടിയതായി ഒട്ടേറെപ്പേർ മന്ത്രി മുരളീധരൻ അടക്കമുള്ളവരെ അറിയിച്ചു കഴിഞ്ഞു.

യാത്ര ചെയ്യാൻ സാധിച്ചില്ല എന്ന് മാത്രമല്ല, എംബസിയിൽ നിന്നും എയർ ഇന്ത്യയിൽ നിന്നും ലിസ്റ്റിൽ പേര് ഉണ്ടെന്നു കാട്ടിയുള്ള ഇമെയിൽ ലഭിച്ചതോടെ യാത്ര ചെയ്യാൻ വടക്കൻ പട്ടണങ്ങളിൽ നിന്നും അഞ്ചും ആറും മണിക്കൂർ വാഹനം ഓടിച്ചു തലേന്ന് തന്നെ ഹീത്രൂവിൽ എത്തിയവരാണ് അവസാന നിമിഷം പറക്കാൻ സാധിക്കില്ലെന്ന് അറിഞ്ഞു നിരാശയോടെ മടങ്ങിയത്. കൊച്ചി വിമാനം വിജയവാഡയിലേക്കു നീട്ടിയപ്പോൾ നൂറുകണക്കിന് തെലുങ്കർ ആണ് ഈ വിമാനത്തിൽ സീറ്റു പിടിക്കാൻ ഇടിയിട്ടത്.

ഇവരെ സഹായിക്കാൻ എംബസി ജീവനക്കാരും തയ്യാറായി എന്നാണ് പുറത്തു വരുന്ന വിവരം. ഇതോടെ മലയാളി യാത്രക്കാർ ഔട്ട്. ഈ വിമാനത്തിൽ മലയാളി യാത്രക്കാർ നൂറു കണക്കിന് ബുക്ക് ചെയ്തതോടെ ഒട്ടേറെ പേർക്ക് കൺഫർമേഷൻ ലെറ്റർ അയച്ച് എംബസി പ്രതീക്ഷ നൽകിയതാണ് പ്രശ്നം വഷളാക്കിയത്. എംബസിയിൽ ആകട്ടെ മലയാളികൾക്ക് വേണ്ടി സംസാരിക്കാൻ ആരും ഇല്ലാതായി എന്നതും പ്രശ്നം വഷളാക്കാൻ കാരണമായി.

അതേസമയം പേര് രജിസ്റ്റർ ചെയ്ത കുറെപ്പേർക്ക് വിമാനം വരുന്നത് സംബന്ധിച്ച അറിയിപ്പും മറ്റും നൽകിയപ്പോൾ ടിക്കറ്റ് ലഭിക്കുന്ന മുറയ്ക്ക് ബുക്കിങ് സൗകര്യം ഏർപ്പെടുത്തുന്നതുമാണ് എന്ന അറിയിപ്പ് പലർക്കും തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നാണ് എബസി ജീവനക്കർ പറയുന്നത്. മാത്രമല്ല എംബസി നൽകിയ അറിയിപ്പിനു പിന്നാലെ എയർ ഇന്ത്യയിൽ നിന്നും യാത്രക്കാർക്ക് ഫോൺ വിളിയെത്തി. ഇത്തരത്തിൽ നൂറുകണക്കിന് യാത്രക്കാർ ആണ് പ്രതീക്ഷയോടെ കാത്തിരുന്നത്.

ഫോൺ കോൾ ലഭിച്ചവരൊക്കെ യാത്ര ഉറപ്പാണെന്ന മട്ടിൽ തയ്യാറെടുപ്പും തുടങ്ങി. ഇത്തരത്തിൽ ലഭിച്ച കോളിനു തുടർന്ന് പ്രതികരണം ഇല്ലാതായപ്പോൾ ലെസ്റ്റർ, മാഞ്ചസ്റ്റർ, ലണ്ടൻ എന്നിവിടങ്ങളിൽ നിന്നായി പത്തോളം മലയാളി വിദ്യാർത്ഥിനികൾ സഹായം തേടി ബ്രിട്ടീഷ് മലയാളിയെയും ബന്ധപ്പെട്ടിരുന്നു. ഇതേതുടർന്ന് ഇവരുടെ ആവശ്യം എംബസിയിൽ അറിയിച്ചപ്പോഴും ടിക്കറ്റ് ഉള്ളവരെ വീണ്ടും വിളിക്കും എന്നാണ് അറിയിച്ചത്. എന്നാൽ ഭാഗ്യപരീക്ഷണം നടത്താൻ രണ്ടും കൽപിച്ചു ലഗ്ഗേജ് സഹിതം എയർപോർട്ടിൽ എത്തിയവർക്കാണ് ഒടുവിൽ നിരാശയോടെ മടങ്ങേണ്ടി വന്നത്.

എന്നാൽ യാത്ര പുറപ്പെടാൻ വെറും മണിക്കൂറുകൾ ബാക്കി നിൽക്കെ ടിക്കറ്റില്ലെന്നറിഞ്ഞ മലയാളികൾ കൊച്ചി വിമാനത്തിന്റെ ക്യൂവിൽ നിറയെ തെലുങ്കരെ കണ്ടത് ഞ്ഞെട്ടലോടെയാണ്. തുടർന്ന് തലങ്ങും വിലങ്ങും ഡൽഹിയിലേക്കും തിരുവനന്തപുരത്തേക്കും ഫോൺകോളുകൾ പാഞ്ഞു. സമ്മർദം ചെലുത്താൻ സാധിക്കുന്ന ഇടങ്ങളിൽ ഒക്കെ പലരും വിളിച്ചു. മന്ത്രി മുരളീധരന് ഫോൺ വഴി പലരും മെസേജുകൾ അയച്ചപ്പോൾ മുന്മന്ത്രി കണ്ണന്താനത്തിനും കിട്ടി ഏതാനും ഫോൺ കോളുകൾ. അദ്ദേഹം ഏതാനും ഇടങ്ങളിൽ ബന്ധപ്പെട്ടപ്പോൾ ഒന്നും ചെയ്യാൻ ഇല്ലെന്നായിരുന്നു മറുപടി.

ബിജെപി നേതാവ് ജോർജ് കുര്യൻ അടക്കം ഉള്ളവരെ മലയാളികൾ ബന്ധപ്പെട്ടപ്പോൾ വിഷയം കൈവിട്ടുപോയല്ലോ എന്ന ധ്വനിയിലാണ് മറുപടി ലഭിച്ചതും. എന്നാൽ കൊച്ചിക്കുള്ള വിമാനത്തിൽ എങ്ങനെ ആന്ധ്രയിലേക്ക് ഉള്ളവർ ഇടംപിടിച്ചുവെന്ന ചോദ്യത്തിന് മാത്രം ആർക്കും വെക്തമായ ഉത്തരം ഉണ്ടായില്ല. അനേകായിരം മലയാളികൾ കുടുങ്ങിയ ലണ്ടനിൽ നിന്നുള്ള അവർക്കായുള്ള രക്ഷാവിമാനമാണ് എത്തുന്നത് എന്ന് ലണ്ടൻ എംബസി ജീവനക്കാരെ ബോധ്യപ്പെടുത്താൻ ഒരു ശ്രമവും അധികൃതരുടെ ഭാഗത്തു ഉണ്ടായില്ല എന്നതാണ് സത്യം. ഈ വിമാനത്തിൽ മലയാളികൾക്ക് പകരം മറ്റു യാത്രക്കാർ ഇരച്ചെത്തും എന്നാരും പ്രതീക്ഷിച്ചതുമില്ല.

ഒടുവിൽ 423 യാത്രക്കാർക്ക് പറക്കാവുന്ന എയർ ഇന്ത്യയുടെ ജംബോ ജെറ്റ് ലണ്ടനിൽ എത്തിയപ്പോൾ സാമൂഹ്യ അകലം പാലിച്ചുള്ള സെറ്റിങ് ക്രമീകരണത്തിൽ 328 പേരാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. ഇതിൽ 186 മലയാളികളാണ് ഉണ്ടായിരുന്നത്. ഇതിൽ 93 പേർ പുരുഷന്മാരും 93 പേർ സ്ത്രീകളുമാണ്. പത്ത് വയസിൽ താഴെയുള്ള 9 കുട്ടികളും 24 ഗർഭിണികളും മൂന്നു മുതിർന്ന പൗരന്മാരും ഇതിൽ ഉൾപ്പെടുന്നു. അങ്ങനെ ഒടുവിൽ 333 യാത്രക്കാരുമായാണ് വിമാനം പറന്നത്. കൊച്ചിയിൽ എത്തിച്ച യാത്രക്കാരിൽ 123 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയർ സെന്ററുകളിലും 63 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.

ജില്ല തിരിച്ചുള്ള കണക്ക്
ആലപ്പുഴ - 8
എറണാകുളം-38
ഇടുക്കി - 1
കണ്ണൂർ - 13
കാസർഗോഡ് - 1
കൊല്ലം-8
കോട്ടയം - 22
കോഴിക്കോട്-13
മലപ്പുറം - 9
പാലക്കാട് - 10
പത്തനംത്തിട്ട - 7
തിരുവനന്തപുരം - 25
വയനാട്- 4
തൃശ്ശൂർ - 22
മറ്റ് സംസ്ഥാനങ്ങൾ - 5

എറണാകുളം ജില്ലയിൽ നിന്നുള്ള 38 പേരിൽ 19 പേർ പുരുഷന്മാരും 19 പേർ സ്ത്രീകളുമാണ്. ഇതിൽ 4 പേർ ഗർഭിണികളാണ്. വിവിധ കോവിഡ് കെയർ സെന്ററുകളിൽ 34 പേരെയും 4 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. കൊച്ചിയിൽ നിന്നും വിമാനം വിജയവാഡയിൽ എത്തും.

ഫലത്തിൽ മലയായികൾക്കായി എത്തിയ വിമാനം കയ്യൂക്കുള്ളവർ കാര്യക്കാർ എന്ന നിലയിൽ തെലുങ്കർ കൂടി പ്രയോജനപ്പെടുത്തുക ആയിരുന്നു. എന്നാൽ പതിവ് പോലെ ഇത്തരം കാര്യങ്ങൾ സംഭവിക്കുമ്പോൾ തങ്ങൾക്കൊന്നും ചെയ്യാനില്ല എന്ന മനോഭാവമാണ് കേരള സർക്കാരിനും. ഇത്തരം കാര്യങ്ങളിൽ സംസ്ഥാനത്തിന്റെ പ്രതിഷേധം എങ്കിലും കേന്ദ്ര സർക്കാരിൽ അറിയിക്കാനും ബന്ധപ്പെട്ടവർ കേരളത്തിൽ നിന്നും ഒരു ശ്രമവും നടത്തുന്നില്ല എന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. ഇതോടെ വരും ആഴ്ചകളിലും കൂടുതൽ വിമാനം എത്തിയാലും മലയാളികൾക്ക് മാത്രമായി പറക്കാനാകും എന്ന് യാതൊരു ഉറപ്പുമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP