Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തീരം തൊടാൻ പോകുന്നത് ബുൾബുള്ളിനേക്കാൾ ശക്തിയേറിയ അതിതീവ്ര ചുഴലിക്കാറ്റ്; പതിനാറ് അടി ഉയരത്തിൽ സുനാമിക്ക് സമാനമായ തിരമാലകൾക്കും സാധ്യത; ഭയന്ന് വിറച്ച് ബംഗാളും ഒഡീഷയും; മാറ്റി പാർപ്പിച്ചത് നാല് ലക്ഷത്തോളം പേരെ; കരയിൽ പ്രവേശിച്ച ശേഷവും തീവ്രത കൂടിയാൽ വരാനിരിക്കുന്നത് വമ്പൻ ദുരന്തം; ഉം-പുൻ മണിക്കൂറിൽ 155-165 കിലോമീറ്റർ വേഗത്തിൽ ഉച്ചതിരിഞ്ഞ് ബംഗാൾ തീരത്ത് കരതൊടും; കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

തീരം തൊടാൻ പോകുന്നത് ബുൾബുള്ളിനേക്കാൾ ശക്തിയേറിയ അതിതീവ്ര ചുഴലിക്കാറ്റ്; പതിനാറ് അടി ഉയരത്തിൽ സുനാമിക്ക് സമാനമായ തിരമാലകൾക്കും സാധ്യത; ഭയന്ന് വിറച്ച് ബംഗാളും ഒഡീഷയും; മാറ്റി പാർപ്പിച്ചത് നാല് ലക്ഷത്തോളം പേരെ; കരയിൽ പ്രവേശിച്ച ശേഷവും തീവ്രത കൂടിയാൽ വരാനിരിക്കുന്നത് വമ്പൻ ദുരന്തം; ഉം-പുൻ മണിക്കൂറിൽ 155-165 കിലോമീറ്റർ വേഗത്തിൽ ഉച്ചതിരിഞ്ഞ് ബംഗാൾ തീരത്ത് കരതൊടും; കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അതിതീവ്ര ചുഴലിക്കാറ്റായ 'ഉം-പുൻ'' മണിക്കൂറിൽ 155-165 കിലോമീറ്റർ വേഗത്തിൽ ബുധനാഴ്ച ഉച്ചതിരിഞ്ഞ് പശ്ചിമബംഗാൾ തീരത്ത് കരതൊടും. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഈ ചുഴലിയെ തുടർന്ന് അതീവ ജാഗ്രതയിലാണ് രാജ്യം. കേരളത്തിലും തീവ്ര മഴ പെയ്യുമെന്നാണ് പ്രവചനം. 2019 നവംബർ ഒമ്പതിന് പശ്ചിമബംഗാളിൽ വീശിയ 'ബുൾബുൾ' ചുഴലിക്കാറ്റിനെക്കാൾ നാശനഷ്ടമുണ്ടാക്കാൻ ശേഷിയുള്ളതാണ് 'ഉം-പുൻ''.

കാറ്റിന്റെ വേഗം ചിലപ്പോൾ 185 കിലോമീറ്റർ വരെയാകും. കാറ്റിനൊപ്പം അതിശക്തമായ മഴയും കടലേറ്റവുമുണ്ടാകും. തിരമാല നാലഞ്ച് മീറ്റർവരെയുയരാം. ബംഗാളിലെ ഈസ്റ്റ് മിഡ്നാപുർ, വടക്കും തെക്കും 24 പർഗാനാസ്, ഹൗറ, ഹൂഗ്ലി, കൊൽക്കത്ത ജില്ലകളിൽ 'ഉം-പുന്റെ' ആഘാതമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഒഡിഷയിലെ ജഗത്സിങ്പുർ, കേന്ദ്രാപഡ, ഭദ്രക്, ജാജ്പു, ബാലസോർ എന്നീ തീരജില്ലകളിലും കനത്ത മഴയും കാറ്റും വലിയ തിരമാലകളുണ്ടാകും. മീൻപിടിത്തക്കാർ വ്യാഴാഴ്ചവരെ കടലിൽപോകരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

ഒഡീഷയിലെ പാരദ്വീപിന് 210 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്. പതിനാറടി ഉയരത്തിൽ തിരമാലകളുണ്ടാവുമെന്ന് മുന്നറിയിപ്പുണ്ട്. ഒഡീഷയിൽ കനത്ത കാറ്റും മഴയുമാണ്. വരും മണിക്കൂറിൽ കാറ്റിന്റെ ശക്തി കൂടും. ഒരുലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു ബംഗാളിൽ മൂന്നുലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചു. നോർത്ത് ട്വന്റി ഫോർ പർഗനാസ്, സൗത്ത് ട്വന്റി ഫോർ പർഗനാസ്, ഈസ്റ്റ് മിഡ്‌നാപൂർ ജില്ലകളിലൂടയാണ് കാറ്റ് കടന്നുപോകുക. കൊൽക്കത്ത, ഹൂഗ്ലി ജില്ലകളിലും അതീവജാഗ്രതാ നിർദ്ദേശമുണ്ട്. കരയിൽ പ്രവേശിച്ചശേഷം ഉംപുന്റെ തീവ്രത നേരിയ തോതിൽ കുറയുമെന്നാണ് കണക്കുകൂട്ടുന്നത്.

ചുഴലിക്കാറ്റുണ്ടാക്കുന്ന ആഘാതം നേരിടാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് കേന്ദ്രകാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ തലവനായുള്ള നാഷണൽ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി (എൻ.സി.എം.സി.) വിലയിരുത്തി. താഴ്ന്നപ്രദേശങ്ങളിൽ കഴിയുന്നവരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയെന്ന് ഒഡിഷ ചീഫ് സെക്രട്ടറി അറിയിച്ചു. ഇവർക്ക് ഭക്ഷ്യധാന്യങ്ങളും കുടിവെള്ളവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തിയെന്നും അറിയിച്ചു. ദേശീയ ദുരന്തപ്രതികരണസേനയുടെ 36 സംഘങ്ങളെയാണ് രണ്ടുസംസ്ഥാനങ്ങളിലുമായി വിന്യസിച്ചിരിക്കുന്നത്. കരസേന, നാവികസേന എന്നിവയുടെ രക്ഷാ, ദുരിതാശ്വാസ സംഘങ്ങൾ സജ്ജമായിട്ടുണ്ട്. നാവിക, വ്യോമസേനകളുടെയും തീരരക്ഷാസേനയുടെയും കപ്പലുകളും ഹെലിക്കോപ്റ്ററുകളും തയ്യാറാക്കി നിർത്തിയിട്ടുണ്ട്. കാറ്റിലും മഴയിലും തകരാറിലാവുന്ന വൈദ്യുതി, വാർത്താവിനിമയബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതിനു മേൽനോട്ടം വഹിക്കാൻ ഉദ്യോഗസ്ഥരെ കേന്ദ്രസർക്കാർ ഒഡിഷയിലേക്കും ബംഗാളിലേക്കും അയച്ചിട്ടുണ്ട്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഇന്ത്യാ-ബംഗ്ലാദേശ് ജലാതിർത്തിയിൽ വിന്യസിച്ചിരുന്ന 45 പട്രോൾ ബോട്ടുകളും വെള്ളത്തിൽപൊങ്ങിക്കിടക്കുന്ന മൂന്ന് കാവൽപ്പുരകളും ബി.എസ്.എഫ്. സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. കഴിഞ്ഞവർഷം മെയ്‌ മൂന്നിന് ഒഡിഷയിൽ വീശിയ 'ഫൊണി' ചുഴലിക്കാറ്റിൽ 64 പേർ മരിച്ചിരുന്നു.

കേരളത്തിലും ജാഗ്രത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണം. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ശനിയാഴ്ച വരെ ഇടിയോടുകൂടിയ മഴയുണ്ടാകുമെന്നാണ് പ്രവചനം. ഉംപുൻ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിൽ മിക്കയിടത്തും ശക്തമായ മഴയുണ്ടായിരുന്നു. രാത്രിയിലും ചിലയിടങ്ങളിൽ ശക്തമായ മഴ അനുഭവപ്പെട്ടു.

ഇന്നും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്തമഴയുണ്ടാകുമെന്നാണ് പ്രവചനം. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലക്ഷദ്വീപിലും ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയുണ്ടാകും. ഇന്നലെ ചേർത്തലയിലാണ് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത്. 14 സെന്റീമീറ്റർ. ശനിയാഴ്ച വരെ സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

ശനിയാഴ്ചവരെ പൊടുന്നനെ വീശുന്ന കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർകോട് ഒഴിച്ചുള്ള ജില്ലകളിൽ ബുധനാഴ്ച മഴയുണ്ടാകും. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ വടക്കുപടിഞ്ഞാറൻ ദിശയിൽനിന്ന് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മീൻപിടിക്കാൻ പോകരുത്.

ശക്തമായ കാറ്റിനും മഴക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP