Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡൽഹയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള നോൺ എസി പ്രത്യേക തീവണ്ടിയിൽ യാത്രക്കൂലി 975 രൂപ മാത്രം; കുടിയേറ്റ തൊഴിലാളികൾക്ക് ആശ്വാസമാകാൻ ജൂൺ ഒന്നു മുതൽ 200 തീവണ്ടികൾ കൂടി ഈ മാതൃകയിൽ റെയിൽവേ ഓടിക്കും; കേരളത്തിലേക്കുള്ള ആദ്യ തീവണ്ടി ഇന്ന് വൈകിട്ട് ആറിന്; ഡൽഹിയിലും യുപിയിലും കശ്മീരിലും ഹരിയാനയിലും ഹിമാചലിലും ഉത്തരാഖണ്ഡിലും കുടുങ്ങിയ മലയാളികൾക്ക് ആശ്വാസം; ബംഗ്‌ളൂരുവിൽ നിന്ന് ടിക്കറ്റ് നിരക്ക് 1000 രൂപയും

ഡൽഹയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള നോൺ എസി പ്രത്യേക തീവണ്ടിയിൽ യാത്രക്കൂലി 975 രൂപ മാത്രം; കുടിയേറ്റ തൊഴിലാളികൾക്ക് ആശ്വാസമാകാൻ ജൂൺ ഒന്നു മുതൽ 200 തീവണ്ടികൾ കൂടി ഈ മാതൃകയിൽ റെയിൽവേ ഓടിക്കും; കേരളത്തിലേക്കുള്ള ആദ്യ തീവണ്ടി ഇന്ന് വൈകിട്ട് ആറിന്; ഡൽഹിയിലും യുപിയിലും കശ്മീരിലും ഹരിയാനയിലും ഹിമാചലിലും ഉത്തരാഖണ്ഡിലും കുടുങ്ങിയ മലയാളികൾക്ക് ആശ്വാസം; ബംഗ്‌ളൂരുവിൽ നിന്ന് ടിക്കറ്റ് നിരക്ക് 1000 രൂപയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : കോവിഡ് കാലത്ത് ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ എടുത്തു തുടങ്ങി. പ്രത്യേക തീവണ്ടികൾ ആദ്യ ഘട്ടത്തിൽ ഓടിയതെല്ലാം എസിയായിരുന്നു. നിരക്ക് കൂടുതൽ കാരണം പല പാവങ്ങൾക്കും യാത്ര അസാധ്യമായി. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. ജൂൺ ഒന്നു മുതൽ റെയിൽവേ 200 നോൺ എസി ട്രെയിനുകൾ ഓടിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു. ഇതോടെ കൂടുതൽ പേർക്ക് സുരക്ഷിത യാത്ര സാധ്യമാകും.

അതിനിടെ കേരളത്തിലേക്കാണ് ആദ്യ നോൺ എസി ട്രയിൻ. ഡൽഹയിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ഈ ട്രെയിൻ. സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദമാണ് ഇതിന് കാരണം. ഇതിന് ശേഷമാണ് 200 നോൺ എസി ട്രെയിനുകളുടെ കാര്യത്തിൽ പ്രഖ്യാപനം വരുന്നത്. കേരളത്തിലേക്കുള്ള പ്രത്യേക നോൺ എസി ട്രെയിൻ 20ന് വൈകിട്ട് ആറിന് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടും. 1304 പേരുടെ പട്ടികയാണ് തയാറാക്കിയിട്ടുള്ളത്. 971 പേർ ഡൽഹിയിൽ നിന്നും 333 പേർ യുപി, ജമ്മു കശ്മീർ, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുമാണ്.

അറിയിപ്പ് കിട്ടിയിട്ടുള്ള യാത്രക്കാർ നോർക്കയിൽ ഓൺലൈനായി പണമടയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഡൽഹിയിൽ നിന്നുള്ള യാത്രക്കാർ 20ന് രാവിലെ 9ന് നിഷ്‌കർഷിച്ചിട്ടുള്ള സ്‌ക്രീനിങ് സെന്ററുകളിലെത്തി സ്‌ക്രീനിങ്ങിന് വിധേയമാകണം. അതിന് ശേഷമാകും യാത്ര. 12 സ്‌ക്രീനിങ് സെന്ററുകളാണ് ജില്ലാടിസ്ഥാനത്തിൽ ക്രമീകരിച്ചിട്ടുള്ളത്. ഇവരെ ഡൽഹി സർക്കാർ ഏർപ്പെടുത്തുന്ന വാഹനങ്ങളിൽ റെയിൽവേ സ്റ്റേഷനിൽ എത്തിക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ അതത് സർക്കാരുകളുടെ നിർദ്ദേശം പാലിച്ച് എക്‌സിറ്റ് പാസുമായി കാനിങ് റോഡിലുള്ള കേരള സ്‌കൂളിൽ സ്‌ക്രീനിങ്ങിന് എത്തണം.

ശേഷം ഇവർ വന്ന വാഹനത്തിൽ തന്നെ റെയിൽവേ സ്റ്റേഷനിൽ എത്തണം. ഏതെങ്കിലും സാഹചര്യത്താൽ ഓൺലൈനായി പണം അടയ്ക്കാൻ കഴിയാത്തവർക്ക് സ്‌ക്രീനിങ്ങിന് ഹാജരാകുന്ന സെന്റിറിൽ നേരിട്ടും പണം അടയ്ക്കാം. ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കായി ഒരു കൗണ്ടറാണുള്ളത്. ഇവർ 10 മണിക്ക് കൗണ്ടറിൽ എത്തേണ്ടതാണ്. ഹരിയാനയ്ക്കായി ഒരുക്കിയിട്ടുള്ള കൗണ്ടറിൽ 11 മുതലും യുപിക്കുള്ള കൗണ്ടറിൽ 12 മുതലും ടിക്കറ്റുകൾ വിതരണം ചെയ്യും. 975 രൂപയാണ് അടയ്‌ക്കേണ്ടത്.

കേരള സ്‌കൂളിൽ എത്തുന്നവർക്ക് അന്നേ ദിവസത്തെ ഭക്ഷണം ഡൽഹിയിലെ മലയാളി സംഘടനകളും അതത് ജില്ലകളിലെ സ്‌ക്രീനിങ് സെന്ററുകളിൽ എത്തുന്നവർക്ക് ഡൽഹി സർക്കാരും ക്രമീകരിക്കും. യാത്രക്കാർ രണ്ടു ദിവസത്തെ യാത്രയ്ക്കുള്ള ഭക്ഷണവും വെള്ളവും സാനിറ്റൈസർ, മാസ്‌ക് തുടങ്ങിയവയും കരുതണം. ട്രെയിനിനകത്തും പുറത്തും സാമൂഹിക അകലം പാലിക്കണം.

ബംഗളൂരുവിൽ നിന്ന് ടിക്കറ്റ് നിരക്ക് 1000 രൂപ, ബുക്കിങ് നോർക്കവഴി

ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വ്യാഴാഴ്ച മുതൽ ദിവസേന നോൺ എസി തീവണ്ടി സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. നേരത്തേ ബംഗളൂരു-തിരുവനന്തപുരം ഐലൻഡ് എക്സ്‌പ്രസ് സർവീസ് നടത്തുമെന്ന് സൂചനകളുണ്ടായിരുന്നു. തീവണ്ടി സർവീസ് തുടങ്ങുന്നതോടെ ബംഗളൂരുവിൽനിന്ന് തെക്കൽ കേരളത്തിലേക്കുള്ള യാത്ര സൗകര്യപ്രദമാകും. എന്നാൽ കേരളത്തിലേക്കു തീവണ്ടി സർവീസ് തുടങ്ങുന്നതു സംബന്ധിച്ചുള്ള ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്നും ഏതുസമയവും ആരംഭിക്കാവുന്നതാണെന്നും ബെംഗളൂരു ഡിവിഷണൽ റെയിൽവേ മാനേജർ അശോക് കുമാർ വർമ അറിയിച്ചു.

ബംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റ് നിരക്ക് 1000 രൂപയായിരിക്കും. എ.സി.യില്ലാത്ത ചെയർകാറായിരിക്കും സർവീസ് നടത്തുക. ടിക്കറ്റ് ബുക്കുചെയ്യുന്നതിന് മുന്നോടിയായി നോർക്ക റൂട്ട്‌സ് വഴിയോ കോവിഡ് ജാഗ്രത വെബ്‌സൈറ്റ് വഴിയോ ഉള്ള രജിസ്‌ട്രേഷൻ നിർബന്ധമാണ്. നേരത്തേ ഇതിൽ ബുക്കുചെയ്തവർക്ക് നേരിട്ട് ടിക്കറ്റ് ബുക്കിങ് സൈറ്റിലേക്ക് നീങ്ങാം. നോർക്കയുടെ വെബ്‌സൈറ്റിലൂടെ 'അഡ്വാൻസ് ട്രെയിൻ ബുക്കിങ്' എന്ന ഓപ്ഷനിലൂടെ ടിക്കറ്റ് ബുക്കുചെയ്യാം.

ഏതെങ്കിലും കാരണവശാൽ തീവണ്ടി സർവീസ് നടത്തിയില്ലെങ്കിൽ ടിക്കറ്റ് തുക യാത്രക്കാരന്റെ അക്കൗണ്ടിൽ തിരികെ ലഭിക്കും. ബുക്കിങ് ഇതിനോടകം തുടങ്ങിക്കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP