Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

545 മരണം ഇന്നലെ പ്രഖ്യാപിച്ചെങ്കിലും ബ്രിട്ടനിൽ എല്ലാം ശരിയാവുമെന്ന പ്രതീക്ഷ ശക്തം; ഔദ്യോഗിക മരണം 35,000 എങ്കിലും കുറഞ്ഞത് 44,000 മരണമെന്ന് സമ്മതിച്ച് അധികൃതരും; ജൂൺ പാതിയോടെ മരണം പൂജ്യമാകുമെന്ന് കണക്കുകൾ

545 മരണം ഇന്നലെ പ്രഖ്യാപിച്ചെങ്കിലും ബ്രിട്ടനിൽ എല്ലാം ശരിയാവുമെന്ന പ്രതീക്ഷ ശക്തം; ഔദ്യോഗിക മരണം 35,000 എങ്കിലും കുറഞ്ഞത് 44,000 മരണമെന്ന് സമ്മതിച്ച് അധികൃതരും; ജൂൺ പാതിയോടെ മരണം പൂജ്യമാകുമെന്ന് കണക്കുകൾ

സ്വന്തം ലേഖകൻ

ബ്രിട്ടനിൽ ഇന്നലെ 545 പേരുടെ ജീവൻ കൊറോണ കവർന്നുവെന്ന് ഔദ്യോഗിക റിപ്പോർട്ട്. ഇതിൽ ഏഴ് വയസുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നു.ഇതോടെ രാജ്യത്തെ ഔദ്യോഗിക മരണസംഖ്യ 35,341 ആയാണ് വർധിച്ചിരിക്കുന്നത്. എന്നാൽ യഥാർത്ഥ മരണം 44,000ത്തിലെങ്കിലും ഇപ്പോൾ എത്തിയിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച് അധികൃതർ രംഗത്തെത്തിയെന്നതാണ് ശ്രദ്ധേയമായ കാര്യം. തുടക്കത്തിൽ ആശുപത്രിക്ക് പുറത്ത് കെയർഹോമുകളിലും വീടുകളിലും വച്ച് നടക്കുന്ന കൊറോണ മരണങ്ങൾ ഔദ്യോഗിക കണക്കിൽ പെടുത്താത്തതാണ് ഈ പിഴവിന് പ്രധാന കാരണമായി വർത്തിച്ചിരിക്കുന്നത്.എന്നാൽ ജൂൺ പാതിയാകുന്നതോടെ മരണം പൂജ്യമാകുമെന്നാണ് കണക്കുകൾ സമർത്ഥിക്കുന്നത്.

രാജ്യത്തെ യഥാർത്ഥ കൊറോണ മരണനിരക്ക് ചുരുങ്ങിയത് 44,000 എങ്കിലും ആയിരിക്കുമെന്ന വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നിരിക്കുന്നത് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിറ്റിക്സ്(ഒഎൻഎസ്)ആണ്. എന്നാൽ രാജ്യത്തെ കൊറോണ മരണം ആരംഭിച്ചത് മുതലുള്ള കണക്കെടുത്താൽ ചുരുങ്ങിയത് 55,000 പേരുടെ ജീവനെങ്കിലും ഈ രോഗം കവർന്നിരിക്കാമെന്ന മറ്റൊരു വിശകലനവും അതിനിടെ പുറത്ത് വന്നിട്ടുണ്ട്. എന്നാൽ കൊറണയാൽ മരിക്കുന്നവരുടെ എണ്ണത്തിൽ തുടർച്ചയായി മൂന്നാമത്തെ ആഴ്ചയിലും കുറവാണ് സംഭവിച്ചിരിക്കുന്നത്.

എന്നാൽ രാജ്യമാകമാനമുള്ള കോവിഡ്-19 മരണത്തിൽ ആശാവഹമായ കുറവ് പ്രകമാകുന്നുണ്ടെങ്കിലും കെയർഹോമുകളിലെ സ്ഥിതി അപകടകരമായി തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. തുടക്കത്തിൽ കെയർഹോമുകളിലെ വയോജനങ്ങൾക്ക് കോവിഡ് 19 ടെസ്റ്റും ചികിത്സയും നിഷേധിച്ചതിനാൽ ഇവിടങ്ങളിലെ മരണങ്ങൾ 22,000 കടന്ന് മുന്നേറുന്ന ഭീതിദമായ അവസ്ഥയാണ് നിലവിലുള്ളത്. മേയിലെ ആദ്യ വാരത്തിൽ ഹോസ്പിറ്റലുകളിൽ കൊറോണ മരണം ശരാശരി മരണത്തേക്കാൾ കുറവായിട്ടുണ്ട്. എന്നാൽ ഇംഗ്ലണ്ടിലെയും വെയിൽസിലെയും കെയർഹോമുകളിൽ ശരാശരി മരണത്തേക്കാൾ ഏതാണ്ട് 2000 പേരെങ്കിലും കൊറോണ ബാധിച്ച് മെയ്‌ ആദ്യവാരം മരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

കോവിഡ് പോസിറ്റീവായെന്ന് ടെസ്റ്റിലൂടെ തെളിഞ്ഞിരിക്കുന്നവർ മരിക്കുമ്പോൾ മാത്രമാണ് അവരെ ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ഔദ്യോഗിക കൊറോണ മരണപ്പട്ടികയിൽ ഉൾപ്പെടുത്തുന്നത്. എന്നാൽ കൊറോണ ലക്ഷണങ്ങളെന്ന് സംശയിക്കുന്നവരുടെ മരണത്തെ പോലും ഒഎൻഎസ് കണക്കുകളിൽ ഉൾപ്പെടുത്തുന്നുണ്ട്. ഇക്കാരണത്താലാണ് ഈ രണ്ട് കണക്കുകളും തമ്മിൽ വൻ വ്യത്യാസമുണ്ടാകുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച 627 പേരും അതിന് മുമ്പത്തെ ചൊവ്വാഴ്ച 693 പേരും കൊറോണ ബാധിച്ച് മരിച്ച സ്ഥാനത്താണ് ഇന്നലെ ചൊവ്വാഴ്ച മരണം 545 ആയി കുറഞ്ഞിരിക്കുന്നതെന്ന് ഔദ്യോഗിക കണക്കുകൾ എടുത്ത് കാട്ടുന്നു.

ഇന്നലെ എൻഎച്ച്എസ് ഇംഗ്ലണ്ട് 174ൽ അധികം മരണങ്ങളാണ് ഹോസ്പിറ്റലുകളിൽ സ്ഥിരീകരിച്ചത്. സ്‌കോട്ട്ലൻഡിൽ 29 മരണങ്ങളാണ് ആശുപത്രികളിലും കെയർഹോമുകളിലും വീടുകളിലും സ്ഥിരീകരിച്ചിരിക്കുന്നത്. വെയിൽസിൽ 17ഉം നോർത്തേൺ അയർലണ്ടിൽ ഏഴും പുതിയ കൊറോണ മരണങ്ങളാണ് ഇന്നലെ സ്ഥിരീകരിച്ചത്.തിങ്കളാഴ്ച വെറും 160 മരണങ്ങളായിരുന്നു ഔദ്യോഗികമായി യുകെയിൽ സ്ഥിരീകരിച്ചിരുന്നത്. മാർച്ച് 24ന് ശേഷം പ്രതിദിന മരണം ഏറ്റവും കുറഞ്ഞ ദിവസവുമായിരുന്നു തിങ്കളാഴ്ച.ഇന്നലെ ഡൗണിങ് സ്ട്രീറ്റിലെ പതിവ് കൊറോണ ബ്രീഫിംഗിനിടെ എൻവയോൺമെന്റ് സെക്രട്ടറി ജോർജ് യൂസ്റ്റിസാണ് കൊറോണയുമായി ബന്ധപ്പെട്ട പുതിയ കണക്കുകളും കാര്യങ്ങളും പുറത്ത് വിട്ടിരിക്കുന്നത്.

നിലവിൽ ഗവൺമെൻര് ജനങ്ങളെ ഫാമുകളിലെ ജോലി ചെയ്യുന്നതിനായി പ്രേരിപ്പിക്കുന്നുണ്ടെന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. ഈ വിളവെടുപ്പ് കാലത്ത് സാധാരണ പഴങ്ങളും പച്ചക്കറികളും ശേഖരിക്കാൻ വിദേശങ്ങളിൽ നിന്നെത്താറുള്ള മൂന്നിലൊന്ന് പേർ മാത്രമേ കൊറോണ കാരണം ഇപ്രാവശ്യം വരുകയുള്ളൂവെന്നതിനാൽ ഈ മേഖലയിൽ കടുത്ത തൊഴിലാളി ക്ഷാമം നേരിടുന്നുണ്ട്. അത് പരിഹരിക്കാനാണ് ബ്രിട്ടീഷുകാരോട് പഴങ്ങളും പച്ചക്കറികളും ശേഖരിക്കാൻ ഫാമുകളിലേക്കിറങ്ങി ജോലി ചെയ്യാൻ സർക്കാർ പ്രേരിപ്പിക്കുന്നത്.

പ്രതിദിന കൊറോണ മരണങ്ങൾ ജൂൺ പാതിയോടെ പൂജ്യമാകുമെന്ന് പ്രവചനം

രാജ്യത്ത് പ്രതിദിന കൊറോണ മരണങ്ങൾ കുറഞ്ഞ് കുറഞ്ഞ് വന്ന് ജൂൺ പകുതിയാകുന്നതോടെ അത് പൂജ്യത്തിലെത്തുമെന്ന ആശാവഹമായ പ്രവചനവുമായി ഒരു എക്സ്പർട്ട് രംഗത്തെത്തി. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ എവിഡൻസ്-ബേസ്ഡ് മെഡിസിന്റെ ഡയറക്ടറായ പ്രഫ.കാൾ ഹെനെഗൻ ആണ് പ്രതീക്ഷയുയർത്തുന്ന ഈ കണക്ക് കൂട്ടൽ നടത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിലും വെയിൽസിലും കൊറോണ മരണങ്ങൾ തുടർച്ചയായി മൂന്നാമത്തെ ആഴ്ചയിലും കുറഞ്ഞ് കൊണ്ടിരിക്കുന്ന വേളയിലാണ് അദ്ദേഹം ഈ പ്രവചനം നടത്തിയിരിക്കുന്നതെന്നത് പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്.

കൊറോണ മരണനിരക്കുകളും രോഗവ്യാപന തോതും കുറയുന്ന നിലവിലെ പ്രവണത തുടർന്നാലാണീ പ്രവചനം യാഥാർത്ഥ്യമാവുകയെന്നും അദ്ദേഹം പ്രത്യേകം ഓർമിപ്പിക്കുന്നു. ഇന്നലെ 545 മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചത്തെ 627 മരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിൽ 13 ശതമാനമാണ് താഴ്ചയുണ്ടായിരിക്കുന്നത്. മെക്കാനിക്കൽ വെന്റിലേഷൻ വേണ്ടി വരുന്ന രോഗികളുടെ എണ്ണം രാജ്യമാകമാനം കുറഞ്ഞിരിക്കുന്നുവെന്നതും ആശാവഹമാണെന്നാണ് ഡെപ്യൂട്ടി സയന്റിഫിക് അഡൈ്വസറായ പ്രഫ. ഡെയിം ഏൻജല മാക് ലീൻ എടുത്ത് കാട്ടുന്നത്.അതു പോലെ കെയർഹോമുകളിലെ മരണങ്ങളിലും കുറവുണ്ടായിട്ടുണ്ട്. മെയ്‌ എട്ടിന് അവസാനിച്ച ആഴ്ചയിൽ കെയർഹോമുകലിൽ മൊത്തം കൊറോണ മരണം 4248 ആയിരുന്നുവെങ്കിൽ അതിന് മുമ്പത്തെ ആഴ്ചയിൽ അത് 6409 ആയിരുന്നുവെന്ന കാര്യവും പ്രഫ.കാൾ ഹെനെഗന്റെ പ്രവചനത്തിന് അടിസ്ഥാനമായി എടുത്ത് കാട്ടപ്പെടുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP