Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകം മുഴുവനുമുള്ള വിദ്യാർത്ഥികൾക്ക് ഒരു അക്കാഡമിക് വർഷം പൂർണ്ണമായും നഷ്ടമാവുമോ? ഈ വർഷത്തെ മുഴുവൻ ക്ലാസുകളും ഓൺലൈനാക്കി മാറ്റി ലോകത്തെ ഏറ്റവും മികച്ച സർവ്വകലാശാലകളിൽ ഒന്നായി കേംബ്രിഡ്ജ്; ഇനി കോളേജുകൾ തുറക്കുക 2020 സെപ്റ്റംബറിൽ മാത്രം; കേംബ്രിഡ്ജ് മാതൃക പിന്തുടരുവാൻ ഒരുങ്ങി അനേകം സർവ്വകലാശാലകൾ

ലോകം മുഴുവനുമുള്ള വിദ്യാർത്ഥികൾക്ക് ഒരു അക്കാഡമിക് വർഷം പൂർണ്ണമായും നഷ്ടമാവുമോ? ഈ വർഷത്തെ മുഴുവൻ ക്ലാസുകളും ഓൺലൈനാക്കി മാറ്റി ലോകത്തെ ഏറ്റവും മികച്ച സർവ്വകലാശാലകളിൽ ഒന്നായി കേംബ്രിഡ്ജ്; ഇനി കോളേജുകൾ തുറക്കുക 2020 സെപ്റ്റംബറിൽ മാത്രം; കേംബ്രിഡ്ജ് മാതൃക പിന്തുടരുവാൻ ഒരുങ്ങി അനേകം സർവ്വകലാശാലകൾ

മറുനാടൻ മലയാളി ബ്യൂറോ

ലോകത്ത് മൊത്തം കൊറോണാ ബാധിതരുടെ എണ്ണം 50 ലക്ഷം ആകുവാൻ പോകുന്നു. സമീപകാലത്തൊന്നും ലോകം ദർശിക്കാത്ത തരത്തിലുള്ളത്രയും വ്യാപകമായ ഈ ദുരന്തം ലോകത്തെ ഞെക്കിക്കൊല്ലുവാൻ ഒരുങ്ങുന്നത് പലപല മാർഗ്ഗങ്ങളിലൂടെയാണ്. ഒരുവശത്ത് ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനുകളെടുത്ത് താണ്ഡവമാടുമ്പോൾ, മറുവശത്ത് ലോക്ഡൗണിന് നിർബന്ധിച്ച് സാമ്പത്തിക തകർച്ച ഉറപ്പാക്കുന്നു. അതിർത്തികൾ കൊട്ടിയടച്ച് രാജ്യങ്ങളെ തമ്മിൽത്തമ്മിൽ അകറ്റുമ്പോൾ, സമൂഹജീവിയായ മനുഷ്യന് സാമൂഹ്യജീവിതം നിഷേധിച്ച്, കൂട്ടിലടച്ച വന്യജീവിയാക്കുന്നു. ഇതിനെല്ലാം പുറമേയാണ് വിദ്യാഭ്യാസ മേഖലയിൽ ഈ കുഞ്ഞൻ വൈറസ് കൊണ്ടുവന്നിരിക്കുന്ന കടുത്ത പ്രതിസന്ധി.

ഇതെഴുതുന്ന നിമിഷം വരെ കോവിഡ് 19 എന്ന മഹാമാരിക്ക് ഫലപ്രദമായ ഒരു ഔഷധം കണ്ടുപിടിച്ചിട്ടില്ല. ഇതിന്റെ വ്യാപനം തടയുവാൻ ഉതകുന്ന പ്രതിരോധ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ലോകത്ത് പല കോണുകളിലായി ഇതിനുള്ള ഗവേഷണങ്ങൾ പുരോഗമിക്കുന്നുണ്ടെങ്കിലും അത്തരത്തിലുള്ള ഒരു പ്രതിവധിക്കായി ഇനിയും മാസങ്ങൾ കാത്തുനിൽക്കേണ്ടതായി വന്നേക്കാം. ഇപ്പോൾ ഈ രോഗത്തെ ചെറുക്കാൻ നമുക്കറിയാവുന്ന ഒരേയൊരു പോംവഴി സാമൂഹിക അകലം പാലിക്കുക എന്നതുമാത്രമാണ്. ഈ ഉദ്ദേശത്തെ മുൻനിർത്തിയായിരുന്നു ലോകരാഷ്ട്രങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതു തന്നെ.

രോഗവ്യാപന തോത് അല്പാല്പമായി കുറയുവാൻ തുടങ്ങിയതോടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ അയവുകൾ കൊണ്ടുവന്നിരുന്നെങ്കിലും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലോകത്തിന്റെ ഒട്ടുമിക്ക കോണുകളിലും അടഞ്ഞുതന്നെ കിടക്കുകയാണ്. കൗമാരത്തിന്റെ ചോരത്തിളപ്പിൽ സാമൂഹിക അകലം പാലിക്കുവാൻ അപക്വമായ ബാല്യ കൗമാരങ്ങൾക്ക് കഴിഞ്ഞേക്കില്ല എന്ന തിരിച്ചറിവാണ്, മറ്റു പല പൊതുയിടങ്ങളും തുറന്നുകൊടുത്ത രാജ്യങ്ങളിൽ പോലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അധികാരികൾ മടിക്കുന്നതിന് കാരണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, ഒരു രോഗവ്യാപനമുണ്ടായാൽ അത് വർത്തമാനകാലത്തിന്റെ മാത്രമല്ല, ഭാവിയുടെ കൂടി ദുരന്തമായി മാറും. അത് എന്തുവിലകൊടുത്തും ഒഴിവാക്കിയേ തീരൂ. എന്നാൽ, വിദ്യാർത്ഥികളുടെ ഭാവിയെ കുറിച്ചും ചിന്തിക്കേണ്ടതുണ്ട്. തിരക്ക്പിടിച്ച ലോകത്തിൽ വിദ്യാർത്ഥികൾക്ക് ഒരു അദ്ധ്യായന വർഷം നഷ്ടപ്പെടുക എന്നത് വലിയൊരു നഷ്ടം തന്നെയാണ്. ഈ പ്രതിസന്ധിയെ മറികടക്കുവാൻ ആധുനിക സാങ്കേതിക വിദ്യയുടെ സഹായം തേടുകയാണ് ലോകത്തിലെ മികച്ച സർവ്വകലാശാലകളിൽ ഒന്നായ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി.

2021 ലെ വേനലവധിവരെ, എല്ലാ മുഖാമുഖ അദ്ധ്യായന രീതികളും നിർത്തിവച്ച ലോകത്തിലെ ആദ്യത്തെ സർവ്വകലാശാലയായി മാറിയിരിക്കുകയാണ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി. സാമൂഹിക അകലം പാലിക്കൽ ഇനിയും മാസങ്ങളോളം തുടരേണ്ടുന്ന ഒരവസ്ഥയുള്ളതിനാലാണ് ഇത്തരത്തിലുള്ള ഒരു നടപടി കൈക്കൊണ്ടതെന്നാണ് ബ്രിട്ടനിൽ ഏറ്റവും പഴക്കം ചെന്ന രണ്ടാമത്തെ സർവ്വകലാശാല പറയുന്നത്. പഠന നിലവാരത്തിന് ലോകമാകെ കേഴ്‌വികേട്ട ഈ സർവ്വകലാശാല, പക്ഷെ വിദ്യാർത്ഥികൾക്കിടയിൽ ഈ നിലവാരം കാത്തുസൂക്ഷിക്കുവാൻ എന്തുചെയ്യുമെന്ന് വ്യക്തമാക്കിയില്ല.

ലോകത്തിലെ മറ്റ് പല സർവ്വകലാശാലകളും 2021 വരെ ഓൺലൈൻ ക്ലാസ്സുകൾ തുടരാനോ അല്ലെങ്കിൽ പുതിയ അദ്ധ്യായന വർഷം വൈകി ആരംഭിക്കുവാനോ ഉള്ള തീരുമാനങ്ങളാണ് എടുത്തിട്ടുള്ളത്. അത്തരമൊരു സന്ദർഭത്തിലാണ്, ഒരു മുഴുവൻ അദ്ധ്യായന വർഷത്തിലേയും ക്ലാസ്സുകൾ ഓൺലൈൻ ആക്കി കേംബ്രിഡ്ജ് സർവ്വകലാശാല ധീരമായ ഒരു ചുവട് വയ്ക്കുന്നത്. ക്ലാസ്സുകൾ ഓൺലൈനിൽ ലഭ്യമാക്കുമെന്നും, സാമൂഹിക അകലം പാലിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കി ചെറിയ ചെറിയ ഗ്രൂപ്പുകളായി, മുഖാമുഖ പഠനം നടത്തുമെന്നും യൂണിവേഴ്സിറ്റി വക്താവ് പറയുന്നു.

കേംബ്രിഡ്ജിന്റെ ഈ നടപടിക്ക് പിന്നാലെ ലോകത്തിലെ പല യൂണിവേഴ്സിറ്റികളും സമാനമായ നടപടികളുമായി മുന്നോട്ട് വന്നിട്ടുണ്ട്. കൊറോണയ്ക്ക് ശേഷമുള്ള ലോകത്തിന് അനുയോജ്യമായത് ഓൺലൈൻ പഠനം തന്നെയായിരിക്കുമെന്ന് ഇതിനു മുൻപും പല വിദ്യാഭ്യാസ വിചക്ഷണന്മാരും ചൂണ്ടിക്കാട്ടിയിരുന്നു. സോഷ്യൽ ഡിസ്റ്റൻസിങ് പോലുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പ് വരുത്താൻ അതുമാത്രമേ വഴിയുള്ളു എന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു.

ക്ലാസ്സുകൾ, വിവിധ ആപ്പുകൾ ഉപയോഗിച്ച ലൈവ് ആയി കാണിക്കുകയും അതിന്റെ റെക്കോർഡഡ് വീഡിയോകൾ ഓൺലൈനിൽ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ഓൺലൈൻ ക്ലാസ്സുകളുടെ രീതി. സ്വന്തമായ സമയം തെരഞ്ഞെടുത്ത് പഠനം തുടരാം, ഏറ്റവും സൗകര്യപ്രദമായ ഇടത്തിലിരുന്ന് പഠിക്കാം എന്നൊക്കെയുള്ള സൗകര്യങ്ങൾ ഈ പഠനരീതിയിൽ ഉണ്ടെങ്കിലും കാമ്പസുകൾ പകർന്നു നൽകുന്ന കൗമാരസ്വപ്നങ്ങളുടെയും കുസൃതികളുടെയും മധുരം ഒരു തലമുറക്ക് നഷ്ടപ്പെട്ടേക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP