Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊച്ചുകുട്ടിയെ പരിശുദ്ധമാതാവാക്കി തട്ടുന്നത് ലക്ഷങ്ങൾ! മറ്റൊരു ആൾദൈവത്തിന്റെ ഉദയം കാത്ത് കേരളം; കളിച്ചു നടക്കേണ്ട പ്രായത്തിൽ 'മുരിയാടമ്മക്ക്' ഒരുക്കിക്കൊടുത്തത് സിംഹാസനം; സമ്മാനമായി സ്വർണാഭരണങ്ങൾ; പൊന്നാറയുടെ മരണത്തിനുശഷം അധികാരം പിടിച്ച പ്രവാചിക ഇപ്പോൾ സർവാധികാരി; അമേരിക്കയിലും മറ്റും സംഭവിച്ചപോലെ കൂട്ട ആത്മഹത്യപോലുള്ള ദുരന്തം കേരളത്തിലും ഉണ്ടാകാതിരിക്കട്ടെ; 'ഉയർത്തെഴുനേൽക്കുന്ന ലോകാവസാന കൾട്ടുകൾ'; മറുനാടൻ പരമ്പര അവസാനിക്കുന്നു

കൊച്ചുകുട്ടിയെ പരിശുദ്ധമാതാവാക്കി തട്ടുന്നത് ലക്ഷങ്ങൾ! മറ്റൊരു ആൾദൈവത്തിന്റെ ഉദയം കാത്ത് കേരളം; കളിച്ചു നടക്കേണ്ട പ്രായത്തിൽ 'മുരിയാടമ്മക്ക്' ഒരുക്കിക്കൊടുത്തത് സിംഹാസനം; സമ്മാനമായി സ്വർണാഭരണങ്ങൾ; പൊന്നാറയുടെ മരണത്തിനുശഷം അധികാരം പിടിച്ച പ്രവാചിക ഇപ്പോൾ സർവാധികാരി; അമേരിക്കയിലും മറ്റും സംഭവിച്ചപോലെ കൂട്ട ആത്മഹത്യപോലുള്ള ദുരന്തം കേരളത്തിലും ഉണ്ടാകാതിരിക്കട്ടെ; 'ഉയർത്തെഴുനേൽക്കുന്ന ലോകാവസാന കൾട്ടുകൾ'; മറുനാടൻ പരമ്പര അവസാനിക്കുന്നു

എം റിജു

ഡൂംസ് ഡേ കൾട്ടുകൾ എന്നു പറയുന്ന ലോകവസാന ഗ്രൂപ്പുകളൊക്കെ സായിപ്പിന്റെ ഉച്ചക്കിറിക്കാണെന്ന് പഞ്ഞ് തള്ളാൻവരട്ടെ. നമ്മുടെ നാട്ടിലും ഇത്തരം ഗ്രൂപ്പുകൾ ഉണ്ട്. അതാണ് തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കടുക്ക് അടുത്ത് മുരിയാട്ടെ എംപറർ ഇമ്മാനുവേൽ എന്ന വിശ്വാസപ്രസ്ഥാനവും ആവരടെ സിയോൻ സഭയും. ഭൂമിയിൽനിന്നുകൊണ്ട് സ്വർഗത്തിലെ സീറ്റ് കച്ചവടം ചെയ്യുകയാണിവർ. മരിച്ചപോയ തങ്ങളുടെ സഭാധ്യക്ഷ ജോസഫ് പൊന്നാറ ഉയർത്തെഴുനേറ്റുവെന്ന് പറഞ്ഞാണ് ഇപ്പോൾ മുതലെടുപ്പ് നടക്കുന്നത്. നമ്മുടെ പൊലീസ് ഭരണസംവിധാനവും ഇത്തവം ഭ്രാന്തൻ കൾട്ടുകൾക്കുനേരെ കണ്ണടക്കുകയാണ്. അഥവാ ഒരു ദുരന്തം ഉണ്ടായാലേ നാം കണ്ണുതുറക്കൂ എന്നുള്ളൂ. 'ഉയർത്തെഴുനേൽക്കുന്ന ലോകാവസാന കൾട്ടുകൾ'; മറുനാടൻ മലയാളിയുടെ അന്വേഷണ പരമ്പര അവഅസാന ഭാഗം.

വിശ്വാസം അതല്ല എല്ലാം!

ഒരോരുത്തർക്കും അവനവന്റെ വിശ്വസം അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്രമില്ലേ. പിന്നെ നിങ്ങൾ എന്തിനാണ് എംപയർ ഇമ്മാനുവേൽ ചർച്ച്പോലുള്ളവയെ എതിർക്കുന്നതെന്ന് പലപ്പോഴും ചോദ്യം ഉയരാറുണ്ട്. ഇത്തരം അന്ധവിശ്വാസം പൊതുസമൂഹത്തിനും രാജ്യത്തിനും അപകടം ഉണ്ടാക്കുന്നതുകൊണ്ട് എന്നുതന്നെ ഉത്തരം. ഇത്തരം കൾട്ടുകളുടെ ഒരു പ്രധാന അപകടം അതിന്റെ നേതാവിലുള്ള അന്ധമായ വിശ്വാസവും അത് ഉയർത്തുന്ന അടിമത്തവും ആണ്. വിദ്യാഭ്യാസം ഇതിന് ഒരു പരിഹാരമാണെന്ന് കരുതേണ്ട. സിയോൺ സഭയിലുള്ളവരെ മാത്രം ഒന്നു നോക്കുക. നിരവധി മലയാള സിനിമകളിൽ വില്ലൻ വേഷത്തിൽ അരങ്ങുതകർന്ന ഒരു പ്രമുഖ നടൻ, ആർമിയിൽ ക്യാപ്റ്റനായി റിട്ടയർ ചെയ്ത ഒരാൾ, കേരളത്തിലെ പ്രമുഖനായ ഒരു ബിസിനസ് മാൻ തൊട്ട് ഡോക്ടറേറ്റുകൾ ഉള്ളരെയും ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥരെവരെ ഈ ലിസ്ററിൽ കാണാം. അതായത് അടിസ്ഥാന വിദ്യാഭ്യാസം മാത്രമുള്ള പാവങ്ങൾ മാത്രമല്ല, സമൂഹത്തിൽ ഉന്നതവർ വരെ വിശ്വാസ ഭ്രാന്തിൽപെടുന്നുണ്ട്.

പ്രമുഖ മനഃശാസ്ത്രജ്ഞനായ ഡോ ജോസ്റ്റിൻ ഫ്രാൻസിസ് ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു.' ഇത്തരം കൾട്ടുകളുടെ വിശ്വസികളുടെ ഒരു പ്രശ്നം അവർ ചൂഷണം ചെയ്യപ്പെടുകയാണെന്ന് അവർക്കുപോലും അറിയില്ല എന്നതാണ്. അവരുടെ മനസ്സ് പൂർണ്ണമായും കൾട്ടിന് കീഴ്പ്പെടും. ഇതിന്റെ അപകടം നാളെ കൾട്ടിന്റെ തലവൻ ഒരു വിഭാഗത്തെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്താലോ, അല്ലെങ്കിൽ ആത്മഹത്യ ചെയ്യാൻ പറഞ്ഞാലോ ആവർ അതുപോലെ അനുസരിക്കും. ലോകത്തിന്റെ വിവധി ഭാഗങ്ങളലുള്ള ഡൂസ് ഡേ കൾട്ടുകളെ അതുകൊണ്ടാണ് ഭരണകൂടങ്ങൾ നിരീക്ഷിക്കുന്നത്്'- അദ്ദേഹം വ്യക്തമാക്കുന്നു. അമേരിക്കയിലെ ലോകവസാന കൾട്ടുകളിൽ ഒന്നായ ജിം ജോൺസിന്റെ അനുഭവമാണ് ഇവിടെ പലരും ഉദ്ധരിക്കുന്നത്.

കുട്ടികളെ കൊന്ന് അവർ സയനൈഡ് കഴിച്ചു

ആധുനിക അമേരിക്കയുടെ നെഞ്ചിൽ ചോര കൊണ്ട് എഴുതി ചേർത്ത ചരിത്രമാണ് ജോൺസ് ടൗൺ നരഹത്യയുടേത്. 9/11 എന്ന പേരിൽ അറിയപ്പെടുന്ന അമേരിക്കയെ പിടിച്ച് കുലുക്കിയ ഭീകരാക്രമണം നടക്കുന്നത് വരെ പ്രകൃതി ക്ഷോഭങ്ങളിലല്ലാതെ ഏറ്റവും കൂടുതൽ ആളുകൾ ഒരുമിച്ച് ഒരുസ്ഥലത്ത് മരണപ്പെട്ട സംഭവം എന്ന നിലയിൽ കുപ്രസിദ്ധി ആർജിച്ചതായിരുന്നൂ ഗയാനയിലെ ജോൺസ്ടൗൺ എന്ന ഗ്രാമത്തിൽ 1978 നവംബർ 18ന് അരങ്ങേറിയ ആ കൂട്ടക്കൊലപാതകം. തങ്ങളുടെ ആത്മീയ ആചാര്യനായിരുന്ന ജെയിംസ് വാറൻ ജോൺസ് എന്ന ജിം ജോൺസിന്റെ നിർദ്ദേശ പ്രകാരം 918 പേരാണ് അന്ന് അവിടെ ജീവൻ വെടിഞ്ഞത്.

അമേരിക്കയിലെ ഇൻന്താന സ്റ്റേറ്റിൽ 1955 ന് ആയിരുന്നൂ യാഥാസ്ഥിക ക്രിസ്ത്യൻ ആശയങ്ങളിൽ നവ പുരോഗമനത്തിന്റെ മേമ്പൊടി ചേർത്ത് ജിം ജോൺസ് എന്നയാൾ ഉദയം ചെയ്തത്. സോഷ്യലിസം, മാനവീകത, വർണ വിവേചനത്തിന് എതിരെയുള്ള നിലപാട് എന്നിവയൊക്കെ കൊണ്ട് തന്നെ വളരെ പെട്ടെന്ന് തന്നെ ജോൺസ് ജനസമ്മിതനായി. പ്രത്യേകിച്ചും അക്കാലത്ത് അടിച്ചമർത്തപ്പെട്ടിരുന്ന ആഫ്രോ അമേരിക്കൻ ജന വിഭാഗങ്ങളിൽ ജിം ജോൺസിന്റെ ആശയങ്ങൾ കാട്ടുതീ പോലെ പടർന്നൂ. വൈകാതെ തന്നെ ഇന്ത്യാനയിൽ തന്റെ അനുനായികൾക്ക് കഴിയാനായി ജോൺസിന്റെ ആദ്യത്തെ പീപ്പിൾസ് ടെമ്പിൾ സ്ഥാപിക്കപ്പെട്ടൂ.

വിവാദങ്ങളും ആരോപണങ്ങളും ജിം ജോൺസിന്റെ കൂടെ പിറപ്പായിരുന്നൂ എന്നും.. 1973ൽ ജിംജോൺസിനെതിരെ അയാളുടെ ആശ്രമത്തിൽ നിന്ന് വെളിയിൽ വന്ന കുറച്ച് പേർ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നൂ.ലൈംഗിക പീഡനവും സ്വത്ത് തട്ടിപ്പും അടക്കം ഗുരുതരമായ ആരോപണങ്ങൾ ആയിരുന്നൂ അവയെല്ലാം. തന്റെ ഭരണ സ്വാധീനം ഉപയോഗിച്ച് അന്ന് അവയെയെല്ലാം അയാൾ അടിച്ചമർത്തി എങ്കിലും ഭാവിയിൽ ഇങ്ങനെ ഒരാരോപണം വന്നാൽ തനിക്ക് സുരക്ഷിതമായ ഒരു താവളം ആവശ്യമാണ് എന്ന് അയാൾക്ക് അറിയാമായിരുന്നൂ. അതിനായി അയാൾ ഉണ്ടാക്കിയതാണ് ഗയാനയിലെ ആശ്രമം. കരീബിയൻ നാടുകളിലേക്കും കാനഡയിലേക്കും എളുപ്പത്തിൽ രക്ഷപ്പെടാൻ കഴിയും എന്നത് തന്നെയാണ് ഗയാനയെ അയാൾക്ക് പ്രിയങ്കരമാക്കിയത്..!

1978 നവംബർ 17, ജിം ജോൺസിന് നേരെയുള്ള ആരോപണങ്ങൾ അന്യോഷിക്കാൻ പൊതു ജനങ്ങളുടെ ഇടയിൽ നിന്ന് ഉയർന്ന് വന്ന ആവശ്യ പ്രകാരം യുഎസ് കോൺഗ്രസ്സിലെ ലിയോ റയാൻ ജോൺസിന്റെ പീപ്പിൾസ് ടെമ്പിളിൾ എത്തിയത് അന്നായിരുന്നൂ. ഒരു കൂട്ടം മാധ്യമ പ്രവർത്തകരും റയാന്റെ കൂടെ ഉണ്ടായിരുന്നൂ. സാമ്പത്തിക കുറ്റകൃത്യം മുതൽ ലൈംഗിക പീഡനം, കുട്ടികളോടുള്ള മോശം പെരുമാറ്റം എന്നിവ ആയിരുന്നൂ റയാന് ലഭിച്ചിരുന്ന പരാതികൾ. അന്യോഷണത്തിനായി ആശ്രമത്തിലെത്തിയ റയാന്റെ ആദ്യ ദിവസം കുഴപ്പങ്ങൾ ഒന്നുമില്ലാതെ കടന്ന് പോയി. എന്നാൽ രണ്ടാമത്തെ ദിവസം അവിടെ ഒരു ചെറിയ കശപിശ ഉണ്ടായി. അതിനെ തുടർന്ന് ജോൺസിന്റെ അനുനായികളിൽ ഒരാൾ റയാനെ ആക്രമിച്ചൂ. എന്നിരുന്നാലും ആശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട് പുറത്ത് വരാൻ റയാനും സംഘത്തിനും കഴിഞ്ഞൂ. തുടർന്നാണ് സംഭവം ജോൺസ് അറിയുന്നത്.

രക്ഷപ്പെട്ട് പുറത്ത് എത്തിയവരെയെല്ലാം പിന്തുടർന്ന് കൊല്ലാനായിരുന്നൂ ജോൺസിന്റെ കൽപന. തുടർന്ന് 'കൈതുമ' എയർബേസിനടുത്ത് വെച്ച് റയാനും കൂടെ ഉണ്ടായിരുന്ന നാല് പേരും ആയുധ ധാരികളായ ജോൺസിന്റെ അനുനായികളാൽ ആക്രമിക്കപ്പെട്ടൂ. വെടിയേറ്റ് റയാനും കൂടെ ഉണ്ടായിരുന്ന നാല് പേരും തൽക്ഷണം കൊല്ലപ്പെട്ടൂ.. എന്നാൽ തന്റേത് വെറുമൊരു എടുത്ത് ചാട്ടം മാത്രമായിരുന്നൂ എന്നും കൊല്ലപ്പെട്ടത് തനിക്കെതിരെ അന്യോഷണം നടത്താൻ വന്ന അമേരിക്കൻ കോൺഗ്രസ്സിലെ ഉന്നത അംഗമായിരുന്നെന്നും ഉള്ള തിരിച്ചറിവ് ജോൺസിനെ അധികം വൈകാതെ തന്നെ പരിഭ്രാന്തനാക്കി. രക്ഷപ്പെടാനുള്ള ശ്രമങ്ങൾ ഒന്നും നടക്കുന്നില്ലെന്ന് കണ്ടപ്പോൾ അയാൾ ആത്മഹത്യ എന്ന തനിക്ക് മുന്നിലുണ്ടായിരുന്ന അവസാന മാർഗം തിരഞ്ഞെടുത്തൂ. പക്ഷെ തനിയെ പോകാൻ അയാൾ തയ്യാറല്ലായിരുന്നൂ, അതല്ലെങ്കിൽ ചരിത്രം തന്നെ എന്നും ഓർത്തിരിക്കണം എന്ന പിടിവാശിയും ആയിരിക്കാം..

അതിനായി ജോൺസ് ചെയ്തത് തന്റെ മുഴുവൻ അനുയായികളെയും ആത്മഹത്യ ചെയ്യിപ്പിക്കു എന്നതായലരുന്നു. ഇപ്പോൾ മരിക്കുന്നവൻ ഉടൻ സ്വർഗത്തിൽ എത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ധാനം. ഇതാണ് ലോകവസാന ദിനം എന്നും അയാൾ വിധി എഴുയി. അത് വിശ്വസിച്ച് സയനൈഡ് കലർത്തിയ സൂചികൊണ്ട് സ്വന്തം കുട്ടികളുടെ കഴുത്തിൽ കുത്തി രക്ഷിതാക്കൾ ആദ്യം കൊന്നു! പിന്നെ യാതൊരു മടിയുമില്ലാതെ അവർ സയനൈഡ് സൂചി സ്വയം കഴുത്തിൽ കുത്തുകയും സയനൈഡ് കലർത്തിയ വെള്ളം കുടിക്കയും ചെയ്തു. മരണത്തെ സ്വീകരിക്കാൻ അത്രമേൽ തയ്യാറായി വന്നതുകൊണ്ട് തന്നെ സ്വജീവൻ എടുക്കാനായി കൈയിലെ കോപ്പയിൽ കരുതിയിരുന്ന സയനൈഡ് കലക്കിയ ജ്യൂസ് അവരിൽ ഭയത്തിന്റെ ഒരു കണിക പോലും സൃഷ്ട്ടിച്ചില്ല. അതാണ് വിശ്വാസത്തിന്റെ ശക്തി. ഒന്നും രണ്ടുപേരല്ല ആയിത്തോളം പേരാണ് വരിവരിയാണ് മരണം വരിച്ചത്.

അതിനുശേഷമാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങൾ വിശ്വാസ കൾട്ടുകളെ സൂക്ഷിക്കാൻ തുടങ്ങിയത്. അതിനുശേഷവും പക്ഷേ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചിട്ടുണ്ട്. സൂര്യഗ്രഹണത്തിന് സൂര്യനെ നോക്കി കാഴ്ച നഷ്ടപ്പെട്ടതുതൊട്ട് സാത്താൻ ആരാധകരുടെ വരെ നിരവധി സംഭവങ്ങൾ പാശ്ചാത്യ മണ്ണിൽ ഉണ്ടായിട്ടുണ്ട്.പക്ഷേ നമ്മുടെ നാട്ടിലും ഇത്തരം ലോകാവസാന ഗ്രൂപ്പുകൾ വേരുപിടക്കുമ്പോൾ പൊതുസമൂഹത്തിൽ നിന്ന് യാതൊരു ചെറുത്തുനിൽപ്പും ഉണ്ടാവുന്നില്ല. ദുരൂഹമായ ഇവരുടെ ഇടപെടലുകളെ കുറിച്ച് അന്വേഷണവും ഉണ്ടാവുന്നില്ല. അതുകൊണ്ടുതന്നെയാണ് സിയോൻ സഭയും എംപറർ ഇമ്മാനുവേൽ ചർച്ചും എതിർക്കപ്പെടുന്നത്.

ഇവിടെ നോക്കുക. ജോസഫ് പൊന്നാറയെ അന്ധമായി വിശ്വസിച്ച അനുയായികൾ പൊന്നാറ ദൈവമായി പ്രസ്ഥാനത്തിലേക്ക് ഉയർത്തുവരുമെന്ന പ്രതീക്ഷയോടെ താൻ അയക്കപ്പെട്ടവാനാണ് എന്ന് പൊന്നാറ തന്നെ പറയുന്ന വീഡിയോകൾ ഷോട്ട് ഫിലിംസിലൂടെയും കൺവൻഷനുകളിലൂടെയും പ്രചരിപ്പിക്കുന്നു. ആൾ ദൈവങ്ങൾ അടിക്കടി പിറവി എടുത്ത കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിൽ പൊന്നാറയുടെ പ്രസ്ഥാനത്തിലുള്ളവർ നാളെ മുതൽ ചാവേറുകളായാൽ ആക്കാണ് നഷ്ടം വരിക.ഒന്നോർത്തു കൊള്ളുക വഴി തെറ്റുന്ന വിശ്വാസം തീവ്രവാദമാണ്.

പൊന്നാറയുടെ മരണവും വൻ വിവാദത്തിൽ

ലോകവസാന ദിനത്തിൽ ആളുകളെ കൊണ്ടുപോകാൻ കഴിയുന്ന ജോസ്ഫ് പൊന്നറ അസുഖം ബാധിച്ച് മരിച്ചതും വിശ്വസികൾക്ക് ഷോക്കായിരുന്നു. പൊന്നാറക്ക് സ്വന്തം കൈ തലയിൽവെച്ച പ്രാർത്ഥിച്ചാൽ മതിയായിരുന്നല്ലോ എന്നാണ് ഒരു മൂൻവിശ്വാസി ഇതേക്കുറിച്ച് പ്രതികരിച്ചത്. അത്ഭുദമായ ഒരുപാട് കഴിവുകൾ ഉള്ള, മനുഷ്യനെ സ്വർഗത്തിൽകൊണ്ടുപോകാൻ പോലും പൊന്നാറ ആസ്റ്റർ മെഡിസിറ്റിയിലാണ് മരിച്ചത്. എന്നാൽ പൊന്നാറയുടെ മരണത്തിൽ ദരൂഹതയുണ്ടെന്നും കൂട്ടാളികളിൽ ചിലർ സംശയത്തിന്റെ നിഴലിൽ ആണെന്നും അന്നുതന്നെ ആരോപണം ഉയർന്നിരുന്നു. ചില മാധ്യമങ്ങളിൽ ഇത് വാർത്തയാവുകയും ചെയ്തു.

കാലിന് ശസ്ത്രക്രിയ കഴിഞ്ഞ പൊന്നാറിന് അതിന്റെ മരുന്നും ഭക്ഷണവുമെല്ലാം ക്രമീകരിച്ച് നൽകി കൊണ്ടിരുന്നത് പ്രവാചികയും കൂട്ടാളികളുമായിരുന്നു. പൊന്നാറിന്റെ മരണം അദ്ദേഹം കഴിച്ചു കൊണ്ടിരുന്ന രക്തം കട്ടപിടിക്കാതിരിക്കുന്നതിനുള്ള ആസ്പിരിൻ എന്ന മരുന്നിന്റെ അളവ് കൂടി തലച്ചോറിലെ ഞരമ്പ് പൊട്ടി രക്തം വാർന്നാണെന്നാണ് പറയുന്നത്. ഈ മരണം കൊലപാതകമാണെന്ന് ആദ്യം പറഞ്ഞതും പൊന്നാറയുടെ മരണം അറിഞ്ഞ ഉടൻ തന്നെ അദ്ദേഹത്തിന്റെ മുറി കൈയേറി കാലാകാലങ്ങളായി പൊന്നാറക്ക് കിട്ടിയിരുന്ന കോടികൾ വിലമതിക്കുന്ന സ്വർണ്ണവും പണവും കൈക്കലാക്കിയും അദ്ദേഹത്തിന്റെ വലംകൈയും പിന്നീട് പ്രവാചികയുമായ സ്ത്രീ തന്നെയാണെന്നാണ് ഇവിടം വിട്ടവർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. എല്ലാ ആരോപണങ്ങളും അന്നത്തെ സിയോൺ ട്രസ്റ്റിന്റെ പേരിൽ ചുമത്തി അവരെ പുറത്താക്കാൻ മുൻകൈ എടുത്തതും ഈ പ്രവാചിക ആണ് . പൊന്നാറിന്റെ മരണം തമിഴ്‌നാട്ടിലെ ഗ്രൂപ്പിനെയും, വിദേശത്തുള്ള ഇമ്മാനു ഏലിനെയും അറിയിച്ചെങ്കിലും അവരുടെ ഭാഗത്തു നിന്നും ഒരു സഹകരണവും, പ്രതികരണവും ഉണ്ടായില്ല.

പൊന്നാറ ദൈവമാണെന്നും, യേശുക്രിസ്തുവിനെ കൊന്നതുപോലെ കൂടെ നടന്നവർ പൊന്നാറയെ കൊന്നതാണെന്നും, പൊന്നാറയുടെ രക്തം ചിന്തലാണ് നമ്മുടെ രക്ഷയെന്നും, പ്രവാചികയുടെ ആറു വയസ്സുള്ള പെൺകുട്ടിയാണ് പരിശുദ്ധ മാതാവെന്നും അതിനെ ആരാധിക്കണമെന്നും, വിശ്വാസം ഉപേക്ഷിച്ചു പുറത്തു പോയവർ ദുഷ്ടരാണെന്നും ഉള്ളതാണ് ഇപ്പോൾ സിയോന്റെ അടിസ്ഥാന വിശ്വാസം.

ഒരു കൊച്ചുകുട്ടി മുരിയാടമ്മയായി മാറുമ്പോൾ

പൊന്നാറയുടെ മരണം പ്രവാചികക്ക് നേതൃസ്ഥാനത്തേക്കു കടന്നു വരാനും, അവരുടെ കുട്ടിയെയും, അംഗീകരിക്കാത്തവരെ പുറത്താക്കാനുള്ള അവസരമായി. പരിശുദ്ധ അമ്മയാണ് ഇനി മുതൽ എംബറർ സഭയെ ഭരിക്കുന്നതെന്നും, 2012 ൽ പൊന്നാറയിൽ തനിക്കുണ്ടായ പെൺകുട്ടി മാതാവാണെന്നും, താൻ പരിശുദ്ധ മാതാവിന്റെ ജനനിയാണെന്നും വിശ്വാസികളെ വിശ്വാസിപ്പിക്കുന്നതിൽ പ്രവാചിക വിജയിച്ചു. മുരിയാടമ്മ എന്ന് വിളിക്കുന്ന കുട്ടിയെ വിശ്വാസികളുടെ മുന്നിൽ പ്രദർശിപ്പിക്കാതെ അതീവരഹസ്യമായി താമസിപ്പിക്കന്നതിൽ പ്രവാചിക ശ്രദ്ധിച്ചിരുന്നു. മുത്തൂസ് എന്നു വിളിപ്പേരുള്ള മുരിയാടമ്മയെ നേരിൽ കണ്ടിരിക്കുന്നത് പ്രവാചികയുടെ ആശ്രിതരും, പ്രസ്ഥാനത്തോട് അടുത്ത് നിന്നിട്ട് പുറത്തു പോയവരും മാത്രമാണ്. ഈ കഴിഞ്ഞ ഓഗസ്റ്റ് 22 ഈ പെൺകുട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് പ്രസ്ഥാനത്തോടു അടുത്തു നിൽക്കുന്നവരെ കൊണ്ട് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ പ്രവാചികക്കും, മുരിയാടമ്മക്കും കാണിക്കയായി സമർപ്പിക്കുകയും, ആറു വയസ്സുള്ള കൊച്ചിനെ സിംഹാസനം പണിയിച്ചിരുത്തി അവരെ കൊണ്ട് സാഷ്ടാഗം പ്രണമിച്ച് പരിശുദ്ധ അമ്മയായി ആരാധിപ്പിക്കുകയും ചെയ്തു. ഒരു കുട്ടിയുടെ ബാല്യവും കൗമാരവും ഇല്ലാതാക്കി ചെറുപ്പത്തിലേ ദൈവമാക്കാനുള്ള ഈ പരിപാടിക്കെതിരെ സത്യത്തിൽ ബാലവകാശ കമ്മീഷനൊക്കെ കേസ് എടുക്കേണ്ടതുതന്നെയാണ്.

ഈ കൊച്ചിനെ അംഗീകരിക്കാത്തവരെയും, അതിൽ സംശയം ഉള്ളവരെയും അവിടെ നിന്നും പുറത്താക്കി. വിശ്വാസത്തിൽ നിന്നും പുറത്തു പോയ സ്വന്തം കുടുംബത്തിൽ പെട്ടവരോടു പോലും ബന്ധം കാത്തുസൂക്ഷിക്കരുതെന്നാണ് പ്രവാചികയുടെ കർശന നിർദ്ദേശം. അതനുസരിക്കാത്തവരെ സ്വന്തം വീടുകളിൽ നിന്ന് ഇറക്കി വിടുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അവിടെ നടന്നു കൊണ്ടിരിക്കുന്നു. സ്വന്തം വീടുകളിൽനിന്നും, പ്രസ്ഥാനം കൊടുത്തിരിക്കുന്ന താമസ സ്ഥലങ്ങളിൽ നിന്നും പുറത്താക്കപ്പെട്ടവർ നിയമ സഹായം തേടാതിരിക്കാൻ തങ്ങൾ ആരെയും പുറത്താക്കിയിട്ടില്ല, അവർ തനിയെ പുറത്ത് പോയതാണെന്നു മറ്റുള്ളവരോട് പറയണം എന്നാണ് പുറത്താക്കപ്പെട്ടവരുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നേതൃത്വം കൊടുത്തിരിക്കുന്ന നിർദ്ദേശം. എമ്പറർ സഭയിൽ നിന്ന് സ്വയം പുറത്തപോയവരും, പ്രവാചിക പുറത്താക്കിയവരും ദുർമരണങ്ങളിലൂടെയും, ഭൗതിക ക്ലേശങ്ങളിലൂടെയും നശിച്ചു പോകാൻ ഏൽ ബഥേൽ എന്നു വിളിപ്പേരുള്ള പ്രാർത്ഥന ഹാളിൽ പ്രത്യക പ്രാർത്ഥനാ സംഘങ്ങൾ ചേർന്ന് പല ഗ്രൂപ്പുകളായി മണിക്കുറുകളോളം, പോയ വ്യക്തികളുടെ പേരെടുത്തു പറഞ്ഞ് ശാപ പ്രാർത്ഥനകൾ നടത്തി കൊണ്ടിരിക്കുന്നു. പ്രവാചിക്കും, പൊന്നാറക്കും, മുരിയാടമ്മക്കും വേണ്ടി മരിക്കാൻ തയ്യാറായ വിദ്യാഭ്യാസവും, ചെറുപ്പക്കാരെി പ്രവാചിക തന്റെ പോരാളികളാക്കി മാറ്റി നിർത്തിയിരിക്കുന്നു.

അങ്ങനെ വധ ഭീഷണികളും സൈബർ ആക്രമണങ്ങളും ഇവിടെനിന്ന് പോയവരുടെ നേർക്ക് ഉണ്ടായിട്ടുണ്ട്. ലൈംഗിക ലൈംഗിക ചൂഷണങ്ങൾ അടക്കം പുറത്തു പറയാൻ പറ്റാത്ത പലതും ഇവിടെ നടക്കുന്നുണ്ടെന്നാണ് ഇവിടെ നിന്ന് രക്ഷപ്പെട്ടവർ മുഖ്യമന്ത്രിക്കടക്കം നൽകിയ പരാതിയിൽ പറയുന്നത്. എന്നാൽ ഇത് പരിശുദ്ധ അമ്മ വസിക്കുന്ന പരിപാവനമായ സ്ഥലമായാണ് നിഷ്‌കളങ്കരായ വിശ്വാസികളുടെ ഇടയിൽ നേടിയെടുത്തിരിക്കന്ന മതിപ്പ്.

സിയോൺ സഭയിൽനിന്ന് രക്ഷപ്പെട്ട ഒരാൾ മറുനാടൻ മലയാളിയോട് വെളിപ്പെടുത്തുന്ന കാര്യങ്ങൾ ഇങ്ങനെയാണ്.'സാധാരണ വിശ്വാസികളെ പേടിപ്പിച്ചും, ഭയപ്പെടുത്തിയുമാണ് പ്രസ്ഥാനം മുൻപോട്ട് പോകുന്നത്, പുറത്തു പോയവർ ഏതെങ്കിലും രീതിയിൽ മരണപ്പെട്ടാൽ അത് ദൈവം കൊടുത്ത ശിക്ഷയായി കണ്ട് അത്തരം മരണങ്ങൾ ആഘോഷമാക്കി മാറ്റുന്നു. പ്രസ്ഥാനത്തിലുള്ള ആരെങ്കിലും മരണപ്പെട്ടാൽ അത് ദൈവത്തിന്റെ പദ്ധതിയാണെന്നും, പ്രസ്ഥാനത്തിന് മുതൽകൂട്ടാകാനള്ള അനുഗ്രഹങ്ങളായും ചിത്രീകരിക്കുന്നു. ് അമർത്യതയുടെ ആരാധനക്കിടക്ക് അവരുടെ ആലയത്തിൽ തന്നെ ഒരു വ്യക്തി മരിച്ചത് അധികം ആരും അറിയാതെ പെട്ടെന്ന് സംസ്‌കരിച്ചു. നിയമപ്രകാരം എറണാകുളത്ത് അടക്കം ചെയ്യണ്ട ജവാന്റെ മൃതദേഹം പബ്ലിസിറ്റിക്കു വേണ്ടി മുരിയാട് അടക്കി. സത്യങ്ങൾ മനസ്സിലായിട്ടും നാടും, വീടും ഉപേക്ഷിച്ചു വന്ന പലരും തിരിച്ചിറങ്ങാൻ ഗത്യന്തരമില്ലാതെ പ്രസ്ഥാനത്തിൽ പെട്ടു കിടക്കുന്നു. '- പേരുവെളിപ്പെടുത്തരുത് എന്ന അഭ്യർത്ഥനയുമായാണ് അദ്ദേഹം ഇങ്ങനെ പറയുന്നത്.

മറ്റൊരു വശത്ത് നിഷ്‌കളങ്കരായ സഭാവിശ്വാസികളെ രണ്ടും മൂന്നും പേരടങ്ങുന്ന പല ഗ്രൂപ്പുകളായി തിരിച്ച് ഏതെങ്കിലും രീതിയിൽ പ്രശ്നങ്ങൾ നടക്കുന്ന ഇടവകകളിലേക്ക് ബൈബിൾ സർവ്വെ എന്ന പേരിൽ യേശു ക്രിസ്തുവിന്റെ രണ്ടാമത്തെ വരവുമായി ബന്ധപ്പെട ചില ചോദ്യാവലികളുമായി വീടുകൾ കയറി ഇറങ്ങി ദൈവരാജ്യത്തിന്റെ വക്താക്കൾ എന്ന നിലയിൽ പ്രസ്ഥാനത്തിന്റെ പേരു വെളിപ്പെടുത്താതെ രഹസ്യമായി ആളുകളെ ഇങ്ങോട്ട് കൂട്ടി കൊണ്ടിരിക്കുന്നു. വിശ്വാസം ഉപേക്ഷിച്ച് പ്രസ്ഥാനത്തിന്റെ തന്നെ കോളനികളിൽ സ്വന്തം വീടുള്ള വ്യക്തികളെ ഒറ്റപ്പെടുത്തി, കള്ളകേസുകൾ കൊടുത്ത് അവരെ പരമാവധി തേജോവധം ചെയ്തു കൊണ്ടിരിക്കുന്നു.

എല്ലാം നിഷേധിച്ച് സിയോൻ സഭ

ഈ പരമ്പരുയുമായി ബന്ധപ്പെട്ട് സിയോൺ സഭയുമായും എംപറർ ഇമ്മാനുവേൽ വിശ്വസാ പ്രസ്ഥാനത്തിന്റെ അധികൃതരുമായി മറുനാടൻ മലയാളി പലതവണ ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി കിട്ടിയിട്ടില്ല. പരസ്പര വിരുന്ധമായ മറുപടിയാണ് പലരും നൽകുന്നത്. തങ്ങൾ യേശവിന്റെ ഉയർത്തെഴുനേൽപ്പിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും പൊന്നാറയുടെ ഉയർത്തെഴുനേൽപ്പല്ല ചർച്ചചെയ്യുന്നത് എന്നും അവർ പറയുന്നു.പിന്നെ പൊന്നറ ഉയർത്തെഴുനേറ്റു, തിരിച്ചുവന്നു എന്നൊക്കെ പറഞ്ഞ് നവമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം എന്താണെന്ന് ചോദിച്ചാൽ അതിനും വ്യക്തമായ മറുപടിയില്ല.

ഇത് സംബന്ധിച്ച് ഫെബിൻ അഗസ്റ്റിൻ എന്ന സിയോൺ സഭാവിശ്വാസി മറുനാടൻ മലയാളിക്ക് അയച്ച മെയിലിന്റെ പ്രസ്‌കത ഭാഗങ്ങൾ ഇങ്ങനെയാണ്.- 'മുരിയാട് ഈ സഭ സ്ഥാപിതമായി, 2008 മുതൽ സദ് വാർത്താ സീയോനിൽ പ്രഘോഷിക്കാൻ തുടങ്ങിയതു മുതൽ, ഞാൻ ഈ സഭയിലെ, ഔദ്യോഗീക പദവികളൊന്നും ഇല്ലാത്ത, സാധാരണ ഒരു അംഗമാണ്. ഇന്ന്, ഈ കത്ത്, താങ്കൾക്ക് എഴുതുന്നതു വരെ എന്റെ യാതൊന്നും സീയോൻ തട്ടിയെടുത്തട്ടുമില്ല സ്വർഗ്ഗത്തിൽ ഒരു സീറ്റിന് വേണ്ടി ഒരു രൂപ പോലും വേണമെന്ന് പറഞ്ഞിട്ടുമില്ല. 2008 മുതൽ സീയോനിൽ പ്രഘോഷിച്ച വചനങ്ങളിലോ അനുബന്ധ വിഷയങ്ങളിലോ 2012 ൽ ലോകം അവസാനിക്കും എന്ന് ജോസഫ് പൊന്നാറയെന്ന ഞങ്ങളുടെ സാർ പറഞ്ഞിട്ടില്ല... കാരണം അന്നു മുതലുള്ള (2008) എല്ലാ പ്രസംഗംങ്ങളും ഞാൻ കേട്ടിട്ടുണ്ട്.

പിന്നെ ജോസഫ് പൊന്നാറയെന്ന ഞങ്ങളുടെ സാറ് 'താങ്കൾ വിചാരിച്ചിരിക്കുന്നത് പോലെ' ഉയർത്തെഴുന്നേറ്റു എന്ന് ഞങ്ങൾ ആരും പറഞ്ഞിട്ടില്ല. പൊന്നാറ ഇസ ബാക്ക് എന്ന് സററാറ്റസ് ഇട്ടു എന്നു കരുതി താങ്കളടങ്ങുന്നവർ വിച്ചാരിക്കുന്നതു പോലെ അദ്ദേഹം ശരീരത്തോടു കൂടെ ഉയർത്തെഴുന്നേറ്റ് വന്നിട്ടില്ല. എന്നാൽ അങ്ങനെ സംഭവിക്കുന്ന ഒരു ദിവസമുണ്ട് എന്ന് എനിക്കറിയാം. അന്ന് ഞങ്ങൾക്കും, അതോടൊപ്പം ഞങ്ങൾക്കെന്നതിനേക്കാൾ കൂടുതൽ വ്യക്തമായി നിങ്ങൾക്കും അദ്ദേഹത്തെ കാണാം, അന്നു വേണമെങ്കിൽ കണ്ടു വിശ്വസിക്കാം ഇല്ലെങ്കിൽ വേണ്ട.

പിന്നെ ഞങ്ങളിൽ നിന്നും പുറത്തു പോയവരിൽ ചിലർ പറയുന്ന വ്യാജ വാക്കുകൾ കേട്ടിട്ടാണെങ്കിൽ ... നിങ്ങൾക്ക് തെറ്റ് പറ്റിയിരിക്കുന്നു. കാരണം തങ്ങളുടെ അപഥസഞ്ചാരങ്ങൾ സീയോന്റെ ഭാഗമായി നിന്നുകൊണ്ട് നടക്കാതെ വന്നപ്പോൾ പുറത്തു പോയവരാണ് ഈ വ്യാജന്മാർ... അവർക്കിനി ആളുകളുടെ മുഖത്തു നോക്കണമെങ്കിൽ സീയോനെയും ജോസഫ് പൊന്നാറയെയും നിന്ദിക്കുകയും വ്യാജ വാർത്തകൾ കൊണ്ട് അവഹേളിക്കുകയും അല്ലാതെ വേറെ വഴിയില്ല... അവരുടെ ജോലി അവർ വേഗം പൂർത്തിയാക്കട്ടെ.

അതുപോലെ സീയോനിൽ ആരെയും നിർബന്ധിച്ച് നിറുത്തിയിട്ടുമില്ല.... ഇവിടെ പ്രഘോഷിക്കപ്പെടുന്ന ദൈവവചനങ്ങൾ വിശ്വസിച്ചേ പറ്റൂ എന്ന് പറഞ്ഞു ആരോടും സീയോനിൽ നിൽക്കാൻ ആവശ്യപ്പെട്ടിട്ടുമില്ല. ഒരാൾ എന്ത് വിശ്വസിക്കണം എന്ന് തീരുമാനിക്കേണ്ടത് അതത് വ്യക്തികളാണ്. '- ഷെബിൻ അഗസ്ററിൽ വ്യക്തമാക്കുന്നു. എന്നാൽ സഭയിൽനിന്ന് പുറത്തന്നവർ ആകെട്ടെ ഇതെല്ലാം തള്ളിക്കളയുകയാണ്. തങ്ങളുടെ ആജീവനാന്ത സമ്പാദ്യം നഷ്മായെന്നും സ്വർഗം മോഹിച്ച് എത്തിയ ഞങ്ങളുടെ ജീവിതം നരകതുല്യമാണെന്നും പറയുകയാണ് അവർ. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി അവരുടെ ഇടപെടൽ കാത്ത കഴിയുകയാണ് എല്ലാം നഷ്ടമായ ഇവർ.

(അവസാനിച്ചു)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP