Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കഥാപുസ്തകങ്ങളിൽ മാത്രം കണ്ടുശീലിച്ച ചിത്രം പോലെയുള്ള മനോഹരമായൊരു കാഴ്‌ച്ച; ഇത് പ്രകൃതിയുടെ കലവിരുത്; പൂക്കൾക്കൊണ്ട് പരവതാനി വിരിച്ച മലപ്പുറം മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ; വാകപ്പൂ വസന്തത്തെ പ്രകീർത്തിച്ച് കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലും

കഥാപുസ്തകങ്ങളിൽ മാത്രം കണ്ടുശീലിച്ച ചിത്രം പോലെയുള്ള മനോഹരമായൊരു കാഴ്‌ച്ച; ഇത് പ്രകൃതിയുടെ കലവിരുത്; പൂക്കൾക്കൊണ്ട് പരവതാനി വിരിച്ച മലപ്പുറം മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ; വാകപ്പൂ വസന്തത്തെ പ്രകീർത്തിച്ച് കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലും

ജംഷാദ് മലപ്പുറം

മലപ്പുറം: കഥാപുസ്തകങ്ങളിൽ മാത്രം കണ്ടുശീലിച്ച ചിത്രം പോലെയുള്ള മനോഹരമായൊരു കാഴ്‌ച്ച. ഇത് പ്രകൃതിയുടെ കലവിരുത്, പൂക്കൾക്കൊണ്ട് പരവതാനി വിരിച്ച മലപ്പുറം മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ, മലപ്പുറത്തെ റെയിൽവേ സ്റ്റേഷനിലെ വാകപ്പൂ വസന്തത്തെ പ്രകീർത്തിച്ച് കേന്ദ്ര റെയിൽവേ മന്ത്രിയും പിയൂഷ് ഗോയലും. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലാ കലക്ടർ ജാഫർ മാലിക് തന്റെ ഫേസ്‌ബുക്ക് പേജിൽ ഷെയർചെയ്ത മേലാറ്റൂർ റെയിൽവേ സ്റ്റേഷനിലെ വാകപ്പൂ വസന്തങ്ങളുടെ ഫോട്ടോകൾതന്നെയാണ് കേന്ദ്രമന്ത്രിയും തന്റെ ഫേസ്‌ബുക്ക് പേജിൽ ഷെയർചെയ്തിട്ടുള്ളത്.

കോവിഡ് ഭീതി സമ്മാനിച്ച ലോക്ക് ഡൗണിൽ ആളനക്കമില്ലാതെ പോയ മേലാറ്റൂർ ഗ്രാമീണ റയിൽവേ സ്റ്റേഷനിൽ പൊഴിഞ്ഞു വീണ ഗുൽമോഹറിതളുകൾ ചാലിച്ച ചിത്രം ദൃശ്യഭംഗിയേറ്റുകയാണ്. റെയിൽവേ ജീവനക്കാരനായ ഏലംകുളം സ്വദേശി ദീപക് ദേവ് പകർത്തിയ ചിത്രമാണ് ആദ്യമായി വാകപ്പൂക്കളുടെ കാഴ്ചയുടെ മനോഹാരിത നാട്ടുകാരെ അറിയിച്ചത്.

വാകകൾ ചുവപ്പ് പരവതാനി വിരിച്ച ഒരു റെയിൽവേ സ്റ്റേഷന്റെ ചിത്രമാണ് കഴിഞ്ഞ മൂന്നു ദിവസമായി സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയത്. മലപ്പുറം ജില്ലയിലെ മേലാറ്റൂർ.ഷൊർണൂർ - നിലമ്പൂർ പാതയിലെ സ്റ്റേഷൻ. പലരും പ്രിയപ്പെട്ട ഈരടികൾക്കൊപ്പം ചിത്രങ്ങളും ചേർത്ത് ഫേസ്‌ബുക് വാട്‌സാപ്പ് സ്റ്റാറ്റസുകളാക്കി. തലേന്ന് പെയ്ത മഴയുടെ നനവുള്ള; പ്ലാറ്റ്‌ഫോം, ഇളംപച്ചത്തോട് പൊട്ടിച്ചു നിലത്തുവീണ പ്രണയചുവപ്പുള്ള പൂക്കൾ, തീവണ്ടിയുടെ ചൂളം വിളിക്ക് കാതോർക്കുന്ന ആൾത്തിരക്കു കാക്കുന്ന ഒരു സിമന്റ് ബെഞ്ചും. ലോക്ഡൗണിൽ കുടുങ്ങിയ മലയാളിയുടെ ഗൃഹാതുരതയെയാണ് ചിത്രങ്ങൾ തൊട്ടുണർത്തിയത്

കാഴ്ചകളാൽ സമ്പന്നമാണ് ഷൊർണുർ -നിലമ്പൂർ പാതയിലെ യാത്ര. രാജ്യത്തെതന്നെ ഏറ്റവും മനോഹരമായ റെയിൽ പാതകളിൽ ഒന്ന്. ദൈർഖ്യം കുറഞ്ഞ ബ്രോഡ്‌ഗേജ് പാത 66കിലോമീറ്റർ ഇരുവശങ്ങളിലും തേക്കും ആലും തണൽ വിരിക്കുന്ന പച്ചത്തുരുത്ത്. അതിനിടയിലൂടെ ചൂളം വിളിച്ചു വരുന്ന പാസഞ്ചർ ട്രെയിൻ അതിസുന്ദരമെന്ന് ഇതിനു മുമ്പും കേന്ദ്ര റെയിൽ മന്ത്രി ട്വീറ്റ് ചെയ്തിരുന്നു.

ഷൊർണൂരിനും നിലമ്പൂരിനും ഇടയിൽ 10സ്റ്റേഷനുകൾ ആണ് പാതയിൽ ഉള്ളത്. ചെറുതും പ്രകൃതിയോട് ഇണങ്ങി നിൽക്കുന്നതും ആയവ. വാടാനാംകുറിശ്ശി, വല്ലപ്പുഴ, കുലുക്കല്ലൂർ, ചെറുകര, അങ്ങാടിപ്പുറം, പട്ടിക്കാട്, മേലാറ്റൂർ, തുവ്വൂർ, തൊടിയപ്പുലം, വാണിയമ്പലം. ഷൊർണൂരിന്റെ തിരക്ക് വിട്ടാൽ പിന്നെ ഗ്രാമങ്ങളുടെ ഹൃദയത്തിലൂടെയാണ് യാത്ര.നാല് പുഴകളാണ് പോകും വഴി ഉള്ളത്.

കുലുക്കല്ലൂരിനും ചെറുകരക്കും ഇടയിലുള്ള കുന്തിപ്പുഴ, പട്ടിക്കാടിനും മേലാറ്റൂരിനും ഇടയിലുള്ള വെള്ളിയാർ പുഴ,മേലാറ്റൂരിനും തുവ്വൂരിനും ഇടയിലുള്ള ഒലിപ്പുഴ, വാണിയമ്പലത്തിനും നിലമ്പൂർ റോഡിനും ഇടയിലുള്ള കുതിരപ്പുഴ. അങ്ങാടിപ്പുറമാണ് കൂട്ടത്തിലെ ഒരു പ്രധാന സ്റ്റേഷൻ. ഒരുപാട് സിനിമകളുടെ ലൊക്കേഷൻ. കൃഷ്ണഗുഡി എന്ന് പറഞ്ഞാൽ പെട്ടന്ന് മനസ്സിലാവും. ഏറ്റവും പ്രശസ്തം നിലമ്പൂർ തന്നെ. കാടിന്റെ കുളിരുള്ള ചെറിയ പട്ടണം.

ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിൻ തോട്ടം നിലമ്പൂരാണ്. കനോലി പ്ലോട്ട് എന്ന ഇവിടേക്ക് നിലമ്പൂർ പട്ടണത്തിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരമുണ്ട്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കും ഇവിടെയാണ്. ആഢ്യൻപാറ വെള്ളച്ചാട്ടം മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP