Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചെന്നിത്തല അങ്കിൾ 1000 വീടുകളിൽ ഒരെണ്ണം തരാമെന്ന് വാഗ്ദാനം ചെയ്തു; പിരിവെടുത്താണ് വീട് പണിയുന്നതെന്നറിഞ്ഞു; പല വ്യവസായികളും സഹായം ചെയ്യുന്നുണ്ടെന്നും മനസ്സിലായി; പലരും എന്നെ ഫോണിൽ ബന്ധപ്പെട്ടിരുന്നു; ഇത് സുരക്ഷയെ ബാധിച്ചാലോ എന്ന തോന്നലുണ്ടായി; ആ വീട് സ്നേഹത്തോടെ നിരസിച്ചു; അണികൾ ഇങ്ങനെ പ്രവർത്തിച്ചാൽ പ്രതിപക്ഷ നേതാവ് വീട്ടിൽ തന്നെയിരിക്കും; ഇത് കേട്ടാലറക്കുന്ന അസഭ്യവും ബോഡി ഷെയിമിങും; 'എന്റെ ടിക് ടോക്ക് രാഷ്ട്രീയം' വിവാദത്തിൽ ഹനാൻ മറുനാടനോട്

ചെന്നിത്തല അങ്കിൾ 1000 വീടുകളിൽ ഒരെണ്ണം തരാമെന്ന് വാഗ്ദാനം ചെയ്തു; പിരിവെടുത്താണ് വീട് പണിയുന്നതെന്നറിഞ്ഞു; പല വ്യവസായികളും സഹായം ചെയ്യുന്നുണ്ടെന്നും മനസ്സിലായി; പലരും എന്നെ ഫോണിൽ ബന്ധപ്പെട്ടിരുന്നു; ഇത് സുരക്ഷയെ ബാധിച്ചാലോ എന്ന തോന്നലുണ്ടായി; ആ വീട് സ്നേഹത്തോടെ നിരസിച്ചു; അണികൾ ഇങ്ങനെ പ്രവർത്തിച്ചാൽ പ്രതിപക്ഷ നേതാവ് വീട്ടിൽ തന്നെയിരിക്കും; ഇത് കേട്ടാലറക്കുന്ന അസഭ്യവും ബോഡി ഷെയിമിങും; 'എന്റെ ടിക് ടോക്ക് രാഷ്ട്രീയം' വിവാദത്തിൽ ഹനാൻ മറുനാടനോട്

ആർ പീയൂഷ്

കൊച്ചി: ഇങ്ങനെ പോയാൽ അണികൾ എല്ലാവരും കൂടി പ്രതിപക്ഷ നേതാവിനെ വീട്ടിലിരിത്തുമെന്ന് കേരളത്തിന്റെ ദത്തു പുത്രി ഹനാൻ. പ്രതിപക്ഷ നേതാവിനെ ട്രോളി ടിക്ക് ടോക്ക് വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടർന്ന് വ്യാപകമായി സൈബർ അറ്റാക്ക് നേരിടുന്നതിനെ പറ്റി മറുനാടൻ മലയാളിയോട് സംസാരിക്കുകയായിരുന്നു ഹനാൻ.

ഒരു പെൺ കുട്ടിയായ തന്നെ വളരെ മോശമായ രീതിയിലാണ് അദ്ദേഹത്തിന്റെ അണികൾ തേജോ വധം ചെയ്യുന്നത്. ടിക്ക് ടോക്ക് രാഷ്ട്രീയം എന്ന പേരിൽ പോസ്റ്റ് ചെയ്ത വീഡിയോയുടെ അടിയിൽ എന്നെ ലൈംഗികമായി ബലാൽസംഗം ചെയ്യുമെന്നാണ് കമന്റുകളിൽ പറയുന്നത്. എന്നെ പോലെ പത്ത് പെൺകുട്ടികൾ ഇത്തരത്തിൽ വിമർശനം ഉന്നയിച്ച് ഒരു ട്രോൾ വീഡിയോ ഇറക്കിയാൽ അവരെയെല്ലാം കോൺഗ്രസ് ലീഗ് പ്രവർത്തകർ ഇത്തരത്തിൽ പീഡിപ്പിക്കുമോ? അപ്പോൾ ഇവരുടെ കയ്യിൽ ഭരണം കൊടുത്താലുള്ള അവസ്ഥ എന്തായിരിക്കും-ഹനാൻ വിശദീകരിച്ചു.

ഇങ്ങനെ അണികൾ പ്രവർത്തിച്ചാൽ പ്രതിപക്ഷ നേതാവ് വീട്ടിൽ തന്നെയിരിക്കും. കാരണം അണികൾ കേട്ടാലറക്കുന്ന അസഭ്യവും ബോഡി ഷെയിമിങുമാണ് നടത്തുന്നത്. പെൺകുട്ടികളെ അപമാനിച്ചുകൊണ്ടാണോ അവർ ഭരണം സ്വന്തമാക്കാൻ ശ്രമിക്കുന്നത് എന്നും ഹനാൻ ചോദിക്കുന്നു. സ്‌കൂൾ യൂണിഫോമിൽ മീൻവിറ്റ് വാർത്തകളിൽ ഇടംനേടിയ കൊച്ചിയിലെ ഹനാനെതിരെയാണ് കോൺഗ്രസുകാർ ചീത്തവിളിയുമായി എത്തിയത്. 'എന്റെ ടിക് ടോക്ക് രാഷ്ട്രീയം' എന്ന തലക്കെട്ടിൽ ഹനാൻ ചെയ്ത വീഡിയോയാണ് കോൺഗ്രസുകാരെ ക്ഷുഭിതരാക്കിയത്. 'ലോകം മുഴുവൻ എന്നെ ചവിട്ടിപ്പുറത്താക്കാൻ നോക്കിയപ്പോൾ കൂടെനിന്നത് കോൺഗ്രസാണ് എന്ന് കൊറോണ; അതെ പ്രതിപക്ഷനേതാവ് ഇനിയും ഉസ്മാനെ വിളിക്കണം. കൊറോണയെക്കുറിച്ച് രണ്ടുവാക്ക് പറയണം'. ഇത്രയുമാണ് ഹനാൻ വീഡിയോയിൽ പറഞ്ഞത്. ശനിയാഴ്ച രാത്രി പോസ്റ്റ് ചെയ്ത ഈ വീഡിയോയുടെ ടെക്സ്റ്റും പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതേ സമയം വീഡിയോയുടെ കമന്റുകളിൽ രമേശ് ചെന്നിത്തല പണിതു കൊടുത്ത വീട്ടിലിരുന്നു തന്നെ അദ്ദേഹത്തെ ഇത്തരത്തിൽ വിമർിക്കണോ എന്ന ചോദ്യം ഉയർന്നിരുന്നു. ഇതിന് മറുപടിയായി ഹനാൻ പറയുന്നതിങ്ങനെ; കഴിഞ്ഞ വർഷം ചെന്നിത്തല അങ്കിൾ കോൺഗ്രസ് വച്ചു കൊടുക്കുന്ന 1000 വീടുകളിൽ ഒരു വീട് കൂടി എനിക്ക് തരാമെന്ന് വാഗ്ദാനം ചെയ്തു. എന്നാൽ അത് പാർട്ടി പിരിവെടുത്താണ് വീട് പണിയുന്നതെന്നറിഞ്ഞു. അതിൽ പല വ്യവസായികളും സഹായം ചെയ്യുന്നുണ്ടെന്നും മനസ്സിലായി. അതിനാൽ ഈ വീട് സ്വീകരിച്ചാൽ പല പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വരും. അതിന് കാരണം പല പ്രമുഖ വ്യവസായികളും എന്നെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇത് ഒരു പക്ഷേ എന്റെ സുരക്ഷയെ ബാധിച്ചാലോ എന്ന തോന്നലുണ്ടായി. തുടർന്ന് ആ വീട് വേണ്ട എന്ന് സ്നേഹത്തോടെ നിരസിക്കുകയായിരുന്നു.

ആ തീരുമാനം ശരിയായിരുന്നു എന്ന് കാലം ഇപ്പോൾ തെളിയിച്ചിരിക്കുകയാണ്. ഒരു ട്രോൾ വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരിൽ എനിക്ക് കിട്ടാത്ത വീടിനെ പറ്റിയും പണത്തെ പറ്റിയും പറഞ്ഞ് എന്നെ ആക്രമിക്കുകയാണ്. ഞാൻ ഒരു ആനുകൂല്യവും അവരുടെ പക്കൽ നിന്നും വാങ്ങിയിട്ടില്ല. വീട് കൈപറ്റിയിട്ട് നന്ദികേട് കാണിക്കുകയാണെന്നാണ് സൈബർ അറ്റാക്ക് നടത്തുന്ന അണികൾ പ്രചരിപ്പിക്കുന്നത്. വീട് തന്നു എന്ന് അവർ പറയുന്നത് ശരിയാണെങ്കിൽ ഒരു ഫോട്ടോയോ എന്തെങ്കിലും തെളിവോ കൊണ്ടു വരട്ടെ. ഇനി അഥവാ ഞാൻ ആ വീട് സ്വീകരിക്കുകയും അവിടെ താമസിക്കുകയുമായിരുന്നെങ്കിൽ എന്താകുമായിരുന്നു. ഇവരെല്ലാം കൂടി എന്നെ ആ വീട്ടിൽ നിന്നും അടിച്ചിറക്കിയേനെ എന്നും ഹനാൻ പറയുന്നു.

എല്ലാ ജനങ്ങളുടെയും ഒരു തെറ്റിദ്ധാരണയുണ്ട് കേരളത്തിന്റെ ദത്തു പുത്രിയായതിനാൽ എല്ലാ ചിലവുകളും സർക്കാരാണ് വഹിക്കുന്നത് എന്ന്. എന്നാൽ അങ്ങനെയല്ല, എന്റെ സുരക്ഷയുടെ കാര്യത്തിൽ സർക്കാർ വലിയ കരുതലെടുക്കുന്നുണ്ട്. എന്റെ ചെലവ്ക്ക് ഞാൻ പാർട്ട് ടൈം ജോലികൾ ചെയ്താണ് പണമുണ്ടാക്കുന്നത്. ക്രാഫ്റ്റ് വർക്കുൾ ചെയ്തും ഇവന്റകൾക്ക് പോയും ചില ഷോപ്പുകളുടെ ഉദ്ഘാടനത്തിന് പോയും കിട്ടുന്ന തുക ഉപയോഗിച്ചാണ് നിത്യ ചെലവ് നടത്തുന്നത്. കളമശ്ശേരിയിൽ ഒരു വാടകവീട്ടിലാണ് കഴിയുന്നത്.

അതേ സമയം സോഷ്യൽ മീഡിയയിൽ ബോഡി ഷെയ്മിങ് നടത്തിയവർക്കെതിരെ കടുത്ത നിയമ നടപടികളുമായി പോകുമെന്ന് ഹനാൻ പറഞ്ഞു. മുത്തശ്ശന്റെ പ്രായമുള്ള ഒരാൾ വളരെ മോശമായ പദങ്ങളുപയോഗിച്ച് അപമാനിച്ചിട്ടുണ്ട്. കൂടാതെ ലൈംഗിക ചുവയോടെ കമന്റുകളിട്ട നിരവധി ഫെയ്സ് ബുക്ക് പ്രൊഫൈലുകളും ശേഖരിച്ചിട്ടുണ്ട്. ഇവയെല്ലാം ചേർത്ത് കളമശ്ശേരി പൊലീസിന് ഇന്ന് പരാതി നൽകും. അപമാനിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലുമാണ് ഹനാൻ.

കഷ്ടപ്പാട് കാലത്ത് സഹായമെത്തിച്ചത് കോൺഗ്രസാണെന്നും ഇപ്പോൾ വെറും സൈബർ രാഷ്ട്രീയക്കാരിയായി തരംതാഴരുതെന്നും പറഞ്ഞാണ് ഹനാനെതിരെ ചീത്തവിളി തുടങ്ങിയത്. കേട്ടാലറയ്ക്കുന്ന തെറിമുതൽ ബോഡി ഷെയ്മിങ് പരാമർശങ്ങളുമുണ്ട്. 'കമന്റ് ബോക്‌സിൽ പൊങ്കാലയിടുന്നവർക്ക് സ്വാഗതം. ഞാൻ നിങ്ങളുടെ വീട്ടിലെ അനിയത്തിയോ ചേച്ചിയോ അല്ലാത്തതുകൊണ്ടുതന്നെ മോശം അധിക്ഷേപങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികം. ചെന്നിത്തല ഇടപെട്ട് കുവൈത്ത് മലയാളികൾ എനിക്ക് വീടുവച്ചു നൽകിയെന്നും സഹായിച്ചവരെ ചെളിവാരിയെറിയരുതെന്നും പറയുന്നവരുണ്ട്. അവർ സത്യാവസ്ഥ മനസ്സിലാക്കണം. ആരും എനിക്ക് വീടുവച്ച് തന്നിട്ടില്ല.

ഇപ്പോഴും കളമശ്ശേരിയിൽ വാടകവീട്ടിലാണ് താമസിക്കുന്നത്. ചികിത്സാസഹായം നൽകിയത് ശൈലജ ടീച്ചറാണ്. കൂടാതെ കിട്ടിയ സഹായം ഒന്നരലക്ഷം രൂപ ഞാൻ പ്രളയസമയത്തു നൽകി. അതിനു രേഖയുമുണ്ട്'- തെറിവിളിക്കാരോട് ഹനാൻ മറുപടി നൽകിയത് ഇങ്ങനെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP