Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിൽ കേരള മോഡൽ പ്രതിരോധം സാധ്യമാണോ? സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനം അറിയാൻ കെ കെ ശൈലജയുമായി ചർച്ച നടത്തി മാഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ഭയ്യ; പ്രതിരോധ പ്രവർത്തനങ്ങളും ട്രാക്കിങ് സിസ്റ്റവും അടക്കം വിശദീകരിച്ചു കേരള മന്ത്രിയും; മഹാരാഷ്ട്രയുടെ സാഹചര്യം വ്യത്യസ്തമായതിനാൽ കോവിഡ് നിയന്ത്രണത്തിന് 'കേരള മാതൃക' നടപ്പാക്കാൻ സാധിക്കില്ലെന്ന് സർക്കാർ ബോംബെ ഹൈക്കോടതിയിലും

ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിൽ കേരള മോഡൽ പ്രതിരോധം സാധ്യമാണോ? സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനം അറിയാൻ കെ കെ ശൈലജയുമായി ചർച്ച നടത്തി മാഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ഭയ്യ; പ്രതിരോധ പ്രവർത്തനങ്ങളും ട്രാക്കിങ് സിസ്റ്റവും അടക്കം വിശദീകരിച്ചു കേരള മന്ത്രിയും; മഹാരാഷ്ട്രയുടെ സാഹചര്യം വ്യത്യസ്തമായതിനാൽ കോവിഡ് നിയന്ത്രണത്തിന് 'കേരള മാതൃക' നടപ്പാക്കാൻ സാധിക്കില്ലെന്ന് സർക്കാർ ബോംബെ ഹൈക്കോടതിയിലും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: കോവിഡ് പ്രതിരോധത്തിന്റെ കേരള മോഡൽ രാജ്യത്തെങ്ങും നടപ്പിലാക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ നടക്കുമ്പോഴും പലപ്പോഴും സാഹചര്യങ്ങൾ വ്യത്യസ്തമായത് അതിന് തിരിച്ചടിയാകുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള സംസഥാനം എന്ന നിലയിൽ മഹാരാഷ്ട്ര സർക്കാറും കേരള മോഡലിനെ കുറിച്ചു ചോദിച്ചറിയാൻ കേരള ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തി. മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ഭയ്യ ടോപ്പെയാണ് കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെ കുറിച്ച് അറിയാൻ ചർച്ച നടത്തിയത്. കോവിഡ്19 പ്രതിരോധത്തിൽ കേരളത്തിന്റെ പ്രവർത്തനങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രി രാജേഷ് ഭയ്യ ടോപ്പെ കെ കെ ശൈലജയുമായുള്ള വീഡിയോ കോൺഫെറൻസിൽ പറഞ്ഞു. അതേസമയം ഈ മോഡൽ മഹാരാഷ്ട്രയിൽ നടപ്പിലാക്കുള്ള പ്രായോഗിക ബുദ്ധിമുട്ടാ് ബോംബെ ഹൈക്കോടതിയിൽ സർക്കാർ അറിയിച്ചത്.

ഇത്രയധികം കോവിഡ് കേസുകൾ ഉണ്ടായിരുന്നിട്ടും കേരളത്തിൽ മരണസംഖ്യ കുറയ്ക്കാനും മികച്ച ക്വാറന്റീൻ സംവിധാനത്തോടെ നിയന്ത്രണ വിധേയമാക്കാനും സാധിച്ചത് അഭിനന്ദനാർഹമാണെന്നും പ്ലാസ്മ ചികിത്സയിലുൾപ്പെടെ കേരളത്തിന് മുന്നേറാനായത് പ്രശംസനീയമാണെന്നും രാജേഷ് ഭയ്യ ടോപ്പ് വ്യക്തമാക്കി. കേരളം വിജയകരമായി നടപ്പിലാക്കിയ സ്റ്റാന്റേർഡ് ഓപ്പറേറ്റിങ് പ്രോട്ടോകോൾ, ഗൈഡ് ലൈൻസ്, ചികിത്സ, പരിശോധനകൾ എന്നിവ ഉൾപ്പെടെയുള്ളവ കാര്യങ്ങളെപ്പറ്റി അദ്ദേഹം കേരളത്തിന്റെ ആരോഗ്യമന്ത്രിയോട് വിശദമായി ചോദിച്ച് മനസിലാക്കി. ഇതുകൂടാതെ ആശുപത്രി പ്രവർത്തനങ്ങൾ, ഗവേഷണം, പ്രതിരോധ സംവിധാനങ്ങൾ, ജീവനക്കാരുടെ പരിശീലനം, സുരക്ഷാ മാർഗങ്ങൾ, ലോക് ഡൗൺ എന്നീ കാര്യങ്ങളെക്കുറിച്ചും വീഡിയോ കോൺഫറൻസിൽ ദീർഘമായി ചർച്ച ചെയ്തു.

ഇന്ത്യയിൽ ഏറ്റവുമധികം കേസുകളും മരണവും റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര. മരണം കുറയ്ക്കുന്നതിനും രോഗം പകരാതിരിക്കാനും സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പും പരമാവധി ശ്രമിക്കുന്നുണ്ടെന്നും എന്നാൽ ധാരാവി പോലെയുള്ള ചേരി പ്രദേശങ്ങളിൽ ജനങ്ങളെക്കൊണ്ട് സാമൂഹിക അകലം പാലിപ്പിക്കാൻ കഴിയാത്തതാണ് വലിയ വെല്ലുവിളി ഉയർത്തുന്നതെന്ന് മന്ത്രി രാജേഷ് ഭയ്യ ടോപ്പെ പറഞ്ഞു.

കേരളം ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും പരീക്ഷിച്ച് വിജയിച്ചതാണ് ഹോം ക്വാറന്റീനെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. കേരളത്തിലും മുറിക്കുള്ളിൽ ടോയിലറ്റ് സൗകര്യം പോലും ഇല്ലാതെ പലയാളുകൾക്കും വീട്ടിനുള്ളിൽ സാമൂഹിക അകലം പാലിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും അവരെയെല്ലാം സർക്കാർ കെയർ സെന്ററുകളിലാണ് പാർപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തന്റെ കുട്ടികൾക്കും ബന്ധുക്കൾക്കും രോഗം ബാധിക്കാതിരിക്കാൻ പരമാവധി ആളുകൾ ആരോഗ്യ വകുപ്പിന്റെ ക്വാറന്റീൻ നിർദ്ദേശം പാലിക്കാറുണ്ട്. വളരെ നേരത്തെ തന്നെ കേരളം വ്യക്തമായ പദ്ധതികൾ ആവിഷ്‌ക്കരിച്ചാണ് മുമ്പോട്ട് പോയത്. രോഗ വ്യാപനമുണ്ടായാൽ സ്വകാര്യ ആശുപത്രികളെക്കൂടി ഉൾപ്പെടുത്തി പ്ലാൻ എ, പ്ലാൻ ബി, പ്ലാൻ സി പദ്ധതികൾ ആവിഷ്‌ക്കരിച്ചു. ഒരു സന്നിദ്ധ ഘട്ടമുണ്ടായാൽ 24 മണിക്കൂറിനകം അവ നടപ്പിലാക്കാൻ സാധിക്കുന്നതാണ് മന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഏകോപനത്തിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ വലിയ പ്രവർത്തനങ്ങളാണ് കേരളത്തിൽ നടക്കുന്നത്. വയോജനങ്ങൾ, ഗർഭിണികളായ സ്ത്രീകൾ, മറ്റ് പലതരം രോഗങ്ങൾക്കായി ചികിത്സയിലുള്ളവർ, ഭിന്നശേഷിക്കാർ തുടങ്ങിയവരെ രോഗപ്പകർച്ചയ്ക്കുള്ള സാധ്യതകളിൽ നിന്നും മാറ്റിനിർത്താനായി റിവേഴ്സ് ക്വാറന്റീൻ നടപ്പിലാക്കി. കൊറോണ ഭീതിയുടെ നാളുകളിൽ പ്രായം ചെന്നവർക്കുള്ള ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള മരുന്നുകൾ, കിടപ്പുരോഗികൾക്കുള്ള മരുന്നുകൾ എന്നിവ അവരവരുടെ വീടുകളിൽ എത്തിക്കുന്നതിന് ആശാവർക്കർമാർ, അങ്കണവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, പൊലീസ് സേന തുടങ്ങി വിവിധ വിഭാഗങ്ങളുടെ സഹായത്തോടെ ശ്രമിച്ചു.

43 ലക്ഷം പേരെയാണ് ഇതിനിടയിൽ ബന്ധപ്പെട്ടിട്ടുള്ളത്. കൺട്രോൾ റൂം കേന്ദ്രീകരിച്ച് ഈ കാര്യം ദൈനംദിനം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിൽ രോഗപ്പകർച്ചയുടെ തോത് കുറയ്ക്കാൻ ഇത് ഏറെ സഹായിച്ചിട്ടുണ്ട്. അങ്കണവാടി കുട്ടികളുടെ ഭക്ഷണം വീട്ടിലെത്തിച്ചു. ജനങ്ങൾക്കായി കമ്മൂണിറ്റി കിച്ചൺ, ഭക്ഷണക്കിറ്റ്, ക്ഷേമ പെൻഷൻ എന്നിവ നൽകി. ജനങ്ങളുടെ മാനസികാരോഗ്യത്തിനും വളരെ പ്രാധാന്യം നൽകി. 1100ലേറെ കൗൺസിലർമാർ 8 ലക്ഷത്തിലേറെ പേർക്കാണ് കൗൺസിലിങ് നടത്തി അവരുടെ ഭീതിയകറ്റി സമാധാനപൂർണമായ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായി.

അതേസമയം, ജീവനക്കാരുടെ മാനസികാരോഗ്യത്തിന് കേരളം നടപ്പിലാക്കിയ മോട്ടിവേഷൻ കാമ്പയിനെപ്പറ്റി മന്ത്രി രാജേഷ് ഭയ്യ ടോപ്പെ താത്പര്യത്തോടെയാണ് സംസാരിച്ചത്. ആരോഗ്യ മന്ത്രി നേരിട്ടും മോഹൻലാൽ, ജയറാം, ഫഹദ് ഫാസിൽ, ടോവിനോ, കെ.എസ്. ചിത്ര ഉൾപ്പെടെയുള്ള സെലിബ്രിറ്റികളും പങ്കെടുക്കുന്ന കാമ്പയിൻ ആരോഗ്യ പ്രവർത്തകർക്ക് വലിയ ആത്മവിശ്വാസം നൽകിയിരുന്നു. ഇത് പുതിയ അനുഭവമാണെന്ന് മന്ത്രി രാജേഷ് ഭയ്യ ടോപ്പെ അറിയിച്ചു.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കോവിഡ് പ്രതിരോധത്തിന്റെ ഒന്നാം ഘട്ടത്തിൽ മഹാരാഷ്ട്ര, തെലുങ്കാന, ഒഡീഷ, ഡൽഹി, കർണാടക, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ കേരളം സ്വീകരിച്ച നടപടികൾ സസൂക്ഷ്മം പഠിച്ചിരുന്നു.

കർണാടക അടുത്തിടെ വീണ്ടും ബന്ധപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് മഹാരാഷ്ട്ര ബന്ധപ്പെടുന്നത്. അതേസമയം മഹാരാഷ്ട്ര ആരോഗ്യമന്ത്രി ചർച്ചകൾ നടത്തിയപ്പോഴും കോവിഡ് നിയന്ത്രണത്തിന് 'കേരള മാതൃക' നടപ്പാക്കുന്നതിനെ മഹാരാഷ്ട്ര സർക്കാർ ഔദ്യോഗികമായി എതിർക്കുകയാണ് ചെയ്തത്. സംസ്ഥാനത്തെ സാഹചര്യം കേരളത്തിൽ നിന്നു വ്യത്യസ്തമാണ്. കേന്ദ്ര സർക്കാരിന്റെയും ലോകാരോഗ്യ സംഘടനയുടെയും മാർഗരേഖ അടിസ്ഥാനമാക്കിയുള്ള നടപടികളാണ് സ്വീകരിച്ചത് - ഹർജി തള്ളണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിൽ കോവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളം സ്വീകരിച്ച നടപടികൾ മാതൃകയാക്കണമെന്ന് ആവശ്യപ്പെട്ട് നാഗ്പുർ സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ വാദം കേൾക്കുന്നത് ഇന്നും തുടരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP