Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാവിലെ വിദ്യാഭ്യാസ മന്ത്രിയുടെ അറിയിപ്പ് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റി വയ്ക്കുമെന്ന്; വൈകിട്ട് മുഖ്യമന്ത്രിയുടെ അറിയിപ്പ് തീരുമാനിച്ച തീയ്യതി തന്നെ പരീക്ഷ നടത്തുമെന്ന്; കേന്ദ്ര മാനദണ്ഡം നിലനിൽക്കുമ്പോൾ പരീക്ഷകൾ നടപ്പിലാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ; സാമൂഹിക അകലം പാലിച്ച് നിശ്ചയിച്ച ദിവസം തന്നെ പരീക്ഷ നടത്തുമെന്ന് മുഖ്യൻ; ഭാവിയിൽ ആശങ്കയൊഴിയാതെ വിദ്യാർത്ഥികളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകൾ നടത്തുന്നതിനെ സംബന്ധിച്ച മുഖ്യമന്ത്രിയുടേയും വിദ്യാഭ്യാസമന്ത്രിയുടേയും മാറി മാറിയുള്ള പ്രതികരണങ്ങളെത്തിയതോടെ വെട്ടിലായത് പരീക്ഷ എഴുതാനായി കാത്തിരിക്കുന്ന വിദ്യാർത്ഥികൾ. എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ നേരത്തെ നിശ്ചയിച്ച തീയതികളിൽ തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചത്. ഈമാസം 26 മുതൽ 30 വരെ മുൻ നിശ്ചയപ്രകാരം പരീക്ഷകൾ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

കൃത്യമായ സാമൂഹിക അകലം പാലിച്ചും കോവിഡ് പ്രതിരോധ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചുമായിരിക്കും പരീക്ഷകൾ നടത്തുക.പരീക്ഷകൾ മാറ്റിവച്ചതായി ഇന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് വിളിച്ച ഉന്നതതലയോഗത്തിലാണ് പരീക്ഷ മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. ജൂണിൽ പരീക്ഷ നടത്തുമെന്നായിരുന്നു അറിയിപ്പ്.

എന്നാൽ ഇതിന് വിരുദ്ധമായാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പരീക്ഷ നടത്തുമെന്ന് അറിയിച്ചത്. നേരത്തെ നിശ്ചയിച്ച ടൈംടേബിൾ പ്രകാരമാണ് പരീക്ഷ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ലോക്ക്ഡൗൺ മെയ്‌ 31 വരെ നീട്ടിയ പശ്ചാത്തലത്തിൽ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ മാറ്റിയതായിട്ടാണ് വിദ്യഭ്യാസ മന്ത്രി ഉച്ചയ്ക്ക് പ്രതികരണം രേഖപ്പെടുത്തിയത്. പരീക്ഷകൾ മാറ്റുകയാണെന്നും പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്നും സി രവീന്ദ്രനാഥ് പ്രതികരിച്ചിരുന്നു.

ഉന്നതതലയോഗത്തിലാണ് തീരുമാനമെടുത്തത്. ഞായറാഴ്ച വൈകുന്നേരം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മാനദണ്ഡ പ്രകാരം സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കരുതെന്നാണ് നിർദ്ദേശം. ഇതേതുടർന്നാണ് പരീക്ഷകൾ മാറ്റിയതായി വിദ്യാഭ്യാസ മന്ത്രി മാധ്യമങ്ങളെ കണ്ടതും. എന്നാൽ വൈകിട്ട് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പരീക്ഷ നടത്തുമെന്ന് പറഞ്ഞതോടെ വിദ്യാർത്ഥികളും ആശങ്കയിലായിരിക്കുകയാണ്. കേന്ദ്രസർക്കാർ നിബന്ധന ലംഘിച്ച് പരീക്ഷ നടത്താൻ കഴിയുമോ എന്നാണ് ഭൂരിപക്ഷം ആളുകളുടേയും സംശയം.

കോളജുകൾ, സ്‌കൂളുകൾ അടക്കം ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളും മെയ് 31 വരെ തുറക്കരുതെന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ നാലാംഘട്ട ലോക്ക്ഡൗൺ മാനദണ്ഡങ്ങളിൽ നിർദ്ദേശിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് മെയ് 31 വരെ പരീക്ഷകൾ ഒന്നും നടത്തേണ്ടെന്ന് തീരുമാനിച്ചത്. സർവകലാശാലകൾ 31 വരെയുള്ള പല തീയതികളിലായി നിശ്ചയിച്ച പരീക്ഷകളുംമാറ്റിവെച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് മദ്യശാലകൾ ബുധനാഴ്ച തുറക്കുന്നതിൽ സർ പിന്നോട്ടില്ല.

ബിവറേജസ് കണസ്യൂമർ ഫെഡ് ഔട്ട് ലറ്റുകളിൽ മദ്യം വിൽക്കാം. ബാറുകളിൽ കൗണ്ടർ വഴി വിൽപനക്ക് അനുമതി ഉണ്ടാകും. നാലാം ഘട്ട ലോക്ക് ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച സംസ്ഥാന സർക്കാറിന്റെ മാർഗ്ഗ നിർദ്ദേശം പ്രകാരമാണ് മദ്യവിൽപ്പന അനുമതി നൽകുന്നത്. ക്ലബുകൾക്കും മദ്യവിൽപ്പനക്ക് അനുമതി നൽകിയേക്കുമെന്നാണ് വിവരം. സാമൂഹിക അകലം പാലിച്ച് തിരക്ക് നിയന്ത്രിച്ച് മദ്യ വിൽപ്പന നടത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് സംബന്ധിച്ച് വിശദമായ മാർഗ്ഗ നിർദ്ദേശം പൊലീസിന് കൈമാറും. എങ്ങനെ തീരുമാനം നടപ്പാക്കണമെന്ന കാര്യത്തിൽ കൂടിയാലോചനകൾ നടക്കുകയാണ്.

ബാർബർ ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കാനും അനുമതിയായി. ബാർബർഷോപ്പിൽ മുടി വെട്ടുന്നതിന് മാത്രമാണ് അനുമതിയുള്ളത്. ലോക്ക്ഡൗണിനെത്തുടർന്ന് അടച്ചിട്ടിരുന്ന ബാർബർ ഷോപ്പുകൾ നീണ്ട കാലയളവിന് ശേഷമാണ് വീണ്ടും തുറക്കുന്നത്.ഫേഷ്യൽ അടക്കം മറ്റ് സൗന്ദര്യവർധക പ്രവർത്തനങ്ങൾ നടത്തുന്നതിന് വിലക്ക് തുടരും. ബ്യൂട്ടി പാർലറുകൾക്ക് അനുമതിയില്ല. ബാർബർഷോപ്പിൽ സാമൂഹിക അകലം പാലിക്കൽ ബുദ്ധിമുട്ടാകും എന്നതു പരിഗണിച്ചാണ് പ്രവർത്തനത്തിന് സർക്കാർ അനുമതി നിഷേധിച്ചിരുന്നത്.

മാത്രമല്ല, തമിഴ്‌നാട് അടക്കം നിരവധി സംസ്ഥാനങ്ങളിൽ ബാർബർഷോപ്പിൽ നിന്നും നിരവധി പേർക്ക് രോഗം പകർന്നതായും റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ബാർബർഷോപ്പുകൾക്ക് സർക്കാർ പ്രവർത്തനാനുമതി നിഷേധിച്ചത്. നാലാംഘട്ട ലോക്ക്ഡൗൺ മാർഗനിർദ്ദേശത്തിൽ ബാർബർഷോപ്പുകൾ തുറക്കുന്നത് അടക്കമുള്ളവയിൽ സംസ്ഥാനസർക്കാരുകൾക്ക് തീരുമാനിക്കാമെന്ന് വ്യക്തമാക്കിയിരുന്നു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP