Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദിവസവും 7 ലക്ഷം പേർവീതം മദ്യം വാങ്ങാൻ നിരത്തിൽ ഇറങ്ങുമെന്ന് ഉറപ്പായിട്ടും ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുറക്കുന്ന സർക്കാർ എന്തുകൊണ്ട് പള്ളികളും അമ്പലങ്ങളും തുറക്കുന്നില്ല? റംസാൻ കാലത്ത് നിസ്‌ക്കരിക്കാനുള്ള അവകാശത്തെക്കാൾ വലുതാണോ ഒരു മദ്യപാനിയുടേത്? ബാറുടമകൾ ചെയ്ത പോലെ പിരിച്ച് കാശു തരികയോ ആരാധനയ്ക്ക് നികുതി ഏർപ്പാടാക്കുകയോ ചെയ്താൽ മതിയെങ്കിൽ ഞങ്ങളും അതിന് ഒരുക്കമാണ് സാർ...

മറുനാടൻ ഡെസ്‌ക്‌

കേരളത്തിലെ മദ്യപിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് സന്തോഷത്തിന്റെ വാർത്തയുമായി സർക്കാർ മറ്റന്നാൾ(ബുധൻ) മുതൽ മദ്യവിൽപന ആരംഭിക്കുകയാണ്. ഇതുവരെ മദ്യം വാങ്ങണമെങ്കിൽ ബിവറേജസ് കോർപറേഷന്റേയും കൺസ്യൂമർ ഫെഡിന്റേയും ഔട്ട്‌ലെറ്റുകളിൽ പോയി ക്യുനിൽക്കണമായിരുന്നെങ്കിൽ ഇപ്പോൾ ഏതാണ്ട് 1200ലധികം ഇടങ്ങളാണ് അനുവദിച്ചിരിക്കുന്നത്.

ഈ ഔട്ട്‌ലെറ്റുകൾക്ക് പുറമെ സംസ്ഥാനത്തെ മുഴുവൻ ബാറിലും ബിയർ ആൻഡ് വൈൻ പാർലറുകളിലും ഇനി മുതൽ മദ്യം ലഭിക്കും. ഏതാണ്ട് 1300 നടത്ത് ഔട്ട്‌ലെറ്റുകളിലാണ് മദ്യം ലഭിക്കുക. അതേ സമയം ഇത്രയും കാലം ഇത് 350 ഔട്ട് ലെറ്റുകളിലായിരുന്നു. എന്നുവച്ചാൽ ആർക്കും എവിടെ ചെന്നാലും മദ്യം ലഭിക്കുന്ന സാഹചര്യം ഉണ്ടായിരിക്കുന്നു എന്നർത്ഥം. വെല്ലപ്പോഴും സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുന്ന വ്യക്തി എന്ന നിലയിൽ എനിക്കും സന്തോഷം നൽകുന്ന വാർത്തയാണ് ഇത്.

എന്നാൽ ഈ നാട്ടിലെ ഇപ്പോഴത്തെ രോഗത്തിന്റെ അവസ്ഥയും ജനങ്ങളുടെമൊത്തം മാനസികാവസ്ഥയും കണക്കിലെടുക്കുമ്പോൾ സർക്കാർ കാണിക്കുന്ന ഈ ദൃതിയും എടുത്ത് ചാട്ടവും എന്തിന് വേണ്ടിയാണ് എന്ന ചോദ്യം ബാക്കിയാകുകയാണ്. സാമൂഹിക അകലം പാലിക്കാൻ വേണ്ടിയാണ് എന്ന് പറയുമ്പോഴും ബാറുകളിലേക്ക് അനുമതി കൊടുത്തുകൊണ്ട് സംസ്ഥാന ഖജനാവിലേക്ക് കിട്ടുന്ന പണം ഇല്ലാതാക്കുന്നതിനെതിരെ ശബ്ദം ഉയർത്തേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞിരിക്കുന്നു. ഒരാൾ മദ്യപിക്കേണ്ടത് അവന്റെ മൗലിക അവകാശമാണെന്ന് തിരിച്ചറിയുന്നു സർക്കാർ. അതിന് വേണ്ടി ലോക്ക് ഡൗൺ നിയമങ്ങളെ മറികടക്കാന് ശ്രമിക്കുന്ന സർക്കാർ. എന്തുകൊണ്ടാണ് മദ്യപിക്കുന്നതിനേക്കാൾ കൂടുതൽ ആളുകൾ ആഗ്രഹിക്കുന്ന ആരാധനാലയങ്ങളിലെ സ്വാതന്ത്ര്യം നിഷേധിക്കുന്നചത് എന്ന ചോദ്യം ഉയർത്തേണ്ട സമയമായിരിക്കുന്നു.

ഒരു വ്യക്തിയുടെ മൗലിക അവകാശമാണ് എന്ത് ഭക്ഷിക്കണം, എന്ത് കുടിക്കണം, എന്നത് ശരി വയ്ക്കുമ്പോൾ തന്നെ അവന്റെ അതിനേക്കാൾ പ്രധാനപ്പെട്ട മൗലിക അവകാശമാണ് പ്രാർത്ഥിക്കാനും ആരാധിക്കാനുമുള്ളത് എന്നത് സമ്മതിക്കാതിരിക്കാൻ കഴിയുമോ? എല്ലാ ഞായറാഴ്ചയും പള്ളിയിൽ പോകുന്ന ഒരു ക്രൈസ്തവ വിശ്വാസിയാണ് ഞാൻ. ഇപ്പോൾ ഞാൻ പള്ളിയിൽ പോയിട്ട് രണ്ട് മാസത്തിലേറെയായിരിക്കുന്നു. പള്ളിയിൽ പോകുവാനുള്ള എന്റെ മൗലികഅവകാശം വേണ്ടെന്ന് വച്ചത് ഈ രോഗത്തെ അതിജീവിക്കുന്നതിന് വേണ്ടി രാജ്യം ഒരുമിച്ച് നിൽക്കുമ്പോൾ അതോടൊപ്പം നിൽക്കേണ്ട ബാധ്യത പൗരനെന്ന നിലയിൽ എനിക്കുള്ളതുകൊണ്ടാണ്.

എന്നാൽ മദ്യപാനിയുടെ അവകാശം സംരക്ഷിക്കുന്നതിന് വേണ്ടി ലോക്ക് ഡൗൺ നിയമത്തിൽ ഇളവ് വരുത്താമെങ്കിൽ ആരാധിക്കുവാനുള്ള എന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയും ഇളവ് അനവുവദിച്ച് കൂടെ. വിശ്വാസിക്കില്ലാത്ത എന്ത് മേന്മയാണ് മദ്യപാനിക്കുള്ളത്. സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കുന്നതിന് വേണ്ടി 400 ഔട്ട് ലെറ്റുകൾ എന്നത് 1200 ആക്കിയെങ്കിൽ അത്തരത്തിലുള്ള മാനദണ്ഡങ്ങൾ പള്ളികൾക്കും അമ്പലങ്ങൾക്കും ബാധകമല്ലേ. അമ്പലങ്ങളിൽ ഒരു മീറ്റർ അകലെ നിന്ന് തൊഴുക എന്ന നിയമം കൊണ്ടുവരികയും ആ നിയമം ലംഘിക്കുന്ന അമ്പലങ്ങൾ ്അടച്ചിടുകയും ചെയ്താൽ എന്താണ് കുഴപ്പം. പള്ളികളിൽ 200-300 വിശ്വാസികൾ ഒരുമിച്ച് കുർബാന ചൊല്ലുന്ന സാഹചര്യം മാറ്റി വിവാഹത്തിന് ഇപ്പോൾ അനുവദിച്ചിരിക്കുന്ന 50 പേർ പോലെ ഒരുമീറ്റർ അകലെ നിന്ന് വിശ്വാസികൾക്ക് കുർബാന കാണാൻ എന്തുകൊണ്ട് അവസരം ഒരുക്കികൂടാ.

ഈ നോമ്പ് കാലത്ത് നിസ്‌കരിക്കുന്നതിനുള്ള അവകാശം ഒരു മുസൽമാന് നിഷേധിക്കാൻ എങ്ങനെയാണ് സർക്കാരിന് കഴിയുന്നത്. സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കാനാണെങ്കിൽ അത് പാലിച്ച് കൊണ്ടുതന്നെ പള്ളിയിലും ക്ഷേത്രത്തിലും മസ്ജിദിലും പോകാനുള്ള അവകാശം സംരക്ഷിക്കേണ്ട സമയമായില്ലേ. അത് മറ്റെല്ലാ അവകാശങ്ങൾ പോലെ എടുത്ത് കളഞ്ഞതിനോട് വിയോജിപ്പില്ല. മദ്യപാനിക്ക് അവന്റെ അവകാശം സംരക്ഷിക്കാൻ അവകാശം കൊടുക്കുമ്പോൾ അതിനേക്കാൾ പ്രധാനമാണ് ആരാധിക്കാനുള്ള അവകാശം ഇല്ലാതാക്കുന്നത് എതിർക്കപ്പെടേണ്ടത്. ( ഇൻസ്റ്റന്റ് റെസ്‌പോൺസ് പൂർണരൂപം വീഡിയോ കാണാം)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP