Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗൾഫിൽ കുടുങ്ങിയ മലയാളികളായ നഴ്‌സുമാരെ നാട്ടിലെത്തിക്കും; ഗർഭിണികൾക്ക് മുൻഗണന; അടുത്താഴ്ച 10 വിമാനങ്ങൾ സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക്; കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും ഫ്‌ളൈറ്റുകൾ; 9 മാസം വരെ പ്രായമായ ഗർഭിണികളെ എത്തിക്കും; വൈദ്യസഹായം ആവശ്യമെങ്കിൽ അതും നൽകും; സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാനും സഹായം; യുഎൻഎ നൽകിയ ഹർജിയിൽ കേന്ദ്രസർക്കാരിന്റെ ഉറപ്പ് ഹൈക്കോടതിയിൽ; മടക്കം വന്ദേ ഭാരത് ദൗത്യം മൂന്നാം ഘട്ടത്തിൽ

ഗൾഫിൽ കുടുങ്ങിയ മലയാളികളായ നഴ്‌സുമാരെ നാട്ടിലെത്തിക്കും; ഗർഭിണികൾക്ക് മുൻഗണന; അടുത്താഴ്ച 10 വിമാനങ്ങൾ സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക്; കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും ഫ്‌ളൈറ്റുകൾ; 9 മാസം വരെ പ്രായമായ ഗർഭിണികളെ എത്തിക്കും; വൈദ്യസഹായം ആവശ്യമെങ്കിൽ അതും നൽകും; സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാനും സഹായം; യുഎൻഎ നൽകിയ ഹർജിയിൽ കേന്ദ്രസർക്കാരിന്റെ ഉറപ്പ് ഹൈക്കോടതിയിൽ; മടക്കം വന്ദേ ഭാരത് ദൗത്യം മൂന്നാം ഘട്ടത്തിൽ

എം മനോജ് കുമാർ

 ന്യൂഡൽഹി: സൗദിയിൽ അടക്കം ഗൾഫിൽ കുടുങ്ങി കിടക്കുന്ന 100 ലേറെ നഴ്‌സുമാരെ നാട്ടിലെത്തിക്കുന്നു. ഡൽഹി ഹൈക്കോടതിയിൽ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരാണ് ഈ ഉറപ്പ് നൽകിയത്. അടുത്ത ആഴ്ച 10 വിമാനങ്ങൾ സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് സർവീസ് നടത്തും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കായിരിക്കും സർവീസുകൾ. ഗർഭിണികളായ നഴ്‌സുമാരെ മുഴുവൻ നാട്ടിലെത്തിക്കും. 9 മാസം വരെ പ്രായമായ ഗർഭിണികളെ നാട്ടിലെത്തിക്കും. അവർക്ക് പ്രത്യേക വൈദ്യ സഹായം ആവശ്യമെങ്കിൽ നൽകും. സൗദിയിൽ തന്നെ പ്രസവം നടത്തേണ്ടി വന്നവർക്ക് അവിടെ വേണ്ട മെഡിക്കൽ സഹായം എത്തിക്കും. അവർക്ക് നാട്ടിൽ എത്തണമെങ്കിൽ അതിനുള്ള സഹായവും ചെയ്യും. സർട്ടിഫിക്കറ്റുകളും മറ്റും ലഭ്യമാക്കാനും സഹായം ചെയ്യും. ചാർട്ടേർഡ് ഫ്‌ളൈറ്റിന്റെ കാര്യത്തിൽ കോടതി ഇടപെട്ടില്ല. അക്കാര്യത്തിൽ സ്വന്തം നിലയ്ക്ക് ചെയ്യാമെന്ന് നിലപാടാണ് ഡൽഹി ഹൈക്കോടതി സ്വീകരിച്ചത്. ആവശ്യമെങ്കിൽ ചാർട്ടേർഡ് ഫ്‌ളൈറ്റ് ഏർപ്പാടാക്കാമെന്ന് യുഎൻഎ കോടതിയിൽ അറിയിച്ചിരുന്നു. സൗദിയിൽ ഗർഭിണികളായ 56 നഴ്‌സുമാരും കുവൈറ്റിൽ ഒരു നഴ്‌സും കുടുങ്ങി കിടക്കുന്നുണ്ട്.

വിദേശത്ത് കുടുങ്ങിയ ഗർഭിണികളെ നാട്ടിലെത്തിക്കാൻ മുൻഗണന നൽകുമെന്നാണ് കേന്ദ്ര സർക്കാർ കോടതിയിൽ അറിയിച്ചത്. .കേന്ദ്ര സർക്കാർ മെയ് 5 നു പുറത്തിറക്കിയ സ്റ്റാന്റേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ (SOP) കൃത്യമായും പിന്തുടരുമെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ ഹൈക്കോടതി മുമ്പാകെ ഉറപ്പു നൽകി.

ഗർഭകാലവും ആരോഗ്യാവസ്ഥയും പരിഗണിച്ചാണ് മുൻഗണന പട്ടിക തയ്യാറാക്കുക. വിദേശത്ത് വൈദ്യസഹായമുൾപ്പടെ ആവശ്യമുള്ളവർക്ക് അക്കാര്യം ഉറപ്പുവരുത്താൻ എംബസികൾക്കു നിർദ്ദേശം നൽകും.സൗദിയിൽ നിന്ന് അടുത്ത രണ്ടാഴ്ചക്കുള്ളിൽ 10 ഓളം വിമാന സർവീസുകൾ പരിഗണനയിലുണ്ട്.ഇതിലും ഗർഭിണികൾക്ക് മുൻഗണന നൽകും.

കൊറോണ പടരുന്നതിനാൽ പ്രവാസി ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന കാര്യത്തിൽ കേന്ദ്രം പുറം തിരിഞ്ഞു നിൽക്കുന്ന സമീപനം കൈക്കൊണ്ടതിനാലാണ് നിയമ നടപടിയുമായി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ നീങ്ങിയത്. നഴ്‌സുമാരുടെ പ്രശ്‌നത്തിൽ പ്രതിജ്ഞാബദ്ധമായ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും അതിന്റെ അമരത്തിരിക്കുന്ന ജാസ്മിൻ ഷായ്ക്കുമൊക്കെ ആവേശം പകരുന്ന നടപടിയാണ് ഡൽഹി ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും വന്നത്.

കൊറോണ ഇന്ത്യയിലും പടരുന്നതിനാൽ ഏറ്റവും കുറച്ച് ഇന്ത്യക്കാരെ മാത്രം സമയമെടുത്തുകൊണ്ടുവരുന്ന രീതിയാണ് കേന്ദ്രം അനുവർത്തിക്കുന്നത്. കൊറോണ ഡ്യൂട്ടിയിൽ ഉള്ളതിനാൽ ഇന്ത്യൻ നഴ്‌സുമാരെ തിരികെ വിടുന്നതിൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങൾക്കും വൈമനസ്യമുണ്ട്. പക്ഷെ കൊറോണയിൽ രാജ്യത്ത് തിരികെ എത്താൻ പല നഴ്‌സുമാരും ആഗ്രഹിക്കുന്നുണ്ട്. ഗർഭിണികൾ അടക്കമുള്ളവർ ഇതിൽ ഉൾപ്പെട്ടതിനാൽ അവർ ഇന്ത്യയിലേക്ക് തിരികെ എത്താൻ ശ്രമിച്ചിരുന്നു. പക്ഷെ ഒരു നടപടിയും ഫലം കണ്ടിരുന്നില്ല. ഇതിൽ പലരും ഖിന്നരായിരുന്നു. അതിനെ തുടർന്നാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ വഴി ഡൽഹി ഹൈക്കോടതിയിൽ ഇവർ ഹർജി നൽകുന്നത്. ഈ ഹർജിയിലാണ് അനുകൂല വിധി വന്നത്. വിധി പ്രസവം കഴിഞ്ഞു സൗദിയിൽ വിശ്രമിക്കുന്ന മലയാളി നഴ്‌സുമാർക്കും അനുഗ്രഹമാകും. വന്ദേഭാരത് മിഷന്റെ ഭാഗമായി ഇവരെയും തിരികെ എത്തിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഒൻപത് മാസം വരെയുള്ള ഗർഭിണികളെ ഈ വിമാനങ്ങളിൽ നാട്ടിൽ എത്തിക്കും. ഇതിനിടയിൽ അവർക്ക് പ്രത്യേക മെഡിക്കൽ സൗകര്യങ്ങൾ ആവശ്യമാണെങ്കിൽ നൽകാനും ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇപ്പോൾ പ്രസവം കഴിഞ്ഞു സൗദിയിൽ വിശ്രമിക്കുന്ന നഴ്‌സുമാരെയും വന്ദേഭാരത് മിഷന്റെ ഭാഗമായി എത്തിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഹർജി ഡൽഹി ഹൈക്കോടതി പരിഗണനയ്ക്ക് ഹർജിയിൽ കേന്ദ്ര സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. സൗദിയിൽ അല്ലാതെ മറ്റുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ കുടുങ്ങിയിരിക്കുന്ന നഴ്‌സുമരെയും വന്ദേഭാരത് മിഷന്റെ ഭാഗമായി തിരികെ എത്തിക്കുമെന്ന് കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ചാർട്ടേഡ് ഫ്‌ളൈറ്റിന്റെ കാര്യത്തിൽ കോടതിക്ക് തീരുമാനം എടുക്കാൻ കഴിയില്ലെന്നും ചാർട്ടേഡ് ഫ്‌ളൈറ്റുകൾ അവശ്യമുണ്ടെങ്കിൽ യുഎൻഎയ്ക്ക് സ്വന്തം നിലയ്ക്ക് അതിനുള്ള നടപടികൾ നടത്താമെന്നും ഹൈക്കോടതി പറഞ്ഞിട്ടുണ്ട്.

അതേസമയം വിദേശ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യം രണ്ടാം ഘട്ടത്തിലെ ആദ്യവിമാനം ശനിയാഴ്ച കൊച്ചിയിലെത്തിയിരുന്നു. ദുബായിൽനിന്ന് വൈകിട്ട് 6.20ന് എത്തിയ വിമാനത്തിൽ 181 യാത്രക്കാരുണ്ടായിരുന്നു. 75 ഗർഭിണികളും മെഡിക്കൽ എമർജൻസിയിലെത്തിയ 35 പേരുമുണ്ടായിരുന്നു. പ്രത്യേക ശ്രദ്ധ വേണ്ടവർ വിമാനത്തിലുണ്ടായിരുന്നതിനാൽ പോരാൻ അവസരം കാത്തിരുന്ന എതാനും ഡോക്ടർമാരെയും നഴ്‌സുമാരെയും ഈ യാത്രയിൽ ഉൾപ്പെടുത്തിയിരുന്നു. അങ്ങിനെ ദുബായിലെ ചില നഴ്‌സുമാർക്ക് തിരികെ എത്താൻ കഴിഞ്ഞിരുന്നു. നാട്ടിൽ ലീവിന് വന്നശേഷം സൗദിയിലേക്ക് മടങ്ങാൻ കഴിയാതിരുന്ന മലയാളി നഴ്‌സുമാരെ ഇന്നലെ പ്രത്യേക വിമാനത്തിൽ സൗദിയിലേക്ക് കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിൽ ജോലിചെയ്യുന്ന 239 നഴ്‌സുമാരെ കൊണ്ടുപോകാനായി ശനിയാഴ്ച സൗദി അറേബ്യൻ എയർലൈൻസ് പ്രത്യേക സർവീസ് നടത്തുകയായിരുന്നു.

ഇതേ ദൗത്യത്തിന്റെ ഭാഗമായി എഇയിൽ നിന്ന് മൂന്നു വിമാനങ്ങളിലായി 540 പ്രവാസികൾ ഇന്നലെ നാട്ടിലേക്കു മടങ്ങി. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് രണ്ടും അബുദാബിയിൽ നിന്ന് ഒരു വിമാനവുമാണ് കേരളത്തിലേക്കു പറന്നത്. ദുബായിൽ നിന്ന് പുറപ്പെട്ട കൊച്ചി വിമാനത്തിൽ 179 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരിൽ ഗർഭിണികൾ 35, അടിയന്തര ചികിത്സ വേണ്ടവർ 46, ജോലി നഷ്ടപ്പെട്ട തൊഴിലാളികൾ-53, മുതിർന്ന പൗരന്മാർ 13 എന്നിവർ ഉൾപ്പെട്ടിട്ടുണ്ട്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി നാട്ടിലേക്ക് കൊണ്ടുപോകുന്ന പ്രവാസികൾക്കുള്ള ടിക്കറ്റ് സൗജന്യമായി കേന്ദ്ര സർക്കാർ നൽകണമെന്ന് അക്കാഫ് ടാസ്‌ക് ഫോഴ്‌സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിക്കും എന്നാണ് ഇവർ അറിയിച്ചത്. ദുബായ് ഉൾപ്പെടെ വടക്കൻ എമിറേറ്റുകളിൽ 35,000 പേർക്ക് മടക്കത്തിന് ടിക്കറ്റ് വാങ്ങാൻ ശേഷിയില്ല. ഇങ്ങനെ സാമ്പത്തിക ശേഷിയില്ലാത്ത 200 പേർക്ക് അക്കാഫ് ടാസ്‌ക് ഫോഴസ് സൗജന്യ വിമാനടിക്കറ്റ് നൽകുമെന്ന് ഇവർ വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ ആളുകൾ എത്തുമ്പോഴും പല വിമാനങ്ങളിലും ഗർഭിണികളായ നഴ്‌സുമാരെ ഉൾക്കൊള്ളിച്ചിരുന്നില്ല. അതിനെ തുടർന്നാണ് യുഎൻഎ മുൻകൈ എടുത്ത് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയത്.

ഗൾഫിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള 116 നഴ്സ്മാരാണ് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷൻ മുഖാന്തിരം ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. യുഎൻഎയ്ക്കു വേണ്ടി അഡ്വ സുഭാഷ് ചന്ദ്രൻ കെ ആർ ഹൈക്കോടതി ജസ്റ്റിസ് വിഭു ബക്രു മുമ്പാകെ ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP