Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേന്ദ്രസർക്കാർ സൗദി അറേബ്യയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് വിമാനസർവീസ് അനുവദിക്കുക: നവയുഗം

സ്വന്തം ലേഖകൻ

ദമ്മാം: കേന്ദ്രസർക്കാർ 'വന്ദേഭാരത്' മിഷൻ പ്രകാരം സൗദി അറേബ്യയിൽ നിന്നുള്ള പ്രവാസികളെ കൊണ്ടുപോകാനായി എയർ ഇന്ത്യ നടത്തുന്ന വിമാനസർവ്വീസുകളിൽ, തിരുവനന്തപുരം വിമാനത്താവളത്തെ ഉൾപ്പെടുത്താത്തതിൽ നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി ശക്തമായ പ്രതിഷേധം അറിയിച്ചു.

എല്ലാക്കാലവും ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ വരുമ്പോൾ, സൗദി അറേബ്യൻ പ്രവാസികളെ രണ്ടാംകിട പൗരന്മാരെപ്പോലെയാണ് ഇന്ത്യൻ ഗവൺമെന്റ് കണ്ടുവരുന്നത്. 'വന്ദേഭാരത്' മിഷനിലും അതേ സമീപനം തന്നെയാണ് കാണാൻ കഴിയുന്നത്. യു.എ.ഇ കഴിഞ്ഞാൽ ഏറ്റവുമധികം ഇന്ത്യൻ പ്രവാസികൾ ഉള്ള രാജ്യമാണ് സൗദി അറേബ്യ. എന്നാൽ വളരെ ചുരുക്കം വിമാനസർവ്വീസുകൾ മാത്രമാണ് സൗദി അറേബ്യയിലേയ്ക്ക് കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്നത്. ഇന്ത്യൻ പ്രവാസികളിൽ വലിയൊരു ശതമാനം മലയാളികളായിട്ടും, കേരളത്തിലെ വിമാനത്താവളങ്ങളിലേയ്ക്ക് വിരലിൽ എണ്ണാവുന്ന വിമാനസർവ്വീസുകൾ മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിൽ തന്നെ, തലസ്ഥാനനഗരത്തിലുള്ള കേരളത്തിലെ ആദ്യത്തെ ഇന്റർനാഷണൽ എയർപോർട്ടായ തിരുവനന്തപുരം വിമാനത്താവളത്തെ പൂർണ്ണമായും തഴഞ്ഞിരിക്കുകയാണ്. ഇന്ത്യയിൽ ആഭ്യന്തരവിമാനസർവ്വീസിന് അനുമതി നല്കിയപ്പോഴും, കേരളത്തിൽ നിന്ന് കൊച്ചി വിമാനത്താവളത്തെ മാത്രമാണ് കേന്ദ്രസർക്കാർ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. കേന്ദ്രസർക്കാരിന്റെ ഈ ചിറ്റമ്മ നയം, ഒരു ഫെഡറൽ ജനാധിപത്യസർക്കാരിന് യോജിച്ചതല്ല.

കേന്ദ്രവ്യോമയാന മന്ത്രാലയം, ദമ്മാം, റിയാദ്, ജിദ്ദ എന്നീ നഗരങ്ങളിൽ നിന്നും തിരുവനന്തപുരം അടക്കമുള്ള കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേയ്ക്കും, അടിയന്തരമായി കൂടുതൽ വിമാനസർവീസുകൾ ഉടനെ അനുവദിക്കണമെന്ന് നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹനും, ജനറൽ സെക്രെട്ടറി എം.എ.വാഹിദും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP