Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉംപുൻ അതിതീവ്ര ചുഴലിക്കാറ്റായി രൂപം കൊണ്ടു, ബുധനാഴ്ച തീരം തൊടുമ്പോൾ വേഗത 230 കിലോമീറ്ററാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം; കേരളത്തിലും ശക്തമായ മഴയും കാറ്റും; പേമാരിയിലും കാറ്റിലും വൈക്കത്ത് വ്യാപകനാശനഷ്ടം; ക്ഷേത്രത്തിന്റെ ഊട്ടുപുരയും കലാപീഠവും തകർന്നു; സംസ്ഥാനത്ത് ആകെ മൂടിക്കെട്ടിയ അന്തരീക്ഷം; രാമേശ്വരത്ത് കനത്ത മഴയിലും കാറ്റിലും നശിച്ചത് 50 ബോട്ടുകൾ; കൊവിഡ് പ്രതിസന്ധിക്കിടെ വന്ന ചുഴലിക്കാറ്റ് ഏറ്റവും ഭീതി വിതയ്ക്കുന്നത് പശ്ചിമബംഗാളിലും ഒഡിഷയിലും

ഉംപുൻ അതിതീവ്ര ചുഴലിക്കാറ്റായി രൂപം കൊണ്ടു, ബുധനാഴ്ച തീരം തൊടുമ്പോൾ വേഗത 230 കിലോമീറ്ററാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം; കേരളത്തിലും ശക്തമായ മഴയും കാറ്റും; പേമാരിയിലും കാറ്റിലും വൈക്കത്ത് വ്യാപകനാശനഷ്ടം; ക്ഷേത്രത്തിന്റെ ഊട്ടുപുരയും കലാപീഠവും തകർന്നു; സംസ്ഥാനത്ത് ആകെ മൂടിക്കെട്ടിയ അന്തരീക്ഷം; രാമേശ്വരത്ത് കനത്ത മഴയിലും കാറ്റിലും നശിച്ചത് 50 ബോട്ടുകൾ; കൊവിഡ് പ്രതിസന്ധിക്കിടെ വന്ന ചുഴലിക്കാറ്റ് ഏറ്റവും ഭീതി വിതയ്ക്കുന്നത് പശ്ചിമബംഗാളിലും ഒഡിഷയിലും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഒഡിഷ, പശ്ചിമബംഗാൾ തീരങ്ങൾ ലക്ഷ്യമാക്കി നീങ്ങുന്ന ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു. 'ഉംപുൻ' അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പും നൽകി. ഒഡിഷയിലെ പാരാദ്വീപിന് 870 കിലോമീറ്റർ തെക്കും പശ്ചിമബംഗാളിന്റെ ദിഖയുടെ 1110 കിലോമീറ്റർ തെക്ക് പടിഞ്ഞാറും ഭാഗത്തായാണ് ഇപ്പോൾ ചുഴലിക്കാറ്റുള്ളത്. ഇത് ബുധനാഴ്ചയോടെ ഇന്ത്യൻ തീരം തൊടുമെന്നാണ് കണക്കുകൂട്ടുന്നത്. ഒഡിഷ, പശ്ചിമബംഗാൾ തീരങ്ങളിൽ ശക്തിയായ മഴയും കാറ്റുമുണ്ടാകുമെന്നും, ഏതാണ്ട് 230 കിലോമീറ്റർ ആണ് ഇപ്പോൾ ചുഴലിക്കാറ്റിന്റെ വേഗമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു. ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളിലും ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കനത്ത മഴയും കാറ്റുമുണ്ടാകും.

ഒഡിഷയിൽ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പ്രത്യേകസംഘത്തെ നിയോഗിച്ചാണ് രക്ഷാദൗത്യത്തിനും മുന്നൊരുക്കങ്ങൾക്കും മുഖ്യമന്ത്രി നവീൻ പട്‌നായിക് നേതൃത്വം നൽകുന്നത്. ''ഈ വർഷം കൊറോണവൈറസിന്റെ ഭീഷണി കൂടി നിലനിൽക്കുന്നതിനാൽ ആളുകളെ ഒരുകാരണവശാലും കൂട്ടത്തോടെ പാർപ്പിക്കാനാകില്ല. സാമൂഹിക അകലം പാലിച്ച് ആളുകളെ താമസിപ്പിക്കാനാകുന്ന തരത്തിൽ വലിയ താത്കാലിക രക്ഷാകേന്ദ്രങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. മിക്കവയും സ്‌കൂൾ, കോളേജ് കെട്ടിടങ്ങളാണ്'', എന്ന് ഒഡിഷയിലെ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സ്‌പെഷ്യൽ ഓഫീസർ പ്രദീപ് ജെന അറിയിച്ചു.

കൊവിഡ് പ്രതിസന്ധിക്കിടെ വന്ന ചുഴലിക്കാറ്റ് ഭീഷണിയിൽ ജാഗ്രതയിലാണ് പശ്ചിമബംഗാളും ഒഡിഷയും. ചുഴലിക്കാറ്റ് തീരം തൊടുമെന്ന് കണക്കുകൂട്ടപ്പെടുന്ന ജഗത് സിങ്പൂരിൽ, എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. നാളെയോടെ കടലോരമേഖലയിലെയും നഗരങ്ങളിലെ ചേരികളിലും താമസിക്കുന്ന എല്ലാവരെയും ഒഴിപ്പിക്കും. ദേശീയ ദുരന്ത നിവാരണസേനയെ വിന്യസിച്ചതായും ജില്ലാ ഭരണകൂടം അറിയിക്കുന്നു. ജഗത് സിങ് പൂരിന് പുറമേ, ഒഡിഷയിലെ പുരി, കേന്ദ്രപാഡ, ബാലാസോർ, ജാപൂർ, ഭാദ്രക്, മയൂർഭാജ് എന്നിവിടങ്ങളിലും കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. ബംഗ്ലാദേശിലും കാറ്റിന്റെ പ്രഭാവത്തിൽ ശക്തമായ മഴയും കാറ്റുമുണ്ടാകും. പശ്ചിമബംഗാളിൽ നോർത്ത്, സൗത്ത് പർഗാനാസ്, കൊൽക്കത്ത, ഈസ്റ്റ, വെസ്റ്റ് മിദ്‌നാപൂർ, ഹൗറ, ഹൂഗ്ലി എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

പേമാരിയിലും കാറ്റിലും വൈക്കത്ത് വ്യാപകനാശനഷ്ടം

അതേസമയം, കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരാൻ തന്നെയാണ് സാധ്യത. ഇന്നലെ രാത്രി തെക്കൻ ജില്ലകളിൽ ഉൾപ്പടെ ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും ലക്ഷദ്വീപിലും ഇന്ന് യെല്ലോ അലർട്ട് ആണ്.

ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തീരത്തും കണ്ടു തുടങ്ങി. തെക്കൻ, മധ്യ കേരളത്തിലെ ജില്ലകളിലെല്ലാം ഇന്നലെ രാത്രി മുതൽ ശക്തമായ മഴയാണ്. തിരുവനന്തപുരത്തും കൊച്ചിയിലുമെല്ലാം രാവിലെ മുതൽ മഴ തുടരുകയാണ്. സംസ്ഥാനത്ത് ആകെ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. കോട്ടയം ജില്ലയിലെ വൈക്കത്ത് ഇന്നലെ രാത്രിയുണ്ടായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം സംഭവിച്ചു. അൻപതിലേറെ വീടുകൾ തകർന്നു. വൈക്കം ക്ഷേത്രത്തിന്റെ ഊട്ടുപുരയും കലാപീഠവും തകർന്നു. നിരവധി പോസ്റ്റുകൾ ഒടിഞ്ഞുവീണു. മരങ്ങൾ കടപുഴകി. വൈക്കത്തിന് സമീപുള്ള പഞ്ചായത്തുകളിലും കാറ്റ് വൻ നാശംവിതച്ചു. വൈദ്യുതിബന്ധം പൂർണമായും തകരാറിലായി. റോഡുകളിലെല്ലാം മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് ഗതാഗതവും താറുമാറായി.

അതേമയം തമിഴ്‌നാട്ടിലെ രാമേശ്വരത്തും ചുഴലിക്കാറ്റ് വലിയ നാശം വരുത്തിവെച്ചു. ഉംപുൺ ചുഴലിക്കാറ്റിനെ തുടർന്ന് തീരത്ത് കെട്ടിയിട്ടിരുന്ന 50 ഓളം മൽസ്യബന്ധനബോട്ടുകൾ നശിച്ചു. കൊടുങ്കാറ്റിനെത്തുടർന്ന് ബോട്ടുകൾ കൂട്ടിയിടിച്ചാണ് നാശം സംഭവിച്ചത്. പ്രദേശത്ത് ഇന്നലെ രാത്രി കനത്ത മഴയും ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടായിരുന്നു. തീരദേശത്തെ നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചതായി നാട്ടുകാർ പറഞ്ഞു. ഉംപുൺ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ രാമേശ്വരത്ത് അതീവ ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP