Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'അന്തർ സംസ്ഥാന തൊഴിലാളികളെ കാണാൻ പോയ രാഹുൽ ഗാന്ധിയുടേത് ശുദ്ധനാടകം; തൊഴിലാളികളുടെ കൂടെ ഇരിക്കുന്നതിന് പകരം അദ്ദേഹം അവരോടൊപ്പം പെട്ടിയുമെടുത്ത് നടക്കട്ടെ'; രാഹുൽ ഗാന്ധിക്കെതിരായ ധനമന്ത്രി നിർമ്മല സീതാരാമന്റെ പ്രസ്താവനക്കെതിരെ കോൺഗ്രസ്; സാധുക്കളുടെ കണ്ണീരു കാണാത്ത അവഹേളനമെന്ന് കുറ്റപ്പെടുത്തി കോൺഗ്രസ്; പതിനായിരങ്ങൾ ലോക്ഡൗൺ കാലത്ത് നാടണയാൻ കാൽനടയായി കിലോമീറ്ററുകൾ താണ്ടുമ്പോൾ അവർക്ക് സാന്ത്വനമേകാൻ ശ്രമിക്കുന്നത് എങ്ങനെ നാടകമാകുമെന്നും ചോദ്യം

'അന്തർ സംസ്ഥാന തൊഴിലാളികളെ കാണാൻ പോയ രാഹുൽ ഗാന്ധിയുടേത് ശുദ്ധനാടകം; തൊഴിലാളികളുടെ കൂടെ ഇരിക്കുന്നതിന് പകരം അദ്ദേഹം അവരോടൊപ്പം പെട്ടിയുമെടുത്ത് നടക്കട്ടെ'; രാഹുൽ ഗാന്ധിക്കെതിരായ ധനമന്ത്രി നിർമ്മല സീതാരാമന്റെ പ്രസ്താവനക്കെതിരെ കോൺഗ്രസ്; സാധുക്കളുടെ കണ്ണീരു കാണാത്ത അവഹേളനമെന്ന് കുറ്റപ്പെടുത്തി കോൺഗ്രസ്; പതിനായിരങ്ങൾ ലോക്ഡൗൺ കാലത്ത് നാടണയാൻ കാൽനടയായി കിലോമീറ്ററുകൾ താണ്ടുമ്പോൾ അവർക്ക് സാന്ത്വനമേകാൻ ശ്രമിക്കുന്നത് എങ്ങനെ നാടകമാകുമെന്നും ചോദ്യം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്ക് ഡൗൺ നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോവു അന്തർ സംസ്ഥാന തൊഴിലാളികൾ നടത്തം അവസാനിപ്പിച്ചിട്ടില്ല. അവർ വീടണയാൻ വേണ്ടിയുള്ള നടത്തം തുടുരുകയാണ് ഇപ്പോഴും. ഇതിനിടെ കോൺഗ്രസ് അടക്കമുള്ള സംഘടനകൾ ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ കൂടുതൽ ഇടപെടൽ നടത്തണം എന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തൊഴിലും ഭക്ഷണവും ലഭിക്കാതെ ആളുകൾ പലായനം ചെയ്യുന്ന കാഴ്‌ച്ചകൾ ഇപ്പോഴും തുടരുകയാണ്. ഇതിനിടെയാണ് ഇവർക്ക് ആശ്വാസമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എത്തിയത്. കഴിഞ്ഞ ദിവസ അദ്ദേഹം തൊഴിലാളികളെ സന്ദർശിക്കുകയും അവർക്ക് നാട്ടിലേക്ക് പോകാൻ വാഹനം ഏർപ്പാടാക്കുകയും ചെയ്തിരുന്നു.

രാഹുലിന്റെ ഈ നടപടിയെ വിമർശിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം ധനമന്ത്രി നിർമ്മല സീതാരാമൻ രംഗത്തെത്തിയത്. ഈ പ്രസ്താവനക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. അന്തർ സംസ്ഥാന തൊഴിലാളികളുടെ കൂടെ ഇരിക്കുന്നതിന് പകരം അദ്ദേഹം അവരോടൊപ്പം പെട്ടിയുമെടുത്ത് നടക്കട്ടെയെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞത്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കോവിഡ് പാക്കേജുമായി ബന്ധപ്പെട്ട വിവരങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലായിരുന്നു ധനമന്ത്രിയുടെ വിവാദ പ്രസ്താവന.

'അന്തർ സംസ്ഥാന തൊഴിലാളികളെ കാണാൻ പോയ രാഹുൽ ഗാന്ധിയുടേത് ശുദ്ധനാടകമാണ്. ലോക്ഡൗൺ കാലത്ത് കേന്ദ്ര സർക്കാറിനെ വിമർശിക്കാതെ കുറച്ചുകൂടി ഉത്തരവാദിത്വം കോൺഗ്രസ് കാണിക്കേണ്ടതുണ്ട്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അന്തർ സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ അഭ്യർത്ഥിക്കണം. കാര്യങ്ങൾ കൂടുതൽ ഉത്തരവാദിത്വത്തോടെ എടുക്കണമെന്നാണ് സോണിയ ഗാന്ധിയോടുള്ള എന്റെ അപേക്ഷ' -ധനമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ധനമന്ത്രിയിൽനിന്ന് ഇത്തരമൊരു പ്രസ്താവന ഉണ്ടാകാൻ പാടില്ലെന്ന വിമർശനം പലകോണുകളിൽനിന്നും ഉയർന്നുകഴിഞ്ഞു. 'കേന്ദ്രം അന്തർ സംസ്ഥാന തൊഴിലാളികളെ അവഗണിച്ചു, കോൺഗ്രസ് അവർക്ക് സഹായം നൽകി' എന്നായിരുന്നു ഇതിനെതിരെ കോൺഗ്രസിന്റെ ഔദ്യോഗിക ട്വീറ്റ്. പതിനായിരങ്ങൾ ലോക്ഡൗൺ കാലത്ത് നാടണയാൻ കാൽനടയായി കിലോമീറ്ററുകൾ താണ്ടുമ്പോൾ അവർക്ക് അൽപ്പം സാന്ത്വനം നൽകാൻ ശ്രമിക്കുന്നത് എങ്ങനെയാണ് നാടകമാകുന്നതെന്ന ചോദ്യവും ഉയർന്നു.

കഴിഞ്ഞദിവസമാണ് ഡൽഹിയിലെ ഫൈ്‌ലഓവറിന് താഴെ വിശ്രമിക്കുകയായിരുന്ന അന്തർ സംസ്ഥാന തൊഴിലാളികളെ രാഹുൽ ഗാന്ധി സന്ദർശിച്ചത്. ഹരിയാനയിലെ അംബാലയിൽനിന്ന് ഉത്തർ പ്രദേശിലേക്കും മധ്യപ്രദേശിലേക്കും കാൽനടയായി പോകുന്നവരായിരുന്നു അവിടെയുണ്ടായിരുന്നത്. 130 കിലോമീറ്റർ പിന്നിട്ടാണ് അവർ ഡൽഹിയിലെത്തിയത്.

'രാഹുൽ ഗാന്ധി ഞങ്ങളെ കാണാൻ വന്നിരുന്നു. നമ്മുടെ ബുദ്ധിമുട്ടുകൾ എല്ലാം അദ്ദേഹം ചോദിച്ചു മനസിലാക്കി. ഞങ്ങൾക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു. 50 ദിവസത്തോളമായി ജോലിയില്ല. എല്ലാത്തിനും പരിഹാരം കാണാൻ എന്തെങ്കിലും ചെയ്യുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ആരെങ്കിലും ഞങ്ങളെ കാണാൻ എത്തിയതിൽ അതീവ സന്തോഷം. -മഹേഷ് കുമാർ എന്ന അന്തർസംസ്ഥാന തൊഴിലാളി പറഞ്ഞു.

അതേസമയം, രാഹുൽ ഗാന്ധിയോട് സംസാരിച്ചതിന് പിന്നാലെ ചില തൊഴിലാളികളെ ഡൽഹി പൊലീസ് പ്രതിരോധ തടവിൽ പാർപ്പിച്ചതായി കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ, ആരോപണം നിഷേധിച്ച് പൊലീസ് രംഗത്തെത്തി. 'രാഹുൽ ഗാന്ധി വരികയും തൊഴിലാളികളുമായി സംസാരിച്ചശേഷം അദ്ദേഹത്തിന്റെ അനുയായികൾ അവരുടെ വണ്ടിയിൽ തൊഴിലാളികളെ കയറ്റിക്കൊണ്ടു പോവുകയായിരുന്നുവെന്നാണ് ഒരു പൊലീസുകാരൻ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞത്.

സ്വന്തം മണ്ഡലമായ വയനാട്ടിലും രാഹുൽ ഗാന്ധി നിരവധി സഹായങ്ങൾ എത്തിച്ചിട്ടുണ്ട്. വയനാട് പാർലമന്റെ് മണ്ഡലത്തിൽപ്പെട്ട ഡയാലിസിസിന് വിധേയരായികൊണ്ടിരിക്കുന്നവരും വൃക്ക-കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരായ രോഗികളുമുൾപ്പെടെ 1300ലധികം രോഗികൾക്ക് രാഹുൽ ഗാന്ധി ഡയാലിസിസ് കിറ്റും മരുന്നുകളും നൽകുമെന്ന് അറിയിച്ചിരുന്നു. നേരത്തേ വയനാട് മണ്ഡലത്തിനായി സ്വന്തം ചെലവിൽ അരിയും സാധനങ്ങളും രാഹുൽ ഗാന്ധി വയനാട്ടിലെത്തിച്ചിരുന്നു. 28,000 കിലോ അരി, 2,800 കിലോ കടല, 2,800 കിലോ പയർ എന്നിവ വയനാട് പാർലമെന്റ് മണ്ഡലത്തിലെ സമൂഹ അടുക്കളകളിലേക്കായിരുന്നു അനുവദിച്ചത്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP