Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കളം പിടിക്കാൻ രാഹുൽ ​ഗാന്ധി ഇറങ്ങി കളിക്കുമ്പോൾ വിട്ടുകൊടുക്കാതെ സ്മൃതി ഇറാനി; കോൺ​ഗ്രസിനെ പഴയ പ്രതാപത്തിലേക്ക് മടക്കിക്കൊണ്ടു വരാനുള്ള ശ്രമങ്ങളുമായി ലോക് ഡൗൺ കാലത്ത് പഴയ കോൺ​ഗ്രസ് അധ്യക്ഷൻ; വെട്ടിപ്പിടിച്ച അമേഠി കൈവിട്ട് കളയില്ലെന്ന വാശിയിൽ സ്മൃതിയും; രാഹുൽ എന്നാൽ നാണക്കേടാണെന്നും തനിക്ക് തരിമ്പും ബഹുമാനമില്ലെന്നും തുറന്ന് പറച്ചിൽ; ഇന്ത്യൻ രാഷ്ട്രീയത്തിലെ രാഹുൽ- സ്മൃതി പോര് പുതിയ തലങ്ങളിലേക്ക്

കളം പിടിക്കാൻ രാഹുൽ ​ഗാന്ധി ഇറങ്ങി കളിക്കുമ്പോൾ വിട്ടുകൊടുക്കാതെ സ്മൃതി ഇറാനി; കോൺ​ഗ്രസിനെ പഴയ പ്രതാപത്തിലേക്ക് മടക്കിക്കൊണ്ടു വരാനുള്ള ശ്രമങ്ങളുമായി ലോക് ഡൗൺ കാലത്ത് പഴയ കോൺ​ഗ്രസ് അധ്യക്ഷൻ; വെട്ടിപ്പിടിച്ച അമേഠി കൈവിട്ട് കളയില്ലെന്ന വാശിയിൽ സ്മൃതിയും; രാഹുൽ എന്നാൽ നാണക്കേടാണെന്നും തനിക്ക് തരിമ്പും ബഹുമാനമില്ലെന്നും തുറന്ന് പറച്ചിൽ; ഇന്ത്യൻ രാഷ്ട്രീയത്തിലെ രാഹുൽ- സ്മൃതി പോര് പുതിയ തലങ്ങളിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പരമ്പരാ​ഗത കോൺ​ഗ്രസ് മണ്ഡവമായ അമേഠിയിൽ നേർക്കുനേർ പോരാട്ടത്തിലാണ് രാഹുൽ ​ഗാന്ധിയെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി തറപറ്റിച്ചത്. സ്മൃതി ഇറാനി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള അ‍ഞ്ച് വർഷക്കാലം മണ്ഡലത്തിൽ നടത്തിയ ഇടപെടലുകളാണ് അവർക്ക് തിളക്കമാർന്ന ഈ വിജയം സമ്മാനിച്ചത്. അതേസമയം, അമേഠിയിൽ പരാജയം ഏറ്റുവാങ്ങിയെങ്കിലും രാഹുൽ​ഗാന്ധിയും തങ്ങളുടെ പരമ്പരാ​ഗത മണ്ഡലത്തിൽ സജീവമാണ്. രാഹുലും സ്മൃതിയും തമ്മിലുള്ള വാക് പോരിനും പ്രവർത്തന മത്സരങ്ങൾക്കും ഇന്ത്യൻ രാഷ്ട്രീയം പലപ്പോഴും സാക്ഷ്യം വഹിക്കാറുമുണ്ട്. ഇപ്പോൾ, രാഹുലിനോട് തരിമ്പും ബഹുമാനമില്ലെന്ന് വെളിപ്പെടുത്തി പുതിയ തർക്കത്തിന് വഴിയൊരുക്കുകയാണ് സ്മൃതി ഇറാനി.

രാഹുൽ ഗാന്ധിയോട് ബാഹുമാനത്തിന്റെ ഒരു കണിക പോലുമില്ലെന്ന് ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിലാണ് അവർ പറഞ്ഞത്. രാഹുൽ എന്നാൽ ഒരു നാണക്കേടാണെന്നും ബഹുമാനം അർഹിക്കുന്നില്ലെന്നും സ്മൃതി പറഞ്ഞത്. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അവർ വ്യക്തമാക്കി. നിങ്ങളുടെ വയസ്സ് അമ്പതുകളിലെത്തിയിരിക്കുന്നു, എന്നാൽ ഇതുവരെ കാര്യക്ഷമമായി ഒന്നും ചെയ്യാൻ നിങ്ങൾക്ക് സാധിച്ചിട്ടില്ലെങ്കിൽ ഒരാളിൽ നിന്നും നിങ്ങൾക്ക് ബഹുമാനം ലഭിക്കില്ലെന്ന് രാഹുലിനെ സൂചിപ്പിച്ചുകൊണ്ട് സ്മൃതി പറഞ്ഞു.

നീരവ് മോദി, വിജയ് മല്ല്യ എന്നിവർക്ക് രക്ഷപ്പെടാൻ അവസരം ലഭിച്ചതിന്റെ പേരിൽ കേന്ദ്രസർക്കാരിനെതിരെ രാഹുൽ നിശ്ശിതമായി വിമർശനമുയർത്തിയിരുന്നു. ഈ കാരണത്തിലാണോ രാഹുലിനെ വിമർശിക്കുന്നത് എന്ന ചോദ്യത്തിന് യുപിഎ ഭരണകാലത്ത് കോൺഗ്രസ് അല്ലേ തട്ടിപ്പുകാർക്ക് അവസരം നൽകിയത് എന്നായിരുന്നു സ്മൃതിയുടെ മറുപടി. വിവാദമായ പല കേസുകളിലും കോൺഗ്രസിന്റെ ഇടപെടൽ പ്രകടമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞദിവസവും രാഹുൽ കേന്ദ്രത്തിനെതിരെ വിമർശവുമായി രംഗത്ത് വന്നിരുന്നു. പാവപ്പെട്ടവർക്കിും ദുർബല വിഭാഗങ്ങൾക്കും ധനസഹായം നൽകുന്നതിന് പകരം പണംകടം കൊടുക്കുന്ന ആളുകളെ പോലെ കേന്ദ്രം പെരുമാറുന്നുവെന്നായിരുന്നു രാഹുൽ പറഞ്ഞത്.

അതേസമയം, രാഹുൽ മ‍ണ്ഡലത്തിൽ വീണ്ടും സജീവമായത് സ്മൃതി ഇറാനിയെ വിളറി പിടിപ്പിച്ചിരിക്കുകയാണെന്നാണ് കോൺ​ഗ്രസ് പ്രവർത്തകർ ചൂണടിക്കാട്ടുന്നത്. കൊവിഡ് കാലത്ത് സജീവമായി ഇടപെടുകയാണ് രാഹുൽ ഗാന്ധി. സർക്കാർ നടപടികൾ ഓരോന്നും ഇഴകീറി മുറിച്ച് വിമർശിച്ചും നിർദ്ദേശങ്ങൾ പങ്കുവെച്ചുള്ള രാഹുലിന്റെ ഇടപെടൽ വലിയ രീതിയിൽ സ്വീകരിക്കപ്പെടുന്നുണ്ട്. അധ്യക്ഷ സ്ഥാനത്തേക്കുള്ള രാഹുൽ ഗാന്ധിയുടെ മടങ്ങി വരവിന്റെ സൂചനയായിട്ടാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. അതേസമയം രണ്ടാം വരവിൽ അധ്യക്ഷ സ്ഥാനം മാത്രമല്ല അമേഠിയിലെ നഷ്ടപ്രതാപം കൂടി മടക്കി പിടിക്കാനുള്ള തന്ത്രങ്ങളാണ് രാഹുൽ ഗാന്ധി പുറത്തെടുത്തിരിക്കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മണ്ഡലത്തിൽ ദുരിതത്തിലായ ജനങ്ങൾക്ക് അവശ്യവസ്തുക്കൾ രാഹുൽ എത്തിച്ചിരുന്നു. ട്രക്ക് നിറയെ അരിയും ഗോതമ്പും മറ്റ് ഭക്ഷ്യ വസ്തുക്കളുമായിരുന്നു രാഹുൽ എത്തിച്ചത്. ഇതുവരെ 9 ട്രെക്ക് ഭക്ഷ്യ സാധനങ്ങളും ഒരു ട്രക്ക് മാസ്കുകളുമാണ് രാഹുൽ ഗാന്ധി എത്തിച്ചത്. അതേസമയം രാഹുൽ എത്തിക്കുന്ന സാധനങ്ങൾ മണ്ഡലത്തിൽ വിതരണം ചെയ്യുന്നതിനെതിരെ ജില്ലാ ഭരണകുടം തടസ്സപ്പെടുത്തുന്നുണ്ടെന്ന് പ്രവർത്തകർ ആരോപിച്ചു. കൊറോണയ്ക്കെതിരെ മുൻ നിരയിൽ നിന്ന് പോരാട്ടം നയിക്കുന്നവർക്ക് 50,000 മാസ്കുകൾ, 20,000 സാനിറ്റൈസറുകൾ , 20,000 സോപ്പുകൾ എന്നിവയും രാഹുൽ എത്തിച്ചിരുന്നുവെന്നും കോൺഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചിരുന്നു. രാഹുൽ മണ്ഡലത്തിന് വേണ്ടി ഓടി നടക്കുമ്പോൾ മണ്ഡലം എംപി സ്മൃതി ഇറാനി അന്താക്ഷരി കളിക്കുന്ന തിരക്കിലാണെന്നായിരുന്നു കോൺഗ്രസ് കുറ്റപ്പെടുത്തിയത്.

2014 മുതൽ തന്നെ ഉത്തർ പ്രദേശിലെ അമേഠി മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയും സ്മൃതി ഇറാനിയും അണിയറ നീക്കങ്ങൾ തുടങ്ങിയിരുന്നു. കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും ഓരോ പാളിച്ചകളും സജീവ ചർച്ചയാക്കുകയാണ് മണ്ഡലത്തിൽ ബിജെപി ചെയ്തത്. ഇടക്കിടെ രാഹുൽ ഗാന്ധിയെ കാണാനില്ല എന്ന പോസ്റ്ററും മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ടു. അമേഠിയിലെ സർക്കാർ ഓഫീസുകളുടെയും റോഡുകളുടെയും ശോച്യാവസ്ഥയും അടിസ്ഥാന സൗകര്യമേഖലയിലെ അഭാവങ്ങളും എടുത്തുകാട്ടി സ്മൃതി ഇറാനി നിറഞ്ഞുനിന്നു. ഇതിന്റെ ഫലമാണ് 2019ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ അമേഠിയെന്ന ഉരുക്കു കോട്ടയിൽ രാഹുൽ ഗാന്ധിക്ക് അടിപതറിയത്. എന്നാൽ ഈ വീഴ്ചയിൽ കോൺഗ്രസ് പാഠം പഠിച്ചു. സ്മൃതി പയറ്റിയ അതേ അടവുകളാണ് ഇപ്പോൾ കോൺ​ഗ്രസ് പയറ്റുന്നത്.

കോൺ​ഗ്രസിന്റെ അമേഠി; നെഹ്റു കുടുംബത്തിന്റെയും

തലമുറകളായി നെഹ്റുകുടുംബത്തിന് വൈകാരിക ബന്ധമുള്ള മണ്ഡലമാണ് ഉത്തർപ്രദേശിലെ അമേഠി. രാഹുൽ ഗാന്ധിയുടെ അച്ഛൻ രാജീവ് ഗാന്ധിയും അമ്മ സോണിയ ഗാന്ധിയും ആദ്യമായി മത്സരിച്ച മണ്ഡലം അമേഠിയാണ്. ഇളയച്ഛൻ സഞ്ജയ് ഗാന്ധി മരിക്കുമ്പോൾ അമേഠിയിലെ എംപിയായിരുന്നു. ലക്ഷങ്ങളിൽ കുറയാത്ത ഭൂരിപക്ഷത്തോടെ ഗാന്ധികുടുംബാംഗങ്ങളെ വിജയിപ്പിച്ച് ലോക്‌സഭയിലേക്കയച്ച ആ അമേഠിയാണ് 40,000 വോട്ടിന്റെ വ്യത്യാസത്തിൽ ഇളമുറക്കാരൻ രാഹുലിനെ കൈവിട്ടത്.

ചരിത്രത്തിൽ ഇതിനുമുമ്പ് രണ്ടുതവണ മാത്രമാണ് അമേഠി കോൺഗ്രസിനെ കൈവിട്ടത്. 1977 ൽ ജനത പാർട്ടി നേതാവ് രവീന്ദ്ര പ്രതാപ് സിങും, 1998 ൽ ബിജെപി നേതാവ് സഞ്ജയ് സിങും ഇവിടെ നിന്നും ലോക്‌സഭയിലെത്തി. എന്നാൽ 42 വർഷത്തിന് ശേഷം ആദ്യമായാണ് അമേഠിക്കാർ നെഹ്റുകുടുംബാംഗത്തെ തോൽപ്പിക്കുന്നത്. ചരിത്രത്തിൽ രണ്ടാമതും. അടിയന്തരാവസ്ഥക്ക് ശേഷം സഞ്ജയ് ഗാന്ധിയെ മുക്കാൽ ലക്ഷം വോട്ടിനാണ് അമേഠിക്കാർ തോൽപ്പിച്ചത്. പക്ഷേ 1980 ൽ 128,545 വോട്ടിന് അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുത്തു. വിമാനാപകടത്തിൽ സഞ്ജയ് മരിച്ചശേഷം ജ്യേഷ്ഠൻ രാജീവ് അമേഠിയിലെത്തി. 1981 ൽ രാജീവ് 237,696 വോട്ടിനാണ് ജയിച്ചത്. 1984ൽ തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ രാജീവ് ഭൂരിപക്ഷം 314,878 ആക്കി ഉയർത്തി. 1989 ൽ ഭൂരിപക്ഷം 202,138 ഉം 1991 ൽ 112,085 ഉം ആയി. അതേ വർഷം തന്നെ അദ്ദേഹം തമിഴ് പുലികളുടെ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടു.

രാജീവിന്റെ മരണ ശേഷം രാഷ്ട്രീയത്തിൽ നിന്നും നെഹ്റുകുടുംബം കുറച്ചുകാലം വിട്ടു നിന്നപ്പോഴാണ് പിന്നീട് മറ്റൊരു കോൺഗ്രസുകാരൻ അവിടെ നിന്നും ജയിച്ച് ലോക്‌സഭയിലേക്ക് പോകുന്നത്. 1991 ലും 1996 ലും സതീഷ് ശർമയായിരുന്നു അമേഠിയുടെ എംപി. രാജീവിന്റെ വലംകൈയായിരുന്നു ക്യാപ്റ്റൻ സതീഷ് ശർമ. 1998 ൽ നടന്ന തിരഞ്ഞെടുപ്പിൽ അമേഠിക്കാർ കോൺഗ്രസിനെ കൈവിട്ടു. ബിജെപി സ്ഥാനാർത്ഥി സഞ്ജയ് സിങ് 23,270 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

രാഷ്ട്രീയത്തിൽ നിന്നും അകന്നു ജീവിക്കുകയായിരുന്നു സോണിയാ ഗാന്ധിയും മക്കളായ പ്രിയങ്കയും രാഹുലും. തലപ്പത്ത് ഗാന്ധിയില്ലാത്ത കാലത്ത് കോൺഗ്രസുകാർ തമ്മിലടിച്ചു. പാർട്ടി ശിഥിലമാകുമെന്ന് തോന്നിപ്പിച്ച ആ കാലത്താണ് സോണിയ രാഷ്ട്രീയപ്രവേശം പ്രഖ്യാപിക്കുന്നത്. 1999 ൽ അമേഠിയിൽ നിന്ന് സോണിയ മത്സരിക്കാൻ തീരുമാനിച്ചു. ഇരുപത്തി മൂവായിരത്തിൽ പരം വോട്ടിന് കോൺഗ്രസിനെ വിട്ട അമേഠിക്കാർ മൂന്നു ലക്ഷം വോട്ട് ഭൂരിപക്ഷത്തിൽ സോണിയയെ തിരഞ്ഞെടുത്തു.

തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ രാഹുലിന്റെ രാഷ്ട്രീയ പ്രവേശം പ്രഖ്യാപിക്കപ്പെട്ടു. അമ്മ സോണിയ നെഹ്റുകുടുംബത്തിന്റെ അഭിമാന മണ്ഡലം മകന് ഒഴിഞ്ഞുകൊടുത്ത് റായ്ബറേലിയിലേക്ക് അങ്കക്കളം മാറ്റി. 2004 ൽ 2,90853 വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹുൽ ആദ്യമായി ലോക്‌സഭയിലെത്തി. 2009 ൽ 3,70,198 ആക്കി രാഹുൽ ഭൂരിപക്ഷം ഉയർത്തി. എന്നാൽ 2014 ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി നടത്തിയ പടയോട്ടത്തിൽ ഭൂരിപക്ഷം 1,07,903 ആയി ചുരുങ്ങി. അതിന്റെ തുടർച്ചയായി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നെഹ്റുകുടുംബത്തെ ഒരിക്കൽ കൂടി അമേഠിക്കാർ ഉപേക്ഷിച്ചു.

ഉത്തരേന്ത്യയിൽ ബിജെപി പടയോട്ടം തുടങ്ങിയ കാലത്തു തന്നെ സ്മൃതി ഇറാനി രാഹുലിന് ഭീഷണി സൃഷ്ടിച്ചിരുന്നു. 2014 ലെ തിരഞ്ഞെടുപ്പിൽ 1,07,903 വോട്ടിനാണ് രാഹുൽ ഗാന്ധി വിജയിച്ചത്. നെഹ്റു കുടുംബാംഗം നേടിയ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം. അന്നത്തെ എതിർ സ്ഥാനാർത്ഥിയായിരുന്ന സ്മൃതി ഇറാനിയാണ് ഇത്തവണ അദ്ദേഹത്തെ തോൽപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP