Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒരു നേരമെങ്കിലും ഭക്ഷണം ലഭിക്കുന്നതുതന്നെ ഭാഗ്യം; മനസ്സിൽ നിറയെ വൃദ്ധരായ മാതാപിതാക്കളും പൂർണ​ഗർഭിണിയായ ഭാര്യയും; കിലോമീറ്ററുകളോളം നടന്നെങ്കിലും വീടണയാമെന്ന് വച്ചാൽ ഇരുമ്പ് ദണ്ഡ് ഘടിപ്പിച്ച കാലിൽ പ്രാണൻ പിടയുന്ന വേദനയും; കുടിയേറ്റ തൊഴിലാളികളുടെ ദുരിതത്തിന്റെയും നിസ്സഹായതയുടേയും നേർ ചിത്രമായ് ഒരു യുവാവ്

ഒരു നേരമെങ്കിലും ഭക്ഷണം ലഭിക്കുന്നതുതന്നെ ഭാഗ്യം; മനസ്സിൽ നിറയെ വൃദ്ധരായ മാതാപിതാക്കളും പൂർണ​ഗർഭിണിയായ ഭാര്യയും; കിലോമീറ്ററുകളോളം നടന്നെങ്കിലും വീടണയാമെന്ന് വച്ചാൽ ഇരുമ്പ് ദണ്ഡ് ഘടിപ്പിച്ച കാലിൽ പ്രാണൻ പിടയുന്ന വേദനയും; കുടിയേറ്റ തൊഴിലാളികളുടെ ദുരിതത്തിന്റെയും നിസ്സഹായതയുടേയും നേർ ചിത്രമായ് ഒരു യുവാവ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യം നാലാം ഘട്ട ലോക് ഡൗൺ ആരംഭിക്കുമ്പോഴും രാജ്യത്തെ കുടിയേറ്റ തൊഴിലാളികളുടെ യാതനകൾക്കും ആശങ്കകൾക്കും അറുതിയാകുന്നില്ല. ജോലിയും കൂലിയുമില്ലാതെ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ പെട്ടുപോയവർ ഉറ്റവരെ കാണാനാകാതെ ഉഴലുകയാണ്. കിലോമീറ്ററുകളോളം നടന്നും സ്വന്തം വീടുകളിൽ എത്താൻ ശ്രമിക്കുന്ന നൂറുകണക്കിന് കിടിയേറ്റ തൊഴിലാളികളാണ് ഇന്ന് ഇന്ത്യാ മഹാരാജ്യത്തിന്റെ മുഖങ്ങളിൽ ഒന്ന്. ഇത്തരം യാത്രകൾക്കിടയിൽ ഉണ്ടായ അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടതും അനവധി ആളുകൾക്കാണ്. എന്നാൽ ഇത്തരത്തിൽ നടന്ന് പോലും പോകാൻ കഴിയാത്ത പാവങ്ങളും സാമ്പത്തികവും മനസികവും ശാരീരികവുമായ പ്രയാസങ്ങളുമായി ഈ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ കണ്ണിരോടെ ദിനങ്ങളെണ്ണി കഴിയുകയാണ്. അവരിൽ ഒരാളാണ് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ മെയിന്റനൻസ് യാർഡിൽ ശുചീകരണ തൊഴിലാഴിയായ ബിഹാർ സ്വദേശി രാകേഷ് റാം. അപകടത്തെ തുടർന്ന് കാലിൽ ലോഹദണ്ഡുമായി കഴിയുന്ന ഈ യുവാവിന് നടന്ന് പോലും നാട്ടിൽ പോകാനാകുന്നില്ല.

ഒന്നര വർഷം മുൻപാണ് ഒരപകടത്തിൽ ഛാപ്ര ജില്ലയിലെ ശീതൾപുർ ഗ്രാമവാസിയാ രാകേഷ് റാമിന്റെ ഇടതു കാലൊടിയുന്നത്. മറ്റൊരാളുടെ സഹായമില്ലാതെ നടക്കാൻ പോലുമാകാത്ത നാളുകളായിരുന്നു പിന്നീട്. ഇദ്ദേഹത്തിന് കൃത്യമായ ചികിത്സ ലഭിച്ചെങ്കിലും കാലിൽ 12 ഇഞ്ച് നീളമുള്ള ഒരു ലോഹദണ്ഡ് ഘടിപ്പിക്കേണ്ടി വന്നു. നടത്തം എളുപ്പമാക്കുന്നതിനു വേണ്ടിയായിരുന്നു അത്. രണ്ടു വർഷത്തിനു ശേഷം എടുത്തുമാറ്റാവുന്ന വിധത്തിലായിരുന്നു ഘടിപ്പിച്ചിരുന്നതും. ഇതുള്ളതിനാൽത്തന്നെ ദീർഘദൂരം നടക്കാനാകില്ല രാകേഷിന്. ജീവിക്കാൻ വേണ്ടി ആ ലോഹദണ്ഡിന്റെ വേദനയുമായി ഒരിക്കൽ ഡൽഹിയിലേക്ക് ട്രെയിൻ കയറിയതാണ് രാകേഷ്. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ മെയിന്റനൻസ് യാർഡിൽ ശുചീകരണജോലി ചെയ്തായിരുന്നു ജീവിതം. ഒരു സ്വകാര്യ കോൺട്രാക്ടറുടെ കീഴിൽ ജോലി നോക്കി വരവേയാണ് ലോക് ഡൗൺ ഈ യുവാവിനും മറ്റൊരു ദുരിതം സമ്മാനിച്ചത്.

പക്ഷേ എല്ലാ മാസവും പന്ത്രണ്ടിന് എത്തിക്കൊണ്ടിരുന്ന തുക ഇത്തവണ ബിഹാറിലെ ആ ഗ്രാമത്തിലെത്തിയില്ല. ശമ്പളം ഇതുവരെ ലഭിക്കാത്തതാണു കാരണം. ലോക്ഡൗൺ കാരണം വരുമാനം കുറഞ്ഞതിനാലാകാം ശമ്പളം ലഭിക്കാൻ വൈകുന്നതെന്ന് രാകേഷ് നെടുവീർപ്പിടുന്നു. ഏപ്രിലിൽ ശമ്പളമായി ലഭിച്ചത് 12,000 രൂപയാണ്. അതിൽ 6000 രൂപ വീട്ടിലേക്കയച്ചു. ഡൽഹി–ഹരിയാന അതിർത്തിയിൽ കുടുങ്ങിപ്പോയ രാകേഷിന്റെ രണ്ടു സഹോദരങ്ങൾക്കും കുറച്ചു പണം അയയ്ക്കേണ്ടിവന്നു.

ഇദ്ദേഹത്തിന്റെ രണ്ടു സഹോദരങ്ങളും ഹരിയാനയിലെ ഒരു ചെരുപ്പുനിർമ്മാണ കമ്പനിയിലെ ജീവനക്കാരായിരുന്നു. ലോക്ഡൗണിനെത്തുടർന്ന് ഇരുവർക്കും ജോലി നഷ്ടമായി. ശ്രമിക് സ്പെഷൽ ട്രെയിനുകൾ സർക്കാർ ആരംഭിച്ചപ്പോൾ ബിഹാറിലേക്ക് യാത്രയ്ക്കു ശ്രമിച്ചെങ്കിലും അതിർത്തിയിൽ ഇരുവരെയും തടയുകയായിരുന്നു. ശ്രമിക് ട്രെയിനിൽ പോകാനായി ഏതാനും ദിവസം മുൻപ് രാകേഷും ഒരു ഫോം പൂരിപ്പിച്ചു നൽകിയതാണ്. ഇതുവരെ നടപടിയൊന്നുമായിട്ടില്ല. ഇനി രാജധാനി എക്സ്പ്രസിൽ അവസരമൊരുക്കാമെന്നാണ് അധികൃതർ പറയുന്നത്. പക്ഷേ 3500 രൂപയാണ് ബിഹാറിലേക്ക് ടിക്കറ്റ് നിരക്ക്. ശമ്പളം പോലും കിട്ടാതിരിക്കെ ഈ പണം എങ്ങനെ കണ്ടെത്തുമെന്നും രാകേഷ് ചോദിക്കുന്നു. തന്റെയൊപ്പമുള്ള മറ്റുള്ളവരുടെ അവസ്ഥയും ഇതാണ്. ചോദിച്ചാൽ കടം പോലും തരാൻ ആരുടേയും കയ്യിലില്ല. റെയിൽവേയ്ക്കു വേണ്ടി ജോലിയെടുക്കുന്നവരെയെങ്കിലും രാജധാനിയിൽ വീട്ടിലെത്തിക്കാൻ സൗകര്യമുണ്ടാക്കണം. അതെങ്കിലും അവർക്ക് ചെയ്തുതന്നുകൂടേ...? ദയനീയമായി രാകേഷിന്റെ ചോദ്യം.

ശീതൾപുരിലെ വീട്ടിൽ ഒരു പുതിയ അതിഥി കൂടി വരാനിരിക്കുകയാണ്. രാകേഷിന്റെ ഭാര്യയുടെ പ്രസവ തീയതി അടുത്തിരിക്കുന്നു. ഭാര്യയുടെ പ്രസവ തീയതി അടുത്തതും ഇദ്ദേഹത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. ‘മാതാപിതാക്കൾക്കു വയസ്സായി. ഞാനോ സഹോദരങ്ങളിൽ ആരെങ്കിലുമോ വീട്ടിലുണ്ടാകേണ്ടത് അത്യാവശ്യമാണ്’. ആയിരക്കണക്കിന് കിലോമീറ്റർ താണ്ടാനൊരുങ്ങി ഒട്ടേറെ പേർ കണ്മുന്നിലൂടെ നടന്നുനീങ്ങുന്നത് ദിവസവും രാകേഷ് കാണുന്നുണ്ട്. പക്ഷേ ലോഹദണ്ഡ് സമ്മാനിച്ച വേദന കാലിലെ മാംസപേശികളെ തളർത്തുകയാണ്. കുറച്ചുദൂരം നടന്നാൽത്തന്നെ കാൽ നീരുവന്നു വീർക്കുന്ന അവസ്ഥയാണ്. ബിഹാറിൽനിന്നുള്ള ചിലർ കഴിഞ്ഞ ദിവസം വീട്ടിലേക്കു പോയപ്പോൾ ഒപ്പം വരാൻ വിളിച്ചതാണ്. ‘പക്ഷേ കൂടെ പോയാൽ അവരുടെ യാത്ര കൂടി ഞാൻ കാരണം പതിയെയാകും...’ രാകേഷ് പറയുന്നു. കുറേ ദൂരം ലോഹദണ്ഡ് ഘടിപ്പിച്ച ഈ കാലുമായി നടക്കാനാകില്ലെന്ന് രാകേഷ് പറയുന്നു. ‘വേദനകൊണ്ടു പുളയും ഞാനന്നേരം...’ ഈ ഇരുപത്തിനാലുകാരൻ പറയുന്നു.

ഇതിനോടകം കയ്യിലെ കാശെല്ലാം തീർന്നു, ഉറങ്ങാനും സ്ഥലമില്ല. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഒരു കണ്ടെയ്നറിനകത്താണു താമസം. ഒപ്പം റെയിൽവേ യാഡിലെ ഏഴു പേർ കൂടിയുണ്ട്. കോൺട്രാക്ടറാണ് കണ്ടെയ്നറിൽ കഴിയാൻ അനുമതി നൽകിയത്. രണ്ടു ചെറു ജനാലകളുണ്ടതിന്, ഒരു എമർജൻസി ലൈറ്റും. ട്രെയിനുകളിലെ ശുചിമുറികളാണ് ഉപയോഗിക്കുന്നത്. റെയിൽകോച്ചുകളിലെ ടാങ്കുകളിൽ വെള്ളം നിറയ്ക്കാനുള്ള പൈപ്പ് ഉപയോഗിച്ചാണ് കുളിയും മറ്റും. അതിഥി തൊഴിലാളികളുടെ പലായനത്തിന്റെ സങ്കടക്കഥ ചുറ്റിലും നിറയുമ്പോഴും രാകേഷും സഹപ്രവർത്തകരും പക്ഷേ പ്രതീക്ഷയിലാണ്. വൈകാതെതന്നെ എല്ലാം കലങ്ങിത്തെളിയുമെന്ന് അവർ പ്രതീക്ഷിക്കുന്നു.‘പോക്കറ്റിൽ ഒരു പൈസ പോലുമില്ല ഇപ്പോൾ. ദിവസവും ഒരു നേരമെങ്കിലും ഭക്ഷണം ലഭിക്കുന്നതുതന്നെ ഭാഗ്യമാണ്. വീട്ടിലേക്കു പോകണമെങ്കിൽ ശമ്പളം ലഭിക്കണം. അല്ലെങ്കിൽ ദുരിതം അറിഞ്ഞ് ആരെങ്കിലും സഹായിക്കണം...’ ഒഴിഞ്ഞ വയറും ആധിപിടിച്ച മനസ്സുമായി ഉറങ്ങാൻ പോകുന്ന രാത്രിയെപ്പറ്റി ആശങ്കപ്പെട്ടുതന്നെ രാകേഷ് പറയുന്നു.

വലിയ കണ്ടെയ്നറിനുള്ളിലെ ചെറിയ ജനാലയിലൂടെ പുറത്തേക്ക് നോക്കിയിരിക്കുന്ന ഈ ചെറുപ്പക്കാരന്റെ കണ്ണുകളിൽ ഇനിയും പ്രതീക്ഷ നറ്റിയിട്ടില്ല. അങ്ങ് ദൂരെ ​ഗ്രാമത്തിൽ തന്നെയും കാത്തിരിക്കുന്ന വൃദ്ധരായ മതാപിതാക്കളെയും ഭാര്യയേയും വരാനിരിക്കുന്ന കുഞ്ഞിനേയും ഓർത്ത് ദിനങ്ങൾ എണ്ണിക്കഴിയുകയാണ് ഇയാൾ. അതിനിടയിലും പല തൊഴിലാളികളും സ്വന്തം ​ഗ്രാമങ്ങൾ ലക്ഷ്യമാക്കി നടന്ന് നീങ്ങുകയാണ്. അവരിൽ പലരും ലക്ഷ്യം കാണുന്നതിനും മുന്നേ പിടഞ്ഞ് മരിക്കുകയാണ്. രണ്ടു ദിവസത്തിനുള്ളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന റോഡപകടങ്ങളിൽ 30 കുടിയേറ്റ തൊഴിലാളികളാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനി, ഞായർ ദിവസങ്ങളിൽ നടന്ന വിവിധ വാഹനാപകടങ്ങളിലാണ് സ്വദേശങ്ങളിലേക്ക് മടങ്ങുകയായിരുന്ന തൊഴിലാളികൾക്ക് ജീവൻ നഷ്ടമായത്.

മഹാരാഷ്ട്രയിൽ നിന്ന് ഇൻഡോറിലേക്ക് കാൽനടയായി മടങ്ങുകയായിരുന്ന നാലുപേർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടിയേറ്റ തൊഴിലാളിയും ഭാര്യയും മറ്റ് രണ്ടുപേരുമാണ് മരിച്ചത്. മധ്യപ്രദേശിലെ ഭർവാനിയിൽ ഞായറാഴ്ച രാവിലെയായിരുന്നു അപകടം. പശ്ചിമബംഗാളിലെ ധൂപ്ഗുരിയിൽ ഞായറാഴ്ച രാവിലെയുണ്ടായ ബസപകടത്തിൽ 32 തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽ പെടുകയായിരുന്നവെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റ തൊഴിലാളികളെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.

ഹരിയാണയിൽ നിന്ന് ബിഹാറിലേക്ക് മടങ്ങുകയായിരുന്ന ദമ്പതിമാർ ശനിയാഴ്ചയുണ്ടായ അപകടത്തിൽ മരിച്ചു. ആഗ്ര-ലഖ്‌നൗ അതിവേഗ പാതയിൽ പിക്കപ് വാഹനമിടിച്ചാണ് ഇവർ കൊല്ലപ്പെട്ടത്. ഓട്ടോറിക്ഷാ ഡ്രൈവറായ അശോക് ചൗധരി, ഭാര്യ ഛോട്ടി എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ആറ് വയസുള്ള കുട്ടി നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. ശനിയാഴ്ച പുലർച്ചെ ഉത്തർപ്രദേശിലെ ഔറൈയയിലുണ്ടായ അപകടത്തിൽ 24 കുടിയേറ്റ തൊഴിലാളികൾ മരിച്ചിരുന്നു. 15 പേർക്ക് പരിക്കേറ്റു. തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ട്രക്ക് മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രാജസ്ഥാനിൽ നിന്ന് ബിഹാർ, ജാർഖണ്ഡ് എന്നിവടങ്ങളിലേക്ക് മടങ്ങുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽ മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP