Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്ലിനിക്കൽ ട്രയലുമായി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുൻപോട്ട്; ഉദ്പാദനം തുടങ്ങാൻ കോടികൾ നീക്കിവച്ച് ബ്രിട്ടീഷ് സർക്കാർ; സെപ്റ്റംബറോടെ പത്ത് കോടി യൂണിറ്റുകൾ നിർമ്മിക്കാനുള്ള ഒരുക്കം തകൃതിയിൽ; ലോകം അക്ഷമയോടെ കാത്തിരിക്കുന്ന കോറോണ വാക്സിൻ ഓക്സ്ഫോർഡിൽ നിന്നും ഉടനെയിറങ്ങിയേക്കും

ക്ലിനിക്കൽ ട്രയലുമായി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുൻപോട്ട്; ഉദ്പാദനം തുടങ്ങാൻ കോടികൾ നീക്കിവച്ച് ബ്രിട്ടീഷ് സർക്കാർ; സെപ്റ്റംബറോടെ പത്ത് കോടി യൂണിറ്റുകൾ നിർമ്മിക്കാനുള്ള ഒരുക്കം തകൃതിയിൽ; ലോകം അക്ഷമയോടെ കാത്തിരിക്കുന്ന കോറോണ വാക്സിൻ ഓക്സ്ഫോർഡിൽ നിന്നും ഉടനെയിറങ്ങിയേക്കും

മറുനാടൻ ഡെസ്‌ക്‌

ഓക്‌സ്‌ഫോര്ഡ്: മൂന്ന് ലക്ഷത്തിലേറെ പേരുടെ ജീവനെടുത്ത കൊറോണയെന്ന കൊലയാളി വൈറസിനെ തളയ്ക്കാൻ ലോകം പെടാപാട് പെടുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ശാസ്ത്രലോകം മുഴുവൻ ഈ മഹാമാരിക്കൊരു മറുമരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്. ചിലയിടങ്ങളിൽ അത് അന്തിമ ഘട്ടം എത്തിയിരിക്കുന്നു എന്ന വാർത്തകളും വന്നു. ഇപ്പോൾ കിട്ടുന്ന ഏറ്റവും പുതിയ വാർത്ത ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഫാർമസി ഭീമനായ ആസ്ട്ര സെനെകയുമായി ചേർന്ന് 30 ദശലക്ഷം വാക്സിൻ യൂണിറ്റുകൾ സെപ്റ്റംബറിനുള്ളിൽ തയ്യാറാക്കും എന്നാണ്.

യൂണിവേഴ്സിറ്റിയും മരുന്നുദ്പാദകരുമായി കരാർ ഒപ്പുവച്ചു എന്നും ഇപ്പോൾ ക്ലിനിക്കൽ ട്രയലുകൾ നടക്കുകയാണെന്നും ബിസിനസ്സ് സെക്രട്ടറി അലോക് ശർമ്മയാണ് അറിയിച്ചത്. നേരത്തെ സർക്കാർ അനുവദിച്ചിരുന്ന 47 മില്ല്യൺ പൗണ്ടിനു പുറമെ വാക്സിൻ വികസിപ്പിക്കുന്നതിനായി 84 മില്ല്യൺ പൗണ്ടുകൂടി അധികമായി നൽകുമെന്നും അദ്ദേഹം അറിയിച്ചു. എത്രയും പെട്ടെന്ന് വാണിജ്യാടിസ്ഥാനത്തിലുള്ള ഉദ്പാദനം തുടങ്ങുന്നതിന് വേണ്ടിയാണ് ഈ അധിക തുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓക്സ്ഫോർഡിന്റെ മരുന്നു നിർമ്മാണ പദ്ധതികൾ പ്രതീക്ഷിച്ചതുപോലെ തന്നെ പുരോഗമിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇംപീരിയൽ കോളേജ് ലണ്ടൻഏറ്റെടുത്ത വാക്സിൻ നിർമ്മാണ പദ്ധതിയും നല്ല രീതിയിൽ പുരോഗമിക്കുന്നു. എന്നിരുന്നാലും ഏറെ ശുഭാപ്തിവിശ്വാസമൊന്നും കാത്തു സൂക്ഷിക്കേണ്ടതില്ലെന്നും ഈ വ്യാധിയെ ഫലപ്രദമായ ഒരു വാക്സിൻ ഉണ്ടായില്ല എന്നുതന്നെ വരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് 19 നെ പ്രതിരോധിക്കാൻ ഫലപ്രദമാകുമെന്ന് വിശ്വസിക്കുന്ന ആറ് ഔഷധങ്ങൾ ഇപ്പോൾ ക്ലിനിക്കൽ ട്രയലിലാണ്. ഇത് രോഗത്തെ പ്രതിരോധിക്കുമെന്ന കാര്യം ഇനിയും സംശയാതീതമായി തെളിയേണ്ടതുണ്ട്. ഇന്നലെ 170 മരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ ബ്രിട്ടന്റെ മൊത്തം കോവിഡ് മരണങ്ങൾ 34,536 ആയി ഉയർന്ന സന്ദർഭത്തിലാണ് ഈ വെളിപ്പെടുത്തലുണ്ടാകുന്നത്. എന്നാൽ, ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന മരണസംഖ്യയായിരുന്നു ഇന്നലെ രേഖപ്പെടുത്തിയത് എന്നത് ആശ്വാസം പകരുന്നുണ്ട്. രോഗവ്യാപനത്തിന്റെ ശക്തി കുറയുന്നു എന്നതിന്റെ സൂചനയാണിത് എന്നാണ് വിദഗ്ദാഭിപ്രായം.

ഓക്സ്ഫോർഡിലെ ചർച്ച് ഹിൽ ആശുപത്രിയിലാണ് കോവിഡ് 19 ഔഷധങ്ങളുടെ ക്ലിനിക്കൽ ട്രയൽ നടക്കുന്നത്. ഏപ്രിൽ 23 ന് ഇത് ആരംഭിച്ചു എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇംപീരിയൽ കോളേജ് ലണ്ടൻ വികസിപ്പിച്ചെടുത്ത മറ്റൊരു വാക്സിന്റെ, മനുഷ്യരിലുള്ള പരീക്ഷണം ജൂണിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നത്തെ നിലയിൽ, തികച്ചും ഫലവത്തായ ഒരു പ്രതിരോധ മരുന്നിന് മാത്രമേ ലോകത്തെ പഴയ നിലയിലേക്ക് കൊണ്ടുവരാനാകൂ.

ഓക്സ്ഫോർഡ് വാക്സിൻ പരീക്ഷണത്തിലെ ആദ്യഘട്ടത്തിൽ പങ്കെടുക്കുന്നവർക്കെല്ലാം വാക്സിൻ നൽകി കഴിഞ്ഞു. ഇപ്പോൾ അവരെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാം പ്രതീക്ഷിച്ച രീതിയിൽ നടക്കുകയാണെങ്കിൽ സെപ്റ്റംബർ മാസത്തോടെ 30 മില്ല്യൺ യൂണിറ്റുകൾ വിപണീയിൽ ഇറങ്ങും. ആദ്യം ഇത് യു കെ യിൽ മാത്രമായിരിക്കും ലഭ്യമാവുക. എന്നിരുന്നാലും, വികസ്വര രാജ്യങ്ങളിൽ ഇത്കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും ബ്രിട്ടീഷ് സർക്കാർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP