Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുകെയിൽ കെയർഹോമുകളിൽ മരിച്ചവരുടെ എണ്ണം 22,000 കടന്നതോടെ വൃദ്ധരെ വീട്ടിൽ തന്നെ പാർപ്പിച്ച് ബ്രിട്ടീഷുകാരും; നഴ്സിങ് ഹോമുകളിൽ ആളു കുറഞ്ഞാൽ വഴിയാധാരമാകുന്നത് നൂറ് കണക്കിന് നഴ്സുമാരും കെയറർമാരും

യുകെയിൽ കെയർഹോമുകളിൽ മരിച്ചവരുടെ എണ്ണം 22,000 കടന്നതോടെ വൃദ്ധരെ വീട്ടിൽ തന്നെ പാർപ്പിച്ച്  ബ്രിട്ടീഷുകാരും;  നഴ്സിങ് ഹോമുകളിൽ ആളു കുറഞ്ഞാൽ വഴിയാധാരമാകുന്നത് നൂറ് കണക്കിന് നഴ്സുമാരും കെയറർമാരും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: യുകെയിലെ കെയർഹോമുകൾ കൊറോണയുടെ മരണതാണ്ഡവ ഭൂമികളായി മാറിയതോടെ കെയർ ഹോമുകളിൽ നിന്നും തങ്ങളുടെ പ്രിയപ്പെട്ടവരെ തിരിച്ച് കൊണ്ട് വന്ന് വീട്ടിൽ തങ്ങളുടെ കൂടെ പാർപ്പിക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണം പെരുകുന്നുവെന്ന് റിപ്പോർട്ട്. രാജ്യമാകമാനമുള്ള കെയർഹോമുകളിലെ കൊറോണ മരണം 22,000 കടന്നതോടെയാണ് ഈ പ്രവണത ശക്തമായിരിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ടവരെ ഇനിയും കെയർഹോമുകളിൽ പാർപ്പിക്കുന്നത് സുരക്ഷിതമല്ലെന്ന തിരിച്ചറിവിനാലാണ് നിരവധി പേർ കെയർ ഹോമുകളിലെ അന്തേവാസികളെ തിരിച്ച് വിളിച്ച് കൊണ്ടു വന്ന് കൊണ്ടിരിക്കുന്നത്.

ഇത്തരത്തിൽ നഴ്സിങ് ഹോമുകളിൽ ആളു കുറഞ്ഞാൽ അവിടങ്ങളിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്നും തൽഫലമായി നൂറ് കണക്കിന് നഴ്സുമാരും കെയറർമാരും വഴിയാധാരമാകുമെന്നുമുള്ള ആശങ്കയും ശക്തമായിട്ടുണ്ട്. കെയർഹോമുകളിലെ അന്തേവാസികൾക്ക് കോവിഡ് 19 ടെസ്റ്റുകളും ചികിത്സകളും ലഭ്യമാക്കാത്തതിനെ തുടർന്ന് ഇവിടങ്ങളിലെ അന്തേവാസികൾ മരിക്കുന്നത് പതിവായിരിക്കുന്നതിനാൽ നിലവിൽ അന്തേവാസികളുടെ എണ്ണത്തിൽ പത്ത് ശതമാനമാണ് കുറവുണ്ടായിരിക്കുന്നത്. തൽഫലമായി രാജ്യമെമ്പാടുമുള്ള കെയർ ഹോമുകളിൽ 40,000ത്തിൽ അധികം ബെഡുകളാണ് കാലിയായിരിക്കുന്നത്.

കെയർഹോമുകളിൽ ഇനിയും തങ്ങളുടെ പ്രിയപ്പെട്ട വയോജനങ്ങളെ പാർപ്പിച്ചാൽ അവരെ ജീവനോടെ കാണാൻ സാധിക്കില്ലെന്ന ഭയത്താൽ അവരെ വീട്ടിലേക്ക് വിളിച്ച് കൊണ്ടു പോകുന്നവരുടെ എണ്ണം പെരുകിയതിനാലാണ് ഈ അവസ്ഥ സംജാതമായിരിക്കുന്നതെന്നാണ് ലോയർമാരും കെയർ പ്രൊവൈഡർമാരും ചാരിറ്റികളും മുന്നറിയിപ്പേകുന്നു. ഇതിനെ തുടർന്ന് കെയർ ഹോം മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നതെന്നും അവർ മുന്നറിയിപ്പേകുന്നു.ഇത്തരത്തിൽ അന്തേവാസികളുടെ എണ്ണം കുറഞ്ഞ് വരുമാനത്തിൽ ഇടിവുണ്ടായാൽ അതിൽ നിന്നും കരകയറാൻ കെയർഹോം മേഖലയ്ക്ക് രണ്ട് വർഷമെങ്കിലും വേണ്ടി വരുമെന്നാണ് പ്രമുഖ അനലിസ്റ്റ് പ്രവചിക്കുന്നത്.

നേരത്തെ തന്നെ കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോയിക്കൊണ്ടിരുന്ന കെയർ ഹോം സെക്ടറിനെ കോവിഡ് കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളി വിട്ടിരിക്കുന്നുവെന്നാണ് മറ്റൊു അനലിസ്റ്റ് വിലയിരുത്തുന്നത്. കൊറോണ ബാധിച്ച കെയർ ഹോം അന്തേവാസികളെ രോഗം പൂർണമായി മാറുന്നതിന് മുമ്പ് ഹോസ്പിററലുകളിൽ നിന്നും ഡിസ്ചാർജ് ചെയ്ത് കെയർഹോമുകളിലേക്ക് കൊണ്ടു പോകാൻ ഗവൺമെന്റ് സമ്മർദം ചെലുത്തുന്നതാണ് അന്തേവാസികളുടെ കൂട്ട മരണത്തിന് വഴിയൊരുക്കിയതെന്നാണ് വിമർശകർ എടുത്ത് കാട്ടുന്നത്. കൊറോണ പ്രതിസന്ധിക്കിടെ കെയർഹോം അന്തേവാസികൾക്ക് വരുത്തിയ ചികിത്സാ പിഴവിൽ നിന്നും വലിയ പാഠം പഠിക്കേണ്ടിയിരിക്കുന്നുവെന്ന് കാബിനറ്റ് ഓഫീസ് മിനിസ്റ്ററായ മൈക്കൽ ഗോവ് ഇന്നലെ സമ്മതിച്ചിരുന്നു.

നിലവിലെ സാഹചര്യത്തിൽ തങ്ങളുടെ കെയർഹോമുകളിലെ ഒക്യുപെൻസി ലെവലിൽ ആറ് ശതമാനം ഇടിവുണ്ടായിരിക്കുന്നുവെന്നാണ് രാജ്യത്തെ ഏറ്റവും വലിയ കെയർ പ്രൊവൈഡറായ എച്ച്സി വൺ വെളിപ്പെടുത്തിയിരിക്കുന്നത്. തങ്ങളുടെ കെയർഹം ശൃംഖലയിൽ 1000ത്തിൽ അധികം പേർ മരിച്ചുവെന്നും ഈ പ്രൊവൈഡർ സമ്മതിക്കുന്നു. നിലവിൽ അന്തേവാസികളുടെ കൊഴിഞ്ഞ് പോക്ക് പത്ത് ശതമാനത്തിലേക്കുയർന്നിരിക്കുന്നുവെന്നാണ് സോഷ്യൽ കെയർ ഓപ്പറേറ്റർമാർക്ക് ഉപദേശങ്ങൾ നൽകുന്ന ഓപസ് റീസ്ട്രക്ചറിംഗിലെ നിക്ക് ഹുഡ് വെളിപ്പെടുത്തുന്നത്.

അന്തേവാസികളെ വീട്ടിലേക്ക് വിളിച്ച് കൊണ്ടു പോകാനെത്തുന്ന ബന്ധുക്കൾ നാൾക്ക് നാൾ വർധിക്കുന്നുവെന്നാണ് ബെർക്ക്ഷെയറിൽ അഷ്രിഡ്ജ് ഹോം കെയർ നടത്തുന്ന ട്രുഡി സ്‌ക്രിവനെർ വെളിപ്പെടുത്തുന്നത്. ഈ അപകടകരമായ സാഹചര്യത്തിൽ കെയർഹോമുകളിൽ നിന്നും ബന്ധുക്കളെ പിൻവലിക്കുന്നതിന് തങ്ങളുടെ അടുത്ത് സഹായം അഭ്യർത്ഥിച്ച് വരുന്ന കുടുംബങ്ങളുടെ എണ്ണം പെരുകുന്നുവെന്നാണ് ചാരിറ്റി ഏയ്ജ് യുകെ വെളിപ്പെടുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP